ഓരോ മൺസൂൺ കാലവും അയാളുടെ ഓർമ്മകൾ കൂടിയില്ലാതെ കടന്ന് പോകില്ല, പൂർണതക്ക് വേണ്ടി ജീവൻ കൊടുത്ത മനുഷ്യർ അത്രകണ്ട് ഉണ്ടായിട്ടില്ല

47


Praveen Prabhakar

1986 ൽ കൊൽക്കത്ത നഗരത്തിൽ വെച്ചു ദേശീയ ഗെയിംസ് നടക്കുകയാണ്… 400 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ മഹാരാഷ്ട്രക്കാരി അനിത സൂദ് വിജയത്തിലേക്ക് നീന്തിയെത്തി കൊണ്ടിരിക്കുകയായിരുന്നു. എല്ലാ കണ്ണുകളും ക്യാമറകളും അനിതയിലേക്ക് ഫോക്കസ് ചെയ്തപ്പോൾ ഗാലറിയുടെ ഒരു മൂലയിലിരുന്ന ഒരു മുപ്പതുകാരൻ ഫോട്ടോ ഗ്രാഫർ അനിതയുടെ അമ്മ കവിതയെ Victor George , Indian Photographerശ്രദ്ധിച്ചു.തന്റെ മകൾ ഓളപ്പരപ്പുകളെ കീറി മുറിച്ചുകൊണ്ട് വിജയത്തിലേക്ക് വരുന്നതിന്റെ ആവേശത്തിൽ സകല നിയന്ത്രണവും വിട്ട് ആർത്തുവിളിക്കുന്ന ആ അമ്മയെ അയാൾ ക്യാമറയിൽ പകർത്തി… അടുത്ത ദിവസം മലയാള മനോരമയുടെ ഡൽഹി ബ്യൂറോയിൽ നിന്ന് ഇറങ്ങിയ പത്രങ്ങളിൽ ആ ചിത്രം അച്ചടിച്ച് വന്നു…അന്നേവരെ കായികതാരങ്ങളുടെ വിജയ പ്രകടങ്ങളിലൂടെ മത്സര തീവ്രത കാണിച്ചു വന്ന ഫോട്ടോഗ്രാഫി ശൈലിയെ ചോദ്യം ചെയ്തുകൊണ്ട് ഒരു കായികതാരത്തെ കാണിക്കാതെ ഗാലറിയുടെ ആവേശം കാണിച്ച ആ ചിത്രം രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടു…അങ്ങനെ അന്നാദ്യമായി ഒരു കോട്ടയം കാരൻ വിക്ടർ ജോർജ് എന്ന കലാകാരനെ ജനം തിരിച്ചറിയാൻ തുടങ്ങി.

Remembering Victor George-ഒരു കൊൽക്കത്ത ...കാലം ഇന്നത്തെ പോലെ വിരൽ തുമ്പിൽ വർത്തയെത്തുന്നത്ര വേഗത്തിലല്ലായിരുന്ന തൊണ്ണൂറുകളിൽ അയാൾ തിരികെ കേരളത്തിലെത്തി… മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറായി തന്നെ…ഒരൊറ്റ ഫോട്ടോയിൽ വാർത്തയുടെ അന്തസത്ത മുഴുവൻ മനസിലാക്കാൻ ഫോട്ടോഗ്രാഫർമാർ മത്സരിച്ച കാലം… മനോരമയുടെ മുൻപേജുകളിൽ മിക്കവാറും വിക്ടറിന്റെ പേര് വെച്ച ഒരു ഫോട്ടോയെങ്കിലും ചുരുങ്ങിയത് വന്നുകൊണ്ടിരുന്നു…കോട്ടയം CMS കോളജിലെ ഇലക്ഷൻ കാലത്ത് നാണം കുണുങ്ങി നടന്നു പോകുന്ന പെൺകുട്ടിയോട് വോട്ട് അഭ്യര്ഥിക്കുന്ന ആൺകുട്ടികളുടെ ചിത്രം അന്നത്തെ ട്രെന്റ് ആയി മാറി… പിന്നീട് അതൊരു ക്ലാസ്സിക്ക് ക്ലിക്കുമായി മാറി…മനോരമയുടെ തൊണ്ണൂറുകളുടെ ചരിത്രം അങ്ങനെ വിക്ടറിന്റെ ക്യാമറകണ്ണുകളിലൂടെ കൂടുതൽ മനോഹരമാകുകയായിരുന്നു.

