പ്രയേഴ്സ് ഫോർ ദ സ്റ്റോളൻ: അഗ്നിപഥങ്ങളിലെ പ്രാർത്ഥനകൾ
ബാലചന്ദ്രൻ ചിറമ്മൽ
കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)
കലാപങ്ങളുടെയും അധോലോക അക്രമങ്ങളുടെയും വിളനിലങ്ങളാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. മയക്ക് മരുന്നു-മനുഷ്യക്കടത്ത് മാഫിയകൾ സ്വന്തം സാമ്രാജ്യങ്ങൾ പടുത്തുയർത്തുകയും അധികാരത്തിൻറെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ പോലും സ്വന്തം സ്വാധീനം ഉറപ്പിക്കുകയും ചെയ്തു എന്നതാണ് ലാറ്റിനമേരിക്കൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം. ഒരു ഭരണകൂടത്തെ അട്ടിമറിക്കാൻ പോലും ശക്തമാണ് അവയുടെ സ്വാധീനം.
ഇത്തരം മാഫിയാ ഗ്രൂപ്പുകൾക്ക് വലിയ സ്വാധീനമുള്ള രാജ്യങ്ങളിലൊണാണ് മെക്സിക്കോ. മയക്ക് മരുന്ന് മാഫിയകൾ തമ്മിലുള്ള കുടിപ്പകകൾക്കും അധോലോക യുദ്ധങ്ങൾക്കും അവിടം പ്രസിദ്ധമാണ്. മയക്ക് മരുന്ന് മാത്രമല്ല മനുഷ്യക്കടത്തിലും ഈ മാഫിയകൾ കുപ്രസിദ്ധമാണ്. ഭരിക്കുന്ന സർക്കാറുകളെ പോലും വെല്ലുവിളിക്കാനുള്ള ശേഷി ഈ മാഫിയാ ഗ്രൂപ്പുകൾക്കുണ്ട്. കുപ്രസിദ്ധമായ പല മെക്സിക്കൻ മാഫിയാ ഗ്രൂപ്പുകൾക്കും ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ മാഫിയ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമാണുള്ളത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയിൽ നിന്നും മെക്‌സിക്കൻ, ഇറ്റാലിയൻ പോലീസ് സേനകളിൽ നിന്നും തിരിച്ചടികൾ നേരിടുന്നുണ്ടെങ്കിലും വിതരണ റൂട്ടുകൾ പരിമിതപ്പെടുത്തിയും ബദൽ വ്യാപാരമാർഗങ്ങൾ കണ്ടെത്തിയും ഈ മാഫിയകൾ അവയുടെ വ്യാപാരം നിലനിർത്തുന്നുണ്ട്. മെക്സിക്കോയിലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമുള്ള പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്ന് ഈ മാഫിയാകൾ നേരിട്ട് മയക്ക് മരുന്നുകൾ ശേഖരിച്ചാണ് അവരുടെ വ്യവസായം നിലനിർത്തുന്നത്. ഈ ഇടപാടുകൾ സമാധാനം ആഗ്രഹിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങൾക്ക് വലിയ ഭീഷണിയാണ്. മാത്രമല്ല പെൺകുട്ടികൾ പ്രായമാവുമ്പോൾ അവരെ തട്ടിക്കൊണ്ട് പോയി ‘മാർക്കറ്റുകളിൽ” വിൽക്കുകയും ചെയ്യുന്നുണ്ട് ഇവർ.
