നമ്മുക്കെല്ലാം നമ്മുടേത് റെഡി ആയില്ലേൽ കുഴപ്പം തന്നെയാണ്, അതിനേക്കാൾ കുഴപ്പമാണ് നമുക്ക് റെഡി ആവാത്തത് മറ്റുള്ളവർക്ക് റെഡി ആവുമ്പോൾ, ഇത് രണ്ടും കുഴപ്പമില്ലാത്ത ഫയാസിന്റെ ചിന്ത വലിയൊരു പാഠമാണ്

79
Praveen Prabhakar
നമുക്ക് കുറച്ചു വർഷങ്ങൾക്ക് പിന്നിലേക്ക് പോകാം… അതായത് ഫയാസിന്റെ പ്രായത്തിലേക്ക്…അവന്റെ പ്രായത്തിലെ നമ്മളെ ഒന്ന് ഓർത്തു നോക്കാം… രണ്ട് ഘട്ടങ്ങളിലും നമ്മളായിരുന്നു എങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് വെറുതെയൊന്ന് ആലോചിച്ചു നോക്കാം.
ഒന്ന്
ആ വീഡിയോയിൽ നമ്മളായിരുന്നെങ്കിൽ മുന്നേ ചെയ്ത് വിജയിച്ച, അറിയാവുന്ന കാര്യമായ ഒരു പൂവ് ഉണ്ടാക്കാൻ ശ്രമിച്ചിട്ട് തോറ്റു പോയെങ്കിൽ ഉറപ്പായും അങ്ങേയറ്റം ജാള്യതയോടെ ആ പേപ്പറിനെയും കത്രികയേയും കുറ്റം പറഞ്ഞേനെ…അല്ലാതെ ഒരിക്കലും നമ്മൾ നമ്മുടെ തെറ്റ് സമ്മതിക്കാനും മാത്രം ഫയാസ് അല്ല.
“ചിലോർടേത് റെഡിയാവും….ചെലോർടേത് റെഡി ആവില്യ… എന്റേത് റെഡി ആയില്യ… എന്നാലും നമ്മക്ക് കൊയപ്പല്യ… ” ഇങ്ങനെ പ്രായം ഇത്രയായിട്ടും നമുക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടോ എന്നാണ് ചോദ്യം…നമ്മുക്കെല്ലാം നമ്മുടേത് റെഡി ആയില്ലേൽ കുഴപ്പം തന്നെയാണ്…അതിനേക്കാൾ കുഴപ്പമാണ് നമുക്ക് റെഡി ആവാത്തത് മറ്റുള്ളവർക്ക് റെഡി ആവുമ്പോൾ… ഇത് രണ്ടും കുഴപ്പമില്ലാത്ത ഫയാസിന്റെ ചിന്ത വലിയൊരു പാഠമാണ്…ഒരു നാണക്കേടും വിചാരിക്കണ്ട… ഫയാസിൽ നിന്നും നമുക്ക് പഠിക്കാനുണ്ട് മനുഷ്യരെ കുറച്ച് നല്ല പാഠങ്ങൾ.
രണ്ട്
ഫയാസിന്റെ വീഡിയോ വൈറൽ ആകുന്നു… അവന്റെ ഡയലോഗ് മിൽമ മലബാർ യൂണിറ്റ് പരസ്യത്തിനുപയോഗിക്കുന്നു…ഉടമസ്ഥാവകാശമുള്ള ഫയാസിന് അവർ പതിനായിരം രൂപയും ഒരു ആൻഡ്രോയിഡ് TV യും പാരിതോഷികമായി നൽകുന്നു…ഇനി വീണ്ടും അതേ നമ്മളായിരുന്നു ഫയാസിന് പകരമെങ്കിൽ എന്ത് ചെയ്യുമായിരുന്നു…ക്യാഷ് സ്വന്തം അച്ഛന് കൊടുക്കുമ്പോൾ പോലുമൊരു വിങ്ങൽ ഉണ്ടായേനെ… കിട്ടിയതെല്ലാം കെട്ടിപിടിച്ചിരുന്നേനെ…പക്ഷെ ഫയാസ് അവന് കിട്ടിയതെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നാട്ടിലുള്ള ഒരു യുവതിയുടെ കല്യാണ ആവശ്യത്തിനുമായി നൽകി… ഒരുപക്ഷെ അതവന്റെ മാതാപിതാക്കൾ തീരുമാനിച്ചതാണെങ്കിൽ കൂടി അതിനോട് പൊരുത്തപെട്ട അവന്റെ മനസിനെയാണ് ഈ രാത്രി ഞാൻ ഓർക്കുന്നത്.
