ലോകസിനിമാചരിത്രത്തിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തൊരു ഫ്രഷ്‌ ട്വിസ്റ്റ്

0
255

Praveen William

ഒരു സിനിമയുടെ സീക്വലോ പ്രീക്വലോ ഇറങ്ങിയാൽ ആദ്യഭാഗത്തിനോട്‌ നീതി പുലർത്താനായോ എന്നായിരിക്കും പലർക്കും ആദ്യം അറിയേണ്ടത്‌. ശരിക്കും അങ്ങനത്തെ ഒരു അനാവശ്യ താരതമ്യം എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും പ്രേക്ഷകർക്കതിന്‌ കഴിയാറില്ല. ദ ഗോഡ്ഫാദർ ട്രിലജി, കിൽ ബിൽ വോളിയം 1/2, കിരീടം – ചെങ്കോൽ, ലോർഡ്‌ ഓഫ്‌ ദി റിങ്ങ്സ്‌ തുടങ്ങി ഇങ്ങ്‌ ആട്‌-ആട്‌ 2 വരെ എടുത്താലും ഒന്ന് മറ്റതിനെക്കാളും മികച്ചതായിരിക്കും എന്ന് തന്നെ ആവണം എല്ലാവരുടെയും അഭിപ്രായം.

Image result for drishyam 2അല്ലാതെ രണ്ടും ഒരേ പോലെ ആണെന്ന് ആരും പറയാനിടയില്ല. ഇതിലേതാണ്‌ കൂടുതലിഷ്ടം എന്നത്‌ വ്യക്തിപരമാണ്‌. ദൃശ്യത്തിന്റെ സീക്വൽ ആണ്‌ ദൃശ്യം 2 എങ്കിലും രണ്ടും ആറേഴ്‌ വർഷത്തെ ഗ്യാപ്പിൽ ഇറങ്ങിയ രണ്ട്‌ ഇൻഡിപ്പന്റന്റ്‌ സിനിമകൾ ആയി കാണാനാണിഷ്ടം. ദൃശ്യവുമായി ഒരു തരത്തിലുമുള്ള കൂട്ടിവായനകളും ദൃശ്യം 2 അർഹിക്കുന്നില്ല.! അതുകൊണ്ട്‌ തന്നെ മ്യൂസിക്കിന്റെ കാര്യത്തിലൊഴികെ ദൃശ്യവും ദൃശ്യം 2വും തമ്മിലൊരു താരതമ്യത്തിനും മുതിരുന്നുമില്ല.

ആദ്യത്തെ ഒരു മണിക്കൂർ ആണ്‌ ചിത്രത്തിന്റെ ഏറ്റവും വീക്ക്‌ ഏരിയ. ‘ഒരേ പകൽ’ എന്ന പാട്ട്‌ തീരുന്നതോടുകൂടി പടം ഫാമിലി ഡ്രാമയിൽ നിന്ന് ഒരു ത്രില്ലറിലേക്കുള്ള സഡൻ ഷിഫ്റ്റ്‌ എടുക്കുകയാണ്‌. ലോകസിനിമാചരിത്രത്തിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്തൊരു ഫ്രഷ്‌ ട്വിസ്റ്റോടുകൂടി ഡിറക്റ്റർ പ്രേക്ഷകനെ ഒരു സീറ്റ്‌ എഡ്ജ്‌ ത്രില്ലർ ട്രാക്കിലേക്കാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഈയൊരു ഷിഫ്റ്റ്‌ വരെയുള്ള സംവിധാനവും, ക്യാമറയും, കട്സും, ചില സമയത്തെ സ്കോർ പോലും ടെലിസീരിയൽ നിലവാരത്തിലുള്ളതോ അല്ലെങ്കിൽ അതിനും കുറച്ച്‌ മുകളിലോ ആയിരുന്നു എന്നതാണ്‌ ഫാക്റ്റ്‌. സീനുകൾ തമ്മിലൊരു ബോണ്ട്‌ ഇല്ലാത്തതായി തോന്നി. സംവിധായകൻ കുറച്ച്‌ സീനുകൾ എടുത്ത്‌ വച്ചിട്ടുണ്ട്‌, ഇതങ്ങ്‌ ഒന്നിപ്പിച്ച്‌ വച്ചേക്കാം എന്ന ലൈൻ. ടെൻഷൻ ബിൽറ്റ്‌ ചെയ്യേണ്ടുന്ന ചില സീനുകളിലെ സൗണ്ട്‌ വർക്ക്‌ എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമയുടേത്‌ പോലെ തോന്നി.

Image result for drishyam 2പ്രധാന കഥാപാത്രങ്ങൾ അല്ലാത്ത നടീനടന്മാർ എല്ലാം വളരെ മോശം അഭിനയം ആയിരുന്നു. ആന്റണി പെരുംബാവൂരിന്റെ കഥാപാത്രത്തിന്റെ ഡയലോഗ്‌ ഡെലിവറി നാപ്റ്റോളുകാരെയും മല്ലു അനലിസ്റ്റിനെയും ഓർമ്മിപ്പിച്ചു. ഒരു പേപ്പറിൽ വലുതായിട്ട്‌ എഴുതി മുന്നിൽ ഒട്ടിച്ചിട്ട്‌ വായിപ്പിക്കുന്നത്‌ പോലെ.!! പ്രൊഡക്ഷൻ കോസ്റ്റ്‌ കുറയ്ക്കാൻ ആണെങ്കിലും അല്ലെങ്കിലും കീ ക്യാരക്റ്റേഴ്സ്‌ എങ്കിലും മാന്യമായി അഭിനയിക്കുന്നുണ്ടോ എന്ന് സംവിധായകൻ എങ്കിലും ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ആശാ ശരത്തിന്റെ അഭിനയത്തിലെ മിതത്വം ഒന്നും പ്രകടമായിരുന്നില്ല. എടുത്ത്‌ പറയേണ്ടത്‌ സിദ്ദിക്കിന്റെയും മുരളി ഗോപിയുടെയും ക്യാരക്റ്ററൈസേഷൻ ആണ്‌. സിനിമയിലേറ്റവും നന്നായി പെർഫോം ചെയ്തതും മുരളി ഗോപിയാണ്‌. ജോർജ്ജുകുട്ടി എന്ന ഐക്കോണിക്ക്‌ ക്യാരക്റ്ററിനെ മോഹൻലാൽ ഒരിക്കലും മോശമാക്കിയിട്ടില്ല, എന്നാൽ അത്ര ഇംപ്രസ്സീവ്‌ ആയി തോന്നിയതുമില്ല. ഇതൊക്കെ പുള്ളിക്ക്‌ cake walk ആണ്‌.

തിരക്കഥയിലെ ലൂപ്‌ ഹോൾസിനെക്കാളും ചർച്ച ചെയ്യേണ്ടത്‌ പോയിന്റ്സ്‌ തമ്മിൽ എങ്ങനെയൊക്കെയോ മീറ്റ്‌ ചെയ്യിക്കാനുള്ള തിരക്കഥാകൃത്തിന്റെ ധൃതിയെപ്പറ്റിയാണ്‌. ഒരു രംഗം കണ്ടപ്പൊ മറ്റൊരു സീരീസ്‌ ഓർമ്മ വന്നെങ്കിലും സ്പോയ്‌ലർ ഫ്രീ റിവ്യൂ തന്നെ വേണം എന്ന നിർബന്ധം ഉള്ളതുകൊണ്ട്‌ കഥയുടെ കോറിലേക്ക്‌ കടക്കുന്നില്ല.

