കുറ്റവാളികളെ സൃഷ്ടിക്കുന്നവർ

136

Praveen Ravi

കുറ്റവാളികളെ സൃഷ്ടിക്കുന്നവർ..

നമ്മളിൽ ചിലർ എന്ത് കൊണ്ട് കൊടും കുറ്റവാളികൾ ആകുന്നു? എന്ത് കൊണ്ടാണ് നമ്മളിൽ ഭൂരിഭാഗവും അങ്ങനെ ആകാത്തത്?

മനുഷ്യൻ ഒരു സമൂഹജീവിയാണ്, നമ്മൾ കൂട്ടമായി ജീവിക്കാനും പരസ്പരം സഹകരിച്ചു ജീവിക്കാനും ആഗ്രഹിക്കുന്ന അല്ലങ്കിൽ അത്തരത്തിൽ മാത്രം ജീവിക്കാൻ സാധിക്കുന്ന തരത്തിൽ ആണ് പരിണമിച്ചു വന്നീട്ടുള്ളത്. എത്ര വലിയ അന്തർമുഖനും അവൻ പോലും അറിയാതെ ആയിരക്കണക്കിന് സഹജീവികളുടെ അദ്ധ്വാനം പങ്കിടുന്നു.

മനുഷ്യൻ ഒരു സമൂഹ ജീവിയായിരുക്കുന്നതു കൊണ്ട് തന്നെ അവനു സമൂഹത്തിൽ നിരന്തരം ഇടപെടേണ്ടതായും ഉണ്ട്, അത്തരത്തിൽ ഉള്ള ഇടപെടലുകൾ സമൂഹത്തിന്റെ മൊത്തം ആവാസ വ്യവസ്ഥക്കും നിയമങ്ങൾക്കും അനുസരിച്ചായിരിക്കണം എന്നത് നമ്മുടെ തന്നെ അതിജീവനത്തിന്റെ ആവശ്യമായിരുന്നു. അത്തരത്തിൽ ഓരോ ഗോത്രത്തിനും അവരവരുടേതായ നിയമാവലികൾ ഉണ്ടായിരുന്നു, ചരിത്രകാലം പരിശോധിച്ചാൽ, ഇത്തരം ഗോത്ര നിയമങ്ങൾപലതും കാലക്രമത്തിൽ നമ്മുടെ ധാർമ്മികത പരിഷ്കരിക്കപ്പെട്ട കൂട്ടത്തിൽ മാറ്റിയെഴുതുകയും ചെയ്തു പൊന്നു. ധാർമ്മികതയുടെ മൊത്തക്കച്ചവടം പലപ്പോഴും മതങ്ങൾ ഏറ്റെടുക്കാറുണ്ടങ്കിലും നമ്മുടെ ആർജ്ജിത ധാർമ്മികത മത നിയമങ്ങളെ പോലും പൊളിച്ചെഴുതിയീട്ടുണ്ട് എന്ന് ചരിത്രം പഠിക്കുന്ന ഒരുവന് മനസിലാക്കാൻ സാധിക്കും. ഓരോ മതവും അതെഴുതപ്പെട്ട കാലത്തെ ധാർമ്മികതയെയും പൊതുബോധത്തെയും പേറുമ്പോൾ മനുഷ്യൻ നിരന്തര പരിഷ്കരണത്തിലൂടെ അവന്റെ നാഗരിക സംസ്കാരത്തിന്റെ വളർച്ചയിലൂടെ, ശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഓരോ സാമൂഹിക പരിഷ്കരണവും യാഥാസ്ഥിതികർ ആയ ആളുകളുടെ എതിർപ്പിനെ നേരിട്ട് തന്നെയാണ് നടപ്പിലാക്കപ്പെട്ടീട്ടുള്ളത്. അതിന്നും നടന്നു കൊണ്ടിരിക്കുന്നു, ഇനിയും നടന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും.

നമ്മുടെ തന്നെ ചരിത്രം പരിശോധിച്ചാൽ ഏറ്റവും മികച്ച ഒരു കാലഘട്ടത്തിലൂടെയാണ് മനുഷ്യ വർഗ്ഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, പക്ഷെ പെസിമിസ്റ്റുകളായ ആളുകൾ നിരന്തരം ഈ സത്യത്തെ അംഗീകരിക്കാതെ പാരമ്പര്യ വാദവും പറഞ്ഞു നടക്കുന്നു എന്നതാണ് പൊതുവിൽ കാണുന്നത്, വളരെ എഡ്യൂക്കേറ്റഡ് ആയ ആളുകൾ പോലും ഇത്തരത്തിൽ ഗതകാല സ്മരണകൾ അയവിറക്കി, കള്ളവും ഇല്ല, ചതിയുമില്ലാത്ത ഒരു കാലം പണ്ടുണ്ടായിരുന്നു എന്ന് കരുതുന്നു, സത്യമതല്ല എന്ന് അറിമായീട്ടും സ്വയം പറഞ്ഞു പറ്റിക്കുന്നു.