ഇത്തരം മാഫിയകളെ കുറിച്ച് നിരവധി സിനിമകൾ ലാറ്റിനമേരിക്കയിലും മറ്റ് രാജ്യങ്ങളിൽ നിർമിക്കപ്പെട്ടിട്ടുണ്ട്. റൂഡി ലെഗമൻ (Rudi Lagemann) സംവിധാനം ചെയ്ത “എയ്ഞ്ചെൽസ് ഓഫ് ദ സൺ” (Angels of the Sun)ഫെർണാണ്ടോ മെരാലിസും (Fernando Meirelles) കാച്യ ലണ്ടും(Kátia Lund) സംയുക്തമായി സംവിധാനം ചെയ്ത “സിറ്റി ഓഫ് ഗോഡ്”( City of God), ഫെർണാണ്ടോ ഫ്രയാസ് ഡി ല പാർറ (Fernando Frías de la Parra) സംവിധാനം ചെയ്ത “അയാം നോ ലോങ്ങർ ഹിയർ” (I’m No Longer Here), കേരി ജോജി ഫുകുനാഗ(Cary Joji Fukunaga) സംവിധാനം ചെയ്ത “സിൻ നോംബ്രെ (Sin Nombre) എന്നിവ മികച്ച ഉദാഹരണങ്ങളാണ്. എന്നാൽ ഇവ മിക്കതും മാഫിയാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലോ അവർക്കുള്ളിൽ നടക്കുന്ന കലഹങ്ങളോ ആണ് അവതരിപ്പിക്കുന്നത്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി സ്ത്രീപക്ഷത്ത് നിന്ന് ഈ പ്രശ്നങ്ങളെ സമീപിക്കുന്ന വളരെ മനോഹരമായ മെക്സിക്കൻ സിനിമയാണ് തത്യാന ഹെയ്സോ (Tatiana Huezo) സംവിധാനം നിർവഹിച്ച “പ്രയേഴ്സ് ഫോർ ദ സ്റ്റോളൻ” (Prayers for the Stolen). മാഫിയാ ഗ്രൂപ്പുകൾ ഉണ്ടാക്കുന്ന കെടുതികൾക്ക് മിക്കവാറും ഇരയാകുന്നത് ആ പ്രദേശങ്ങളിൽ പാർക്കുന്ന സ്ത്രീകൾ തന്നെയാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടാവും. സ്ത്രീകൾ സംവിധാനം ചെയ്ത അത്തരം സിനിമകളും ഉണ്ടാവും. എന്നാൽ മാഫിയാ ഗ്രൂപ്പുകളുടെ അക്രമങ്ങൾക്ക് ഇരയാകുന്ന അരക്ഷിതരും അശരണരുമായ സ്ത്രീകളുടെ വേവലാതികളും വേദനയും ഒപ്പിയെടുത്ത് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന സിനിമകൾ തുലോം വിരളമാവും. അത്തരം സിനിമ കൂടിയാണ് “പ്രയേഴ്സ് ഫോർ ദ സ്റ്റോളൻ”. അധോലോക അക്രമങ്ങളും ഏറ്റുമുട്ടലുകളും സ്ത്രീകളെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് ഈ സിനിമയിലൂടെ നമ്മോട് പറയുകയാണ് ഹെയ്സോ.
മല തുരന്ന് പോകുന്ന അത്യാർത്തിയുടെ ബഹിർസ്പുരണം കൂടിയാണ് സിനിമ. സിനിമ രണ്ട് ഭാഗങ്ങളായി നമുക്ക് കണക്കാക്കാവുന്നതാണ്. അത് ക്വാറി മാഫിയ മല തുരക്കുന്നതിലൂടെയാണ് വുഭജിക്കപ്പെടുന്നത്. ആദ്യപകുതി തുടങ്ങുമ്പോൾ മല തുരക്കുന്നത് തുടങ്ങിയിട്ടേ ഉള്ളുവെങ്കിൽ ഒരു മലയുടെ ഒരു ഭാഗം അപ്പാടെ ഇല്ലാതായത് കാണിച്ച് കൊണ്ടാണ് രണ്ടാം പകുതി തുടങ്ങുന്നത്. ഈ രണ്ട് ഭാഗങ്ങളിലൂടെ അന എന്ന പെൺകുട്ടിയുടെ ജീവിതത്തെയാണ് ഹെയ്സോ ആവിഷ്കരിക്കുന്നത്. ശൈശവത്തിലും യൗവനത്തിലും അനയും അമ്മയും നേരിടുന്ന ഭീഷണിയും അരക്ഷിതാവസ്ഥയും കാണിക്കുന്നതിലൂടെ സമകാലീന മെക്സിക്കൻ സമൂഹത്തിലെ സ്ത്രീകളുടെ പരിതാപകരമായ ജീവിതത്തിൻറെ ഒരു ഏട് തുറന്ന് വെക്കുകയാണ് സംവിധായിക.