സിനിമയിൽ ജോർജ്ജുകുട്ടി തന്റെ ബുദ്ധിയെക്കാളും അറിവിനെക്കാളുമൊക്കെ ഉപയോഗിക്കുന്നത്‌ ഭാഗ്യമാണ്‌. ആ ഭാഗ്യം കൊണ്ടാണ്‌ അയാൾ രക്ഷപെടുന്നതും. ഭാഗ്യം എന്നത്‌ ബുദ്ധിക്കുമേൽ ജോർജ്ജുകുട്ടി ചൂസ്‌ ചെയ്യാൻ പാടില്ല എന്നല്ല, പക്ഷേ തന്റെ കുടുംബത്തിനുമേൽ വെറും ഭാഗ്യം വെച്ച്‌ റിസ്ക്കെടുത്ത്‌ കളിക്കുന്നൊരു മനുഷ്യൻ അല്ല ജോർജ്ജുകുട്ടി. പടം കണ്ട്‌ കഴിയുമ്പൊ പലതും ഒട്ടും കൺവിൻസിംഗ്‌ അല്ലാത്തതായും ഒപ്പിച്ചുവെക്കൽ ആയുമൊക്കെ തോന്നാനിടയുണ്ട്‌. കഥയിലൊരിടത്തും ഒരു ഫ്രഷ്‌നസ്‌ അനുഭവപ്പെട്ടിരുന്നില്ല. രണ്ടര മണിക്കൂർ ദൈർഘ്യമുള്ളൊരു ത്രില്ലർ ഡ്രാമയിൽ ഒരു മണിക്കൂറിലധികവും അതിനാടകീയമായ രംഗങ്ങളുടെ അതിപ്രസരം ആണെങ്കിൽ ആ സിനിമയെ എങ്ങനെ ബ്രില്ല്യന്റ്‌ എന്നും പെർഫക്റ്റ്‌ എന്നുമൊക്കെ വിളിക്കാനാകും.!

ജീതു ഒരു ബ്രില്ല്യന്റ്‌ റൈറ്ററും ആവറേജ്‌ ഫിലിം മേക്കറുമാണ്‌. അതയാളുടെ സിനിമകളിൽ പകൽ പോലെ വ്യക്തവുമാണ്‌. മുൻപ്‌ പറഞ്ഞതുപോലെ ഇൻഡിപ്പന്റന്റ്‌ സിനിമ ആയി കണ്ടിട്ട്‌ കൂടിയും ദൃശ്യം 2 തന്നത്‌ ശരാശരിയോ അതിനു തൊട്ട്‌ മുകളിലോ ഉള്ളൊരു അനുഭവമാണ്‌. ഇതൊരു വ്യക്തിപരമായ അഭിപ്രായം ആണെന്നത്‌ സ്പൂൺ ഫീഡ്‌ ചെയ്ത്‌ തരണ്ട കാര്യമല്ല എന്ന് വിശ്വസിക്കുന്നു.


sethu

കേരള പോലീസും ജോർജ്കുട്ടിയും വീണ്ടും നേർക്കുനേർ വരുമ്പോൾ ആരാണ് ജയിക്കുക എന്ന കാത്തിരിപ്പ് ആണ് ദൃശ്യം 2 കണ്ട് കഴിയുമ്പോൾ അവസാനിക്കുന്നത്. സിനിമ തിയറ്റർ റിലീസ് വേണ്ടതായിരുന്നു. കാരണം കേരളത്തിലെ കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് വീണ്ടും എത്തിക്കാൻ ദൃശ്യം 2 നു സാധിക്കുമായിരുന്നു. ആദ്യത്തെ കഥാപശ്ചാത്തലത്തിന്റെ തുടർച്ച തന്നെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഏകദേശം കഥ പറയുന്ന പാറ്റേണും അത് തന്നെയാണ്. ജോർജ്കുട്ടിക്കും ജോർജ് കുട്ടിയുടെ കുടുംബത്തിനും വലിയ മാറ്റങ്ങൾ ഒന്നുമില്ല. ജോർജ് കുട്ടി സിനിമാ നിർമാതാവ് ആകുന്നതും പുതിയതായി ഒരു തിയറ്റർ വാങ്ങുന്നതും കുട്ടികൾ വലുതാകുന്നതും അവരുടെ ജീവിതത്തിൽ ഉണ്ടായ ഒരു ഇൻസിഡന്റ് ന്റെ ട്രോമ അവരെ അലട്ടുന്നതും ഒഴിച്ച് നിർത്തിയാൽ ആ ഒരു എലമെന്റിൽ പുതുമകൾ ഒന്നും ഇല്ല. സിനിമയുടെ മേക്കിങ് ഒ ടി ടി റിലീസിന് വേണ്ടി ഉള്ളതായത് കൊണ്ടാണെന്നു തോന്നുന്നു എഡിറ്റിംഗ്, ആർട്ട് വിഭാഗങ്ങളിൽ വിട്ടു വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അത് സിനിമയിൽ ചെറിയ ലാഗ് അനുഭവപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ തിയറ്റർ റിലീസ് ആയിരുന്നെങ്കിൽ അലോസരപ്പെടുത്തുന്ന ആ വിട്ടുവീഴ്ചകളെ തീരെ മൈൻഡ് ചെയ്യാതെ സിനിമ കാണാൻ സാധിച്ചേനെ.

Image result for drishyam 2ഇനി സിനിമയിലേക്ക് വരാം. കഥാഗതിയെ ഒരുതരത്തിലും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കമന്റിലും അത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. കാരണം സിനിമയുടെ പ്ലസ് പോയിന്റ് അതിന്റെ ത്രില്ലർ എലമെന്റ് ആണ് അത് സ്പോയിൽ ആവാതിരിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. നമുക്ക് ഏവർക്കും പരിചിതമായ വരുൺ തിരോധാനത്തിന്റെയും അതിനെ തുടർന്നുണ്ടായ സംഭവ വികസങ്ങളുടെയും തുടർച്ച തന്നെയാണ് സിനിമ. ദൃശ്യത്തിൽ ഉണ്ടായിരുന്ന ടെക്നിക്കൽ ഫോൾട്ടുകൾ പലപ്പോളും ചർച്ച ആയിട്ടുള്ളതാണ്. അത്തരം മിസ്സിംഗ്‌ ലിങ്കുകളിൽ നിന്നും വീണ്ടും ഒരു കഥ കണ്ടെത്തി ദൃശ്യം എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറിനോട്‌ അങ്ങേയറ്റം നീതി പുലർത്തി എടുത്തിരിക്കുന്ന ഒരു worth watch മൂവിയാണ് ദൃശ്യം 2. കോവിഡ് ലോക്ക് ഡൗൺ കാലഘട്ടം സിനിമാ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധികളെ കഴിവതും സിനിമയുടെ തിരക്കഥ കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ കൊണ്ടും മറികടന്നു മികച്ചൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ദൃശ്യം 2 നു സാധിക്കുന്നുണ്ട്.

