കുറുപ്പ് എന്ത് കൊണ്ട് ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും സമൂഹത്തിൽ ഒരു ഹീറോ പരിവേഷത്തോടെ നിൽക്കുന്നു

142

Praveen Prabhakar

കുറുപ്പ് എന്ത് കൊണ്ട് ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും സമൂഹത്തിൽ ഒരു ഹീറോ പരിവേഷത്തോടെ നിൽക്കുന്നു

“ഗോപാലകൃഷ്ണ പിള്ള മരിച്ചു എന്ന വാർത്ത സത്യമാണ്… ”
എയർഫോഴ്‌സിലേക്ക് ഈ ടെലിഗ്രാം എത്തിയതോടെ അവരുടെ മെഡിക്കൽ കോറിൽ ജോലി ചെയ്ത ഗോപാലകൃഷ്ണന്റെ മരണം അവർ ഉറപ്പിച്ചു…രണ്ട് വർഷമായി സർവീസിൽ ഉള്ള ആളായിരുന്നു പിള്ള…ലീവിന് നാട്ടിൽ പോയതാണ്…അതിനിടയ്ക്കാണ് അവർക്ക് സന്ദേശം കിട്ടിയത് പിള്ള മരിച്ചു എന്ന്… അതുറപ്പിക്കാനായി പിള്ളയുടെ നാടായ മാവേലിക്കര പോലീസിനോട് എയർ ഫോഴ്സ് ആവശ്യപ്പെട്ടു… ആ ആവശ്യപ്രകാരം അന്വേഷിച്ച റിപ്പോർട്ടാണ് പോലീസ് പൂനയിലെ എയർ ഫോഴ്സ് ഓഫീസിലേക്ക് അയച്ചു കൊടുത്തത്… എയർ ഫോഴ്സ് പിള്ളയുടെ മരണം ഔദ്യോഗികമായി ക്ലോസ് ചെയ്തു… പക്ഷെ അതൊരു നാടകമായിരുന്നു…മരണം അന്വേഷിക്കാൻ വീട്ടിലെത്തിയ പോലീസുകാരന് മദ്യവും പണവും നൽകി സ്വാധീനിപ്പിച്ചു പറയിപ്പിച്ച വലിയ നുണ… കാരണം പിള്ളക്ക് പണക്കാരനാവണം…പണക്കാരനാവണമെങ്കിൽ ആ കാലത്തെ മികച്ച ഓപ്ഷൻ ഗൾഫ് തന്നെയായിരുന്നു…മരിച്ച ആൾക്ക് പാസ്പോർട്ട്‌ കിട്ടാത്തത് കൊണ്ട് പിള്ള മറ്റൊരു പേരിൽ പാസ്പോർട്ട്‌ എടുത്തു…അങ്ങനെ UAE യിലേക്ക് പോയ പിള്ളയുടെ പാസ്സ്പോർട്ടിൽ പുതിയ പേര് ചേർക്കപ്പെട്ടു…’സുകുമാര കുറുപ്പ് ‘.