Kerala_Ajzal on Twitter: "" College election day" captured by ...വഴിയിലെപ്പഴോ അയാളിൽ കൂടിയ ഒരു ഭ്രാന്തായിരുന്നു മഴ… ചിത്രങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് രൂപങ്ങളിലേക്ക് പതിയെ നിറ കൂട്ടുകൾ വന്നെത്തി…കാണുന്ന കാഴ്ചയെ അതിന്റെ സൗന്ദര്യം ഒട്ടും ചോരാതെ അതേ മിഴിവോടെ പകർത്തുന്ന ഫോട്ടോഗ്രാഫിയുടെ കാലത്തിന്റെ തുടക്കമായിരുന്നു അത്…പതിയെ അയാൾ മഴയെ തേടി അലയുന്ന പഥികനായി… മഴയുടെ ഉപാസകനായി… മഴയുടെ വശ്യത തേടി കന്യാകുമാരി മുതൽ ഇടുക്കിയുടെ മലനിരകൾ വരെ ഓരോ മൺസൂൺകാലത്തും അയാൾ അലഞ്ഞു… നനഞ്ഞു… അതിനെല്ലാം ഫലമുണ്ടായി… അന്നോളം നമ്മൾ കണ്ട മഴയല്ലായിരുന്നു വിക്ടറിന്റെ ക്യാമറയിൽ കൂടി നമ്മൾ കണ്ട മഴ… അതിന് ജീവാണുള്ളത് പോലെയും കാണുന്നവരിലേക്ക് ഒരു കുളിരു പോലെ മഴ പെയിതിറങ്ങുന്നതുപോലെയും അനുഭവപെട്ടു… അയാളുടെ ചിത്രങ്ങളിൽ മനുഷ്യനും മൃഗങ്ങളും പക്ഷികളും എന്ന് വേണ്ട ജീവനുള്ളതും ഇല്ലാത്തതുമെല്ലാം പകർത്തപെട്ടു… പക്ഷെ അതിലെല്ലാം പൊതുവായി ഒരു മഴ അതിഥിയായി വന്നു… ‘മഴ പുസ്തകം’ എന്ന അയാളുടെ സ്വപ്ന പദ്ധതിക്ക് പതിയെ തുടക്കം കുറിച്ചു… ഒരു പുസ്തകം നിറയെ മഴ കാഴ്ചകൾ… മഴയോർമകൾ.