വടക്കൻ മെക്സിക്കോയിലെ മലനിരകൾക്കടുത്ത് താമസിക്കുന്ന അനയുടെയും കൂട്ടുകാരികളുടെയും (മറിയയും പൗലയും) അനയുടെ അമ്മ റിതയുടെയും ജീവിതത്തിലൂടെയാണ് മെക്സിക്കൻ ഗ്രമീണ മേഖലയിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം ഹെയ്സോ നമുക്ക് കാണിച്ച് തരുന്നത്. അനധികൃത ഘനനം നടക്കുന്ന ഈ മേഖലയിൽ പോപ്പിച്ചെടിയുടെ കറ ശേഖരിക്കുന്ന തൊഴിൽ കൂടി ലഭ്യമാണ്. ഈ കറയിൽ നിന്നാണ് ഹെറോയിൻ ഉണ്ടാക്കുന്നത്. സ്ത്രീകളെയും വൃദ്ധന്മാരെയും കുട്ടികളെയുമൊക്കെയാണ് തുച്ഛമായ കൂലി കൊടുത്തും ഭീഷണിപ്പെടുത്തിയും ഇവർ ഈ പണിക്ക് ഉപയോഗിക്കുന്നത്. മയക്ക് മരുന്ന് ലോബിയും പോലീസും തമ്മിൽ നിരന്തരം സംഘർഷത്തിലേർപ്പെടുന്ന മേഖല കൂടിയാണ് ഇത്. അതേ സമയം തന്നെ ഫെഡറൽ പോലീസിലൊരു വിഭാഗം കടുത്ത അഴിമതിക്കാരും മാഫിയക്ക് ആവശ്യമായ സഹായം നൽകുന്നവരുമാണ്. മയക്ക് മരുന്ന് വിളവെടുപ്പ് ഇല്ലാത്ത സമയങ്ങളിൽ മയക്ക് മരുന്ന് ലോബി മലമടക്കുകളിൽ തെരച്ചിൽ നടത്തുകയും പ്രായപൂർത്തിയായ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ചെയ്യും. കുട്ടികളായിരിക്കുമ്പോൾ തന്നെ മാഫിയാ സംഘങ്ങൾ പെൺകുട്ടികളെ നോക്കി വെക്കും. അത് കൊണ്ട് തന്നെ പെൺകുട്ടികളുടെ അമ്മമാർ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. സ്വന്തം മക്കളെ ഇത്തരക്കാരിൽ നിന്ന് സംരക്ഷിക്കാൻ ആ കുട്ടികളെ പലപ്പോഴും അമ്മമാർക്ക് ഒളിപ്പിക്കേണ്ടി വരാറുണ്ട്. അനയുടെ അമ്മ അനയെ ഒളിപ്പിക്കാൻ ഒരു മൺകുഴിയെടുക്കുന്നിടത്ത് നിന്നാണ് സിനിമയുടെ തുടക്കം. ആ മൺകുഴിയിൽ ഒളിച്ച് കിടന്നാണ് അവൾ മാഫിയയിൽ നിന്ന് രക്ഷപ്പെടുന്നത്.
