Praveen Prabhakar

സാറയുടെ ലോകത്തെ ആണുങ്ങൾ

സാറയുടെ കഥ ഞാൻ എന്ന പ്രേക്ഷകനെ വ്യക്തിപരമായി ഏറ്റവും സ്വാധീനിച്ചത് സാറയെ മുൻനിർത്തി ആ കഥ കണ്ടപ്പോളല്ല… മറിച്ച് സാറയുടെ ലോകത്തെ ആണുങ്ങളിലൂടെ കഥ വായിച്ചപ്പോളാണ് അതിലെ മനോഹാരിത വെളിവാകുന്നത്…ഒരു സ്ത്രീപക്ഷ സിനിമ അല്ലെങ്കിൽ കഥ എന്നാൽ എല്ലായിപ്പോഴും May be an image of 4 people, beard and people sittingആണഹന്തയുടെ മുകളിൽ പെണ്ണ് നേടുന്ന വിജയങ്ങളിലേക്ക് അല്ലെങ്കിൽ ചെറുത്ത് നിൽപ്പിലേക്ക് മാത്രം ചുരുങ്ങുന്ന കഥാ കഥനങ്ങളിലാണ് സാറ വേറിട്ടു നിന്നത്… സാറയുടെ ലോകത്തെ അവളുടെ വേണ്ടപ്പെട്ട ആണുങ്ങൾ എല്ലാം എന്റെ കണ്ണിൽ പ്രകാശം പരത്തുന്ന ആണുങ്ങൾ തന്നെയാണ്… ഒന്ന് കണ്ണോടിച്ചു നോക്കു… അവർ മാനുഷികമായ ചില ധൗർബല്യങ്ങൾ ഉള്ളവരും ചിലപ്പോഴെങ്കിലും സമൂഹത്തെ സ്വന്തം ചിന്തയിലേക്ക് കലർത്തുന്നവരുമാണ് എന്നത് സമ്മതിച്ചാൽ പോലും അവരടങ്ങുന്ന ചുറ്റുപാട് സാറയെ പോലൊരു പെൺകുട്ടിയുടെ തീരുമാനങ്ങൾക്ക് കരുത്തു നൽകുന്നത് തന്നെയാണ്.

സാറയുടെ അച്ഛനാണ് പലപ്പോഴും അവളുടെ പല തീരുമാനങ്ങൾക്കും പിന്നിൽ പാറ പോലെ ഉറച്ചു നിൽക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്…മകളുടെ കരിയർ, വിവാഹം എന്നതെല്ലാം അവളുടെ സ്വന്തം തീരുമാനത്തിന് തന്നെയാണ് അയാൾ വിട്ടുകൊടുക്കുന്നത്… ഇത് ഇത്ര മഹത്തരമായി പറയണോ എന്ന് ചോദിച്ചാൽ സ്വന്തം കാര്യത്തിൽ സ്വന്തം തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത ആൺ/പെൺ മക്കളുടെ ലോകത്ത് നിന്ന് തന്നെയാണ് സാറയെ പോലുള്ളവരുടെ ജീവിത കഥകളും നമ്മൾ കേൾക്കുന്നത്…അപ്പോൾ അത് അടയാളപ്പെടുത്തുക തന്നെ വേണം…മകളുടെ അബോർഷൻ എന്ന തീരുമാനത്തെ അവളുടെ മാത്രം ചോയിസായി കണ്ട, ആ ധീരമായ തീരുമാനത്തോടൊപ്പം ചേർന്ന് നിൽക്കാൻ അയാൾക്ക് സാധിച്ചത് അയാളുടെ മകളുടെ മനസ്സറിഞ്ഞത് കൊണ്ട് തന്നെയാണ്… മാനസികമായി തയ്യാറാകാത്ത ഒരു കാര്യത്തിന് തന്റെ മകളെ നിർബന്ധിക്കാൻ അയാൾക്ക് സാധിച്ചിരുന്നില്ല… അബോർഷൻ എന്നത് ഒരു കൊലപാതകമാണ് എന്നയാൾ വൈകാരികമായി അവളോട് പറഞ്ഞില്ല…എത്രയോ വർഷങ്ങളായി അവൾ ചിലവിട്ട അവളുടെ ലക്ഷ്യങ്ങൾക്ക് മുകളിലല്ല ഒരു മാസം മാത്രം ആയുസ്സുള്ള ഒരു ജീവന്റെ കണം എന്നയാൾക്ക് അറിയാമായിരുന്നു.

