കപ്പിനും ചുണ്ടിനുമിടയിൽ തോറ്റു പോയ ജനതയായി ചരിത്രം നമ്മളെ അടയാളപ്പെടുത്താൻ അനുവദിക്കരുത്

45

Praveen Prabhakar

1918 ലാണ് സ്പാനിഷ് ഫ്ലൂ ലോകവ്യാപകമായി പടർന്നു പിടിച്ചത്… അതേ വർഷം ജൂണിലാണ് ഇന്ത്യയിലെ ആദ്യ കേസുകൾ മുംബയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്… ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ സൈനികരിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് രോഗം കടന്നു വന്നത്… ജൂണിൽ ആദ്യ ഘട്ടം രോഗം സ്ഥിരീകരിച്ചത് ഏതാണ്ട് 1600 നടുത്ത് മനുഷ്യർക്ക് മാത്രമാണ്… നന്നായി പ്രതിരോധിച്ചു എന്ന് നമ്മൾ വിശ്വസിച്ചു… രോഗവ്യാപനം ഏതാണ്ട് അവസാനിച്ചു എന്ന് കരുതി ഇന്ത്യൻ ജനത വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങി…

ഒരു വ്യാപനത്തിന് ശേഷം വേണ്ട മുൻകരുതലുകൾ മറന്നു കൊണ്ട് പെട്ടെന്ന് തന്നെ പഴയ തിരക്കുകളിലേക്ക് മടങ്ങിയ ആ മനുഷ്യരുടെ ഇടയിലേക്ക് സെപ്റ്റംബറിൽ വൈറസ് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു… ഒന്ന് പ്രതിരോധിക്കാൻ പോലും സമയം കിട്ടുന്നതിന് മുമ്പ് അണുക്കൾ മുംബൈയിൽ നിന്ന് ഇങ്ങേയറ്റത്തെ മദ്രാസ് വരെയും അങ്ങേയറ്റത്തെ ബംഗാൾ വരെയും പടർന്നു കഴിഞ്ഞിരുന്നു… രണ്ടാം വരവിൽ വൈറസ് അതിന്റെ യഥാർത്ഥ രൂപം കാണിച്ചു… ആശുപത്രികൾ നിറഞ്ഞു… ഡോക്ടർമാർ മരിച്ചു വീണു… നാട്ടു രാജ്യങ്ങളിലെ അധികാരികൾ പുറത്തിറങ്ങാതെയായി… തെരുവുകളിൽ മനുഷ്യർ പിടഞ്ഞു വീണു മരിച്ചു… മൃതദേഹങ്ങൾ അടക്കാൻ പോലും ആളെ കിട്ടാതയെയായി… രണ്ടാം വരവിൽ തീർന്നത് ഏതാണ്ട് രണ്ട് കോടി മനുഷ്യരാണ്…ചരിത്രം നമുക്ക് മുന്നിൽ നൂറ് വർഷങ്ങൾക്കു മുമ്പേ ഒരു ഉദാഹരണം കാട്ടി തന്നിട്ടുണ്ട്… തെറ്റ് ആവർത്തിക്കാതിരിക്കാൻ.

ജൂൺ 7ന് ശേഷം രാജ്യത്തു ലോക്ക് ഡൗണിന് നല്ല രീതിയിൽ ഇളവുകൾ വരാൻ പോകുന്നു… ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും എല്ലാം തുറന്നു കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മനുഷ്യർ തിരിച്ചു വരാൻ ഒരുങ്ങുന്നു…ഇങ്ങേയറ്റത്തുള്ള നമ്മുടെ നാട്ടിലും സ്ഥിതി വേറെയല്ല… ലോക്ക് ഡൌൺ പ്രഖ്യാപിച്ച മറ്റു രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി വൈറസ് ബാധ അതിന്റെ ഏറ്റവും ശക്തമായ നിലയിൽ നിൽക്കുമ്പോളാണ് ഈ ഇളവുകൾ വരുന്നെതെന്ന് ഓർക്കണം… അതായത് ഇനിയും മനുഷ്യരെ അടച്ചിടാനോ രാജ്യത്തിന്റെ വരുമാന മാർഗങ്ങളെ പൂട്ടിയിടാനോ സർക്കാരുകൾക്ക് മനസില്ല…ലോക്ക് ഡൌൺ കൊണ്ട് കാര്യമായ കുറവൊന്നും രോഗവ്യാപനത്തിൽ ഉണ്ടായതുമില്ല… ഇനി ചെയ്യാൻ പറ്റുന്നത് കൊറോണയോടൊപ്പം ജീവിക്കുന്ന എന്നത് തന്നെയാണ്…അതിന് നമ്മൾ നിര്ബന്ധിതരായി തീർന്നിരിക്കുകയാണ്.