അങ്ങനെ ജീവിതത്തിൽ ആദ്യത്തെ തവണ ‘മരിച്ച’ പിള്ള കുറുപ്പായി വീണ്ടും ജന്മം എടുത്തു… 1970-80 കാലഘട്ടത്തിൽ കുറുപ്പിനും നഴ്സ് ആയ ഭാര്യ സരസമ്മയ്ക്കും കൂടി ഏതാണ്ട് അറുപത്തിനായിരത്തിനടുത്ത് മാസശമ്പളം ലഭിച്ചിരുന്നു…പതിയെ കുറുപ്പ് ആ നാട്ടിലെ ഒരു ‘ക്യാഷ് ടീമായി’ മാറി…അന്നത്തെ സാമ്പത്തിക നില വെച്ച് തനിക്കൊരു കൊട്ടാരം പോലുള്ള വീട് വേണം എന്നൊരു ‘അത്യാഗ്രഹത്തിന്റെ’ പുറത്ത് ആലപ്പുഴയിലെ പുന്നപ്രയിൽ സ്ഥലം വാങ്ങി വീട് പണി തുടങ്ങി…വർഷം 1984 ആയപ്പോളേക്കും വീട് പണിയുടെ ചിലവ് കുറുപ്പിന് താങ്ങാവുന്നതിലും അപ്പുറത്തായി…എങ്ങനെ ഒറ്റ തവണയായി ലക്ഷങ്ങൾ കയ്യിലേക്ക് എത്തിക്കാം എന്നുള്ള കുറുപ്പിന്റെ ചിന്തയാണ് ഇൻഷുറൻസ് തട്ടിപ്പ് എന്ന ആശയത്തിൽ വന്ന് നിന്നത്…ഏതാണ്ട് എട്ടര ലക്ഷം ഇന്ത്യൻ രൂപയുടെ ഇൻഷുറൻസിനു അയാൾ ജോലി ചെയ്യുന്ന സ്ഥലത്തു ചേർന്നിരുന്നു… ദുബായിൽ സ്കൂബ ഡൈവിങ്ങിന് പോയ തന്റെ ഭർത്താവ് തിരിച്ചു വന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഇൻഷുറൻസ് തുക വാങ്ങിയ ഭാര്യയുടെയും മറ്റൊരു ദ്വീപിൽ പൊങ്ങിയ പിന്നീട് കുടുംബത്തോടൊപ്പം സിംഗപ്പൂരിലേക്ക് താമസം മാറ്റിയ ഭർത്താവും ഉൾപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥ കുറുപ്പ് ആയിടക്ക് അറിഞ്ഞതായി പറയുന്നുണ്ട്… അതല്ല ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപെട്ട ഹോളിവുഡ് സിനിമകളാണ് അയാൾക്ക്‌ പ്രചോദനം ആയതെന്നും അഭിപ്രായമുണ്ട്… എന്തായാലും കുറുപ്പ് രണ്ടും കല്പ്പിച്ചു സുഹൃത്തും അയാളുടെ കമ്പനിയിലെ പ്യൂണുമായ ഷാഹുലിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയ കുറുപ്പിന്റെ പദ്ധതി കേട്ട അളിയൻ ഭാസകര പിള്ളയും കുറുപ്പിന്റെ ഡ്രൈവർ പൊന്നപ്പനും അയാളെ സഹായിക്കാം എന്നേറ്റു…കുറുപ്പിന്റെ അപരനെ അന്വേഷിച്ചു അവർ പല മോർച്ചറികളിൽ പോയി… കുഴിമാടങ്ങൾ വരെ തുരന്നു… പക്ഷെ അയാളുടെ അതേ രൂപ സാദൃശ്യമുള്ള ഒരാളെ അവർക്ക് കിട്ടിയില്ല… അങ്ങനെ ജനുവരി 21 രാത്രി അളിയൻ ഭാസകര പിള്ളയുടെ കയ്യിൽ നിന്ന് വാങ്ങിയ അംബാസിഡർ കാറിൽ കുറുപ്പും ഷാഹുലും ഭാസ്കര പിള്ളയും കൂടെ ഡ്രൈവർ പൊന്നപ്പനും ചേർന്ന് കുറുപ്പിന്റെ അപരനെ അന്വേഷിച്ചിറങ്ങി…ആ അന്വേഷണം ചെന്ന് നിന്നത് വഴി വക്കിൽ ബസ് കാത്ത് നിന്ന ഒരു ചെറുപ്പക്കാരനിലയിരുന്നു…കുറുപ്പിന്റെ അതേ നിറമുള്ള, ഉയരമുള്ള, മുടി ചീകിയതിൽ പോലും സാദൃശ്യമുള്ള ആലപ്പുഴക്കാരൻ ചാക്കോ ആയിരുന്നു ആ ചെറുപ്പക്കാരൻ… ലിഫ്റ്റ് തന്ന് സഹായിക്കാം എന്ന് പറഞ്ഞു കുറുപ്പ് ചാക്കോയെ കാറിൽ കയറ്റി… ആലപ്പുഴയിലെ ഒരു തിയേറ്ററിലെ ഫിലിം റെപ്രസെന്റേറ്റിവും മേല്നോട്ടക്കാരനുമായിരുന്നു ചാക്കോ സെക്കന്റ്‌ ഷോ കഴിഞ്ഞു വീട്ടിലേക്ക് പോവാൻ നിന്നപ്പോളാണ് കുറുപ്പിന്റെ വരവ്…കയ്യിൽ നേരത്തെ കരുതിയ ഈഥർ എന്ന വിഷം കലർന്ന മദ്യം കുറുപ്പ് ചാക്കോയ്ക്ക് മുന്നിൽ വെച്ചു നീട്ടി… മദ്യം കഴിക്കാത്ത ചാക്കോ അത് നിരസിച്ചെങ്കിലും കുറുപ്പിന്റെ നിർബന്ധത്തിൽ കുടിക്കേണ്ടി വന്നു… അതോടെ ബോധം പോയി മരണപെട്ട ചാക്കോയുടെ ജഡംകുറുപ്പ് തന്റെ ഭാര്യ വീട്ടിലെ കുളുമുറിയിൽ വെച്ച് മുഖം കത്തിച്ചു തിരിച്ചറിയാൻ കഴിയാത്ത വിധമാക്കി…തുടർന്ന് കുറുപ്പിന്റെ അലക്കുകാരൻ മാർക്ക് ചെയ്ത ഉടുപ്പും പാന്റും ആ ശരീരത്തിൽ ധരിപ്പിച്ചു…

