സിസ്റ്റർ ലൂസികൾ/ അഭയകൾ ആവർത്തിയ്ക്കുമ്പോഴും ഒരുപറ്റം ജനങ്ങളെ തങ്ങളുടെ ചൂഷണത്തിന് കരുവാക്കുന്നത് അവരുടെ അജ്ഞതയെ മുതലാക്കിയാണ്

188

Preetha Cleetus

ശ്വാസം മുട്ടിയ്ക്കുന്ന സഭാനീതി..

സഭയിൽ നടക്കുന്ന പല മ്ളേച്ഛതകൾ കണ്ടാലും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാലും എതിർക്കാതെ അടിമത്തം അച്ചടക്കമെന്ന രീതിയിൽ സഭാംഗങ്ങൾ ചിന്തിയ്ക്കുന്നതിൻ്റെ മൂലകാരണം സഭ, ക്രൈസ്തവരിൽ കുത്തിവയ്ക്കുന്ന ഒരേ ഒരു ചിന്ത.

അതിതാണ്. ഇതു മാത്രമാണ്. എന്താണെന്നാവും?

യേശുക്രിസ്തു, പത്രോസ് ( നിലവിൽ പോപ്പ് ) ആകുന്ന പാറയിൽ ആണ് സഭ സ്ഥാപിയ്ക്കുന്നതെന്ന ബൈബിൾ വാക്യം. അത് ഇങ്ങനെയാണ്. “ഞാൻ നിന്നോട് പറയുന്നു നീ പത്രോസാണ്. ഈ പാറമേൽ എൻ്റെ സഭ ഞാൻ സ്ഥാപിയ്ക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല”

ഈ വാക്യം വച്ച് സഭാംഗങ്ങളെ കെട്ടിയിടുകയാണ്. വാതുറക്കാൻ അനുവദിയ്ക്കാതെ സകലതും സഹിയ്ക്കാൻ നിർബന്ധിതരാക്കുകയാണ്.

ചില സംശയങ്ങളുണ്ട്. 1)പത്രോസേ നീ പാറയാകുന്നു. “നിൻ്റെ മേൽ” ഞാൻ സഭ സ്ഥാപിയ്ക്കുമെന്നാണോ ബൈബിളിൽ പറഞ്ഞിരിയ്ക്കുന്നത്?
“ഈ പാറമേൽ” ഞാൻ എൻ്റെ സഭ ഞാൻ സ്ഥാപിയ്ക്കുമെന്നാണോ പറഞ്ഞത്?

അപ്പോൾ ഇവിടെ പറഞ്ഞ “ഈ പാറമേൽ ” എന്നത് ഏത് പാറ? അതിനുള്ള ഉത്തരം ഒന്നിതാണ്. യേശുക്രിസ്തു സ്വയം തൻ്റെ നെഞ്ചിലേയ്ക്ക് ചൂണ്ടിയിട്ടാവും” ഈ പാറമേൽ “എന്ന് പറഞ്ഞത്. അത് അങ്ങനെ തന്നെയെന്ന് പത്രോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ( 1 പത്രോസിൽ) . “അതിനാൽ സജീവശിലയായ അവനെ നമുക്ക് സമീപിയ്ക്കാം. മനുഷ്യർ തിരസ്ക്കരിച്ചതും ദൈവം തെരെഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവൻ”

ഈ ശിലയെന്ന് പറയുന്നത് പാറ എന്നല്ലേ അർത്ഥം. പത്രോസ് ഇവിടെ ഈ വാക്യത്തിൽ പറഞ്ഞത്
നിങ്ങളെല്ലാം എന്നെ സമീപിയ്ക്കാനാണോ അതോ “അവനെ” സമീപിയ്ക്കാനാണോ? സങ്കീർത്തനത്തിൽ ദാവീദ് എൻ്റെ അഭയശില, പാറ , കോട്ട, അഭയം എന്നൊക്കെ പറയുന്നത് പത്രോസാണോ( സഭാധികാരം) അതോ യേശുക്രിസ്തുവോ?പത്രോസ് തന്നെ പറയുന്ന “ദൈവം തെരെഞ്ഞടുത്ത അമൂല്യശിലയായ അവൻ” പത്രോസാണല്ലേ?

യേശുക്രിസ്തു ഒരിയ്ക്കൽ പത്രോസിനോട് ചോദിയ്ക്കുന്നുണ്ട്. യോനായുടെ പുത്രനായ ശിമയോനെ നീയെന്നെ സ്നേഹിയ്ക്കുന്നുണ്ടോ? മറ്റാരേക്കാൾ കൂടുതലായി നിയെന്നെ സ്നേഹിയ്ക്കുന്നുണ്ടോ എന്ന്. പത്രോസ് ഉവ്വ് കർത്താവേ എന്ന് പറഞ്ഞപ്പോൾ ആണ് പറഞ്ഞത് എൻ്റെ ആടുകളെ മേയ്ക്കുക എന്നും എൻ്റെ കുഞ്ഞാടുകളെ നോക്കുക എന്നും. അതായത് തൻ്റെ ജനങ്ങളെ നോക്കാനുള്ള യോഗ്യത യേശുക്രിസ്തുവിനെ സ്നേഹിയ്ക്കുക എന്നതാണ്.മറ്റാരേക്കാൾ അധികമായി സ്നേഹിയ്ക്കുക. ഇന്ന് യേശുക്രിസ്തുവിനെയാണോ ഇവർ സ്നേഹിയ്ക്കുന്നത്?അങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ ക്രിസ്ത്യൻ സഭയ്ക്ക് പൊതുസമൂഹത്തിൽ മാന്യത ഇല്ലാതാക്കാൻ സഭാനേതൃത്വം ഇന്നു കാട്ടുന്നവ തുടരുമോ?

