ഏത് രാജകുടുംബം? ഇവിടെ 70 കൊല്ലം മുൻപ് ജനാധിപത്യം വന്നതിന്റെ ഫ്‌ളാഷ് ന്യൂസ് ആരെങ്കിലും കാണിച്ച് കൊടുക്കുമോ ?

661

Praveen Srp

രാജ ഭക്തർ അറിയാൻ

സ്വർണം ആണല്ലോ ഇപ്പൊ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം. അതിനിടക്കാണ് ഇന്ന് നാട്ടിൽ ഭയങ്കര രാജ ഭക്തിയുടെ കുത്തൊഴുക്ക് കണ്ടത്. അപ്പോഴാണ് പഴയ ഒരു വാർത്ത ഓര്മ വന്നത്. 2015ൽ സുപ്രീം കോടതി പറഞ്ഞിട്ട് പണ്ടത്തെ CAG ആയിരുന്ന വിനോദ് റായ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കഴിഞ്ഞ 25 കൊല്ലത്തെ അക്കൗണ്ടുകളുടെയും വസ്തുവകകളുടെയും ഒരു ഓഡിറ്റ് കണക്കെടുത്തു. കണക്കെടുത്ത് വന്നപ്പോ വെറും 266 കിലോ സ്വർണത്തിന്റെ കുറവുണ്ട്. അതായത്, പല പണികൾക്കായി പലപ്പോഴായി 893 കിലോഗ്രാം സ്വർണം ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. അതിൽ 627 കിലോഗ്രാം മാത്രമേ തിരിച്ച് വന്നോളൂ. അത് പോലെ നിലവറകളിലെ ഒറിജിനൽ സ്വർണം മാറ്റി ഫേക്ക് സ്വർണം വെക്കുന്ന പണിയും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനെ കുറിച്ച് പിന്നെയൊന്നും കേട്ടിട്ടില്ല. ഈ സ്വർണം രാവിലെ നടക്കാൻ ഇറങ്ങിയപ്പോ ആരെങ്കിലും ഡിപ്ലോമാറ്റിക് ബാഗിൽ ഇട്ട് കൊണ്ട് പോയതാണോ എന്നൊന്നും നമുക്കറിയില്ല. റായ് 2ജി കേസിൽ നടത്തിയ ഓവർ എസ്റ്റിമേഷൻ വിട്ടാലും ഒരു 100 കിലോയിൽ കൂടുതൽ സ്വർണം കാണാതായിട്ടുണ്ട്, പഴയ രാജ കുടുംബം ഇത് നോക്കി നടത്തിയിരുന്ന കാലത്ത്.

ഇതൊന്നും വലത്പക്ഷ രാജ ഭക്ത ചാനലുകൾക്ക് വിഷയം ആവാനും വഴിയില്ല. രാജഭക്തർ എന്ന് വിളിക്കാൻ കാര്യം – ഇന്നത്തെ ഹെഡ്‌ലൈൻ മിക്കതും “രാജകുടുംബത്തിന്” ക്ഷേത്രത്തിന്റെ അവകാശം കിട്ടി എന്നാണ്. ഏത് രാജകുടുംബം? ഇവിടെ 70 കൊല്ലം മുൻപ് ജനാധിപത്യം വന്നതിന്റെ ഫ്‌ളാഷ് ന്യൂസ് ഇവർക്ക് ആരെങ്കിലും കാണിച്ച് കൊടുക്കുമോ? “മുൻ രാജകുടുംബം” എന്ന് മലയാളത്തിലും “erstwhile” അല്ലെങ്കിൽ “former” royal family എന്ന് ഇംഗ്ലീഷിലും പറയേണ്ടതാണ് എന്ന് എടുത്ത് ഓർമിപ്പിക്കുന്നു.