എന്നിട്ട് മാവേലിക്കരയിലെ കൊല്ലകടവ് പാലത്തിനു അടുത്തുള്ള നെൽപാടത്തിൽ വെച്ചു സഞ്ചരിച്ച കാറും അതിനകത്തെ ചാക്കോയേയും ഒരുമിച്ചു കത്തിച്ചു… എന്നിട്ട് കുറുപ്പ് ഡ്രൈവർ പൊന്നപ്പനെയും കൂട്ടി നാട് വിട്ടു… അങ്ങനെ കുറുപ്പ് വീണ്ടും ‘മരിച്ചു’.
“എന്തായാലും ഒരു കാര്യം ഉറപ്പാ… ഇനിയെന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും… അതിനി കാക്കിയായാലും ശരി… ഖദർ ആയാലും ശരി… ” ഇതും പറഞ്ഞ് മാസ്സ് BJM ന്റെ അകമ്പടിയോടെ നടന്ന് പോകുന്ന ദുൽഖറിന്റെ ‘കുറുപ്പ്’ സിനിമയിലെ കുറുപ്പിനെ കണ്ട് ഓർഗാസം കൊണ്ടവർക്ക് വേണ്ടിയാണ് മേളിൽ യതാർത്ഥ കുറുപ്പിന്റെ കഥ പറഞ്ഞത്…യാതൊരു തരത്തിലും മഹത്വവൽക്കരിക്കാൻ ഇല്ലാത്ത മൊത്തം നെഗറ്റീവ് ഷേഡുള്ള ഒരു മനുഷ്യന്റെ കഥ പറയുന്ന സിനിമ അയാളെ ഹീറോ ആക്കി കാണിച്ചാൽ നാളെ ചിലപ്പോൾ കുറുപ്പും നമ്മുടെ ഇടയിൽ നായകനാവും… അപ്പോൾ സമൂഹം അയാളുടെ അടങ്ങാത്ത ആർത്തിക്ക് ഇരയായ ചാക്കോ എന്ന ചെറുപ്പകാരനെയും അവന്റെ കുടുംബത്തെയും സൗകര്യ പൂർവ്വം മറക്കും…പതിയെ ചാക്കോ വില്ലനാവും… കുറുപ്പ് കഥയിലെ നായകനുമാവും…ടീസർ കണ്ടാൽ ആർക്കായാലും തോന്നുന്ന ന്യായമായ സംശയം മാത്രമാണ് ചാക്കോയുടെ കുടുംബത്തിനും ഉണ്ടായത്… അതിന് മനുഷ്യ സ്നേഹികളുടെ പിന്തുണയുണ്ട്… അല്ലാണ്ട് ‘എന്ന് നിന്റെ മൊയിദീൻ’ സിനിമ വന്നപ്പോൾ ‘ചുളുവിൽ’ പ്രസിദ്ധ ആയ ജീവിച്ചിരിക്കുന്ന കാഞ്ചനമാലയെ പോലെ നാലാളറിയാൻ ചെയ്യുന്ന കോപ്രായമാണ് അവരുടേത് എന്നൊക്കെ പറഞ്ഞാൽ പറയുന്നവരോടൊക്കെ സഹതാപത്തിൽ കുറഞ്ഞൊന്നും തോന്നുന്നില്ല… കാരണം ചാക്കോയുടെ കുടുംബം ആയാലും കാഞ്ചന മാല ആയാലും നഷ്ടം അവരുടേത് മാത്രമായിരുന്നു അവരുടേതായ കഥകളിൽ… പുറത്ത് നിന്ന് വായിൽ തോന്നുന്നത് പറയുന്നത് പോലെയുള്ള മാനസിക അവസ്ഥയല്ല ആ കഥകൾ ജീവിച്ചു തീർത്തവർക്ക്…ചാക്കോ മരിക്കുമ്പോൾ അയാളുടെ ഭാര്യ ആറ് മാസം ഗർഭിണി ആയിരുന്നു… അയാളുടെ മകൻ അച്ഛനെ ജീവനോടെ കണ്ടിട്ടില്ല… അങ്ങനെ ജീവിതം ഇരുട്ടിലായ ആ കുടുംബത്തിന് കുറുപ്പ് എല്ലാ കാലത്തും അവരുടെ പ്രതീക്ഷകളുടെ അന്തകൻ തന്നെയായിരുന്നു…അവർക്ക് ഈ സിനിമയിൽ ചാക്കോയെ ഏത് തരത്തിലാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് എന്നറിയാൻ ധാർമികമായ ആകാംക്ഷയുണ്ട്…കാരണം ചാക്കോ അവരുടെ മാത്രം നഷ്ടമായിരുന്നു.

