ജാതീയത പൂത്ത മനസ്സുകളെ മുറിപെടുത്താൻ അയ്യങ്കാളിയോളം പോന്ന മൂർച്ചയുള്ള വാളില്ല

67
Praveen prabhakar
കാലം 1893
“ഈ വഴിയിൽ പകൽ സമയത്ത് പുലയന്മാർക്ക് യാത്ര ചെയ്യാൻ അനുവാദമില്ല…അനുസരിച്ചില്ലെങ്കിൽ ഓരോരുത്തന്റെയും പുറത്ത് ചാട്ടയുടെ അടയാളം വീഴും… ” രാജാവിന്റെ ശിങ്കിടികളുടെ സന്ദേശമാണ്… കൊട്ടാരം അറിഞ്ഞുള്ള ഉത്തരവമാണ്…കിട്ടിയേക്കാവുന്ന തല്ലും ശിക്ഷകളും ഓർത്ത് ഒരുത്തനും കവടിയാർ കൊട്ടാരത്തിന്റെ ഭാഗത്തേക്കുള്ള പൊതു വഴി ഉപയോഗിച്ചില്ല… പൊന്തക്കാടുകളും ചെളി കണ്ടങ്ങളും വഴി മാത്രമുള്ള യാത്രകൾ തുടർന്ന് കൊണ്ടേയിരുന്നു… അങ്ങനയൊരു ദിവസം ഒരാൾ ആ വഴികളിലൂടെ കവടിയാറുള്ള രാജ കൊട്ടാരം വരെ ഒരു വില്ല് വെച്ച കാള വണ്ടിയിൽ വരുകയാണ്… ഒരു പ്രഭുവിന്റെ വേഷം ധരിച്ചു, രണ്ട് കാതുകളിലും കടുക്കനിട്ട് അയാൾ ആദ്യം ചോദ്യം ചെയ്‌തത്‌ മാന്യമായ വേഷം ധരിക്കാനുള്ള നിഷേധങ്ങളെയായിരുന്നു… അതോടെ ശ്രീമൂലം തിരുന്നാളിനും അയാളുടെ സവർണ ഗുണ്ടകൾക്കും പൊതു വഴി എല്ലാവർക്കുമായി വിട്ട് കൊടുക്കേണ്ടി വന്നു…അന്നാദ്യമായി ആ പേരിനെ സവർണ്ണൻ ഭയന്ന് തുടങ്ങി… അയ്യൻ‌കാളി.
കാലം 1904
പഞ്ചമിക്ക് പഠിക്കണം… പക്ഷെ പുലയ പെണ്ണായത് കൊണ്ട് അന്ന് നടക്കില്ല… അയ്യൻ‌കാളി പഞ്ചമിയെയും കൂട്ടി പൊതു വിദ്യാലയത്തിലേക്ക് നടന്നു… അവളെ അന്നത്തെ ദിവസം അവിടെ പഠിപ്പിച്ചു… സംഭവം അറിഞ്ഞ ജാതി ഭ്രാന്തു പിടിച്ച സവർണ മാടമ്പിമാർ രാത്രിക്ക് രാത്രി പള്ളിക്കൂടം തീയിട്ടു… അയ്യങ്കാളി ഒരിഞ്ച് പിന്നോട്ടില്ല… പുലയ പിള്ളേർക്ക് പഠിക്കാൻ അയാളൊരു പള്ളിക്കൂടം കെട്ടി… ഒന്നാമത്തെ രാത്രി തന്നെ അതും കത്തി തീർന്നു… വീണ്ടും കെട്ടി… വീണ്ടും കത്തി… ഇങ്ങനെ പോയാൽ കെട്ടലും കത്തലും മാത്രമേ നടക്കു എന്ന് മനസിലായ അയ്യൻ‌കാളി വില്ല് വണ്ടിയിൽ കേറി പുലയന്മാർ പണിയെടുക്കുന്ന പാടങ്ങളിലേക്ക് യാത്ര തിരിച്ചു…
“നാളെ മുതൽ നമ്മളാരും കൃഷി പണിക്ക് ഇറങ്ങരുത്… സവർണന്റെ പാടങ്ങളിൽ നമ്മൾ ഇറങ്ങിയില്ലെങ്കിൽ പുല്ല് മുളക്കും…അവരുടെ പത്തായങ്ങൾ കാലിയാകും… പട്ടിണി കിടക്കുമ്പോൾ അവർ നമ്മുടെ പിള്ളേരെ പള്ളിക്കൂടത്തിലേക്ക് വിളിക്കും… ” പിന്നെ നടന്നത് ചരിത്രം… കൃഷി ചെയ്യാൻ പുലയർ ഇറങ്ങാതായതോടെ ഭൂമി എല്ലാം തരിശായി… പുല്ലു കിളിർത്തു… പുലയരുടെ വീടുകളും പട്ടിണിയിൽ ആയെങ്കിലും അവരിലെ സമരാവേശം കെട്ട് പോയില്ല… ഒന്നര കൊല്ലം കഴിഞ്ഞിട്ടും പുലയൻ കൃഷിക്ക് ഇറങ്ങാത്തതോടെ പ്രതിസന്ധിയിലായ സവർണർക്ക് മുട്ട് മടക്കേണ്ടി വന്നു… പുലയ പിള്ളേർ പുസ്തകങ്ങളുമേന്തി പള്ളികൂടങ്ങളിലേക്ക്…അയ്യൻ‌കാളി അതോടെ ‘പുലയ രാജ’ എന്ന പേരിലേക്ക് ഉയർത്തപ്പെട്ടു.