ദൃശ്യത്തിന് തുടർച്ച ഉണ്ടാവാൻ പ്രേക്ഷകർക്ക് തീരെ അപരിചിതമായ കുറച്ചു ലിങ്കുകളെ സിനിമയിലേക്ക് പുതിയതായി കൊണ്ട് വരുന്നുണ്ട്. അവയൊന്നും തന്നെ തീരെ മുഴച്ചു നില്കാതെ ഭംഗിയായി കൈകാര്യം ചെയ്യാൻ സിനിമയ്ക്ക് ആകുന്നുമുണ്ട്. തീരെ പ്രെഡിക്റ്റബിൾ അല്ലാത്ത അത്തരം സന്ദർഭങ്ങൾ ആണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആസ്വാദന നിലവാരത്തെ ഉയർത്തുന്നത്. ടെക്നിക്കൽ വിഭാഗങ്ങളിൽ വിട്ടു വീഴ്ചകൾ ഉണ്ടാകാൻ കാരണം ഒരുപക്ഷെ കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾ ആയിരുന്നിരിക്കാം. മേല്പറഞ്ഞത് പോലെ താരങ്ങളുടെ പ്രകടനം അതിനെ മറികടക്കാൻ സഹായിക്കുന്നുണ്ട്. എടുത്തു പറയേണ്ട പ്രകടനങ്ങൾ മുരളി ഗോപി, അഞ്ജലി നായർ, ഗണേഷ് കുമാർ എന്നിവരുടേതാണ്. മോഹൻലാലിനെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടതില്ല, കാരണം ദൃശ്യം ജോർജ്കുട്ടിയുടെ കഥയാണ്, ഒരർത്ഥത്തിൽ സിനിമയിലെ നായകനും വില്ലനുമെല്ലാം അയാൾ തന്നെയാണ്. തന്റെ കുടുംബത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുന്ന “സാധാരണക്കാരനായ ” ആ കുടുംബനാഥനെ വീണ്ടുമൊരിക്കൽ കൂടി അയാൾ നീതിപൂർവം അവതരിപ്പിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ സിനിമയെ പറ്റി കൂടുതൽ മികച്ച അനാലിസിസുകൾ പ്രതീക്ഷിക്കാം. എന്നിരുന്നാലും ott യിലേക്ക് ലിമിറ്റ് ചെയ്തിട്ടു പോലും രസചരട് മുറിയാത്ത ഒരു പെർഫ്വക്റ്റലി ക്രാഫ്റ്റഡ് ത്രില്ലർ സമ്മാനിക്കാൻ ദൃശ്യം 2 നു സാധിക്കുന്നുണ്ട്. അമിത പ്രതീക്ഷയില്ലാതെ വരാൻ പറഞ്ഞ ജീതു ജോസഫ് വാക്ക് പാലിച്ചിട്ടുണ്ട്. മികച്ച സിനിമാ അനുഭവം ആണ് നിങ്ങളെ കാത്തിരിക്കുന്നത്. പൈറസി കഴിയുന്നത്ര ഒഴിവാക്കി എല്ലാവരും ആമസോൺ പ്രൈമിൽ തന്നെ സിനിമ കാണാൻ ശ്രമിക്കുക.

***

Amal Manmadhan

“നല്ല വേട്ടക്കാരന്റെ ഏറ്റവും വലിയ വിജയം, വേട്ട നിർത്തി എന്നു തോന്നിപ്പിക്കുന്നതാണ്…” വളരെയധികം ഹിറ്റായ ഒരു സംഭാഷണം. പറഞ്ഞിരിക്കുന്ന കഥാപാത്രവും ചുറ്റുപാടും എല്ലാം വ്യത്യസ്തമാണ്.കൂട്ടുകാരന്റെ വീട്ടിൽ നിന്ന്, കണ്ടിറങ്ങി വീട്ടിലേക്ക് വണ്ടിയോടിച്ചുവരുമ്പോ മുതൽ, ഈ ഇരുന്നു ടൈപ്പ് ചെയ്യുന്നത് വരെ, നിമിഷങ്ങൾക്ക് മുമ്പ് കണ്ടിറങ്ങിയ ഒരു സിനിമ തലയിൽ വീണ്ടും വീണ്ടും പരിശോധനക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷേ, എന്നെപ്പോലെതന്നെ കേരളജനത മുഴുവൻ ഒരു പിഴവിനായി കാത്തിരിക്കുന്നുണ്ടാവും ഈ തിരക്കഥയിൽ. എട്ടുവർഷം മുൻപ് ഞങ്ങളെ കാണിച്ച കഥക്ക് ഒരധ്യായം കൂടി ഉണ്ടാക്കാൻ സാധിക്കില്ല എന്നൊരു മുൻവിധിയോടെ അല്ലാതെ, ഒരുവട്ടം കൂടി ജോർജ്ജ് കുട്ടിക്ക് നമ്മളെയിനി കളിപ്പിക്കാനാവില്ല എന്ന വിശ്വാസത്തോടെയല്ലാതെ മിക്കവരും ഈ സിനിമ കാണാൻ ഇരിക്കില്ല. ആദ്യ ഫ്രെയിം മുതൽക്ക് നമ്മൾ പഴുതുകൾ ചികഞ്ഞു തുടങ്ങും. വരികൾക്ക് ഇടയിലൂടെ വായിക്കും. കേൾക്കുന്ന ഓരോ ഡയലോഗും, കാണുന്ന ഓരോ ചെറിയ ആർട്ടിസ്റ്റിനെയും ഓർക്കും. ഓരോ വഴിത്തിരിവുകളും കണ്ട് അല്പം ക്രൂരമായിത്തന്നെ, ഇത്തവണ ഇയാൾ വെട്ടിലാവും എന്നുതന്നെ കരുതും. കാരണം നമ്മൾക്കറിയാം അയാളുടെ രഹസ്യം. നമ്മൾ പൂർണമായ ആത്മവിശ്വാസത്തോടെ അയാളെ വേട്ടയാടിക്കൊണ്ടേയിരിക്കും.