സുപ്രീം കോടതി ഏതായാലും പ്രതീക്ഷ തെറ്റിച്ചില്ല. രാജവാഴ്ചയും ഫ്യൂഡൽ കാലങ്ങളും ഗൃഹാതുരത്വത്തോടെ നോക്കി കാണുന്ന ഒരു പ്രത്യേക അവസ്ഥയിൽ ആണല്ലോ 2014ന് ശേഷം. ഈ വിധി കണ്ടിട്ട് അത് ആഘോഷിക്കുന്നവരുടെ കൂട്ടത്തിൽ ഏതാനും ദശകങ്ങൾക്ക് മുൻപ് വരെ ആ ക്ഷേത്രത്തിൽ പ്രവേശനം ഇല്ലാതിരുന്നവരുടെ പേരക്കുട്ടികളെ കണ്ടിട്ട് പൂർവികർ കുഴിയിൽ നിന്ന് എണീറ്റ് വന്ന് “എന്തോന്നടെ” എന്ന് ചോദിക്കാതിരുന്നാൽ ഭാഗ്യം. അവർണ്ണരുടെ ക്ഷേത്ര പ്രവേശനം തന്നെ പഴയ രാജ കുടുംബത്തിന്റെ ഹൃദയ വലുപ്പം കൊണ്ടല്ല, വേറെ വഴിയൊന്നും ഇല്ലാതെ ആണ് അവസാനം സമ്മതിച്ചത് എന്ന് ചരിത്രം വായിച്ചവർക്ക് അറിയാം. അടിമ വ്യാപാരം 1850കൾ വരെ ഉണ്ടായിരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായിരുന്നു തിരുവിതാംകൂർ. അതും നിർത്തിയത് വേറെ വഴിയില്ലാതെ, സമ്മർദ്ദങ്ങൾ കാരണം. ഈ വിധി ഭക്തരുടെ വിജയം എന്നൊക്കെ പറയുന്ന രമേശ് ചെന്നിത്തലയെ പോലുള്ളവർ ചരിത്രം വായിച്ചിട്ടുണ്ടോ എന്ന് സംശയം.

പിന്നെ ഇതെല്ലം രായാവും കുടുംബവും ഉണ്ടാക്കിയ സ്വത്താണ് എന്നൊക്കെ പറയുന്നവർ പോയിട്ട് പഴയ തിരുവിതാംകൂർ നികുതി സമ്പ്രദായത്തെ കുറിച്ച് വായിച്ച് പഠിക്കാൻ അപേക്ഷ. തലക്കരം, മുലക്കരം, മീശക്കരം, നാടൻമാർക്കും ഈഴവർക്കും ഉണ്ടായിരുന്ന പ്രത്യേക കരങ്ങൾ (മരിച്ചവർക്കുൾപ്പെടെ..പലരും നാട് വിട്ടു ഇത് കാരണം ), അടിയറ കരം (താഴ്ന്ന ജാതിക്കാർക്ക് ആഭരണങ്ങൾ ധരിക്കാൻ ഉള്ള കരം) ..അങ്ങനെ ലോകത്ത് എവിടെയും ഇല്ലാത്ത തരം കരങ്ങൾ ഉള്ളൊരു മഹത്തായ നാടായിരുന്നു രായാവിന്റെ തിരുവിതാംകൂർ. പക്ഷെ മാർത്താണ്ഡവർമയുടെ കാലം തൊട്ടു തന്നെ “ഇതൊന്നും ഞങ്ങൾക്കല്ല …എല്ലാം പദ്മനാഭന്റെ ആണ്. ഞങ്ങൾ പദ്മനാഭ ദാസർ ആണ്” എന്നൊരു ലൈൻ ആണ്. ഇന്ന് വിധി വന്നപ്പോളും ഇപ്പോഴത്തെ erstwhile തമ്പുരാട്ടി അത് തന്നെയാണ് പറഞ്ഞതും. പദ്മനാഭൻ ഇത് വല്ലതും അറിയുന്നുണ്ടോ!