ഇന്ത്യ എന്ന് കോവിഡ് വിമുക്തമാകും…?

79

പ്രവീൺ പ്രഭാകർ ✍️ഇന്ത്യ എന്ന് കോവിഡ് വിമുക്തമാകും…?

വെള്ളിയാഴ്ചയാണ് എറണാകുളത്തു നിന്ന് തിരിച്ചു പോവാൻ വേണ്ടി വഡോദരക്കുള്ള ട്രെയിൻ കയറിയത്… രാജധാനി എക്സ്പ്രെസ്സിലാണ് യാത്ര… ഒരു ചെറിയ ടവൽ കൊണ്ട് മുഖം മറച്ചിട്ട് അതിന് മുകളിൽ മാസ്കും കെട്ടി കയ്യിൽ ഗ്ലൗസും ഇട്ടു ട്രെയിനിൽ കയറിയ എന്നെ കൂടെയുള്ളവർ ഏതോ അന്യ ഗ്രഹ ജീവിയെ പോലെയാണ് നോക്കിയത്… കാരണം ഇത്രേയുള്ളൂ, ട്രെയിനിൽ കയറുന്നതിനുള്ള സ്ക്രീനിംഗ് കഴിയുന്നത് വരെ മാസ്ക് ധരിച്ചിരുന്ന മിക്കവരും ട്രെയിനിൽ കയറിയതിനു ശേഷം മാസ്ക് ഉപേക്ഷിച്ചിരുന്നു… ഒരു കംപാർട്മെന്റിൽ നിറയെ തമിഴ് നാട്ടിൽ നിന്ന് വഡോദരക്ക് പോവുന്ന 5-6 സെക്യൂരിറ്റികളായിരുന്നു… ട്രെയിൻ സ്റ്റാർട്ട്‌ ആയത് മുതൽ തുടങ്ങിയ അവരുടെ ആഘോഷവും കളി ചിരികളും നാല്പത് സീറ്റ്‌ പിന്നിലുള്ള എനിക്ക് വരെ വ്യക്തമായി കേൾക്കാമായിരുന്നു… അതിലൊരാളും മാസ്ക് ധരിച്ചിട്ടില്ല എന്നതാണ് ഞാൻ ശ്രദ്ധിച്ച സംഗതി… തമിഴ് നാട് പോലെ അത്രയും ക്രിട്ടിക്കലായ ഒരു സംസ്ഥാനത്തു നിന്ന് വരുന്നത്തിന്റെ യാതൊരു മുൻകരുതലുകളും ജാഗ്രതയും അവരിലില്ലായിരുന്നു… എന്റെ കംപാർട്മെന്റിൽ ഉണ്ടായിരുന്നത് ആസ്സാമിലേക്ക് തിരികെ പോകുന്ന നമ്മുടെ അതിഥി തൊഴിലാളികളായിരുന്നു… മിക്കവരും മൂക്കിന് താഴെയാണ് മാസ്ക് ധരിച്ചിരിക്കുന്നത്…ഒരാളുടെ കയ്യിൽ കൂട്ടി തിരുമിയ പൊകയില ആണ് കൂട്ടത്തിലുള്ള എല്ലാവരും വായിലേക്ക് വെച്ചത്… താടിയിൽ ഇരിക്കുന്ന മാസ്ക് ഒരു വഴിപാട് എന്ന പോലെ ഇടക്ക് മൂക്കിലേക്ക് വെക്കും. ട്രയിനിലെ പാൻട്രി സെർവീസിലുള്ള ഒരാൾക്ക് പോലും ഗ്ലൗസ് ഇല്ല… ചായയും ഭക്ഷണങ്ങളുമെല്ലാം അവരുടെ കയ്യിൽ നിന്ന് തന്നെ വാങ്ങി വായിലേക്ക് വെക്കണം.