പക്ഷെ, ഇവിടെ അയാൾ ഇരയല്ലായിരുന്നു..മറിച്ച് അയാളൊരു നല്ല വേട്ടക്കാരനായിരുന്നു. കേരളാ പൊലീസിന് ജോർജ്ജ്കുട്ടിയും, പ്രേക്ഷകന് ജിത്തു ജോസഫും…!!ആറുവർഷം മുൻപ് നമ്മൾ കാണുന്ന ഒരു ജോർജ്ജ്കുട്ടിയുണ്ട്. അണ പൈസക്ക് കണക്കുവെക്കുന്ന, പിശുക്കനായ, പറമ്പിൽ കമ്പോസ്റ്റ്കുഴികുത്താൻ പുറത്തുനിന്ന് ആളെവിളിക്കാത്ത, മക്കളെയും ഭാര്യയെയും ധൂർത്തിനു ചീത്തപറയുന്ന, വാങ്ങിയ ഇടിയപ്പത്തിന്റെ അച്ചിനു വരെ കണക്കുപറയുന്ന, ഫോണുപോലും വാങ്ങാത്ത ഒരു കുടുംബസ്ഥൻ. അയാളുടെ ലോകം സ്വന്തം കുടുംബമായിരുന്നു. അവിടേക്ക് അപകടങ്ങളുടെ കടന്നുകയറ്റങ്ങളുണ്ടാവുമ്പോ, അത് തകരുമെന്ന ഘട്ടം വരുമ്പോഴാണ് അയാളുടെ മറ്റൊരു മുഖം; അയാളുടെ ബുദ്ധിവൈഭവം പ്രകടമാവുന്നത്. അതുവെച്ച് ഒരു നാടിന്റെ ലോ ആൻഡ് ഓർഡർ വ്യവസ്ഥയെ, പോലീസുകാരുടെ കുറ്റാന്വേഷണ നൈപുണ്യത്തെ അയാൾ തന്റെ കുടുംബത്തിൽ നിന്നകറ്റി. അടികൊണ്ടു വീണിട്ടും ഒന്നുമില്ലെന്ന മട്ടിൽ അവരെ നോക്കി അയാൾ ചിരിച്ചു കണ്ണിറുക്കി. ഒടുക്കം, പശ്ചാത്തപതോടെ അയാൾ ഒരിടത്തു നിന്നും ഇറങ്ങിവരുന്നത് കണ്ട നമ്മൾ, അയാളുടെ വേദന വെളിപ്പെടുന്ന പശ്ചാത്തല സംഗീതം ശ്രദ്ധിക്കാതെ, അയാളുടെ ബുദ്ധികൂർമ്മതക്ക് മാത്രം കൈയടിച്ചു. അവിടെ അയാളനുഭവിക്കുന്ന സങ്കടം കാണാതെ മറന്നു.

ഇനിയങ്ങോട്ട് കാണാത്തവർ വായിക്കണമെന്നില്ല.ഇന്ന്, സിനിമ തുടങ്ങുമ്പോൾ ജോർജ്ജ്കുട്ടി നമ്മൾക്ക് പരിചയമുള്ള ആളല്ല. വാരാന്ത്യങ്ങളിൽ സ്ഥിരം മദ്യപിക്കുന്ന, വീട്ടിലേക്ക് വരാതെ യാത്രകൾ പോകുന്ന, ധൂർത്തനായ, സ്വന്തം സിനിമ എന്ന സ്വപ്നത്തിനുവേണ്ടി 15 ലക്ഷത്തോളം ചിലവാക്കുന്ന ഒരു സ്വപ്നാടകനാണ്, പുതുപ്പണക്കാരനാണ്. അയാൾ അമിതമായ ആത്മവിശ്വാസത്തിൽ അഭിരമിക്കുന്നത് കാണുന്ന നമ്മൾക്കുറപ്പാവും, ഇയാൾക്ക് അടിതെറ്റും എന്ന്. പക്ഷെ .സ്വകുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടി ഒരുമുഴം മുന്നേ എറിയാൻ തീരുമാനിച്ച, എന്നെങ്കിലും വെളിപ്പെട്ടേക്കാവുന്ന സത്യം തന്റെ മകളെ തൊടാൻ ഇടവരരുത് എന്ന നിർബന്ധത്തിൽ തന്റെ സ്വപ്നം വെച്ചു ഒരു മറയുണ്ടാക്കി, താൻ അധ്വാനിച്ചുണ്ടാക്കിയ സ്ഥലം വിറ്റും ലോണെടുത്തും മേനികാണിച്ചു നാട്ടുകാരെയും പോലീസിനെയും താനൊരു സിനിമാക്കാരൻ ആയിമാറി എന്ന് വിശ്വസിപ്പിച്ച്, ഒരു അസ്ഥിപഞ്ചരമെടുക്കാൻ കുഴിവെട്ടുകാരനെ വശത്താക്കുന്നതിനായി കുടി തുടങ്ങി, അതേ മദ്യപാനം മറ്റൊരിടത്ത് തന്റെ സാന്നിധ്യം വേണ്ട സമയത്ത് ഉറപ്പാക്കാൻ ആഴ്ച തോറും സ്ഥിരമാക്കി, അതേ സിനിമയുടെ പേരും പറഞ്ഞ് അയാളെയും കളിപ്പിച്ച്, എന്നെങ്കിലും പുറത്തയേക്കാവുന്ന തന്റെ രഹസ്യമറിഞ്ഞു മുന്നിൽ വരുന്ന പൊലീസുകാരെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥ ഉണ്ടാക്കി, അത് നേരത്തെ പുസ്തകമാക്കി, ആ പുസ്തകം യാതൊരു തെളിവും ഇല്ലാതെ മറ്റൊരാളുടെ പേരിൽ അടിച്ചിറക്കി അതും താനുമായി ഒരു ബന്ധവുമില്ലാതെയാക്കി, ഒടുവിൽ, ഒരു DNA ടെസ്റ്റിനും കണ്ടുപിടിക്കനാവാത്ത വണ്ണം , എന്നാൽ അത് ഏത് രീതിയിലാണോ ഉറ്റവർക്ക് നൽകേണ്ടത് ആ രീതിയിൽ നൽകി, അയാൾ കാത്തിരിക്കുകയാണ് മറ്റൊരു പ്ലാനുമായി.