മാർച്ച്‌ 28 നാണ് കേരളത്തിലെ ആദ്യ കോവിഡ് മരണം സംഭവിക്കുന്നത്… ഓർമയില്ലേ അന്നത്തെ ദിവസം നമ്മൾക്ക് ഉണ്ടായ ആശങ്കകൾ എത്രത്തോളമായിരുന്നു എന്ന്… ആദ്യ കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനു ശേഷം ഏതാണ്ട് രണ്ട് മാസത്തോളം നമ്മൾ ഒരാളെയും മരിക്കാതെ കാത്തു… പിന്നീട് ഇങ്ങോട്ടും നമ്മൾ അതിശക്തമായ കരുതൽ തന്നെ കാഴ്ചവെച്ചു…പലരും നെഗറ്റീവ് പബ്ലിസിറ്റി നടത്തിയിട്ടും ചീഞ്ഞ രാഷ്ട്രീയം കളിച്ചിട്ടും നമ്മൾ അതിലൊന്നും ശ്രദ്ധിക്കാതെ, അല്ലെങ്കിൽ അതിനെ വേണ്ട വിധം പൊളിച്ചടുക്കി മുന്നോട്ടു തന്നെ പോയി… ‘ബ്രേക്ക്‌ ദി ചെയിൻ’ ക്യാമ്പയിൻ പോലൊരു ക്യാമ്പയിനോ അതിന് വേണ്ടിയുള്ള പ്രവർത്തനമോ ഇന്നും മറ്റു സംസ്ഥാനങ്ങളുടെ ആലോചനയിൽ പോലുമില്ലാത്ത കാര്യമാണ്…നമ്മളുടെ യുവജന സംഘടനകളും പോലീസുമെല്ലാം ആളുകളെ ‘കൈ കഴുകാൻ ‘വരെ പഠിപ്പിച്ചു…മാസ്ക് നമ്മൾക്ക് ശീലമായി, അതില്ലെങ്കിൽ പിഴയായി… പിന്നീട് നമ്മൾ ഈ നാടിനോട് തുപ്പിയാൽ തോറ്റു പോകുമെന്ന് പറഞ്ഞു… നമ്മൾ നമ്മളുടെ ആരോഗ്യപ്രവർത്തകർക്ക് പുഷ്പവൃഷ്ടി നടത്തിയില്ല, പകരം അവർക്കാവശ്യമായ PPE കിറ്റുകൾ കൊടുത്തു….എല്ലാത്തിനുപരിയായി ജനങ്ങൾ ഈ നാടിന്റെ ഭരണകൂടത്തെ അനുസരണയോടെ കേട്ടു… അക്ഷരം പ്രതി അനുസരിച്ചു… നമ്മളുടെ ഈ കൂട്ടായ ഇടപെടൽ ലോകം കണ്ടു… നാലാളറിയുന്ന എല്ലാ മാധ്യമങ്ങളും അതിനെ പറ്റി എഴുതി…സംസാരിച്ചു… അപ്പോഴും ഒരു കൂട്ടർ PR വർക്ക്‌ എന്നൊക്കെ പറഞ്ഞു നടന്നു… നമ്മൾ അവരെ നോക്കി ചിരിച്ചു.