“നമ്മുടേത് റെഡി ആവാൻ ഇനിയും സമയമുണ്ട്… പക്ഷെ അത്യാവിശ്യമായി റെഡി ആവണ്ട കാര്യങ്ങൾ ഒരുപാടുണ്ട്… ” കിട്ടിയതെല്ലാം വീതം വെച്ചു കൊടുത്തപ്പോൾ അവന്റെ മനസ്സിൽ ഒരുപക്ഷെ ഇതാവണം തോന്നിയത്.
മാനസിക സംഘർഷത്താൽ നമ്മുടെ ഇടയിൽ ഒരുപാട് കുട്ടികൾ ആത്മഹത്യ ചെയ്യുന്ന ഒരു കാലഘട്ടമാണിത്…ഫായാസിനോളവും അവനെക്കാളും പ്രായമുള്ളവർ ജീവനൊടുക്കുന്നതിന്റെ പ്രധാന കാരണം അവരെ മനസിലാക്കാൻ ആരുമില്ലന്നും അവർ തനിച്ചാണെന്നുമുള്ള തോന്നലുകൾ കൊണ്ടാണ്….പക്ഷെ ഫയാസിന്റെ മാതാപിതാക്കൾ ഒരു പ്രതീക്ഷയാണ്…അവന്റെ ചിന്തകളെ, പ്രവർത്തികളെ വാർത്തെടുക്കാൻ അവരുടെ ശക്തമായ സ്വാധീനം ഉണ്ടെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്…എല്ലാ കുട്ടികളും അതേ അന്തരീക്ഷത്തിൽ തന്നെ വളരുന്നവരാവില്ല… പക്ഷെ ഏത് സാഹചര്യത്തിലും നമുക്ക് സംഭവിക്കുന്ന തെറ്റുകൾ സമ്മതിക്കാനും തെറ്റ് പറ്റിയാൽ അതൊന്നും നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നതേ അല്ലായെന്നുമുള്ള ബോധ്യത്തോടെ മക്കളെ വളർത്താനും ശ്രമിക്കണം…അല്ലാതെ എന്റേത് മാത്രം ശരിയാവണം, എന്റേത് ശരിയായില്ലെങ്കിൽ നിങ്ങളുടേതും ആവരുത് എന്ന മനോനിലയോടെ വളർന്നാൽ നാളെയൊരു കാലത്ത് നമ്മുടെ കുട്ടികളിൽ നിന്ന് മനുഷ്യത്വം എന്നത് അന്യം നിന്ന് പോയിരിക്കും…എല്ലാ കുട്ടികളിലും ഒരു ഫയാസ് ഉണ്ടാവട്ടെ…അവരുടെ നിഷ്കളങ്കതയിൽ, ആത്മവിശ്വാസത്തിൽ, ശുഭാപ്തി വിശ്വാസത്തിൽ മായം ചേരാതിരിക്കട്ടെ.
കടലാസ് പൂവായാലും കടലോളം പ്രതീക്ഷയായാലും ഫയാസേ നിന്റേത് എപ്പളെ റെഡി ആയിരിക്കുന്നു…ഇനിയിപ്പോ അങ്ങനല്ലേലും അനക്കൊരു കുഴപ്പോല്ലാന്നറിയാം…❤️