A Master Of People Photography, Victor Would Bring Out An ...പത്തൊൻപതു വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം തൊടുപുഴയിലെ വെണ്ണിയാനി മലയുടെ മുകളിലേക്ക് മഴ നനഞ്ഞു നടന്ന് നീങ്ങുന്ന വിക്ടർ ജോർജിന്റെ ചിത്രം സഹ പ്രവർത്തകനായ ജിയോ ടോമി പകർത്തുമ്പോൾ അയാൾ അറിഞ്ഞിരുന്നില്ല അതയാളെ പകർത്തിയ അവസാന ചിത്രമാണെന്ന്… വെണ്ണിയാനി മലയിൽ അന്ന് വെളുപ്പിന് ഒരു തവണ ഉരുൾ പൊട്ടിയിറങ്ങിയതാണ്… അത്രയും കാലം മഴയുടെ ശാന്ത ഭാവം പകർത്തിയ വിക്ടർക്ക് മഴയുടെ രൗദ്രത കൂടി പകർത്തണം എന്നൊരാഗ്രഹം.അങ്ങനെയൊരാഗ്രത്തിന്റെ, അയാളിലെ കലയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടെ തന്റെ പ്രിയപ്പെട്ട നിക്കോൺ FM2 ക്യാമറയുമായി അയാൾ വെണ്ണിയാനി മലയിലെത്തി… മലമുകളിൽ നിന്ന് ഉരുൾ പൊട്ടി കുത്തിയൊലിച്ചിറങ്ങുന്ന ചിത്രം പകർത്താൻ ക്യാമറയും കഴുത്തിലിട്ട് ഒരു കുടയും പിടിച്ചു മുകളിലേക്ക് നടന്ന അയാളിലേക്ക് മഴ അതിന്റെ വിനാശ രൂപത്തിൽ പതിച്ചു… എല്ലാം പെട്ടെന്നായിരുന്നു.പട്ടുനൂൽ കണക്കെ ഭൂമിയിലേക്ക് പതിക്കുന്ന നേർത്ത മഴ തുള്ളികളെ സ്നേഹിച്ച, അതിൽ ഒളിച്ചുവെച്ച അഭൗമമായ സൗന്ദര്യം കാഴ്ച്ചക്കാരിലേക്ക് ആവാഹിച്ച ആ മനുഷ്യൻ ഒടുവിൽ മഴയുടെ തന്നെ ഘോരമായ ഭാവത്തിനൊപ്പം ഒഴുകിയിറങ്ങി… ഒടുവിൽ ചില്ലു പൊട്ടിയ നിക്കോൺ ക്യാമറക്ക് അടുത്തായി ചേതനയറ്റ ഒരു ചിത്രമായി അയാളെ നമുക്ക് കിട്ടുമ്പോൾ കൃത്യ നിർവഹണത്തിനിടയിൽ നമ്മുടെ രാജ്യത്ത് മരണപെട്ട ആദ്യ പത്രപ്രവർത്തകനായി അയാൾ മാറിയിരുന്നു….വിക്ടറിന്റെ കഴിവുകളെ പൂർണമാക്കിയ മാറ്റിയ മഴ തന്നെ അയാളുടെ ഫ്രെയ്മുകളെ നിശ്ചലമാക്കി.

Remembering Victor George - Better Photographyവിക്ടറിന് മുമ്പും മഴ പെയ്യ്തിരുന്നു… അയാൾക്ക്‌ ശേഷവും മഴ പെയ്യുന്നു… ഇതെഴുതുമ്പോളും പുറത്ത് മഴ പെയ്യുന്നുണ്ട്… പക്ഷെ നമുക്കിത് വെറും മഴ മാത്രമാകുന്ന ഇടങ്ങളിലെല്ലാം അയാളുണ്ടായിരുന്നെങ്കിൽ ഓരോ കഥകൾ പിറന്നേനെ…ഓരോ മൺസൂൺ കാലവും അയാളുടെ ഓർമ്മകൾ കൂടിയില്ലാതെ കടന്ന് പോകില്ല… കാരണം നമുക്കിടയിൽ നിന്ന് അധികം വിക്ടർമാർ ഉണ്ടായിട്ടില്ല…പൂർണതക്ക് വേണ്ടി ജീവൻ കൊടുത്ത മനുഷ്യർ അത്രകണ്ട് ഉണ്ടായിട്ടില്ല…അത് കൊണ്ട് തന്നെ വിസ്‌മൃതിയിലാണ്ട് പോകാൻ വിട്ടുകൊടുക്കാതെ നമുക്കയാളെയൊരു മനോഹരമായ ഫ്രെയിമിൽ ഒപ്പിയെടുക്കാം…വിക്ടർ മാത്രമാണ് പോയിട്ടുള്ളത്…ജീവനുള്ള കുറച്ചധികം ചിത്രങ്ങൾ നമ്മോടൊപ്പമുണ്ട്… അതിൽ അയാളുടെ കയ്യൊപ്പ് ജീവിച്ചിരിക്കുന്നുണ്ട്.

Previous articleഅഡൾട്ട് ഓൺലി ! പൊങ്ങി വരുന്ന ദേശസ്മരണകൾ
Next articleപല്ലി നൽകുന്ന പാഠം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.