ഇപ്പോഴും നമ്മൾ അയാളുടെ ബുദ്ധികൂർമ്മതയാണോ കാണുന്നത്..? എന്ത് ജീവിതമാണ് അയാളുടേത്? സന്തോഷമില്ലാത്ത, ആശ്വാസമില്ലാത്ത, ഭയം മാത്രമുള്ള ജീവിതം ജീവിച്ചുതീർക്കാൻ വിധിക്കപ്പെട്ട ഒരാൾ. തന്റെ അവസ്ഥ പരമാവധി തന്റെ കുടുംബത്തിന് വരാതെ അവരുടെ സന്തോഷം എല്ലാം നടത്തികൊടുക്കുന്ന ഒരു കുടുംബനാഥൻ. അറിയാതെ ചെയ്ത കൊലപാതകം തളർത്തിക്കളഞ്ഞ മൂത്തമകളെ പടച്ചട്ടപ്പോലെ പൊതിഞ്ഞുപിടിക്കുന്ന, ഇളയമകളെ പ്രായത്തിന്റെ എല്ലാ സ്വതന്ത്രവും അനുവദിച്ചു ജീവിക്കാൻ വിടുന്ന ഒരച്ഛൻ. ഭാര്യയോട് തന്റെ രഹസ്യം പറയാനാവാതെ, തിരിഞ്ഞുനടക്കുന്ന അവരെനോക്കി കണ്ണു നിറഞ്ഞു നിൽക്കേണ്ടി വരുന്ന ഭർത്താവ്. എവിടെയാണ് അയാൾ ജയിക്കുന്നത്? ആദ്യഭാഗത്ത് പള്ളിയിൽ വെച്ചു ഉരുക്കിനിൽക്കുന്ന അയാളുടെ രംഗങ്ങളുള്ള ഒരു പാട്ടുണ്ട്. അവിടെ തീർന്നിരുന്നു അയാളുടെ സകല സമാധാനവും സ്വസ്ഥതയും. പിന്നീടുള്ള അയാളുടെ ഓരോ ദിവസവും ഒരു അഭിനയമായിരുന്നു..അല്ലെങ്കിൽ യുദ്ധമായിരുന്നു. അയാളുടെ കുടുംബത്തിന്; അല്ലെങ്കിൽ അയാൾ തന്നെ പറഞ്ഞതുപോലെ, അയാളുടെ ആകെയുള്ള സമ്പാദ്യത്തിനുവേണ്ടി. അതിനായി അയാൾ മദ്യപനായി, നിർമ്മാതാവായി, പുതുപ്പണക്കാരനായി..ഇതിനിടയിൽ അയാൾ എവിടെയാണ് ജീവിച്ചത്?
ജിത്തുജോസഫ്. തന്റെ കഴിഞ്ഞ രണ്ടുമൂന്നു സിനിമകളിലൂടെ, തന്റെ വേട്ട കഴിഞ്ഞു എന്ന് തോന്നിപ്പിച്ച , മികച്ച വേട്ടക്കാരൻ! പഴുതടച്ച തിരക്കഥയും മുളളിന്മേൽ നിർത്തുന്ന കഥാഗതിയും മാത്രമല്ല, ഓരോ കഥാപാത്രത്തിനും കൊടുത്തിരിക്കുന്ന ആർക്.. അതാണ് അത്ഭുതപ്പെടുത്തിയത്. കൊല ചെയ്ത അഞ്ജുവിന്റെ ട്രോമ.. ആ കൊല നേരിൽ കണ്ട റാണിയുടെ ഭയം, ഒന്നും അറിയാത്ത അനുവിന്റെ അലസത.. മറ്റൊരാളായി വീട്ടിൽ പോലും ജീവിക്കേണ്ടി വരുന്ന ജോർജ്ജ്കുട്ടിയുടെ നിസ്സഹായത..ഓരോന്നും ഗംഭീരം! അതുപോലെ മുരളീഗോപിയുടെ വേഷത്തിന് കൊടുത്തിരിക്കുന്ന ക്ലാരിറ്റി.. എഴുത്തിന്റെ മികവ് തെളിഞ്ഞുകാണാം. എന്നാൽ, അച്ചടിഭാഷയിലെ ഡയലോഗുകൾ മാത്രം ഇടക്കെപ്പോഴെങ്കിലും ഒരു പരിമിതിയായി തോന്നാം.

ഇനി, അടുത്തയാൾ.. മോഹൻലാൽ.
ഇന്നുകാണുന്ന “സച്ചി ഈസ് ആംഗ്രി” / “കണ്ണിൽ ഭാവം വരുന്നില്ല” മീം ക്രിയേറ്റേഴ്സിന്റെ ജനനത്തിനുകാരണമായ പ്രക്രിയ നടക്കുന്നതിനു വർഷങ്ങൾ മുമ്പേയായിരിക്കാം ഒരുപക്ഷേ അയാൾ ദശരഥവും ഭരതവും പാദമുദ്രയും ചെയ്തിട്ട് ഇതിലെ നടന്നിരുന്നത്. ആ അയാളെയാണ് ഒരു ഇട്ടിമാണിയും ബിഗ്ബ്രദറും വെച്ചു നിങ്ങൾ അളക്കാൻ നോക്കുന്നതും. ആ മനുഷ്യന് ഉയിരുള്ള നാളുവരെ, അങ്ങേരുടെ കണ്ണിനു താഴെയുള്ള കുഴിയല്ല, അങ്ങേരുടെ മുഖം അപ്പാടെ മാറ്റി വേറെ വെച്ചാലും, കൊള്ളാവുന്ന ഒരു കഥയിൽ, ചെയ്യുന്ന ജോലി വെടിപ്പിന് അറിയാവുന്ന ഒരു സംവിധായകൻ വന്നാൽ, അയാൾ ആ കഥാപാത്രമായി മാറിയിരിക്കും. എണ്ണി നാലു സീനുകൾ പറയാം.

1. സിദ്ദിഖുമായുള്ള ആദ്യത്തെ രംഗം.
2. മീനയോട് രഹസ്യം പറയാതെ വിടുന്ന രംഗം
3. പോലീസ് സ്റ്റേഷൻ കുഴിക്കുന്നു എന്നറിഞ്ഞു മീനയോട് സംസാരിക്കുന്നത്
4. എല്ലാം കണ്ടു മരവിച്ച് കസേരയിൽ മലർന്ന് ഇരിക്കുന്നത്..

ഈ രംഗങ്ങളിൽ, നിങ്ങൾക്ക് ആ പഴയ “അഭിനയിക്കാ”നറിയാത്ത മോഹൻലാലിനെ കാണാം. അത്ര ഈസിയായാണ്, ബിലീവബിൾ ആയാണ് അയാളത് ചെയ്യുന്നത്.അൻസിബ, മുരളീഗോപി, സിദ്ദിക്ക്, സായ്കുമാർ..എല്ലാവരും മികച്ചുനിന്നപ്പോൾ മീന വല്ലാതെ നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. മേക്കപ്പ് നിറഞ്ഞ മുഖം കാണാൻ തന്നെ എന്തോ ആലോസരമായിരുന്നു ഉടനീളം. സായ്കുമാറിന്റെ അവസാന നറേഷൻ മിക്കവാറും മണിച്ചിത്രത്താഴ്/ആദം ജോണ് സിനിമകളിലെ കെ.പി.എ. സി. ലാളിതാമ്മയുടെ സീനുകൾക്കൊപ്പം ഇനി പറഞ്ഞുതുടങ്ങും.സിനിമാട്ടോഗ്രാഫി ശരാശരി നിലവാരത്തിൽ മാത്രമായി ഒതുങ്ങുമ്പോ, എഡിറ്റിംഗ്; പ്രത്യേകിച്ചു അവസാന 30 മിനിറ്റ് ക്ളോസ് റ്റു എക്‌സ്ട്രീം പെർഫെക്ഷൻ എന്ന ലെവലിൽ ആയിരുന്നു.ആദ്യഭാഗത്തോട് പൂർണമായും നീതിപുലർത്തിയ, ഗംഭീരമായ, ഒരുപാട് ലെയറുകളും ഡീറ്റെയിലിങ്ങും ഉള്ള ഒരു മികച്ച രണ്ടാംഭാഗം. തീർച്ചയായും നല്ലൊരു തീയേറ്റർ അനുഭവം മിസ് ആയിരിക്കുന്നു.
നിർത്തട്ടെ