കാലം 1915
അവർണരെ തിരിച്ചറിയാൻ അവർക്ക് കല്പിച്ചു കൊടുത്ത ഒരടയാളമായിരുന്നു കല്ല് മാല… സ്വർണവും മറ്റ് ലോഹ ആഭരണങ്ങളും ധരിയ്ക്കാൻ അന്ന് സവർണ്ണർക്ക് മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളു…അങ്ങനെ പുലയർ എല്ലാം കൂടി അയ്യൻകാളിയുടെ നേതൃത്വത്തിൽ പെരുനാടിനു അടുത്തുള്ള ചെറുമൂടിൽ യോഗം ചേർന്നു…
“എന്റെ ജനത കല്ല് വെച്ച ആഭരങ്ങൾ ധരിക്കേണ്ടവരല്ല… അവരും ഇന്നാട്ടിലെ മുതലാളിമാരെ പോലെ മനുഷ്യരാണ്… നിങ്ങൾക്ക് ഇത്‌ പൊട്ടിച്ചെറിയാം… “
പുലയ സ്ത്രീകൾ അവരുടെ ദേഹത്തെ കല്ല് മാലകളും ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞു… ജാതീയതയുടെ അടയാളമായ കല്ല് മാല ബഹിഷ്കരണം അങ്ങനെ ചരിത്രത്തിന്റെ താളുകളിൽ കല്ല് മാല സമരമായി.
നോക്കൂ ഒരു അയ്യൻകാളിയുടെ ജീവിതം അങ്ങനെ എത്രയെത്ര സമരങ്ങളുടെ, പ്രതിഷേധങ്ങളുടെ, പ്രക്ഷോഭങ്ങളുടെ കൂടി കഥ പറയുന്നതാണെന്ന്…പൊതു വഴിയിലൂടെ തന്റെ ജനത സഞ്ചരിക്കാൻ, പൊതു വിദ്യാലങ്ങളിൽ തന്റെ മക്കൾ പഠിക്കാൻ, എല്ലാവരും പൊതുവായി ധരിക്കുന്ന ആഭരണങ്ങൾ ധരിക്കാൻ, എല്ലാവരും വേഷം ധരിക്കുന്നത് പോലെ ധരിക്കാൻ അങ്ങനെ അവർണർ എന്ന് മുദ്രകുത്തി അകത്തി നിർത്തിയ എല്ലാ മനുഷ്യരുടെയും സമത്വം എന്ന നീതിക്ക് വേണ്ടിയാണ് അയാൾ ജീവിച്ചു മരിച്ചത്…അങ്ങനെ വെറുതെ ഒരു ദിവസം അയ്യൻ‌കാളി മഹാത്മാ അയ്യൻ‌കാളി ആയതല്ല…ഇവിടെ മൂന്ന് പാരഗ്രാഫിൽ അയാളുടെ ചില കാര്യങ്ങളെ ചുരുക്കി എഴുതുന്ന അത്ര എളുപ്പമല്ലാത്ത ജീവിത സാഹചര്യങ്ങളോടും സാമൂഹിക അരക്ഷിതാവസ്ഥകളോടും വിട്ട് വീഴ്ചയില്ലാതെ, സന്ധിയില്ലാ സമരം ചെയ്ത് അവകാശങ്ങളെ ഓരോന്നോരോന്നായി നേടിയെടുത്തതാണ് അയാൾ…സവർണന്റെ മനസ്സലിവ് കൊണ്ടോ മഹാ മനസ്കത കൊണ്ടോ ഒന്നും കിട്ടിയതല്ല ഇവിടെയുള്ള ഓരോ സാധാരണ മനുഷ്യരുടെയും അവകാശങ്ങൾ… ഇങ്ങനെ ചില കാലങ്ങളലിൽ ചില മനുഷ്യർ അവതാരമെടുത്ത് തന്നെ നേടി തന്നതാണ്… അത്കൊണ്ട് ചരിത്രം തിരുത്തപ്പെടുന്ന, അപനിർമിക്കപെടുന്ന, വില്ലന്മാർ നായകന്മാരാകുന്ന കാലത്ത് മഹാത്മാ അയ്യങ്കാളിയെ പറ്റി വീണ്ടും വീണ്ടും സംസാരിക്കുന്നതും ഒരു സമരമാണ്… കാരണം ഇപ്പോഴും വില്ല് വെച്ച വണ്ടി ഓടിച്ചു കയറ്റേണ്ട ജാതീയത പൂത്ത മനസുകളിലെ വഴിയോരങ്ങളുണ്ട്… ആ മനസ്സുകളെ മുറിപെടുത്താൻ അയ്യങ്കാളിയോളം പോന്ന മൂർച്ചയുള്ള വാളില്ല.