മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

764

പ്രവീണാ അപ്പുണ്ണി (Praveena Appunni)എഴുതുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ…അങ്ങനെ …

രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തിന് പുത്തരിയല്ല. ഒറ്റയടിക്ക് കൊല്ലുന്ന കൈയ്യോ കാലോ വെട്ടിമാറ്റിയ അവയൊക്കെ ക്രൂരത കുറഞ്ഞ കൊലപാതകം എന്നു പേരിടുന്നില്ലെങ്കിലും ഓരോ ഇഞ്ചും വെട്ടി തുണ്ടമാക്കുന്ന ശ്വാസം നിലച്ചശേഷവും കൊത്തിയരിയുന്ന മൃഗീയത എന്നു പേരിടാൻ പോലും കഴിയാത്ത വളർച്ചയിലേക്ക് അവരും വളർന്നു കഴിഞ്ഞു.

ബലാൽസംഗങ്ങളിൽ ക്രൂരതയുടെ വളർച്ച സ്ത്രീരൂപം പോലും ആവശ്യമില്ലെന്ന രീതിയിലേക്ക്, 2 വയസുള്ള കുഞ്ഞ് എങ്ങനെ സ്ത്രീയാകും?. കൂട്ടം ചേർന്ന് പീഡിപ്പിച്ച് കൊന്ന യുവതിയുടെ കുടൽമാലയെ പോലും അക്രമികൾ ബാക്കി വച്ചില്ല.

തക്ക ശിക്ഷ ഉറപ്പുവരുത്തുന്നതിനു പകരം ഇതിനൊക്കെ കാരണക്കാരായ പ്രതികൾക്ക് ബിരിയാണിയും തയ്യൽ മെഷീനും കൊടുത്ത് സലാം നൽകി അയക്കുന്ന അവസ്ഥയാണ് നിർഭയയിലും മറ്റും കണ്ടത്. ഇത്തരം നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തതു കൊണ്ട് ഈ ക്രൂരന്മാർ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും എന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു. ജയിലിൽ അത്യാവശ്യം നല്ല സുഖ സൗകര്യങ്ങളുണ്ടെറിഞ്ഞ് അവിടെ കയറിപ്പറ്റാൻ കോഴിക്കോട്ടൊരു തൊഴിലില്ലാത്ത യുവാവ് പട്ടാപ്പകൽ വയോവൃദ്ധനെ കൊല ചെയ്ത വാർത്തയാണ് ഇന്നു രാവിലെ ചൂടാറാതെ പത്രങ്ങൾ മുന്നിൽ വിളമ്പിയത്.

രക്തവും പച്ച മാംസവും അറപ്പിനു പകരം ആസ്വദിക്കുന്ന ഒരു തലമുറയുടെ ഭാഗമാണ് നമ്മൾ. അതാണല്ലോ വാഹനാപകടങ്ങൾ വാർത്തയാകുമ്പോൾ കൂടെ വരുന്ന ഫോട്ടോകളും വീഡിയോയും നമ്മളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ചിതറിയ ശരീരഭാഗങ്ങൾ ,തലച്ചോർ പുറത്തു കാണുന്ന തലയോട്ടി, പുറത്തേക്കുന്തിയ കണ്ണുകൾ, റോഡിൽ പരക്കുന്ന ചോര എല്ലാം പുതിയ തലമുറയ്ക്ക് ആസ്വദിക്കപ്പെടേണ്ടവ തന്നെ, ആസ്വാദനശേഷിയുടെ പുതിയ തലങ്ങൾ തേടുന്ന യാത്രയിലാണ് മലയാളി. ആദ്യമാദ്യം ഇത്തരം ചിത്രങ്ങൾക്കും വീഡിയോകൾക്കും മുന്നിൽ ഞെട്ടലുകൾ രേഖപ്പെടുത്തിയവർക്കുപോലും പിന്നീട് ഇത്തരം വാർത്തകൾ കണ്ടില്ലെങ്കിലാണ് പ്രയാസം എന്ന രീതിയിലേക്കെത്തി ചേർന്നു. രക്തച്ചാലുകളും ക്രൂരകൃത്യങ്ങളും കണ്ട് മനുഷ്യ മനസുകൾ അതിനെ അതിജീവിക്കുന്ന ഒരു ഘട്ടം എത്തുന്നു എന്ന് സാരം. അവിടെയാണ് സമൂഹ മനസിലെ യഥാർത്ഥ അപകടം.