***

Sidharth Selvaraj

ഒരു sequel ന് ഒരുപാട് സാധ്യതകൾ ബാക്കിയുണ്ട് ബാക്കിയുണ്ട് എന്ന ഉറച്ച ബോധ്യത്തിൽ ചെയ്ത വർക്കാണ് ദൃശ്യം 2. അത് execute ചെയ്യുന്നതിൽ ജീത്തു ജോസഫ് വിജയിച്ചു. ഒരു കുട്ടകൃത്യത്തിൽ ഉൾപ്പെട്ട, അതിന്റെ ഭയവും കുറ്റബോധവും അലട്ടുന്ന ഒരു കുടുംബത്തിന്റെ ബാക്കി ജീവിതത്തിൽ തീർച്ചയായും explore ചെയ്യാൻ ഒരുപാട് മേഖലകൾ ഉണ്ട്. നാട്ടുകാരുടെ, പരിചയക്കാരുടെ, പോലീസുകാരുടെ ഭാവനയിലും നീരസത്തിലും ഉടലെടുക്കുന്ന നൂറു കഥകളെയും തുറിച്ചു നോട്ടങ്ങളെയും മുറുമുർപ്പുകളെയും അതിജീവിക്കുന്ന, ഒപ്പം അതിനെ എല്ലാം മറികടന്നു സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാൻ പെടപ്പാട് പെടുന്ന കുടുംബത്തിന്റെ അവസ്ഥ കൃത്യമായി ദൃശ്യം അടയാളപ്പെടുത്തുന്നുണ്ട്. ഒരു രഹസ്യം, ഒരു കൂട്ടത്തിനിടയിൽ ഒരാൾക്ക് മാത്രം അറിയുമ്പോൾ ഉടലെടുക്കാവുന്ന അസ്വാരാസ്യങ്ങളും, പരിഭ്രമത്തിലും കലക്രമേണ ഉണ്ടായേക്കാവുന്ന അബദ്ധങ്ങളും ഇവിടെ പ്രധാന സംഭവങ്ങളാകുന്നു. ഏതു നിമിഷവും പിടിക്കപ്പെടും എന്ന ഭയത്തിൽ ജീവിക്കുന്ന ഒരു കുടുംബം അനുഭവിക്കുന്ന പിരിമുറുക്കം ചിത്രത്തിലുടനീളം കാണാം. സിനിമയുടെ ഇമോഷണൽ എലമെന്റിനെ ബലപ്പെടുത്തുന്നത് ഇവയാണ്.
സിനിമയുടെ രണ്ടാം പകുതിയിലേക്ക് വന്നാൽ മുൻഭാഗത്തിന്റെ ബാക്കി എന്നോണം ഉണ്ടാക്കുന്ന അന്വേഷണങ്ങളും വിചാരണകളും ട്വിസ്റ്റുകളും ആണ്. തെറ്റില്ലാത്ത രീതിയിൽ അവ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. സിനിമയിൽ പരാമർശിച്ചിട്ടുള്ളത് പോലെ ഭാഗ്യവും ഒരു മുഖ്യ ഘടകമാണ്. മൊത്തത്തിൽ ഇമോഷണൽ ഇലമെൻറ്സ് തന്നെയാണ് സിനിമയുടെ ബാക്ക് ബോൺ. ട്വിസ്റ്റുകൾ മുൻഭാഗത്തെ അത്രയും ബലമുള്ളത് അല്ലെങ്കിലും പുതുമയുള്ളതാണ്.
ലോക്ക് ഡോൺ കാലത്തെ ബുദ്ധിമുട്ടുകൾ ഷൂട്ടിങ്ങിന് സാരമായി ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്. പക്ഷേ അവയെ തരണം ചെയ്തു കൊണ്ട് തന്നെ നല്ലൊരു സിനിമ സൃഷ്ടിക്കാനായി എന്നതിൽ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം. മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗം സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നത് ചോദ്യമാണ് ” ആദ്യഭാഗത്തെ കൂടി നശിപ്പിക്കണമോ “. അതിനെ സധൈര്യം ജീത്തു ജോസഫിന് നേരിടാം. മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയാണ്. ഉറപ്പായും തീയേറ്ററിൽ റിലീസ് ചെയ്യപ്പെടേണ്ടത് തന്നെ ആയിരുന്നു ഈ സിനിമ.
**

 

Karthik Hariharan

ഒറ്റ വാക്യത്തിൽ കലക്കി, തിമിർത്തു.
ജീത്തു ജോസഫ് – ഇത് ശെരിക്കും ഇയാളുടെ ബ്രില്ലിയൻസ് തന്നെയാണ്. ആദ്യഭാഗത്തിൽ എവിടെ അവസാനിച്ചൊ ആ പോയിന്റിൽ നിന്നും തുടങ്ങുന്ന കഥ. കോംപ്ലക്സ് ആയ കഥയ്ക്ക് അനുസൃതമായി ഉള്ള ട്വിസ്റ്റുകൾ. ഉഗ്രൻ സ്റ്റോറി ടെല്ലിങ്. നിങ്ങൾ വേറെ ലെവലാണ് ട്ടാ..

മോഹൻലാൽ – ഒരു മാറ്റവും ഫീൽ ചെയ്തില്ല, അതേ ക്ലാസിക് ടച്ച്
മീന – നല്ലോണം മേക്കപ്പ് ഉണ്ടേലും അഭിനയം അത്ര പോരാ എന്ന് തോന്നി
ഇളയ കുട്ടി – ശെരിക്കും ഇവളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഒരു ടീനേജ് കുട്ടിയുടെ അതേ ഭവങ്ങൾ, പെരുമാറ്റങ്ങൾ
മുരളി ഗോപി – തലയ്ക്ക് എതിർ നില്ക്കാൻ തലയെക്കാളും അതിശക്തനായ ക്യാറക്ടർ വേണം. ശെരിക്കും പൂണ്ട് വിളയാടിയത് ഇയാളാണ്. ആശാ ശരത് ആദ്യ ദൃശ്യത്തിൽ എങ്ങനെ ആയിരുന്നോ അതിനേക്കാളും ഒരു പടി മുകളിൽ.
പിന്നെ കോവിഡ് കാലത്ത് എടുത്ത പടമായത് കൊണ്ട് കുറെയേറെ ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് അഭിനയിപ്പിച്ചിട്ടുണ്ട്, ആ ഒരു കല്ലുകടി പല ക്യാറക്ടറുകൾക്കും കാണാൻ പറ്റും.

ചുരുക്കി പറഞ്ഞാൽ ഇതിന്റെ ആത്മാവ് ആ കഥ തന്നെയാണ്. അതിനോട് നീതി പുലർത്തിയ അഭിനേതാക്കളും. ട്വിസ്റ്റുകളോട് ട്വിസ്റ്റുകൾ ഉള്ള സിനിമ ആദ്യ ഭാഗം ലാഗ് ഉണ്ടായിരുന്നെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ നഖം കടിച്ചിരുന്നു കണ്ട ഒന്നാം ഭാഗത്തിന്റെ ഓർമ്മകൾ ഉണർത്തും മാതിരി ഉള്ളത് തന്നെയാണ്. ഗംഭീര ട്വിസ്റ്റുകൾ. കൂടുതൽ പറയുന്നില്ല.
അടുത്തതായി എടുത്തു പറയേണ്ടത് ശ്രീമാൻ ആന്റണി പെരുമ്പാവൂർ എന്ന പ്രൊഡ്യൂസരുടെ ധൈര്യമാണ്. ഈ പടം ഓടിടിയിൽ ഇറക്കാനുള്ള ധൈര്യം സമ്മതിക്കണം. കോവിഡ്കാലത്ത് അടച്ചിട്ടത്തിന് ശേഷം ഇറങ്ങുന്ന ആദ്യ മെഗാപടം ആയതിനാൽ നല്ല കാശു വാരി പടമായി എന്തുകൊണ്ടും മാറിയേനെ ഇത്. പക്ഷെ അതിനൊപ്പം കോവിഡ് കാലത്ത് തിരക്ക് കൂട്ടാനും വഴിവച്ചേനെ. എന്തുകൊണ്ട് ഓടിടി പോപ്പുലർ ആകണം എന്നതിനു ഉദാഹരണമാണ് ദൃശ്യം റിവ്യൂകൾ നിറഞ്ഞൊഴുകുന്ന സോഷ്യൽ മീഡിയ ഫീഡുകൾ. വീടിന്റെ സ്വാതന്ത്ര്യത്തിൽ ഇരുന്നു ആദ്യ ഷോ കുടുംബത്തോടൊപ്പം കാണുന്ന എക്സ്പീരിയൻസ് വേറൊന്നു തന്നെയാണ്, തീയേറ്റർ എക്സ്പീരിയൻസ് മിസ് ആയെങ്കിലും.