തുടക്കത്തിൽ തന്നെ ഇത്തരം ഒളിയിടങ്ങൾ നിർമിക്കുന്നിടത്ത് നിന്ന് സിനിമ നമ്മെ നയിക്കുന്നത് അനയും കൂട്ടുകാരികളായ പൗലയും മരിയയും കാട്ടിൽ നിൽക്കുന്നിടത്താണ്. മനോഹരമായ ജീവികൾ കാട്ടിൽ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന ദൃശ്യങ്ങളാണ് ഹെയ്സോ നമുക്ക് ആദ്യം കാട്ടിത്തരുന്നത്. ഈ കുട്ടികൾ ഇത് ആസ്വദിക്കുന്ന സമയത്താണ് അത് വഴി കൊടിയ വിഷമുള്ള ഒരു പാമ്പിനെ അവർ കാണുന്നത്. മലമടക്കുകളിലെ സുന്ദരമായ ജീവിതം കാട്ടിത്തരുന്നതിനിടയിൽ പാമ്പിൻറെ ഈ ദൃശ്യം കാട്ടുക വഴി കുട്ടികൾ എത്രമാത്രം അപകടകരമായ പരിസരത്തിലാണ് ജീവിക്കുന്നത് എന്ന സൂചനയാണ് സംവിധായിക നമുക്ക് നൽകുന്നത്. അവിടെ നിന്ന് ദൃശ്യം ക്വാറി മാഫിയ ഒരു മലയുടെ ഒരു ഭാഗം തന്നെ വെടിമരുന്ന് വെച്ച് തകർക്കുന്ന ദൃശ്യത്തിലേക്ക് പടരുന്നു. അവയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ഇവയൊക്കെ അവിടങ്ങളിലെ ജനങ്ങൾ നേരിടുന്ന ഭീഷണിയുടെ സൂചനകൾ കൂടിയാണ്. തൊഴിൽ തേടി നാട് വിട്ട് പോയ ആണുങ്ങളുടെ അഭാവം കൂടി ഇവിടെ കൂട്ടി വായിക്കാം. മൊത്തത്തിൽ വൃദ്ധന്മാരും കുട്ടികളും സ്ത്രീകളും മാത്രമാണ് ഗ്രാമത്തിൽ അവശേഷിക്കുക. ഇത് മാഫിയകൾക്ക് കൂടുതൽ ശക്തി നൽകുന്ന സാമൂഹ്യപരിസരം സൃഷ്ടിക്കുന്നു. കുന്നിൻ മുകളിൽ പോയാൽ മാത്രം കിട്ടുന്ന മൊബൈൽ റേഞ്ച് സ്ത്രീകൾക്ക് അടിയന്തിരഘട്ടത്തിൽ ഭർത്താക്കന്മാരുമായി ബന്ധപ്പെടാനുള്ള അവസരം കൂടി ഇല്ലാതാക്കുന്നു. പലപ്പോഴും സ്വന്തം ഭർത്താക്കന്മാരുമായി വളരെക്കാലം പരസ്പര ബന്ധമില്ലാതെ ജീവിക്കാൻ ഇവർ നിർബന്ധിതരാവുന്നു. ചുരുക്കി പറഞ്ഞാൽ തീർത്തും അരക്ഷിതാവസ്ഥയിലാണ് ഗ്രാമത്തിലെ കുടുംബങ്ങളുടെ ജീവിതം. ഇടക്കിടെ ആക്രമണം അഴിച്ച് വിടുന്ന മാഫിയാകളും അവരെ എതിർക്കാനുള്ള ശേഷി പോരാത്ത പട്ടാളവും നിസ്സഹായരായ ജനങ്ങളും ചേർന്നതാണ് മെക്സിക്കൊയിലെ ജനങ്ങളുടെ ജീവിതം. ആശുപത്രി എന്നോ ഹോട്ടൽ എന്നോ വ്യത്യാസമില്ലാതെ കണ്ണിൽ ചോരയില്ലാതെ വെടിയുതിർത്ത് ഓടി മറയുന്ന മാഫിയാ ഗ്രൂപ്പും തിരിച്ചടിക്കാതെ തലതാഴ്ത്തി നിൽക്കുന്ന പട്ടാളവുമാണ് മെക്സിക്കൊയുടെ ശാപം എന്നാണ് സിനിമ പറയുന്നത്.
