ഈ പോസ്റ്റ് ഒരു മൃതശരീരത്തിനും എതിരല്ല

0
70

പ്രവീണ അപ്പുണ്ണി

ഈ പോസ്റ്റ് ഒരു മൃതശരീരത്തിനും എതിരല്ല. ചൈന, ഇറ്റലി, ബ്രിട്ടൻ, അമേരിക്ക, ബ്രസീല്…. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ മുന്നിൽ ഇന്ത്യയാണ്. കേരളം കോവിഡ് മുക്തമാണോ, അല്ലെന്നു മാത്രമല്ല വളരെ സങ്കീർണ്ണമായ അവസ്ഥയിലുമാണ്. ആരോഗ്യ വകുപ്പ് നിലവിലെ അവസ്ഥ കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണെന്നതാണ് സത്യം .കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ലോക്ക് ഡൗൺ പാലിച്ച് പരമാവധി നിയന്ത്രണ വിധേയമായിരുന്ന കോവിഡ് രാഷ്ട്രീയ, ഭക്തിക്കച്ചവടവത്തിൻ്റെ മൂർദ്ധന്യത്തിൽ രണ്ടാം വേവെന്നോ സൂപ്പർ സ്പ്രെഡ് എന്നോ പേരിട്ടു വിളിക്കാവുന്ന അവസ്ഥയിലെത്തി. മരണമില്ലാത്ത കോളങ്ങൾ ചാനലിൽ കാണിച്ചതിൽ അഭിമാനിച്ച കേരളീയർ മരണം മൂന്നക്കമെത്തുന്നതും കണ്ടേക്കാമെന്ന പേടിയിലും.

അവസാനം വീണ്ടും ലോക്ക്ഡൗൺ… ചുറ്റും മരണസംഖ്യ ഉയരുന്നു, WHO യുടെ കണക്കുകളനുസരിച്ച് ഇന്ന് കണക്കു കൂട്ടുന്നതിലും ഭീകരമായേക്കാം കേരളത്തിൽ.എന്നിട്ടും ന്യായീകരണമാണ്. മരണം, പൊതുദർശനം, ഇളവുകൾ. നിങ്ങൾക്കറിയാമോ നിങ്ങളൊക്കെ ഇളവുകളുടെ പരമാവധി സാധ്യതകളുപയോഗിച്ച് ഈ അവസ്ഥയെത്തിച്ചപ്പോൾ ഇവിടെ ഇങ്ങനെയും കുറേ പേരുണ്ടെന്ന്.
വളരെ മോശം അവസ്ഥയിലും മാസം തോറുമുള്ള ചെക്കപ്പ് വേണ്ടെന്നു വച്ച് മരണത്തിലേക്കടുക്കുന്ന ക്യാൻസർ രോഗികളെ, വെയിൽ വന്നാൽ ,മഴ ചാറിയാൽ തളർന്നു പോകുന്ന ഭിന്നശേഷിക്കാരായ ഒരുപാട് ജന്മങ്ങളെ, സ്വന്തം രക്തബന്ധത്തിലുള്ളവരെ അവസാന നോക്കു പോലും ഒന്നു കാണാൻ പുറത്തിറങ്ങാത്ത വയോജനങ്ങളെ, നാലു ചുവരുകൾക്കുള്ളിലെ മൊബൈൽ സ്ക്രീനിലേക്ക് ചുരുങ്ങിപ്പോയ കുഞ്ഞുങ്ങളെ …ഓക്സിജൻ ഉണ്ടായിട്ടും ശ്വാസം മുട്ടുന്നുണ്ടിവർ.അവർക്കൊക്കെ ഒരു പ്രതീക്ഷയുണ്ട്, ഇന്നല്ലെങ്കിൽ നാളെ പുറത്തിറങ്ങാമെന്ന്. അതിനെയാണ് നിങ്ങൾ തുരങ്കം വെക്കുന്നത്.

ഓരോ മനുഷ്യനും അവൻ്റെ ഹൃദയത്തോടടുപ്പമുള്ള എന്തും ഒഴിവാക്കാൻ പറ്റാത്തവ തന്നെയാണ്.അത് വിവാഹമായാലും മൃതശരീരമായാലും. കൊറോണ മൂർധന്യത്തിലെ ആൾക്കൂട്ടങ്ങളെ ന്യായീകരിച്ച് കുഴയുന്നവരോട് ഒരു ചോദ്യം മാത്രം. നിയമങ്ങൾ പാലിക്കാനാണെന്നു വിശ്വസിച്ച് വീട്ടിലിരിക്കുന്നവരും മറ്റൊരാളുടെ മരണത്തിന് സ്വയം കാരണമാകരുതെന്നു കരുതുന്നവരും വെറും മണ്ടന്മാരാണെന്നാണോ നിങ്ങൾ കരുതുന്നത് ?ഉത്തരം അതെയെന്നാണെങ്കിൽ മാറിച്ചിന്തിക്കേണ്ട. നിങ്ങളുടെ വടക്കുനോക്കിയിരിപ്പ് തുടരുക.