ഇനി അവസാനമായി പറയേണ്ടത് ആന്റണി പെരുമ്പാവൂർ എന്ന നടനോടാണ്. ചേട്ടാ നിങ്ങടെ പടമാണ്, ശെരി തന്നെ, എന്നാലും ഇങ്ങനെ വെറുപ്പിക്കരുത്. സഹിക്കാഞ്ഞിട്ട് പറയുവാ.
ചുരുക്കി പറഞ്ഞാൽ ഇതിന്റെ മുഴുവൻ ക്രെഡിറ്റും സ്റ്റോറി ടെല്ലർ ആയ ജീത്തു ജോസഫിനു അവകാശപ്പെട്ടതാണ്. നിർബന്ധമായും കണ്ടിരിക്കേണ്ട പടവും. പിന്നെ ആദ്യ ഭാഗത്തിലെ പോലെ തന്നെ ഈ പടത്തിൽ നടക്കുന്ന പോലൊന്നും റിയൽ ലൈഫിൽ നടക്കില്ല എന്ന് നമുക്ക് തോന്നാം, പ്രത്യേകിച്ചും ക്ലൈമാക്സിലെ ഒരു സീൻ. അതിനുള്ള ഉത്തരം അവസാനം ജീത്തു തന്നെ പറയുന്നുണ്ട്, നല്ല ഭാഗ്യമുള്ളയാളാണ് ജോർജ്കുട്ടി ☺️

വാൽ – ഈ പടം തീയേറ്ററിൽ പോയി കാണാൻ മിനിമം ഒരാൾ ഒരു 150 രൂപ ഇന്നത്തെ കാലത്തു ചിലവഴിക്കും. ആമസോൺ പ്രൈം ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ എടുക്കാൻ 129 രൂപ മാത്രമേ ഉള്ളൂ. അത് വച്ചു കുടുംബ സമേതം അല്ലെങ്കിൽ കൂട്ടുകാരോടൊത്തു കാണാം. ചുരുങ്ങിയത് മൂന്നു നാലു ഡിവൈസുകളിൽ കാണാൻ സൗകര്യം ഉണ്ട്. കണ്ടു കഴിഞ്ഞു ഒരു മാസം തികയുമ്പോൾ സബ്സ്ക്രിപ്ഷൻ ക്യാൻസൽ ചെയ്താൽ മതി. അതുകൊണ്ട് വെറുതെ നിയമപ്രകാരമല്ലാത്ത വഴികളിൽ കൂടി പോയി പണി മേടിക്കാൻ നിൽക്കാതെ പൈറസി ഇല്ലാതാക്കാൻ ഒരുമിച്ചു നിൽക്കാം. Stop piracy, go legal

***

Udaya Krishna

ഒന്നാം ഭാഗത്തിന്റെ വില കളയാത്ത രണ്ടാം ഭാഗം. അതാണ് ദൃശ്യം 2. പക്ഷേ ആദ്യ ഭാഗത്തിന്റെ പെർഫെക്ഷൻ ഇതിനില്ല! കഥയുടെ പല ഭാഗങ്ങളും വിശ്വാസയോഗ്യം അല്ലാതായി പോയി. ആദ്യ ദൃശ്യത്തിന്റെ ഓരോ നിമിഷവും, പ്രേക്ഷകരെന്ന നിലയിൽ നമ്മളും കഥയോടൊപ്പം ഒഴുകി നീങ്ങുന്നുണ്ട്. പക്ഷേ ആ ഒരു Smoothness ഇവിടെ എനിക്ക് തോന്നിയില്ല. ആദ്യ ഭാഗം ബുദ്ധി കൊണ്ടുള്ള കളിയാണെങ്കിൽ, ഇവിടെ ബുദ്ധിയും, ഒരുപാട് ഭാഗ്യവും വേണ്ടി വരും. Coincidence ഒക്കെ ഒരുപാട് സംഭവിക്കുന്നുണ്ട്. അതിനുള്ള ന്യായീകരണം സിനിമ തന്നെ തരുന്നുണ്ട്. എന്നാല്‍പോലും, ആ കഥയുടെ Structure അങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
.
Drishyam 2 ന്റെ ഏറ്റവും വലിയ നെഗറ്റീവ് ഇതിന്റെ ഡയലോഗ് ഡെലിവറിയാണ്. അച്ചടി ഭാഷയിലാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുമാതിരി കാണാപാഠം പഠിച്ച് പറയുന്ന മലയാളം ഉപന്യാസം പോലെ. അത് കുറേക്കൂടി Natural ആക്കാമായിരുന്നു.
.
എന്നാല്‍പോലും സിനിമ ത്രില്ലിങ്ങാണ്. ഒരു സിനിമയെന്ന് കരുതി പലതും പോട്ടേന്നു വെച്ചാല്‍, നിങ്ങൾക്കിത് നന്നായി Enjoy ചെയ്യാന്‍ കഴിഞ്ഞേക്കും. മോഹൻലാൽ എന്ന നടന്റെ Caliber ഭയങ്കരമായി പുറത്തെടുക്കേണ്ട രംഗങ്ങളൊന്നും അധികം ഇതിലുണ്ടായില്ല. അദ്ദേഹം കിട്ടിയ ഭാഗം നല്ല വൃത്തിക്ക് ചെയ്തിട്ടുണ്ട്. ബാക്കി അഭിനയിച്ച ചിലർ മികച്ചതായി, ചിലർ നന്നായി തോന്നിയില്ല. പ്രധാന അഭിനേതാക്കള്‍ മിക്കവരും കൊള്ളാം. പുതുതായി വന്ന മുരളി ഗോപിയും മോശമല്ല.
.
മിനിമം ഒരു തവണയെങ്കിലും കാണാനുള്ള വക ദൃശ്യം 2 നുണ്ട്. കൂടുതലൊന്നും പറയാനില്ല. പിന്നെ ഞാനിവിടെ പറഞ്ഞത് എന്റെ മാത്രം അഭിപ്രായമാണ്. ഞാനല്ല നിങ്ങൾ. എന്റെ അഭിപ്രായം Public Reviews ന് വിഭിന്നമായി വരുമെങ്കിൽ, ചിലപ്പോള്‍ പ്രശ്നം എനിക്കായിരിക്കാം. എന്തായാലും കണ്ടു തന്നെ സ്വന്തം അഭിപ്രായങ്ങൾ രൂപീകരിക്കുക.
.
Overall എനിക്ക് ദൃശ്യം 2 ഒരു Above Average Experience ആണ്. ഞാന്‍ ഒരുപാട് പ്രതീക്ഷിക്കാതെയാണ് സിനിമ കണ്ടത്. ആദ്യത്തെ ദൃശ്യം എന്റെ All Time Favorites ൽ ഒന്നാണ്.

