ഞാൻ കണ്ട പാക്കിസ്ഥാനി

236

Pravesh Prabhakaran എഴുതുന്നു 

ഞാൻ കണ്ട പാക്കിസ്ഥാനി
******************
ഏറ്റവും കൂടുതൽ വിഭജനങ്ങൾ ഉള്ളത് മനുഷ്യരുടെ ഇടയിലാണ്. അവൻ ഹിന്ദുവാണ് അവൻ മുസ്ലിം ആണ് അവൻ തീയൻ ആണ് അവൻ നായർ ആണ് അവൻ തമിഴൻ ആണ് അവൻ ബംഗാളി ആണ് അവൻ കമ്മ്യൂണിസ്റ്റ് കാരൻ ആണ് അവൻ ബിജെപിക്കാരൻ ആണ് അവൻ ഇന്ത്യക്കാരൻ ആണ് അവൻ അമേരിക്കക്കാരൻ ആണ് അവൻ പണക്കാരൻ ആണ് ഇങ്ങനെ എല്ലാത്തിന്റെ കാര്യത്തിലും ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് മനുഷ്യൻ മാറ്റി നിർത്തപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുണ്ട്. ഒരു മനുഷ്യന്റെ വ്യക്തിത്വം ജാതിയോ മതമോ വർഗ്ഗമോ വർണ്ണമോ ഒന്നും അടിസ്ഥാനപ്പെടുത്തി അല്ല എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് പക്ഷെ നേരിട്ട് അനുഭവിച്ചു അറിയുമ്പോൾ ആണല്ലോ അത് കൂടുതൽ ഹൃദയ സംബന്ധി ആവുന്നത്.

ദുബായിൽ ജോലി ചെയ്യുന്ന സമയമാണ്. കമ്പനി കുറച്ചു പ്രതിസന്ധിയിൽ ആണ് ആ സമയത്തു മരുഭൂമിയിൽ മഴ പോലെ ഒരു പ്രോജക്റ്റ് കിട്ടി.പക്ഷെ പ്രോജക്ട് ചെയ്യണ്ട സോഫ്റ്റ് വെയർ അറിയില്ല..പ്രോജക്റ്റ് കളഞ്ഞാൽ പിന്നെ ഒന്നു കിട്ടാൻ ഒരുപാട് സമയം എടുക്കുന്ന സീറ്റുവേഷൻ ആണ്.പിടിച്ചു നിന്നില്ലെങ്കിൽ ഒരു രക്ഷയും ഇല്ല. ആ സമയത്താണ് സീനിയർ ആയ വിൻസെന്റ് ചേട്ടനെ കുറിച്ച് ഓർമ്മ വന്നത്. പുള്ളിയെ വിളിച്ചു ചോദിച്ചപ്പോൾ അങ്ങേർക്കും വലിയ പിടി ഇല്ല.. സോഫ്റ്റ് വെയർ അറിയാവുന്ന ആരെയെങ്കിലും അറിയുമോ എന്ന് ചോദിച്ചപ്പോൾ നോക്കാം എന്ന് പറഞ്ഞു പുള്ളി പോയി.. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പുള്ളി തിരിച്ചു വിളിച്ചു .പ്രോജക്റ്റ് ഉപേക്ഷിക്കാൻ മനസൊരുക്കുന്ന സമയമാണ്. പുള്ളിയുടെ ഒരു സുഹൃത്തിന്റെ ഒരു പരിചയക്കാരൻ ഉണ്ട് മൂപ്പർ അബുദാബിയിലാണ് പോയി കണ്ടാൽ ചിലപ്പോൾ കാര്യം നടക്കും എന്നു പറഞ്ഞു അയാളുടെ നമ്പർ അയച്ചു തന്നു വിൻസെന്റ് ചേട്ടൻ.ഉടനെ വിളിച്ചു നോക്കി ആഹാ പുള്ളി ഒരു പാക്കിസ്ഥാനി ആണ്.. കാര്യം പറഞ്ഞപ്പോൾ അറിയാവുന്നതാണെങ്കിൽ പറഞ്ഞു തരാം എന്ന് അലസമായി അയാൾ മറുപടി തന്നു..വേറെ ഒരു മാർഗ്ഗവും മുന്നിൽ ഇല്ലാത്തത് കൊണ്ട് അബുദാബിയിൽ ചെന്ന് അയാളെ കാണാൻ തീരുമാനിച്ചു.കൂടെ വരാം എന്ന് ബോസ് പറഞ്ഞു. അങ്ങനെ ഒരു ഉറപ്പും ഇല്ലാതെ അബുദാബിയിലേക്ക് യാത്രയായി.