ക്രൂരതയെ എതിർത്ത് അതിലെ ഇരയ്ക്കൊപ്പം എന്ന ഹാഷ് ടാഗുകൾ ഏറ്റവും ക്രൂരമായ സന്ദേശം വഹിക്കുന്നവയായി മാറുന്നു. കണ്ണുകൾക്ക് പരിചിതമാക്കി ക്രൂരതകളെ നിസാരവൽക്കരിക്കുന്ന ഒരു മനശാസ്ത്രം ഇത് കാണുന്ന ഓരോരുത്തരിലേക്കും എത്തിക്കുന്നതോടൊപ്പം അവ സ്വയം പകർത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
അതു കൊണ്ട് തന്നെ ഹാഷ് ടാഗിട്ടവർ അതേ സ്വഭാവമുള്ള കേസിൽ പ്രതിയായി വരുന്നതും. ഇതിന്റെയൊക്കെ ഇര എന്നും സ്ത്രീകൾ മാത്രമായിരിക്കും എന്നത് വളരെ ശ്രദ്ധേയമാണ്.

എന്നാൽ സ്വന്തം കുഞ്ഞുങ്ങളെ തല്ലിക്കൊല്ലാൻ മടിയില്ലാത്ത അമ്മമാരുടെ ചിത്രങ്ങൾ എന്താണ് നമ്മളോട് പറയാൻ ശ്രമിക്കുന്നത്?

സ്ത്രീയെന്ന നിലയ്ക്ക് പലവിധ സാമൂഹ്യ മാന്യതകളാൽ ബന്ധിക്കപ്പെട്ട് പുറത്താരോടും പങ്കുവെക്കുവാൻ പോലും കഴിയാത്ത നിസഹാവസ്ഥകളും സംഘർഷങ്ങളും സ്ത്രീകൾക്കുള്ളിൽ ഉണ്ടെന്ന് പഴപ്പോഴും ബോധ്യപ്പെട്ട സന്ദർഭങ്ങളുണ്ട്.
പൊതു വിടങ്ങളിൽ നടക്കുന്ന ചില സംഭവങ്ങളിൽ പോലും സ്ത്രീക്കു നേരിട്ട അനുഭവം ഉള്ളതുള്ളതു പോലെ പറഞ്ഞാൽ ആദ്യം അവളുടെ കരണത്ത് പതിയാൻ പോകുന്ന കൈ സ്വന്തം ഭർത്താവിന്റെയോ അച്ഛന്റെയോ മകന്റെയോ തന്നെ ആകാം.
അതു ഭയന്നാകണം അവൾ പലപ്പോഴും അഹല്യാശിലയായി മാറാൻ ശ്രമിക്കുന്നത്.
എന്തായാലും ഇത്തരം അനുഭവ ശേഖരങ്ങളുള്ള പാവം സ്ത്രീശില എത്ര സൗമ്യത തോന്നിച്ചാലും ഉറങ്ങിക്കിടക്കുന്ന അഗ്നിപർവ്വതമല്ലാതെ വേറൊന്നുമല്ല.
സമൂഹത്തിൽ അല്ലെങ്കിൽ കുടുംബത്തിൽ നിന്നും നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങൾ ഒരിക്കലും തിരിച്ചടികൾ ഉണ്ടാകാനിടയില്ലാത്ത ഒന്നിലേക്ക് പ്രകടിപ്പിച്ച് ലഘൂകരിക്കാനാണോ ഇവർ ശ്രമിക്കുന്നത്?
കുട്ടികൾ ഇരകളാക്കപ്പെടുമ്പോൾ അങ്ങനെ തന്നെ മനസിലാക്കണം.
ആ ഒരു നിലയിലേക്ക് സമൂഹത്തിലെ സ്ത്രീകളെ എത്തിക്കുന്ന വിഷയങ്ങൾ നമുക്കിടയിൽ വളരുന്നുണ്ടോ?
ആ വഴിക്കു ചിന്തിക്കണം. കാരണം ഒന്നോ രണ്ടോ സംഭവങ്ങളല്ല ഒത്തരത്തിൽ ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്.

ഭർത്താവിനാൽ ക്രൂരമായി ഉപദ്രവിക്കപ്പെട്ടവൾ ചെയ്തു വെച്ച അരും കൊല-ക്രൂര കൃത്യ പരമ്പരകൾ മാസികയിലും മറ്റും തുടർക്കഥയായി വന്നത് വായിക്കേണ്ടി വരുന്നിടത്തേക്ക് മലയാളി എത്തി.പൊലീസിന്റെ മുന്നിൽ കുറ്റമേറ്റ് കുട്ടികളെപ്പോലെ അവൾ മുഖം പൊത്തിക്കരയുന്ന ചിത്രം എന്താണ് സൂചിപ്പിക്കുന്നത്. ചിന്തിപ്പിക്കുന്നത്. മനുഷ്യത്വത്തിന് ആകമാനം ആഴത്തിൽ വന്നു ചേർന്നിരിക്കുന്ന അപചയത്തിന്റെ ലക്ഷണസൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു എന്നതല്ലേ വാസ്തവം.
കുഞ്ഞുങ്ങൾ എന്നും അമ്മയുടെ കൈകൾക്കുള്ളിൽ സുരക്ഷിതരായിരിക്കട്ടെ, സ്ത്രീ എന്നും അമ്മ തന്നെയായിരിക്കട്ടെ.