“നമുക്ക് നമ്മുടെ ജോലികൾ ഷെയർ ചെയ്യണം…” എന്ന് ഭാര്യ പറയുമ്പോൾ നിങ്ങളിൽ എത്ര പേർ അത് സന്തോഷത്തോടെ സ്വീകരിക്കും എന്നെനിക്കറിയില്ല… ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ നാല് ദിവസവും നിങ്ങൾ കുക്ക് ചെയ്യണം എന്ന് പറഞ്ഞാൽ എത്ര പേർ അംഗീകരിക്കും എന്നെനിക്കറിയില്ല… പക്ഷേ ഇതെല്ലാം സമ്മതിക്കുന്നവരെക്കളേറേയാണ് സമ്മതിക്കാത്തവർ എന്ന് മാത്രം അറിയാം… വളരെ സ്വഭാവികമായി ഒരു സുഹൃത്തിനെ പോലെ ഇടപഴകാൻ കഴിയുന്നവരാകണം നമ്മുടെ പാർട്ണർ… അങ്ങനെയെങ്കിൽ ചില മാജിക്കുകൾ നമ്മളറിയാതെ തന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കും… അങ്ങനെ നോക്കുകയാണെകിൽ സാറയും ജീവനും പൊളിയാണ്… കിടുവാണ്… ജോലി സ്ഥലത്ത് തനിക്ക് നേരിട്ട ഒരു അപമാര്യാദയോട് തന്റെ പാർട്ണർ പ്രതികരിച്ചോ എന്ന് ഉറപ്പ് വരുത്തി സമാധാനിക്കുന്ന, അവളോടൊപ്പം ചേർന്ന് ആ വീട്ടിലെ ജോലികൾ പങ്ക് വെക്കുന്ന, വൈകുന്നേരങ്ങളിൽ ഓരോ ബിയറ് ഒരുമിച്ചിരുന്നു കുടിച്ചുകൊണ്ട് അന്നത്തെ വിശേഷങ്ങൾ പങ്ക് വെക്കുന്ന, പാർട്ണറിന്റെ സ്വപ്‌നങ്ങൾക്ക് കൂടുതൽ നിറം നൽകുന്ന ജീവൻ…സാറ ഗർഭിണിയാണ് എന്നറിഞ്ഞ ശേഷം അയാൾക്ക് അയാളുടെ ആദ്യ നിലപാടിൽ നിന്ന് പതിയെ മാറാൻ തോന്നിയത് തന്നെ ഒരുപക്ഷെ അയാളിൽ എപ്പോഴോ ഒരു സോഷ്യൽ കണ്ടീഷണിങ് ഉണ്ടായി എന്നത് കൊണ്ട് തന്നെയാവും എന്നാണ് കരുതാനാഗ്രഹിക്കുന്നത്… സുഹൃത്തുക്കളും ബന്ധുക്കളും അറിഞ്ഞത് കൊണ്ട് തന്നെ പതിയെ അവരുടെ സന്തോഷങ്ങളോട് ആയാളും ബലമായി ചേർക്കപെടുന്നത് പോലെ തോന്നി…. പക്ഷേ സാറയുടെ തീരുമാനമാണ് അവവളുടെ സന്തോഷമെന്നും അവളുടെ സന്തോഷം മാത്രമാണ് മറ്റെല്ലാവരുടെയും സന്തോഷത്തേക്കാൾ വലുതെന്നും അയാൾ തിരിച്ചറിയുന്ന നിമിഷം അയാൾക്ക് അവളോട് ചേർന്ന് നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു… അത് തന്നെയാണ് അവളുടെ ആദ്യ സിനിമയുടെ ആദ്യ പ്രതികരണങ്ങൾക്ക് മുന്നേ ഡെലിവറി റൂമിന് പുറത്ത് കാത്ത് നിൽക്കുന്ന ഭർത്താവിന്റെ ടെൻഷനോടെ അയാൾ കാത്ത് നിന്നത്… കാരണം ആ സിനിമയും കഥയും അവളുടെയും അവളിലൂടെ അവന്റെയും ജീവിതമാണ്.

“സാറ എപ്പോൾ തയ്യാറാവുന്നോ അപ്പോൾ മതി പ്രെഗ്നൻസി…” പറഞ്ഞത് ഒരു ഡോക്ടർ ആണെങ്കിൽ പോലും അത് വന്ന് കൊണ്ടത് നമ്മുടെ പൊതുബോധങ്ങൾക്ക് മേലെയാണ്… അബോർഷൻ എന്നാൽ അമ്മയുടെ ശരീരികമായ ഒരു ആവശ്യം മാത്രമാണ് എന്ന ചിന്തക്കപ്പുറം അമ്മയുടെ മാനസികമായ ഒരു ആവശ്യം കൂടിയാണ് എന്നാണ് ആ വാക്കുകൾ പറഞ്ഞു വെക്കുന്നത്… ഒരു അമ്മയാകാൻ മാനസികമായി തയ്യാറാവാത്ത ഒരാളോട് അയാൾക്ക് വേണമെങ്കിൽ അമ്മയാകുക എന്നത് ഒരു ഭാഗ്യമാണെന്നും എല്ലാവർക്കും എപ്പോഴും സാധിക്കില്ല എന്നുമൊക്കെ പറഞ്ഞു മറ്റ് ഡോക്ടർമാരെ പോലെ ഒരു മാനസിക സമ്മർദ്ദം ചെലുത്താമായിരുന്നു… പക്ഷേ സാറയുടെ ഉറച്ച തീരുമാനത്തോടൊപ്പം നിൽക്കുക എന്നത് തന്നെയാണ് ധാർമികത എന്ന് അയാൾക്ക് നന്നായി തന്നെ അറിയാമായിരുന്നു…. അങ്ങനെ അയാളും കൂടി ചേർന്നുകൊണ്ട് തന്നെയാണ് അവളുടെ സ്വപനങ്ങൾക്ക് ചിറക് വരച്ചു കൊടുത്തത്.