കുറ്റവാളികൾ ആയ മനുഷ്യൻ പണ്ടും ഉണ്ടായിരുന്നു, ഇന്നും ഉണ്ട്. ഇന്ന് കുറ്റം ചെയ്യാനുള്ള അവസരങ്ങൾ, സാധ്യതകൾ നിരവധി ആണ്. വിവര സാങ്കേതിക മേഖലയിലെ കുറ്റകൃത്യം, ട്രാഫിക് നിയമങ്ങൾ, പൊതു നിയമങ്ങൾ, സ്വത്തു, വസ്തു തർക്കങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അങ്ങനെ നമ്മുടെ ആവാസ വ്യവസ്ഥ സങ്കീർണ്ണമായതോടോപ്പം നമ്മൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ഉള്ള സാഹചര്യവും വര്ധിച്ചു എന്ന് വേണം പറയാൻ. ഇത്തരത്തിൽ ഉള്ള കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുമ്പോഴും ഹീനമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ലോകം മുഴുവൻ അത്തരത്തിൽ ഹീനമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചീട്ടുണ്ട്. അതിനു വലിയ ഒരു കാരണം നമ്മുടെ സോഷ്യോ എക്കണോമിക്കൽ സ്റ്റാറ്റസുകളിൽ വന്നിരിക്കുന്ന മാറ്റം ആണ്. കുടുംബം, ജോലി , സുഹൃത്തുക്കൾ, സമൂഹത്തിലെ അംഗീകാരം ഇതൊക്കെ ഉള്ള ആളുകൾ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ഉള്ള സാധ്യത കുറവാണ്. അതെ സമയം ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത, സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ട ആളുകൾ ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ഉള്ള സാധ്യത കൂടുതൽ ആണ്. ഇതിനർത്ഥം മറിച്ചു സംഭവിക്കുകയില്ല എന്നല്ല, വലിയ ക്രൂരകൃത്യം ചെയ്ത ജോളിയെപ്പോലെയുള്ള ആളുകളെ വിസ്മരിക്കുന്നില്ല, എങ്കിലും പൊതുവെ ഗോത്രീയ ആക്രമണം ( കൂട്ട ബലാത്സംഗം, ക്രൂരമായ കൊലപാതകം, മോക്ഷണം, പിടിച്ചു പറി) ചെയ്യാൻ അറപ്പില്ലാത്ത ആളുകൾ ഭൂരിഭാഗവും ഇത്തരത്തിൽ സമൂഹത്തിൽ നിന്നും വളരെ unplugged ആയി നിൽക്കുന്നവർ ആണന്നു കാണാം. വലിയ ക്രിമിനൽ സംഘങ്ങൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇത്തരം സാമൂഹിക പശ്ചാത്തലം ഉള്ള ആളുകളെ ആയിരിക്കും, ഇവരെ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് പൊതുവെ മാന്യന്മാരായി പൊതു സമൂഹത്തിൽ വിലസുന്ന ആളുകൾ അവർക്ക് ഇഷ്ടമില്ലാത്ത ആളുകളെ ഇല്ലായ്മ ചെയ്യുന്നതും.