മാഫിയയെ മാത്രമല്ല പട്ടാളക്കാരെയും ഇവിടെയുള്ള മനുഷ്യർക്ക് പേടിയാണ്. അവരുടെ കണ്ണുകളിലേക്ക് നോക്കരുത് എന്ന് അവർ കടന്ന് പോകുമ്പോൾ കുട്ടികൾ പറയുന്നുണ്ട്.കുട്ടികൾ മെയ്ക്കപ്പ് ഇടുന്നതും സുന്ദരികളാകുന്നതും ഭയപ്പാടോടെയാണ് അമ്മമാർ കാണുന്നത്. അത് കുട്ടികളെ മനുഷ്യക്കടത്ത് നടത്തുന്നവരുടെ കാഴ്ചവട്ടത്തേക്ക് കൊണ്ട് വരുമെന്നും അവർ മാഫിയയുടെ ഇരയാകുമെന്നും അമ്മമാർ ഭയപ്പെടുന്നു. അത് കൊണ്ട് അന ലിപ്സ്റ്റിക്ക് ഇട്ടപ്പോൾ അമ്മ അവളെ വഴക്ക് പറയുകയും അത് കഴുകിക്കളയാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട് സിനിമയിൽ. വളരെ കൊച്ച് കുട്ടിയായ അന പോലും സുന്ദരിയാവുന്നത് അപകടകരമാണ് എന്ന് ഈ ദൃശ്യം നമ്മോട് പറയുകയാണ്. സുന്ദരികളായ കുട്ടികൾ മാഫിയയുടെ ശ്രദ്ധയിൽ പെടും എന്നും അത് അവരുടെ സുരക്ഷയെ ബാധിക്കും എന്നും അനയുടെ അമ്മ റിതക്കറിയാം. ജുവാൻ എന്ന പെൺകുട്ടിയെ മാഫിയ തട്ടിക്കൊണ്ട് പോയ കാര്യം നഗരത്തിൽ നിന്നും റിത അറിയുന്നുമുണ്ട്. ഇത് അവളിൽ കൂടുതൽ ഭീതി പരത്തുന്നു.
അനയുടെ വളർച്ച കണ്ട അമ്മ അവളുടെ മുടി മുറിച്ച് കളയുന്നത് ഈ രംഗത്തോട് ചേർത്ത് വായിക്കവുന്നതാണ്. പേൻ വളരാതിരിക്കാനാണ് അത് ചെയ്യുന്നത് എന്നും താൻ കുട്ടിയായിരുന്നപ്പോൾ എൻറെ മുടിയും അമ്മ മുറിച്ച് കളഞ്ഞിരുന്നു എന്നും റിത മകളോട് പറഞ്ഞ് അവളെ സമാധാനിപ്പിക്കുന്നുണ്ട്. സത്യത്തിൽ ആൺകുട്ടിയാണ് എന്ന തോന്നൽ ഉണ്ടാക്കാനും ശ്രദ്ധ മാറ്റാനുമാണ് അങ്ങിനെ ചെയ്യുന്നത് എന്ന് കാഴ്ചക്കാർക്ക് മനസ്സിലാവും. അമ്മമാർ മാഫിയകളെ എത്ര മാത്രം ഭയപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്. “പെൺകുട്ടി”ത്തത്തിൻറെയും സ്ത്രീത്വത്തിൻറെയും എല്ലാ അടയാളങ്ങളും മായ്ച്ച് കളഞ്ഞാൽ മാത്രമേ ജീവിതം സുരക്ഷിതമായി കൊണ്ട് പോകാനാകൂ എന്നാണ് സൂചന. മുടി മുറിക്കുമ്പോൾ വിതുമ്പുന്ന അനയുടെ മുഖം പുരുഷകേന്ദ്രീകൃത മാഫിയാസമൂഹത്തിന് നേരെയുള്ള കൂരമ്പായി നമുക്ക് കാണാം.
