ഓട്ടിസ്റ്റിക്കായ കുട്ടികളെല്ലാം അത്ഭുത ശിശുക്കളല്ല

515
Preetha GP

സിദ്ധാർത്ഥ് ഓട്ടിസ്റ്റിക്കാണന്നു അറിഞ്ഞതിനു ശേഷം പലപ്പോഴായി നേരിട്ട ചോദ്യമായിരുന്നു എന്താണ് അവന്റെ സ്പെഷ്യൽ സ്കിൽ. ആദ്യകാലത്തു അങ്ങനെയൊരു സ്കിൽ കണ്ടെത്താൻ കഴിയാത്തതിൽ കുറ്റ ബോധം തോന്നിയിരുന്നു. പോകപ്പോകെ ഓട്ടിസത്തെ കൂടുതൽ അറിഞ്ഞപ്പോൾ എല്ലാവർക്കും അങ്ങനെ ഒരു സ്കില്ലു വേണമെന്നില്ലായെന്നും, സ്കില്ലുണ്ടങ്കിലും അതു പ്രകടമാകണമെന്നില്ലന്നും അത്തരം ഹൈ ഫങ്ഷനിംഗ് ആയ ഓട്ടിസ്റ്റിക് കുട്ടികൾ ചെറിയ ശതമാനം മാത്രമാണന്നും മനസ്സിലായി. സിവിയർ / മോഡറേറ്റ് ഓട്ടിസമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ചിലരൊക്കെ തങ്ങളുടെ കുട്ടികൾ ആൽബ്രട്ട് ഐൻസ്റ്റീൻ ആകുമെന്നു വെറുതെ സ്വപ്നം കാണാറുണ്ട്. കുറേക്കാലത്തേക്കു അവർക്കതു ആശ്വാസവുമായിരിക്കും. പക്ഷേ യാഥാർത്യം ഭീകരമായിരിക്കും അവരെ സംബന്ധിച്ചു.

ഇതു കേവലം ഒരു ചോദ്യം മാത്രമാണങ്കിൽ കുഴപ്പമില്ല. എങ്ങനെ വളർത്തണം, സ്കിൽ എങ്ങനെ കണ്ടത്തണം എന്ന സ്റ്റഡി ക്ലാസും കിട്ടും. എല്ലാം തികഞ്ഞ ചില പ്രഗൽഭരിൽ നിന്നു. ഈ ചോദ്യങ്ങളെയൊക്കെ പിന്നീടു സരസ പുച്ഛ വികാരങ്ങളോടെ നേരിടാൻ പഠിച്ചു. “ഓരോ പിള്ളാരേ ടി വി യിലൊക്കെ കാണുന്നു എന്തൊക്കെ കഴിവുകളാ. ഇത് അടുക്കളയിൽ നിന്നിറങ്ങില്ല. തിന്നാനല്ലാതെ ഒന്നിനും കൊള്ളില്ല ” എന്ന വീട്ടിൽ സ്ഥിരം കേൾക്കാറുള്ള ദേഷ്യ പ്രകടനം ആദ്യകാലത്തു കലഹിച്ചു നേരിട്ടെങ്കിലും പിന്നീടു തിന്നുന്നതാണവന്റെ സ്കിൽ എന്നു നിർവികാരതയോടെ മറുപടി പറയാൻ പഠിച്ചു. സ്കില്ലിനെ കുറിച്ചു ചോദിക്കുന്നവരോട് ഞാൻ ഒരു സ്കില്ലും കണ്ടില്ലന്നും, മറ്റു ചിലരോടു ചില കുട്ടികൾ കമ്പ്യൂട്ടറിൽ എക്സ്പേർട്ടാണ്. കമ്പ്യൂട്ടർ വരുന്നതിനു മുമ്പ് എത്ര കുട്ടികൾ സ്കില്ലു പ്രകടമാകാതെ കടന്നു പോയിട്ടുണ്ടാകും ന്നും എന്റെ കുട്ടിക്ക് ഇനിയും കണ്ടെത്താനിരിക്കുന്ന എന്തി ലോ ആണ് സ്കില്ലെന്നും ഞാൻ ചിരിച്ചു.