മെയ്‌ 4 ന്റെ പ്രത്യേകത ഓർമ്മയുണ്ടോ… 61 രോഗികൾ നെഗറ്റീവ് ആയി നമ്മുടെ ആക്റ്റീവ് കേസുകൾ വെറും 34 ആയ ദിവസം… അന്ന് ചിലരൊഴികെ ബാക്കി ഉള്ള നമ്മൾ സന്തോഷിച്ചു… നമ്മുടെ കർവ് ഏതാണ്ട് ഫ്ലാറ്റ് ആയി തുടങ്ങിയെന്നു ആശ്വസിച്ചു… കൊറോണയെ പൂർണമായും തോൽപ്പിക്കുന്നത് സ്വപ്നം കണ്ടു…പക്ഷെ പിന്നീട് നമ്മൾ കണ്ടത് വേറൊരു ചിത്രമാണ്… മെയ്‌ 7 ന് പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങി… അതിനു രണ്ട് ദിവസം മുന്നേ അന്യസംസ്ഥാന മലയാളികൾ മടങ്ങിയെത്താൻ തുടങ്ങി… ഈ മടങ്ങിവരവിനെല്ലാം കാരണം കേരളം എന്നത് അത്രമേൽ സുരക്ഷിതമായ, മറ്റൊരു നാടും തരാത്ത കരുതൽ നൽകുന്നത് കൊണ്ട് മാത്രമാണ്… അത്രവേഗം നമ്മളെ ഈ നാടും ഇവിടുത്തെ സിസ്റ്റവും മരണത്തിനു വിട്ടു കൊടുക്കില്ല എന്നുള്ള ഉറപ്പുള്ളതുകൊണ്ടാണ്….ഒരാളെയും ഒഴിവാക്കാതെ വരുന്ന എല്ലാവരെയും സ്വീകരിക്കാൻ നാടും തയ്യാറായിരുന്നു.

മെയ്‌ 29… അതായത് ഇന്നലെ… നമ്മുടെ നാട്ടിൽ ആദ്യമായി ഒരു ദിവസം രണ്ട് പേർ കോവിഡ് മൂലം മരണപെട്ടു… എന്നാൽ ആദ്യ മരണത്തിനുണ്ടായ വാർത്ത പ്രാധാന്യമോ ശ്രദ്ധയോ ആരും നടത്തി കണ്ടില്ല… മൊത്തത്തിൽ 9 പേർ ഇതിനോടകം മരിച്ചു കഴിഞ്ഞു… മരിച്ചവരെല്ലാം മറ്റു രോഗങ്ങൾക്ക് കൂടി ചികിത്സയിൽ ഉള്ളവരായിരുന്നു എന്ന് പറഞ്ഞാശ്വസിക്കാം എങ്കിൽ കൂടിയും നമ്മളുടെ ഇപ്പോഴുള്ള പോക്ക് ഭയപ്പെടുത്തുന്നത് തന്നെയാണ്… ഇപ്പോൾ ദിവസവും ശരാശരി 50 ന് മുകളിൽ പുതിയ കേസുകൾ ദിവസവും ഉണ്ടാവുന്നു… സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചില്ലെങ്കിൽ കൂടി നമ്മൾ അതിന്റെ എഡ്ജിൽ എത്തി നിൽക്കുന്നു എന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിരിക്കുന്നു…കോവിഡ് ബാധിതർ ആയിരം കടന്നിരിക്കുന്നു… ഈ ഘട്ടത്തിൽ തന്നെയാണ് ക്വാറന്റയിൻ ലംഘിച്ചതിന് ദിവസവും നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്… മാസ്ക് ധരിക്കാത്തതിന് ദിവസവും രണ്ടായിരത്തിലേറെ കേസുകൾ നിലവിൽ വരുന്നത്… ബീവറേജ് ക്യു മീറ്ററുകൾ നീളുന്നത്… മനുഷ്യർ പഴയതിനേക്കാൾ വേഗത്തിൽ ഓടുന്നത്…സാമൂഹ്യ അകലം പഴങ്കഥയാകുന്നത്… ഹോട്സ്പോട്ടുകളിലെ ട്രിപ്പിൾ ലോക്ക് ഡൗണിന് പോലും പച്ചയായ ലംഘനം നടക്കുന്നത്…
ഇതിനെയെല്ലാമാണ് മുതലെടുപ്പ് എന്ന് പറയുന്നത്…