ജുവാൻ എന്ന പെൺകുട്ടിയെ ഇതിനിടെ മാഫിയാകൾ തട്ടിക്കൊണ്ട് പോകുന്നുണ്ട്. അവളുടെ അച്ഛനെ അവർ കൊല്ലുകയും ചെയ്യുന്നു. അവരുടെ അനാഥമായ പശുക്കളും അലങ്കോലപ്പെട്ട് കിടക്കുന്ന വീടും വരാൻ പോകുന്ന ഏതോ ദുരന്തത്തിൻറെ അടയാളമായി ഗ്രാമത്തിൽ നിലകൊണ്ടു. യാദൃശ്ഛികമായി അവിടെ എത്തുന്ന അന ഇത് കാണുകയും പുറത്ത് വരി തെറ്റി കിടക്കുന്ന ഒറ്റച്ചെരിപ്പ് അകത്ത് ഉപേക്ഷിച്ച് പോയ ചെരിപ്പുമായി കൂട്ടിവെക്കുകയും ചെയ്യുന്നുണ്ട്. ജാലകത്തിലൂടെ നോക്കുന്ന അവൾ നഷ്ടപ്പെട്ട് പോയ സ്വപ്നം പോലെ ജുവാൻറെ വീണ് കിടക്കുന്ന സൈക്കിൾ കാണുന്നുണ്ട്. നഷ്ടപ്പെട്ട് പോയ ഒരു ബാല്യത്തിൻറെ സൂചകമായി ആ സൈക്കിൾ കുറെക്കാലം അവിടെ കിടന്നു. പിന്നീട് മരിയയുടെ സഹോദരൻ അത് കൈക്കലാക്കുന്നു. ക്വാറിയിൽ പണിയെടുക്കുന്ന അവൻ ആ സൈക്കിളിലാണ് പിന്നീട് പണിക്ക് പോകുന്നത്. ഇത് അനക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടുന്നില്ല. അത് തിരിച്ച് കൊണ്ട് വെക്കുവാൻ അവൾ അവനോട് പറയുന്നുണ്ടെങ്കിലും ജുവാൻ ഇനി ഒരിക്കലും തിരിച്ച് വരില്ല എന്ന സത്യം വേദനയോടെ അന മനസ്സിലാക്കുന്നു.
ജുവാൻറെ വീട് ഒരു ദുരന്തസ്മാരകമായി നിലകൊള്ളുന്നു. അന ഇടക്കിടെ അവിടം സന്ദർശിക്കുകയും ജുവാൻറെ ഓർമ പുതുക്കുകയും ചെയ്യുന്നു. പാതി വഴിയിൽ അവസാനിച്ച ഒരു ദുരന്തജീവിതം പോലെ ആ വീട് നിലനിന്നു. പാതി കഴിച്ച ഭക്ഷണവും, തട്ടിമറിച്ചിട്ട ഉപകരണങ്ങളും, അനാഥരായ പശുക്കൾ സ്വന്തം ഉടമയെ തേടി വന്ന് അലസമായി കിടക്കുന്ന കാഴ്ചകളും ഗ്രാമത്തിൻറെ ഭാവിയെ സൂചിപ്പിക്കുന്ന അടയാളമാണ്. അന മാത്രമല്ല അവളുടെ സുഹൃത്തുക്കളും അവിടം സന്ദർശിക്കുന്നുണ്ട്. അന പലപ്പോഴും അനീതിക്കെതിരെ ശബ്ദിക്കുന്നുവെങ്കിലും അതിന് വലിയ പ്രതികരണം അമ്മയിൽ നിന്ന് ലഭിക്കുന്നില്ല. സർക്കാർ തന്നെ മാഫിയകളുടെ കൂട്ടാളികളാകുന്ന കാലത്ത് സാധാരണക്കാർക്ക് എങ്ങിനെയാണ് അനീതിയെ ചോദ്യം ചെയ്യാനാവുക.
ഒരിക്കൽ മാഫിയയുടെ വരവറിഞ്ഞ് ഒളിത്താവളത്തിൽ ഒളിച്ച് കിടക്കുന്ന അനയുടെ കണ്ണുകൾ ആകാശത്തിലൂടെ സ്വതന്ത്രമായി പറന്ന് പോകുന്ന കിളികളെ കാണിക്കുന്നത് അവളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആഗ്രഹങ്ങളുടെ പ്രതിഫലനമായി നമുക്ക് കാണാവുന്നതാണ്.
