കോവിഡ് വന്നിത്രയും കുട്ടികൾ ഒരിടത്തും മരിച്ചീട്ടില്ല എന്നോർക്കണം, ഇവിടെ നടക്കുന്നത് ഒരു പരിധി വരെ ഭീതി വ്യാപാരം ആണ്

64

Praveen Ravi

എനിക്കും വേണ്ടപ്പെട്ടവർ ഉണ്ട്, അതായത് എന്റെ രണ്ടു കുഞ്ഞു മക്കൾ, പ്രായം ആയ അച്ഛനും അമ്മയും അതുപോലെ ഒരു വയസ്സ് പോലും ആകാത്ത അനന്തിരവൻ ഇതെല്ലം ഉണ്ട് എന്ന് ആദ്യമേ പറഞ്ഞു കൊള്ളുന്നു. ഇനീം കാര്യത്തിലേക്കു കടക്കാം. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി നാട്ടിൽ കൂടുകയാണ്, പരിഹാരമായി വീണ്ടും ലോക് ഡൗൺ എന്നൊക്കെ സർക്കാർ പറഞ്ഞു കേൾക്കുന്നു. കോട്ട കെട്ടി കോവിഡിനെ തുരത്താം എന്ന് ഏതെങ്കിലും വിവരം ഉള്ള ആളുകൾ ഇപ്പോഴും ചിന്തിക്കുന്നു എങ്കിൽ സഹതാപം മാത്രമേ അവർ അർഹിക്കുന്നുള്ളൂ..

സർക്കാർ ജോലിക്കാരും, ഐടി ഉദ്യോഗസ്ഥരും അടങ്ങുന്ന മധ്യ വർഗ്ഗം ആണ് ലോക് ഡൗൺ എന്നും പറഞ്ഞു മുറവിളി കൂട്ടുന്നത്. കൂലിപ്പണിക്കാരനും കച്ചവടക്കാരനും എല്ലാം പൊളിഞ്ഞു പാളീസായി ഇരിക്കുവാണ്.ലോക് ഡൗൺ എന്നും പറഞ്ഞു കരയുന്നവർ വെറും സ്വാർത്ഥരായ ആളുകൾ ആണ്. കോവിഡിനെ പ്രതിരോധിക്കാൻ സ്വയം മാറുകയാണ് വേണ്ടത്, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക , മാസ്ക് വക്കുക..ഇതും അധികം കാലം തുടരാൻ കഴിയില്ല. കുട്ടികളുടെ വിദ്യാഭ്യാസം ഒക്കെ ഒരു വഴിക്കായി.. കഴിഞ്ഞ മൂന്നു മാസത്തിനിടെ 60 ഇൽ അധികം കുട്ടികളും ടീനേജ് പ്രായമുള്ളവരും ആണ് കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്തത്. കോവിഡ് വന്നിത്രയും കുട്ടികൾ ഒരിടത്തും മരിച്ചീട്ടില്ല എന്നോർക്കണം..

ഇവിടെ നടക്കുന്നത് ഒരു പരിധി വരെ ഭീതി വ്യാപാരം ആണ്. ഇത് പറയാൻ പോലും ആളുകൾക്ക് പേടി ആണ്, അത്രയ്ക്ക് സംഘടിതമായാണ് സൈബർ ആക്രമണം നടത്തി ഇത് പറയുന്നവരെ മനുഷ്യത്വ വിരുദ്ധർ ആക്കുന്നത് . കൊറോണ വളരെ നിസ്സാരം ആണെന്നോ , ഒരു മുൻകരുതലും വേണ്ട എന്നോ ഒന്നും അല്ല പറയുന്നത് , പകരം ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ ശീലിച്ചേ മതിയാകൂ എന്നതാണ് സത്യം. വാക്സിൻ വന്നാൽ പോലും ബൂസ്റ്റർ വാക്സിനുകൾ കൂടി എടുത്തു കൊണ്ടേ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ എന്ന് പറയുമ്പോൾ ഫ്ലൂ പോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗം ആയി മാറുന്ന ഒരു വൈറസിനെ ആണ് നിങ്ങൾ ലോക് ഡൗണിൽ കൂടി തുരത്താൻ നോക്കുന്നത്. ഇത് പ്രായോഗികം അല്ല, ഇത് മണ്ടത്തരം ആണ് എന്ന് പറയാൻ ഇനിയും ആരെയും ഭയക്കേണ്ട ആവശ്യം ഇല്ല .

സർക്കാരുകൾ സ്വയം കുഴിച്ച കുഴിയിൽ ആണ്. സർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവർ ഞാൻ ആദ്യം പറഞ്ഞ മധ്യ വർഗ്ഗത്തിന്റെ പ്രതിനിധികൾ ആണ്, അവർക്ക് ഗ്രൗണ്ട് റിയാലിറ്റി അറിയില്ല. കൊറോണ പോസിറ്റീവ് ആകുന്ന സകല ആളുകളേം പിടിച്ചു ആശുപത്രിയിൽ ഇടാതെ അതിൽ സീരിയസ് ആയ രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക, ബാക്കി ഉള്ളവർ സ്വന്തം വീടുകളിൽ തന്നെ കഴിയുക , വീടും സ്വന്തമായി മുറിയും ഇല്ലാത്തവർക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും സൗകര്യം ചെയ്തു കൊടുക്കുക ..ഇതൊക്കെയെ പറയാൻ ഉള്ളൂ ..