വളരെ സന്ദിഗ്ധമായ ഈ അത്യാവശ്യ ഘട്ടത്തിൽ കർണാടകയുടെ ഈ പ്രവൃത്തി തനി തെമ്മാടിത്തവും നന്ദികേടും മനുഷ്യത്വ വിരുദ്ധവുമാണ്

68

പ്രവീണാ അപ്പുണ്ണി

എത്രയോ ശതകങ്ങളായി കാസർകോട് – കണ്ണൂർ ജില്ലയിൽ നിന്നുള്ള സാധാരണക്കാരുടെ വൈദ്യശാസ്ത്ര രംഗത്തെ സ്ഥിരം അവസാന രക്ഷാകേന്ദ്രമാണ് മംഗലാപുരം. ആശയും ആശ്രയവും എന്നു തന്നെ പറയണം.അങ്ങനെ ഇവിടത്തെ ഗതികെട്ട രോഗികളുടെ പണം കൊണ്ട് മംഗലാപുരം- മണിപ്പാൾ ഭാഗത്ത് കെട്ടിപ്പൊക്കിയ ആശുപത്രികൾക്ക് കയ്യും കണക്കുമില്ല. സാമ്പത്തികമനുസരിച്ച്
മൾട്ടിപ്പെഷ്യാലിറ്റി പഞ്ചനക്ഷത്ര സൗകര്യങ്ങൾ മുതൽ സാധാരണ മനുഷ്യർ ആശ്രയിക്കുന്ന ഡോക്ടർമാരുടെ ക്ലിനിക്കുകൾ വരെ അസംഖ്യം സൗകര്യങ്ങൾ. അത്യുത്തര കേരളത്തിനാകട്ടെ, തൊട്ടടുത്ത് ഏറ്റവും പ്രഗത്ഭ ഡോക്ടർമാരുടെ സേവനങ്ങളുടെയൊക്കെ ഒറ്റത്താവളമായി ഈ നഗരം മാറി. പല്ലുവേദന മുതൽ ക്യാൻസർവരെ – എക്സ് റേ മുതൽ അടുത്തൂടെ പോകാൻ തന്നെ പതിനായിരങ്ങൾ വേണ്ടിവരുന്ന അത്യന്താധുനിക സ്കാനിങ് സൗകര്യങ്ങൾ വരെ. എല്ലാത്തിനും കണ്ണൂർ കാസർകോട് ജില്ലകൾ ആശ്രയിക്കുന്നത് ഈ നഗരത്തെയാണ്. അങ്ങനെ രോഗികളും ഉടുതുണിക്കു മറുതുണി മാറിയിട്ടുക്കാനില്ലാതായ അവരുടെ ബന്ധുക്കളും വണ്ടി കയറി രാപ്പകലെന്നില്ലാതെ നിരന്തരം വന്നും പോയുമിരിക്കുന്നതാണ്. അങ്ങനെയും കൂടിയാണ് മംഗലാപുരം ഇന്നു കാണുമ്പോലെ തടിച്ചു കെഴുത്ത് പളപളപ്പിലായത്. ദിവസേന നൂറു കണക്കിന് ഓപ്പറേഷനുകളടക്കം നടക്കുന്നു.
പ്രമുഖ ആശുപത്രികൾ കാസർകോട് കണ്ണൂർ ജില്ലകളിലെ ഓരോ ടൗണുകളിലും ഓഫീസിട്ട് അവിടത്തെ അപ്പോയിൻമെന്റും ബുക്കിങ്ങും സ്വീകരിച്ചു.അത്യാവശ്യങ്ങളിൽ അത്യാവശ്യമായ കാസർകോട് മെഡിക്കൽ കോളേജ് എന്ന സങ്കൽപ്പം എത്രയോ കാലമായിട്ടും പണി തീർന്നു യാഥാർത്ഥ്യമായി ഇനിയും ജനങ്ങൾക്ക് ഉപകാരമാകാത്തതിനു പിന്നിൽ മംഗലാപുരത്തെ വലിയ മെഡിക്കൽ മാഫിയകളുടെ ചരടുവലികളാണെന്നതു വരെ ഇവിടെ അങ്ങാടിപ്പാട്ടാണ്.എന്നിട്ട് ഇപ്പോൾ ആ മംഗലാപുരത്തേക്ക് കേരളത്തിൽ നിന്നുള്ള അതിർത്തി റോഡുകളാണ് അധികൃതർ മണ്ണിട്ട് വേലികെട്ടി അടച്ചിരിക്കുന്നത്.മംഗലാപുരത്തെ ആശുപത്രികളുടെ ചികിത്സയിൽ ജീവിക്കുന്ന പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് രോഗികൾ ഉണ്ടിവിടെ. അവിടെത്തെ ഭിഷഗ്വരന്മാർ കുറിച്ചു കൊടുക്കുന്ന മരുന്നുകൾ അവിടങ്ങളിൽ മാത്രമേ കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ്. ചികിത്സയിലിരിക്കുന്ന എല്ലാവർക്കും അനുഭവം അതാണ്. ഒരു ദിവസം പോലും മരുന്നുകൾ മുറതെറ്റിക്കൂടാത്ത എൻഡോസൾഫാൻ ഇരകൾ വരെ കഴിഞ്ഞുകൂടുന്ന നാടാണിത്. നോവും,പൊറുക്കില്ലിവർ. വളരെ സന്ദിഗ്ധമായ ഈ അത്യാവശ്യ ഘട്ടത്തിൽ ഈ വഴി അടയ്ക്കൽ തനി തെമ്മാടിത്തവും നന്ദികേടും മനുഷ്യത്വ വിരുദ്ധവുമാണ്. സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശം എടുത്തുകളയുന്നവരെ കോടതിയും കാണേണ്ടതുണ്ട്. മാധ്യമങ്ങൾ ഉണർന്നു പ്രവർത്തിക്കുക. ഇക്കാര്യം കേരളാ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി മനസ്സിലാക്കുന്നു. അടിയന്തിരമായി വേണ്ടതു ചെയ്യുമെന്നു കരുതുന്നു. കേന്ദ്ര- കർണ്ണാടക സർക്കാരുകളെ ഇടപെടുത്തുക. ഉടനടി പരിഹാരം കാണുക.വഴികൾ തുറക്കുവാൻ വൈകരുത്.

Advertisements