കുറുപ്പ് എന്ത് കൊണ്ട് ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും സമൂഹത്തിൽ ഒരു ഹീറോ പരിവേഷത്തോടെ നിൽക്കുന്നു എന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉള്ളു…അയാൾ 36 വർഷങ്ങൾക്കിപ്പുറവും പിടികിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നത് കൊണ്ട്…എല്ലാവരും പറയും കുറുപ്പിനെ കണ്ടെത്താൻ കഴിയാത്തത് കേരള പോലീസിന്റെ നാണക്കേടാണെന്ന്… പക്ഷെ പലരും മറന്നു പോകുന്ന കാര്യമെന്തെന്നാൽ നമ്മുടെ പോലീസിന്റെ ബുദ്ധി ഒന്ന് കൊണ്ട് മാത്രമാണ് കുറുപ്പിന് പിന്നീട് ഒരിക്കലും അയാളുടെ പഴയ ജീവിതം തിരിച്ചു കിട്ടാഞ്ഞതും അയാളുടെ ആഗ്രഹം പോലെ ഒന്നും നടക്കാതിരുന്നതും…അന്നത്തെ പരിമിതമായ സാഹചര്യങ്ങൾ വെച്ച് പോലീസ് വളരെ വേഗത്തിലാണ് കുറുപ്പിന്റെ മരണം ചാക്കോയുടെ മരണമാക്കി മാറ്റിയത്… കേസന്വേഷിച്ച ചെങ്ങന്നൂർ DYSP ഹരിദാസിന്റെ സംശയങ്ങളായിരുന്നു കേസിന്റെ വഴിത്തിരിവ്… മരണ വീട്ടിൽ വിഷമം ഇല്ലാത്ത, കോഴി കറി കൂട്ടി ചോറുണ്ട കുറുപ്പിന്റെ കുടുംബമാണ് ആദ്യം സംശയങ്ങൾക്ക് തുടക്കമിട്ടത്… പിന്നെ അത്രയും പണക്കാരനായ കുറുപ്പ് എന്തിനാണ് പുതിയ കാർ ഉപയോഗിക്കാതെ പഴയത് ഉപയോഗിച്ചത് എന്ന സംശയം… വിശദമായ അന്വേഷണത്തിൽ വീടിന്റെ കുളുമുറിയിൽ നിന്ന് കിട്ടിയ തലമുടികളും മാറാലയിൽ പറ്റിപ്പിടിച്ച പുകയുടെ സാനിധ്യവും…കൂട്ടത്തിൽ ഭാസ്കര പിള്ളയുടെ മൊഴിയിലെ വൈരുധ്യവും വിരലിലെ തീ പൊള്ളൽ പാടും കൂടി ചേർത്ത് വായിച്ചപ്പോൾ പോലീസ് മരിച്ചത് കുറുപ്പല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു… രണ്ട് ദിവസങ്ങൾക്ക് ശേഷം ഹരിപ്പാട് ഫയൽ ചെയ്ത ചാക്കോയുടെ മിസ്സിംഗ്‌ കേസ് കൂടി ഇതിന്റെ കൂടെ ചേർത്ത് വായിച്ചിട്ട് ന്യൂട്രോൺ സ്‌പെക്‌ട്രോ സ്കോപ്പി വഴി ലഭിച്ച തലമുടി ചാക്കോയുടേതാണ് ഉറപ്പിച്ചപ്പോൾ കൊല നടന്നിട്ട് അഞ്ച് ദിവസം പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല… പക്ഷെ നിർഭാഗ്യ വശാൽ കുറുപ്പിനെ മാത്രം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല…അയാളെ അന്വേഷിച്ചു ലാസ് വേഗാസിലെ ചൂതാട്ട കേന്ദ്രം ഉൾപ്പടെ ഏതാണ്ട് 13 രാജ്യങ്ങളിൽ കേരള പോലീസ് അന്വേഷിച്ചു… ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അവിടുത്തെ പോലീസിന്റെ സഹായത്തോടെ അന്വേഷിച്ചു… ഇന്റർ പോൾ പോലും അന്വേഷിച്ചു… 1984 മുതൽ 92 വരെയുള്ള എട്ട് വർഷകാലം കുറുപ്പിന്റെ വീടിനു സമീപമുള്ള ഒരു വീടിന്റെ മുകളിൽ രണ്ട് പൊലീസുകാരെ നിരീക്ഷണ ചുമതല കൊടുത്ത് നിർത്തി… കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ട്രാവൽ അലവൻസ് ചിലവഴിച്ചതും കുറുപ്പിന് വേണ്ടിയാണ്.