അയാൾ താമസിക്കുന്ന ക്യാമ്പിനു മുന്നിൽ വണ്ടി നിന്നു. ഫോൺ ചെയ്തപ്പോൾ ഗെയ്റ്റിൽ വരാം എന്ന് ആൾ പറഞ്ഞു.. സോഫ്റ്റ് വെയർ ടെക്കി ഒക്കെ ആവുമ്പോൾ ഞാൻ ഒരു പയ്യൻസ് നെ ആണ് പ്രതീക്ഷിച്ചത്..ഇത് ഒരു 40-45 വയസ് പ്രായം ഉള്ള ഒരു മനുഷ്യൻ വന്നു നിക്കുന്നു..പണി പാളിയോ എന്ന് വിചാരിച്ചു ഞാനും ബോസും മുഖത്തോട് മുഖം നോക്കി. അയാൾ വന്നു റൂമിലേക്ക് ക്ഷണിച്ചു..എന്തായാലും വന്നു എന്താണെന്ന് നോക്കാം എന്നു കരുതി ഞാൻ അയാളുടെ കൂടെ പോയി..

പോർട്ടബിൾ ക്യാബിൻ ആണ് അക്കോമഡേഷൻ പക്ഷെ അയാളുടെ റൂം വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു സാധനങ്ങൾ എല്ലാം കൃത്യമായി ഓരോ ഇടങ്ങളിൽ അടുക്കി വെച്ചിരിക്കുന്നു.ലാപ്ടോപ്പ് തുറന്നു കൊടുത്തു പ്രോജക്റ്റ് നെ പറ്റി പറഞ്ഞ ഉടനെ പുള്ളി വളരെ സിംപിൾ ആയി വർക്ക് ചെയ്തു തുടങ്ങി.. ഞാൻ അന്തം വിട്ടിരുന്നു കണ്ടു.. എന്നെ പഠിപ്പിച്ചു തരാൻ ചെയ്യുന്നതിനോടൊപ്പം എല്ലാം വിശദീകരിച്ചു പറഞ്ഞു തന്നാണ് പുള്ളി വർക്ക് ചെയ്യുന്നത് ഞാൻ എല്ലാം കണ്ടു മനസിലാക്കി അങ്ങനെ ഇരുന്നു.

ഈ സോഫ്റ്റ് വെയർ മാത്രം പഠിക്കാൻ ഞാൻ 18000 രൂപ കാഡ് സെന്ററിൽ കൊടുത്തിരുന്നു.. അപ്പോൾ ഇയാൾക്കും നല്ല ഒരു തുക കൊടുക്കേണ്ടി വരും എന്ന് കരുതി പേഴ്‌സ് എടുത്തു റെഡി ആക്കി വച്ച് ഞാൻ കണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ പ്രോജക്റ്റ് എങ്ങനെ എക്സിക്യൂട്ട് ചെയ്യണം എന്നുള്ളതിന് എനിക്ക് കൃത്യമായി ഒരു ഐഡിയ കിട്ടി..ലാപ്ടോപ്പ് മടക്കുമ്പോൾ നിറഞ്ഞ മനസോടെ ഞാൻ പൈസ എടുത്തു അദ്ദേഹത്തിന് നേരെ നീട്ടി പെട്ടന്ന് അദ്ദേഹം എന്റെ കയ്യിൽ കടന്നു പിടിച്ചു എന്നിട്ട് ഉറച്ച സ്വരത്തിൽ ഉറുദുവിൽ എന്നോട് പറഞ്ഞു. പൈസ തരാൻ ആണ് ഭാവം എങ്കിൽ മേലാൽ നീ എന്ത് സംശയം ചോദിച്ചാലും ഞാൻ പറഞ്ഞു തരില്ല.. എനിക്ക് സത്യത്തിൽ കണ്ണ് അങ്ങോട്ട് നിറഞ്ഞു പോയി.. തന്റെ കൂടെ റൊട്ടി കഴിച്ചിട്ട് പോകാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു..

ഇതാണ് ഞാൻ അടുത്തറിഞ്ഞ ഒരു പാക്കിസ്ഥാനിയുടെ സ്വഭാവം.. നല്ല വ്യക്തികൾ ഒരു നാടിന്റെയും കുത്തകയല്ല ഒരു ജാതിയുടെയോ മതത്തിന്റെയോ അല്ല..അത് വ്യക്തിപരമായ സ്വഭാവ സവിശേഷതയാണ്