അമ്മ എന്ന വാക്കിനെ എത്രത്തോളം അനാവശ്യമായി ഗ്ലോറിഫൈ ചെയ്തിട്ടുണ്ടോ അത്രത്തോളം അബോർഷനെ പാപമായി സമൂഹം കല്പിച്ചു വെച്ചിട്ടുണ്ട്… ഗർഭിണി ആകുക എന്നതും അമ്മയാകുക എന്നുമെല്ലാം ഒരു പെണ്ണിന്റെ ചോയ്സ് ആണെന്ന് ഇനി എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മനസിലാക്കുക എന്നതാണ് ചോദ്യം… ആ ചോദ്യം ഒരു വിരല് ചൂണ്ടിക്കൊണ്ട് സാറയും അവളുടെ ചുറ്റുമുള്ള മനുഷ്യരും നമ്മളിലേക്ക് ഇറക്കി വെച്ചപ്പോൾ അത് ദഹിക്കാത്ത കൂട്ടം മനുഷ്യരെ കണ്ടിട്ട് പ്രത്യേകിച്ച് ഞെട്ടൽ ഒന്നും തോന്നിയില്ല… സാറയിലെ അമ്മമാരെ പോലെയും,കുഞ്ഞു ഇപ്പോൾ വേണ്ട എന്ന് പറഞ്ഞാൽ അത് ‘ഫെമിനിസം’ ആണെന്ന് പറയുകയും ചെയ്യുന്ന സ്ത്രീ ജനങ്ങളെ പോലെയുമുള്ളവരാൽ നിറഞ്ഞ ലോകത്ത് നിന്ന് സാറ ഒരിക്കലും കയ്യടികൾ മാത്രം പ്രതീക്ഷിക്കരുത്… പൊതു ബോധത്തിൽ നിന്ന് ഒരു കഴഞ്ചു പോലും മുന്നോട്ട് പോയാൽ അത് പാപമായി കരുതുന്ന സമൂഹത്തിൽ നിന്ന് നിലവിളികൾ കൂടി പ്രതീക്ഷിക്കണം.
കമൽ ഹാസൻ ഒരിക്കൽ പറഞ്ഞ ഒരു വാക്കുകൂടി പറഞ്ഞു നിർത്തുകയാണ്…

“കല്യാണം കഴിക്കുന്നതും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതും കുഞ്ഞുണ്ടാവുന്നതുമെല്ലാം മനുഷ്യൻ ഉണ്ടായ കാലം മുതലേ ആവർത്തിച്ചു വരുന്ന കാര്യങ്ങളാണ്… അതിനുമപ്പുറത്തു എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതാണ് ജീവിതം…”
സാറ ശ്രമിച്ചതത്രയും അത് തന്നെയായിരുന്നു

You May Also Like

കോവിഡ് ഓഫർ, ‘സാനിട്ടൈസ് ചെയ്ത പെണ്ണ് ‘, 6th കാൾ നല്ലൊരു ആക്ഷേപഹാസ്യം

Rajeev ps സംവിധാനം ചെയ്തു Sandeep അഭിനയിച്ച 6th കോൾ അതീവ രസകരമായ ഒരു ആക്ഷേപഹാസ്യമാണ്.…

സപ്തമ ശ്രീ തസ്‌ക്കരാഃ, ഒരു എന്റര്‍ട്ടെയ്‌നര്‍ – എസ് എച്ച് മഠത്തില്‍..

നായകനായ പൃത്ഥ്വിരാജിനേക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ് കൂടുതലുള്ളതും ശ്രദ്ധിക്കപ്പെടുന്നതും അപ്രശസ്തരായ സഹതാരങ്ങളാണ്.

സാർപ്പട്ട പരമ്പരൈ, ബ്രഹ്മാണ്ഡം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല

ബ്രഹ്മാണ്ഡം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ കഴിയില്ല..!ആടുകളവും സുബ്രഹ്മണ്യപുരവും വടചെന്നൈയും തന്നത് പോലെയൊരു തീയറ്റർ അനുഭവം നഷ്ടപ്പെട്ടതിലുള്ള

‘ഏതോ ഒരാൾ’ – അനോണിമസ് കോളുകൾക്കെതിരെ അവളുടെ ഒറ്റയാൾ പോരാട്ടം

Diana BC സംവിധാനം ചെയ്ത ‘ഏതോ ഒരാൾ’ എന്ന ഷോർട്ട് മൂവി പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിലേക്കാണ് പ്രധാനമായും വിരൽ ചൂണ്ടുന്നത്. മൊബൈൽ ഫോൺ