ഇന്ത്യയിൽ വർധിച്ചു വരുന്ന സാമ്പത്തിക അസമത്വം വീണ്ടും ഇത് രൂക്ഷമാകാൻ ഉള്ള സാഹചര്യങ്ങൾ തുറന്നു തരുന്നു, 133 കോടി ജനങ്ങൾ ഉള്ള ഇന്ത്യ പോലെ ഒരു രാജ്യത്തു എത്ര കോടതികൾ ഉണ്ട്?, എത്ര ജഡ്ജിമാർ ഉണ്ട്? എന്നൊക്കെ അന്വേഷിച്ചാൽ തല കറങ്ങും. പത്തുലക്ഷം ആളുകൾക്ക് 50 ജഡ്ജിമാർ വേണം എന്നതാണ് കണക്കു എന്നാൽ ഇന്ത്യയിൽ ആകട്ടെ അത് 10.5 ജഡ്ജിമാർ എന്നതാണ് ലഭ്യമായ വിവരം. ജി ഡി പി യുടെ 0.2 ശതമാനം മാത്രമാണ് ജുഡീഷ്യറിക്ക് വേണ്ടി സർക്കാർ ചിലവാക്കുന്നത്. ഇപ്പോഴും ബ്രിടീഷ് നിയമങ്ങൾ പിന്തുടരുന്ന കോടതികൾ, യാതൊരു സാങ്കേതിക പരിഷ്കരണവും ഇല്ലാത്ത കോടതിമുറികൾ, നമ്മുടെ നിയമവ്യവസ്ഥക്കു വലിയ വെല്ലുവിളികൾ ആണ് ഉയർത്തുന്നത്.

ഓരോ കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോഴും “ഹാങ്ങ് ദി റേപ്പിസ്റ് ” എന്ന് പ്ലക്കാർഡുകളുമായി വരുന്നവർ ഓർക്കേണ്ട കണക്കുകൾ ആണ് മുകളിൽ പറഞ്ഞത്, ഒരു കുറ്റകൃത്യം സംഭവിച്ചാൽ, ഏറ്റവും വേഗം FIR രജിസ്റ്റർ ചെയ്തു, അന്വേഷണം പൂർത്തിയാക്കി, കോടതി നടപടികളിലേക്കു കടക്കുകയും അതെ പോലെ ഗൗരവകരമായി ഏറ്റവും വേഗത്തിൽ വിധി പ്രസ്‌താവണം വരികയും ചെയ്യുന്ന നാട്ടിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞിരിക്കും, കുറ്റവാളികളുടെ രാഷ്ട്രീയ ബന്ധം, പോലീസിന്റെ കൃത്യവിലോപം ഇതെല്ലം ഒരു കേസിന്റെ വിചാരണ വേളകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. ആ കാര്യത്തിൽ സമൂഹവും, പത്ര മാധ്യമങ്ങളും നിരന്തരം ജാഗ്രത പുലർത്തുകയും വേണം, അല്ലാതെ ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും വികാരം തിളച്ചീട്ടോ, വെടിവച്ചു കൊല്ലണം എന്ന് ആക്രോശിച്ചീട്ടോ അല്ല ആളുകൾ പ്രതികരിക്കേണ്ടത്.

മുകളിൽ പറഞ്ഞ നിയമപരിഷ്‌കാരങ്ങൾ നടപ്പിലാക്കുമ്പോഴും നമ്മുടെ ലോങ്ങ് ടെം ഗോൾ എന്നത് ഇന്ത്യയിലെ ഓരോ പൗരനെയും റെസ്പോണ്സിബിൾ പൗരൻ ആക്കി മാറ്റുക എന്നതായിരിക്കണം. അത് മാത്രമാണ് കുറ്റകൃത്യങ്ങൾ തടയാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗം, ജോലി, സ്ഥിര വരുമാനം, സന്തോഷമുള്ള കുടുംബം, സാമൂഹിക അസമത്വങ്ങളിൽ നിന്നുള്ള മോചനം ഇതെല്ലം സമൂഹത്തിന്റെ ആകെ മൊത്തം സ്വഭാവത്തെ മാറ്റി എടുക്കുന്നു. പൊതുവെ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരാൻ കാണിക്കുന്ന ഉത്സാഹം ഈ കാര്യങ്ങളിൽ നമ്മുടെ രാഷ്ട്രീയ നേത്രത്വങ്ങൾക്കില്ല, മികച്ച വിദ്യാഭ്യാസം, ആരോഗ്യം, അവസര സമത്വം ഇതൊക്കെ മെച്ചപ്പെടുമ്പോൾ രാജ്യം ഒന്നാകെ പുരോഗതിയിലേക്കു നീങ്ങും എന്ന കാര്യത്തിൽ നിരവധി ഉദാഹരണങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്. തൊലിപ്പുറത്തെ ചികിത്സയോ, ഗോത്രകാല രീതികളോ ഒന്നുമല്ല നമ്മുക്ക് ആവശ്യം എന്ന് തിരിച്ചറിയുന്ന ആളുകൾ പോലും വളരെ കുറവാണ് എന്നതാണ് ഇതിനിടക്കും ആശങ്ക ഉളവാക്കുന്നത്.

Advertisements