സ്വന്തം ഭർത്താവിൽ നിന്ന് ഒരു ഫോൺ വിളി പോലും ലഭിക്കാത്ത റിത ആ ദ്വേഷ്യം മുഴുവൻ മിക്കപ്പോഴും തീർക്കുന്നത് അനയിലാണ്. റിതയുടെ നിസ്സഹായാവസ്ഥയുടെ ഇരമ്പുന്ന അടയാളമായി ഈ ദൃശ്യം നമ്മുടെ മനസ്സിനെ അലങ്കോലപ്പെടുത്തും. റിത ആവശ്യപ്പെട്ടതനുസരിവച്ച് ബീർ കൊണ്ട് കൊടുക്കാത്ത അനയുടെ നേരെ റിത ഗ്ലാസ് വലിച്ചെറിയുന്നതും പിന്നീട് അന ബീർ കൊടുത്തപ്പോൾ റിതയുടെ മുഖത്ത് ഇരമ്പുന്ന സഹതാപം നിറഞ്ഞ നോട്ടവും നമ്മെ സിനിമ കഴിഞ്ഞാലും പിന്തുടരും. പിന്നീട് റിത മകളെ അരികിൽ വിളിച്ചിരുത്തുന്നുണ്ടെങ്കിലും അത് അവളെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല.
അതിനിടയിൽ അവർ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം കാണുന്നുണ്ട്. അതിൽ മാഫിയയുടെ ഒരു ഭീഷണിക്കത്തും ഉണ്ടായിരുന്നു. ഇത് കണ്ട് ഭയന്ന അനയുടെ അമ്മ അന്ന് ഭർത്താവിനെ വിളിച്ച് അനയെ അവിടേക്ക് കൊണ്ട് പോകാൻ ആവശ്യപ്പെടുന്നു. അനക്ക് അതിഷ്ടമായിരുന്നില്ല. അതിനിടയിൽ മാഫിയകൾ ശക്തമാകുന്നത് അറിയുന്ന റിത അനയെയും കൂടി നാട് വിടാൻ തീരുമാനിച്ചു. എന്നാൽ അനക്ക് അതും ഇഷ്ടമായിരുന്നില്ല. ജനിച്ച നാടും വീടും വിട്ട് ഓടിപ്പോകാൻ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ലെങ്കിലും ഗ്രാമത്തിൻറെ വിധി മറിച്ചായിരുന്നു. അത് കൊണ്ട് ഗ്രാമത്തിന് അപ്പാടെ അവിടം വിടേണ്ടി വന്നു.
മാഫിയ ഇടക്കിടക്ക് ഹെലികോപ്റ്ററുകളിലൂടെ വിഷ മരുന്ന് തെളിക്കും. പോപ്പി ചെടികൾക്ക് കീടശല്യമുണ്ടാവാതിരിക്കാൻ ചെയ്യുന്ന ഈ വിഷമരുന്ന്പ്രയോഗം യഥാർഥത്തിൽ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ശരീരത്തിൽ വീണാൽ ഈ വിഷമരുന്ന് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കും. മരിയക്ക് മുച്ചിരി വന്നത് അത് കൊണ്ടാവണം. കൊല്ലത്തിലൊരിക്കൽ മാത്രം കിട്ടുന്ന വൈദ്യസഹായം ഉപയോഗിച്ച് മരിയ തൻറെ മുച്ചിരി മാറ്റുന്നുണ്ടെങ്കിലും അതിൻറെ വടുക്കൾ മായാതെ കിടന്നു. പൗലയുടെ ദേഹത്ത് ഈ വിഷമരുന്നു വീഴുന്നതും അവൾക്ക് പരിക്ക് പറ്റുന്നതും അവരുടെ ജീവിതത്തിലെ ദുരന്തങ്ങളിലൊണാണ്.