യേശുക്രിസ്തുവിനെ സ്നേഹിയ്ക്കുക എന്നാൽ അവൻ്റെ കല്പനകൾ പാലിയ്ക്കുക എന്നതാണ്. ( “എന്നെ സ്നേഹിയ്ക്കുന്നവൻ എൻറെ കല്പനകൾ പാലിയ്ക്കുന്നു”)

അവൻ തന്നത് സ്നേഹത്തിന്റെ കല്പനയാണ്. അല്ലാതെ സഭാനേതാക്കൾ ഇന്ന് കാണിയ്ക്കുന്ന മോഷണത്തിൻ്റേയൂം വ്യഭിചാരത്തിൻ്റേയും തട്ടിപ്പിൻ്റേയും കല്പന അല്ല. കർത്താവിന്റെ ആലയത്തിൽ വൃത്തികേട് കാട്ടുന്നവരെ ദൈവത്തിന് വേണ്ടാ എന്നുള്ളതാണ് യേശുക്രിസ്തു സിനഗോഗിൽ ചാട്ടവാറെടുത്ത് കാട്ടിത്തന്നത്. അവൻ്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത അവനെ വിഴുങ്ങിക്കളഞ്ഞുവെന്നാണ് സിനഗോഗിൽ ചാട്ടവാറെടുത്ത യേശുക്രിസ്തുവിനെ ക്കുറിച്ച് പറഞ്ഞത്. എന്നാലിപ്പോഴോ???

ഇപ്പോൾ അവൻ്റെ ആലയം അശുദ്ധമാക്കുന്നവന് സംരക്ഷണം. തെരുവിൽ കിടന്ന് നിലവിളിയ്ക്കുന്നവർക്ക് അപമാനം. അതാണോ ദൈവനീതി? സഭാനീതി അതാകുമ്പോൾ സഭയെ ഭരിയ്ക്കുന്നത് ദൈവമോ മ്ളേച്ഛതയോ?

പിന്നെ..നരകകവാടങ്ങൾ സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ല.. എന്നവാക്യം.. ശരിയാണ് സഭ തന്നെ നരകകവാടമായ സ്ഥിതിയ്ക്ക് സഭയ്ക്കെതിരെ അതിന് പ്രബലമാകാൻ പറ്റുമോ ? സ്വർഗകവാടങ്ങൾ അതിനെതിരെ പ്രബലമാവും.അതാണ് ശരിയെന്ന് തെളിയിയ്ക്കുന്ന എത്ര പ്രഖ്യാപനങ്ങൾ …്‌

പിന്നെ പത്രോസ് ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെടും അഴിയ്ക്കുന്നതെല്ലാം അഴിയ്ക്കും എന്ന വാക്യം വച്ചാണ് മഹറോൻ ചൊല്ലൽ പോലുള്ള പ്രകടനങ്ങൾ. ഇന്ന് സഭ ഭൂമിയിൽ കെട്ടുന്നതെന്താണ്?കുറെ സ്കൂളും കോളേജും മാര്യേജ് ബ്യൂറോയും ആശുപത്രിയും അനാഥാലങ്ങളുമൊക്കെ തന്നെ? തല്ക്കാലം സ്വർഗ്ഗത്തിൽ അതിൻ്റെ ആവശ്യമുണ്ടാവില്ല. സ്വർഗ്ഗത്തിൽ അതൊക്കെ കെട്ടാൻ തയ്യാറായി മാർക്കറ്റിംഗിൽ ബിരുദമെടുത്ത് ഇവിടെ മഠങ്ങൾ മൂന്നാറാക്കി ഇരുന്നോ. സ്വർഗ്ഗത്തിൻ്റെ താക്കോൽ വേറേ ആളുകൾ കൊണ്ട് പോയി എന്ന് ബൈബിളിൽ പറയുന്നുണ്ട്( പുസ്തകം ഇടയ്ക്ക് വച്ച് വായിച്ചു നോക്കണം) അങ്ങനെ ബൈബിൾ വായിച്ചിട്ട് ഇടവകാംഗങ്ങളെ പറ്റിയ്ക്കാൻ നോക്കുക. ബൈബിൾ ശരിയ്ക്കും അറിയാവുന്നവർ സഭയുടെ പറ്റിയ്ക്കലിൽ പെടില്ല.

വായന അത്യാവശ്യം. അത് ബൈബിൾ ആയാലും എന്തായാലും. അജ്ഞതയാണ് സകല ചൂഷണത്തിൻ്റേയും ആധാരം. സിസ്റ്റർ ലൂസികൾ/ അഭയകൾ ആവർത്തിയ്ക്കുമ്പോഴും ഒരുപറ്റം ജനങ്ങളെ തങ്ങളുടെ ചൂഷണത്തിന് കരുവാക്കുന്നത് അവരുടെ അജ്ഞതയെ മുതലാക്കിയാണ് എന്നേ പറയാനാവൂ.

 

Advertisements