1989 ൽ ബിഹാറിലെ ധൻബാദ് മുൻസിപ്പൽ ഹോസ്പിറ്റലിൽ PS ജോഷി എന്നൊരു 50 വയസുകാരൻ സന്യാസി അഡ്മിറ്റ്‌ ആയി…ഹൃദയ സംബന്ധിയായ രോഗങ്ങൾ കൊണ്ട് അവശനായ അയാളെ കണ്ട മാവേലിക്കരകാരിയായ നഴ്സിന് നല്ല മുഖപരിചയം തോന്നി… അവർ ഇത് കേരള പോലീസിനെ കത്തിലൂടെ അറിയിച്ചു… പക്ഷെ പോലീസ് അന്വേഷിച്ചു വന്നപ്പോളേക്കും ജോഷി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു…പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതേ ആൾ അതേ പേരിൽ ഇന്ത്യയിലെ ഏതാണ്ട് 9 മുൻസിപ്പൽ ഹോസ്പിറ്റലുകളിൽ ചികിത്സ തേടി എന്നാണ്… പക്ഷെ ഓരോ തവണയും പോലീസ് എത്തുമ്പോളേക്കും അയാൾ രക്ഷപ്പെട്ടിരുന്നു… ഒടുവിൽ 1990 ൽ ബംഗാളിലെ രൂപ്നാരായൺപൂരിൽ അവശനായ മൃതപ്രായനായ ജോഷി അവസാനം ചികിത്സക്ക് വന്നതറിഞ്ഞ പോലീസ് എത്തിയപ്പോളേക്കും അയാൾ ഒരിക്കൽ കൂടി രക്ഷപെട്ടിരുന്നു… പക്ഷെ ആരോഗ്യ നില കണക്കാക്കുമ്പോൾ ജോഷി എന്ന കുറുപ്പ് അടുത്ത ഒരാഴ്ചക്കുള്ളിൽ മരിച്ചിരിക്കും എന്ന് അയാളെ പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി… തന്റെ ശവം പോലും കിട്ടരുതെന്നുള്ള വാശിയുള്ള കുറുപ്പ് ഒരുപക്ഷെ ഏതോ തെരുവിൽ കിടന്ന് മരിച്ചിരിക്കണം… ഏതോ പൊതുശ്മശാനത്ത് ദഹിപ്പിച്ചിരിക്കണം…അടങ്ങാത്ത ആർത്തി കൊണ്ട് അയാൾ നേടിയത് അങ്ങനെയൊരു മരണമായിരിക്കാം…എന്തായാലും കുറുപ്പ് മരിച്ചത് ഉറപ്പിക്കാത്ത പോലീസ് ആ കേസ് ഇന്നും അവസാനിപ്പിച്ചിട്ടല്ല എന്നതാണ് സത്യം…പക്ഷെ കൂട്ട് പ്രതികളായ ഭാസ്കര പിള്ളയെയും പിന്നീട് നാട്ടിൽ തിരിച്ചു വന്ന ഡ്രൈവർ പൊന്നപ്പനെയും ജീവ പര്യന്തം ശിക്ഷിച്ചു…ഷാഹുലിനെ മാപ്പ് സാക്ഷിയാക്കി.

വാരിയം കുന്നൻ എന്ന സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ തന്നെ ചരിത്രത്തെ വളച്ചൊടിച്ചു എന്ന നിഗമനത്തിൽ എത്തിയ നാട്ടിൽ കുറുപ്പിനെ ഹീറോ ആക്കുന്നത് ധാർമികമാണ് എന്ന ചിന്ത അത്ഭുതപ്പെടുത്തുന്നതാണ്… ചിത്രം യഥാർത്ഥ കഥ പറയട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു… കാരണം ചാക്കോ എന്ന നിരപരാധിയായ മനുഷ്യനോടും ഇക്കണ്ട കാലമത്രയും ആ ദുഃഖത്തിൽ ജീവിച്ച കുടുംബത്തിനോടും ചെയ്യാവുന്ന നീതി പൂർവമായ കാര്യം അത് മാത്രമാണ്…നേരിന്റെ പക്ഷത്തുള്ള കലാരൂപങ്ങളാണ് നമ്മുടെയും ആവശ്യം.