ഇതിനിടയിൽ മാഫിയ റിതയുടെ വീട്ടിൽ വരികയും അനയെ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അനയെ അമ്മ ഒളിപ്പിച്ച് നിർത്തിയത് കൊണ്ട് അവൾ രക്ഷപ്പെടുന്നു. എന്നാൽ മാഫിയ അനയുടെ പ്രിയപ്പെട്ട കൂട്ടുകാരി മരിയയെ തട്ടിക്കൊണ്ട് പോകുന്നു. ഇതോടെ അവിടം വിടാനുള്ള അമ്മയുടെ ആഗ്രഹത്തോടൊപ്പം അനയും ചേരുന്നു. മരിയയുടെ സഹോദരൻറെ കരയുന്ന മുഖം അനയെ കൂടുതൽ വേദനിപ്പിക്കുന്നുണ്ട്. അവൻ ഒരിക്കൽ മാഫിയകളുടെ കൈയ്യിൽ നിന്ന് ഒരു തോക്ക് സംഘടിപ്പിച്ച് അനയെ കാണിക്കുന്ന രംഗമുണ്ട്. ആ തോക്ക് ഉപയോഗിച്ച് ലക്ഷ്യത്തിൽ വെടിവെക്കാൻ അവന് സാധിക്കുന്നില്ല എന്നത് ഗ്രാമത്തിലെ ആണുങ്ങളുടെ പ്രതിരോധശേഷിയില്ലായ്മയെയാണ് കാണിക്കുന്നത്. അതേ സമയം അന തോക്കുപയോഗിച്ച് കൃത്യമായി ലക്ഷ്യത്തിൽ വെടിവെക്കുന്നുമുണ്ട്. പുരുഷന്മാരുടെ ഈ ശേഷിയില്ലായ്മയാണ് സ്ത്രീകളുടെ ദുരവസ്ഥക്ക് കാരണമെന്ന് കൂടിയാണ് ഹെയ്സോ പറയാൻ ശ്രമിക്കുന്നത്.
അധോലോകം എപ്പോഴും അവരുടെ ആക്രമണങ്ങളുടെ കുന്തമുന നീട്ടുന്നത് സ്ത്രീകളുടെ നേരെയാണെന്നാണ് ഹെയ്സോ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഭരണകൂടവും പോലീസും ഒക്കെ എപ്പോഴും ഈ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുകയോ നിഷ്ക്രിയമാവുകയോ ചെയ്യുന്നു. അത് കൊണ്ട് തന്നെ സ്ത്രീകളുടെ ഐക്യ നിരക്ക് മാത്രമേ ഇത്തരം ആക്രമണങ്ങളെ തടഞ്ഞ് നിർത്താനാവൂ. ഹെയ്സോ എല്ലാ സിനിമകളിലും മുന്നോട്ട് വെക്കുന്ന ആശയം ഇതാണ്.
വളരെ ശ്രദ്ധാപൂർവമാണ് ഹെയ്സോ സിനിമ നിർമിച്ചത്. ആക്ടിംഗ് കോച്ച് ഫാത്തിമ ടോളിഡോയുടെ നേതൃത്വത്തിൽ സമഗ്രമായ കാസ്റ്റിംഗ് പ്രക്രിയയും മൂന്ന് മാസത്തെ പ്രകടന പരിശീലനവും ഫിലിം മേക്കിംഗിന് മുമ്പു നടത്തിയിരുന്നുവത്രെ. ആ മികവ് സിനിമയിൽ നമുക്ക് ദർശിക്കാം. എൽ സാൽവദോറിൽ ജനിച്ച് മെക്സിക്കോയിൽ വളർന്ന സംവിധായികയായ തത്യാന ഹെയ്സോ ഇതിനോടകം തന്നെ ലോക ശ്രദ്ധ പിടിച്ചടക്കിയ സംവിധായികയാണ്. അവരുടെ “ടെമ്പെസ്റ്റാഡ്” (Tempestad 2017) എന്ന വ്യഖ്യാത ഡോക്യുമെൻററിക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ഡോക്യുമെൻററിയും സ്ത്രീപക്ഷത്ത് നിന്ന് മാഫിയാ പ്രവർത്തനത്തെയും ഭരണകൂട ഭീകരതയെയും അവലോകനം ചെയ്യുന്ന സിനിമയാണ്. യൂണിവേഴ്സിറ്റി ഓഫ് സെന്ട്രോയിലും (University of Centro) മാഡ്രിഡ് കമ്മ്യൂണിറ്റി ഫിലിം സ്കൂളിലും (Madrid’s Community Film School) ഡോക്യുമെൻററി സിനിമാ നിർമ്മാണം പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് ഹെയ്സോ.