“ക്യാ ഭായ് ഗ്ലൗസ് നഹി ഹേ തേരെ പാസ്സ്..?” (എന്താണ് സഹോ കയ്യിൽ ഗ്ലൗസ് ഇല്ലേ…? ) എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി “ക്യാ സാബ് ഇസ്മേ കുച്ച് ഹോനേവാല നഹി ഹേ…ക്യാ കേലിയെ ഡർ റേ.. “(എന്റെ സാറെ ഒന്നും സംഭവിക്കില്ല… എന്തിനാണ് പേടിക്കുന്നത്… ) എന്നാണ്… അയാളുടെ ചിന്താഗതിയെ തിരുത്താൻ നിന്നില്ല… ഒന്നും വാങ്ങിയില്ല… അത്ര തന്നെ.
വഡോദരയിൽ ഇറങ്ങിയ ശേഷം ബസ്സിനാണ് ജോലി സ്ഥലമായ ജാംനഗർ വരെ പോകേണ്ടത്…ബസ്സിലൂടെ പുറത്തേക്ക് കണ്ട കാഴ്ചകളെല്ലാം ഇതൊരു മഹാമാരിയുടെ കാലം തന്നെയാണോ എന്ന് നാണിപ്പിക്കും വിധമുള്ളത് തന്നെയായിരുന്നു… ഏതാണ്ട് 60% ആളുകൾ മാത്രമേ ഇപ്പോളും മാസ്ക് ധരിച്ചു ഇവിടെ പുറത്തിറങ്ങുന്നുള്ളു… ബാക്കിയുള്ളവരെല്ലാം വളരെ ഉദാസീനമായി പഴയ ജീവിതം തന്നെ ജീവിക്കുന്നവരാണ്…കൊച്ചു കുട്ടികൾക്ക് മാസ്ക് വെക്കേണ്ട ആവശ്യമില്ല എന്ന് ആരോ പറഞ്ഞു പഠിപ്പിച്ച പോലെ 80% കുട്ടികളും മാസ്ക് വെച്ചിട്ടില്ല…തമ്പാക്കും മാവയും ചവച്ചു തുപ്പുന്നതിൽ ഒരു കുറവുമില്ല…ഏറ്റവും രസം ഇടക്ക് കുറച്ചു പോലീസ്കാരെ കണ്ടു, എല്ലാവരുടെയും മാസ്ക് താടിയിൽ ഭദ്രമായി തന്നെയുണ്ടായിരുന്നു… കൊറോണായോടൊപ്പം ജീവിക്കാൻ പഠിക്കണം എന്ന് പറഞ്ഞപ്പോൾ കൊറോണയെ പടർത്തികൊണ്ട് ജീവിക്കണം എന്ന് കേട്ടത് പോലെ തോന്നി ഇവിടയെത്തിയപ്പോൾ… രണ്ടര മാസം മുന്നേ ഇവിടെ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചപ്പോൾ ആളും ആരവങ്ങളുമില്ലാതിരുന്ന റോഡുകളും മാർക്കറ്റുകളും ഇപ്പോൾ കൊറോണയുടെ പീക് ടൈമിൽ പഴയ കാലത്തേക്ക് തിരിച്ചു വന്നു…വാക്‌സിൻ കണ്ട് പിടിച്ചിട്ടല്ലാതെ എങ്ങനെയാണ് ഈ നാട്ടിൽ നിന്ന് കൊറോണ ഇല്ലാതാവുന്നത് എന്ന് അത്രയും ആശങ്കയോടെ അല്ലാതെ ഓർക്കാൻ സാധിക്കില്ല.

ഇതൊരു സംസ്ഥാനത്തെ താഴ്ത്തി കെട്ടാൻ പറഞ്ഞതല്ല… നമ്മുടെ നാടും ഇപ്പോൾ ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെയാണെന്ന് അറിയാം…വൈറസിന് മാറ്റമൊന്നും വന്നിട്ടില്ല, വന്നത് മുഴുവൻ മനുഷ്യരുടെ ചിന്താഗതിക്കാണ്…ലോകത്തെ തന്നെ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തേക്ക് നമ്മൾ എത്തി തീരാൻ പോകുന്നു… ഒന്നാം സ്ഥാനത്തേക്ക് അധിക ദൂരമില്ല…അതിനിടയിൽ കൊറോണയിൽ രാഷ്ട്രീയം കലർത്തി അതിനെ ഒരു തമാശയായി കാണുന്നവരോട് ഒന്നും പറയാനില്ല… അമിട്ട് ഷാക്ക് എന്നല്ല ആർക്ക് വേണമെങ്കിലും കോവിഡ് വരാം…കാരണം നമ്മുടെ ചുറ്റുമുള്ള മനുഷ്യരിൽ ആരോ ഒരാൾ വൈറസ് വാഹകനോ വാഹകയോ ആണ്… ആ യാതാർഥ്യം ഉൾക്കൊള്ളാത്ത കാലത്തോളം, വേണ്ടപ്പെട്ട ഒരാൾക്ക് അല്ലെങ്കിൽ നമുക്ക് തന്നെയോ പിടിപെടാത്ത കാലത്തോളം കോവിഡും നമുക്കൊരു തമാശയാണ്. വഡോദര റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് ബുക്കിങ് സെന്ററിലേക്ക് ഓട്ടോയിൽ പൊക്കോണ്ടിരുന്നപ്പോളുള്ള ഓട്ടോ ഡ്രൈവറുമായുള്ള സംഭാഷണം കൂടി നിങ്ങളോട് പങ്കു വെച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
” സാർ എവിടുന്നാണ് വരുന്നത് …? ”
“കേരള… ”
“ജാംനഗർ ബസ്സിനല്ലേ പോകേണ്ടത്… ”
“അതേ… ”
” ചിലപ്പോൾ രാജ്കോട്ട് കഴിയുമ്പോൾ പോലീസ് ചെക്കിങ്ങിന് കയറും… അപ്പോൾ അവരോട് പറയണം സാർ ഗുജറാത്ത്‌ വിട്ട് എങ്ങും പോയിട്ടില്ല എന്ന്… ”
“അതെന്താ… !!! “?
“അല്ലേൽ പിടിച്ചു ക്വാറന്റൈനിൽ ഇരുത്തും… അതൊക്കെ മെനക്കേടല്ലേ സാറെ… ”
“സബാഷ്… !!!”
പ്രവീൺ പ്രഭാകർ ✍️