11,550 വർഷങ്ങൾക്ക് മുൻപ് അവളും കുഞ്ഞും എങ്ങോട്ടാണ് പോയത്…?
Prävėėn Präkäsh
11,550 വർഷങ്ങൾക്ക് മുൻപ് ഹിമയുഗത്തിന്റെ അവസാനത്തിൽ, ഒറ്ററോ (Otero lake ) തടാകത്തിന്റെ ചെളി നിറഞ്ഞ കരയിലൂടെ ഒരു സ്ത്രീയും കുട്ടിയും നടന്നു.ആ യാത്രയുടെ തെളിവുകൾ അവരുടെ തന്നെ കാൽപ്പാടുകളിലൂടെ അത്രയും വർഷങ്ങൾ നിലനിന്നു!ക്വട്ടേണറി സയൻസ് റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പേപ്പർ, ഫോസിലൈസ് ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒരു ചരിത്രാതീത യാത്രയുടെ പിന്നിലെ കഥ പറയുന്നു.അമേരിക്കയിലെ വൈറ്റ് സാൻഡ്‌സിലെ ഉണങ്ങിയ ജിപ്സം മണലിൽ പതിഞ്ഞ ഈ പുരാതന കാൽപാടുകൾ, ഏതാണ്ട് ഒന്നര കിലോമീറ്ററിലധികം സഞ്ചരിച്ച ഒരു സ്ത്രീയുടേതാണെന്ന് ഗവേഷകർ അനുമാനിക്കുന്നു.കാലടികളിൽ നിന്ന് അവർ ചുമക്കുന്ന കുട്ടിയുടെ തെളിവുകൾ കാണാൻ കഴിയും.ഭാരം കാരണം അവ വലുതായിരുന്നു.കുട്ടിയെ എടുത്ത് വശങ്ങളിൽ നിന്ന് വശത്തേക്ക് മാറ്റുന്നതിലൂടെ, കാലിന്റെ ബാഹ്യ ഭ്രമണം മൂലം കാൽപ്പാടുകൾ പ്രതേക ആകൃതിയിൽ കാണപ്പെട്ടു. കൂടാതെ യാത്രയിലെ പല സ്ഥലത്തും ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞു കാൽപാടുകൾ ഇടയ്‌ക്കിടെ കാണാം.ഒരു ഉറച്ച പ്രതലത്തിൽ നടത്തത്തിന്റെ സാധാരണ വേഗത സെക്കൻഡിൽ 1.2 മുതൽ 1.5 മീറ്റർ വരെയാണെങ്കിൽ അവർ ചെളിയിലൂടെ 1.7 മീറ്ററിലധികം നടക്കുന്നുണ്ടായിരുന്നു.
ഫോസിലൈസ് ചെയ്ത ആ ആയിരക്കണക്കിന് കാൽപ്പാടുകൾ വളരെ സവിശേഷമാകുന്നത് മനുഷ്യരും മറ്റ് ഹിമയുഗ മൃഗങ്ങളും തമ്മിലുള്ള അവിശ്വസനീയമായ ഇടപെടലുകൾ കൊണ്ടുകൂടിയാണ്. യാത്രകൾക്കിടയിൽ വന്യ ജന്തുക്കൾ ഇവരുടെ ട്രാക്ക് വേ മുറിച്ചുകടക്കുന്നുണ്ട്.ചില സ്ഥലങ്ങളിൽ മനുഷ്യ കാൽപ്പാടുകൾ വന്യ മൃഗങ്ങളുടെ പാതകളെ മറികടക്കുന്നു.മൃഗം മണം പിടിക്കുന്നതിനായി അതിന്റെ പിൻകാലുകളിൽ ഇരിക്കുന്ന പോസ്റ്ററും തെളിഞ്ഞിട്ടുണ്ട്.ഇതിനു വിപരീതമായി, ഒരു വലിയ മാമോത്ത് ട്രാക്കുകൾ മനുഷ്യരെ ശ്രദ്ധിക്കാതെ സമാന്തരമായി അവരുടെ പാതയിൽ നിന്ന് വ്യതിചലിക്കാതെ കടന്നുപോകുന്നു.ആ ഭീകരമായ ചുറ്റുപാടിലും അവർ എങ്ങനെയെങ്കിലും യാത്ര നടത്താൻ തയ്യാറായിരുന്നു.ഒറ്റയ്‌ക്ക് കുട്ടിയുമായി കൂട്ടത്തിൽ നിന്ന് പുറത്തുകടന്ന് ഹ്രിംസജന്തുക്കളുടെ ഇടയിലൂടെ തിടുക്കത്തിൽ അവർ എവിടെക്കായിരിക്കും പോയിരുന്നത്?വഴിയിൽ എന്തെങ്കിലും അപകടം പതിയിരുന്നുവോ? അതറിയാൻ മറ്റ് തെളിവുകളൊന്നുമില്ല.എന്നാൽ ശ്രദ്ധേയമായ കാര്യം, ഏതാനും മണിക്കൂറുകൾക്ക് ശേഷം ആ സ്ത്രീ വീണ്ടും സ്വന്തം ട്രാക്ക് വേ പിന്തുടർന്നു തിരിച്ചുവന്നു.പക്ഷേ അവരുടെ കൂടെ ആ കുട്ടി ഉണ്ടായിരുന്നില്ല.ഗവേഷകർ യാത്രയുടെ ചില കാൽപ്പാടുകളുടെ 3D സ്കാനുകൾ കളർ ഡെപ്ത് റെൻഡർ ചെയ്തു. ചിത്രത്തിൽ ലോഡ് ചുമക്കുമ്പോൾ ഉണ്ടാകുന്ന വളഞ്ഞ ഷേയ്പ് കാണാം.. (ഒക്കത്തു ഇരുത്തുക എന്നൊക്കെ പറയുന്ന തരം )എന്നാൽ തിരിച്ചു വരുന്ന യാത്രയിലെ ഫുട്പ്രിന്റ്‌സിൽ അതുണ്ടായിരുന്നില്ല. അതിനർത്ഥം കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയി, പക്ഷേ തിരിച്ചുവരവുണ്ടായില്ല എന്നാണ്.
**
**