***

Sanuj Suseelan

പണ്ട് റാംജിറാവു സ്പീക്കിങ് എന്ന സിനിമയുടെ രണ്ടാം ഭാഗം എഴുതാൻ തുനിഞ്ഞപ്പോൾ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ പറ്റി സിദ്ദിഖ് ലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുന്നിടത്തായിരുന്നു ആ വെല്ലുവിളി. കാരണം , ആ കഥാപാത്രങ്ങളെ പ്രേക്ഷകർ മുമ്പേ തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വഭാവം, പെരുമാറ്റം , കഥയിൽ അവരുടെ സ്ഥാനം ഇതൊക്കെ എല്ലാവർക്കും അറിയാം. ആ കൗതുകം ഒക്കെ നഷ്ടപ്പെട്ട അവസ്ഥയിൽ വിരസത സൃഷ്ടിക്കാതെ എങ്ങനെ ആ കഥ പറയാം എന്നത് ശരിക്കും അവർക്കൊരു തലവേദനയായിരുന്നു. ദൃശ്യം മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റാണ്. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്ന്. സ്വാഭാവികമായും അത്തരമൊരു ചിത്രത്തിന് രണ്ടാംഭാഗം വരുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പോലും സമ്മർദ്ദമുണ്ടാക്കും. അപ്പോൾ അണിയറക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. എന്നാൽ ഇന്ന് ഈ സിനിമ കണ്ടു തീർത്തപ്പോൾ ആ കടമ്പ ജീത്തു ജോസഫ് വിജയകരമായി ചാടിക്കടന്നു എന്നുറപ്പിച്ചു പറയാൻ കഴിയും.

ഒന്നാം ഭാഗത്തിലേതു പോലെ തന്നെ ഉറക്കം തൂങ്ങി വലിഞ്ഞിഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയിൽ നിന്നും പെട്ടെന്നാണ് വേഗം വച്ച് സിനിമ ഒറ്റപ്പോക്ക് പോകുന്നത്. ഒരു കൊലപാതകത്തിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോയ ഒരു കുടുംബം. ആറു വർഷങ്ങൾക്കു ശേഷം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവർ കടന്നുപോയ സംഘർഷങ്ങളുടെ ട്രോമ സൃഷ്ടിക്കുന്ന പാനിക് അറ്റാക്കുകൾ വിടാതെ പിന്തുടരുന്ന കുടുംബത്തിനെ അടിയുലച്ചുകൊണ്ട് കേസ് വീണ്ടും പൊങ്ങിവരുന്നിടത്തു നിന്ന് തുടങ്ങുന്ന കഥ നാടകീയമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് മനോഹരമായ ക്ലൈമാക്സിൽ അവസാനിക്കുന്നു. കഥയെപ്പറ്റി ഒരു സൂചനയും എഴുതുന്നില്ല. കണ്ടു തന്നെ ആസ്വദിക്കേണ്ട ചിത്രമാണ്.

ചിലരൊക്കെ വളരെ അമച്വറിഷ് ആയ അഭിനയം കാഴ്ചവച്ചെങ്കിലും അതൊക്കെ പരിഹരിക്കാൻ മറ്റുള്ളവർക്കായിട്ടുണ്ട്. ഒടിയനു ശേഷം മോഹൻലാലിൻറെ മുഖം സിമന്റ് പോലെയായി എന്നും അതിൽ ഇനി ഒന്നും വരില്ല എന്നുമൊക്കെയുള്ള വിമർശകരുടെ കരച്ചിൽ ഈ സിനിമ കാണുമ്പോൾ അവസാനിക്കുമായിരിക്കും. മുരളി ഗോപി ചെയ്ത പോലീസ് വേഷവും വളരെ ഇഷ്ടമായി. മറ്റൊരാൾ ചെയ്തിരുന്നുവെങ്കിൽ ക്ലിഷേ എന്ന് തോന്നിപ്പിക്കുമായിരുന്ന പല ഡയലോഗുകളും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഭാവപ്രകടനങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും സ്വാഭാവികമായ ഡയലോഗ് ഡെലിവറി അദ്ദേഹത്തിന്റെ അഭിനയത്തെ രക്ഷിച്ചിട്ടുണ്ട്. മീനയും സിദ്ദിഖും ആശാ ശരത്തും സായി കുമാറും ഒക്കെ അവരവരുടെ വേഷങ്ങൾ പ്രതീക്ഷിച്ചതു പോലെ ഭംഗിയാക്കിയിട്ടുണ്ട്. കഥയിലെ നിർണായകമായ ഒരു വേഷം ചെയ്ത അജിത് കൂത്താട്ടുകുളമാണ് അഭിനന്ദനമർഹിക്കുന്ന മറ്റൊരാൾ. അജിത്തിനെ ഇനിയും ഒരുപാടു സിനിമകളിൽ കാണാനിടവരട്ടെ എന്ന് ആശംസിക്കുന്നു. ആദം അയൂബിനെ വർഷങ്ങൾക്കു ശേഷം ഒരു നടനായി കാണാൻ പറ്റി.

അമിത പ്രതീക്ഷയുടെ ഭാരം ഒഴിവാക്കാനായി ഇതൊരു ഫാമിലി ഡ്രാമയാണെന്ന മുൻ‌കൂർ ജാമ്യം ജിത്തു ജോസഫ് എടുത്തിരുന്നെങ്കിലും ഈ സിനിമ സത്യത്തിൽ ലക്ഷണമൊത്ത ഒരു ക്രൈം ത്രില്ലർ തന്നെയാണ്. വളരെ നാളത്തെ ആലോചനയും അദ്ധ്വാനവും ഈ കഥയ്ക്ക് പുറകിലുണ്ടെന്നത് തീർച്ചയാണ്. കൊറോണ കാലത്തെ പരിമിതികളുടെ ദാരിദ്ര്യമൊന്നും ചിത്രത്തിന്റെ നിർമാണ ഗുണനിലവാരത്തെ ഒട്ടും ബാധിച്ചിട്ടുമില്ല. മികച്ച പ്ലാനിങ്ങും ഈ ചിത്രത്തിന്റെ നിർമാണത്തെ സഹായിച്ചിട്ടുണ്ട്. എല്ലാ കുറവും തികഞ്ഞ, പെർഫെക്ട് ആയ ഒരു സിനിമയല്ലിത്. അല്ലറ ചില്ലറ പ്രശ്നങ്ങൾ ഈ സിനിമയ്ക്കുമുണ്ട്. എന്നിട്ടും ഈ ചിത്രത്തെ മികച്ചത് എന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണം ആദ്യ പാരഗ്രാഫിലുണ്ട്. ജിത്തുവിന് അഭിനന്ദനങ്ങൾ.
ഗംഭീരമായ ഒരു തീയറ്റർ എക്സ്പീരിയൻസ് മിസ്സായി എന്നത് മാത്രം ഒരു നഷ്ടമായി നിലനിൽക്കും.