നമ്മുടെ നാട് സുരക്ഷിതമാണെന്നും ഇവിടെ ജീവിക്കുന്നത് ഈ കെട്ടകാലത്തു ലക്ഷറി ആണെന്നും നമ്മൾ ആവർത്തിച്ച് പറയുമ്പോഴും ആ സുരക്ഷ എത്ര നാൾ ഉണ്ടാവുമെന്ന് നമ്മളെ മാത്രമാണ് ആശ്രയിച്ചിരുന്നത്… നമ്മുടെ നാട് ഒറ്റ രാത്രികൊണ്ട് സുരക്ഷിത വലയത്തിൽ ആയതല്ല…ഒരു മാജിക്കും ഗിമിക്കും കാണിച്ചല്ല നമ്മൾ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ശീലിച്ചത്… ഇന്നാട്ടിലെ ഡോക്ടർമാർ മുതൽ ആശ വർക്കർമാർ വരെ നീളുന്ന ആരോഗ്യ പ്രവർത്തകർ, കളക്ടർ മുതൽ ട്രാഫിക് പോലീസ് വരെ ഉൾപ്പെടുന്ന അഡ്മിനിസ്ട്രേഷൻ, മുഖ്യമന്ത്രി മുതൽ ഇങ്ങ് വാർഡ് മെമ്പർ വരെ അടങ്ങുന്ന ഭരണകൂടം… ഇവരുടെയെല്ലാം കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള കഷ്ടപ്പാടിന്റെ ഫലമാണ് നമ്മൾ അനുഭവിച്ചു വന്ന സുരക്ഷ… അതിനൊപ്പം അതിനേക്കാളേറെ ഈ ദുരന്തത്തെ നേരിടാൻ ഈ നാട്ടിലെ ജനത കാണിച്ച ജാഗ്രത… പിന്നിട്ട വഴികളിൽ നമ്മൾക്ക് നഷപ്പെട്ടുകൊണ്ടിരിക്കുന്നതും ഇതേ ജാഗ്രത തന്നെയാണ്…. ഓവർ കോൺഫിഡൻസ് എന്നത് ആത്മഹത്യാ പരമാണെന്ന് നമ്മൾ മറന്നുപോകുന്നു.
ലോകത്തിനു മാതൃകയായ ഒരു കോവിഡ് പ്രതിരോധം തീർത്ത നാട് അടുത്തൊരു ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പതിയെ കൈയിലേക്ക് വന്ന ആ വിജയം തെന്നിമാറുന്ന കാഴ്ചകളാണ് കാണുന്നത്…പ്രവാസികൾ മടങ്ങി വന്നുകൊണ്ടേയിരിക്കും…അടുത്ത കുറച്ചു മാസങ്ങൾ ദിവസവും 50-100 കേസ് വന്നെന്നിരിക്കും… മരണങ്ങൾ ഇനിയും ഉയരാം… സാമൂഹ്യ വ്യാപനം ഒരു ഘട്ടത്തിൽ ഉറപ്പിച്ചേക്കാം… അതിനിടയിൽ മഴക്കാലവും അനുബന്ധ രോഗങ്ങളും കൊണ്ട് ആശുപത്രികൾ നിറയാം…

ഇതിനിടയിലും നമ്മളെ തീരത്തടുപ്പിക്കാൻ ഈ നാടിന്റെ കപ്പിത്താനും കൂട്ടരും ആഞ്ഞു തുഴഞ്ഞുകൊണ്ടേ ഇരിക്കും..ആ വഞ്ചിയെ നമ്മൾ മുക്കിക്കളയരുത്… തോറ്റു പോയാൽ അതാഘോഷമാക്കാൻ ഒരുപാട് പേർ ഇപ്പോഴേ പടക്കവും വാങ്ങി കാത്തിരുപ്പുണ്ട്… തോൽവിയെ അളന്നു മുറിക്കാൻ മീഡിയ ജഡ്ജിമാർ തയാറായുണ്ട്… അവരുടെ ഇടയിലേക്ക് കിതച്ചു വീണാൽ എല്ലിൻ കക്ഷണം പോലും ബാക്കി കിട്ടില്ല… അത്രക്കുണ്ട് അവരുടെ തോൽവിയുടെ പകകൾ… അത്കൊണ്ട്, തോൽക്കാൻ അനുവദിക്കരുത്… തുടർന്ന് വന്ന അതേ ജാഗ്രത അവസാന രോഗി വീട്ടിലെത്തുന്നത് വരെ തുടരണം… അതിജീവിക്കേണ്ടത് പലതിനോടാണ്… കൂടുതൽ ശക്തരാവണം…അവസാന ചിരി നമ്മുടേതാവണം… കപ്പിനും ചുണ്ടിനുമിടയിൽ തോറ്റു പോയ ജനതയായി ചരിത്രം നമ്മളെ അടയാളപ്പെടുത്താൻ അനുവദിക്കരുത്.

Advertisements