ഒരിക്കൽ ട്രെയിനിൽ വരവേ ,ശബരി മലയിലേക്കു പോകുന്ന അയ്യപ്പ ഭക്തരുടെ തിരക്കായിരുന്നു. ശബരി എക്സ്പ്രസ്. ഹൈദരബാദിൽ നിന്നു വരുന്ന അന്നാട്ടുകാരായ ഒരു ഫാമിലി. ബന്ധുക്കളും ബന്ധുക്കളുടെ ബന്ധുക്കളുമായി ഒരാൾക്കൂട്ടം. അവരിലാരോ കഴിച്ചു കൊണ്ടിരുന്ന മലരും കടലയും കപ്പലണ്ടിയും ഒക്കെ ചേർന്ന ഒരു വിഭവം വിദ്വാൻ എല്ലായ്പ്പോഴും പോലെ തട്ടിപ്പറിച്ചു. ആദ്യത്തെ ഞെട്ടലിൽ നിന്നു പുറത്തു വന്നു എന്താ സംഭവിച്ചതെന്നു അദ്ദേഹം മനസ്സിലാക്കിയപ്പോൾ ൾ ആ പാത്രം പിടിച്ചു വാങ്ങി ഞാൻ തിരിച്ചു കൊടുത്തു “മോൻ ഓടിസ്റ്റിക്കാണ് ” എന്നു മാത്രം പറഞ്ഞു. അപ്പോൾ അദ്ദേഹം അവർക്കൊപ്പം അതു പോലൊരു കുട്ടി ഉണ്ടന്നും , അതു തിരികെ മോനു കൊടുക്കണം ന്നും ആവശ്യപ്പെട്ടു. വീട്ടിൽ ഉണ്ടാക്കിയതാണു, പുറത്തു നിന്നൊന്നും വാങ്ങിയതല്ലായെന്നും. ” തട്ടിപ്പറിക്കുന്ന സാധനങ്ങൾ ഒക്കെ തിരികെ വാങ്ങി കൊടുക്കുമെന്നും അവനെ അതു കഴിക്കാൻ അനുവദിക്കില്ലെന്നും , അതു മാത്രമാണ് ആ ശീലത്തിൽ നിന്നു അവനെ മോചിപ്പിക്കാനുള്ള എനിക്കറിയാവുന്ന ഏക വഴിയെന്നും ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. വിങ്ങി വന്ന സങ്കടത്തോടെ ആ മനുഷ്യൻ അതും കൊണ്ടിരിക്കുന്ന കണ്ടപ്പോൾ ഞാൻ പറഞ്ഞു “അതു പൊതിഞ്ഞു തരൂ . ഞാൻ പിന്നെ കൊടുത്തോളാം. അദ്ദേഹം ഒരു ബാഗു തുറന്നു ഒരു കിലോയോളം വരുന്ന വലിയൊരു പാക്കറ്റ് എന്റെ ബിഗ് ഷോപ്പറിൽ വച്ചു. ഇനിയൊരിക്കലും ജീവിതത്തിൽ കാണാൻ സാധ്യതയില്ലാത്ത ആ മനുഷ്യൻ നിറഞ്ഞ കണ്ണുകളോടെ തിരുവല്ല സ്റ്റേഷനിൽ ഞങ്ങളെ ഇറങ്ങാൻ സഹായിച്ചു. ഇറങ്ങുന്നതിനു മുമ്പും അവനെ ചേർത്തു നിർത്തി ലാളിച്ചു.

വീട്ടിൽ വന്നു വല്യ പാക്കറ്റ് തുറന്നു ഞാനും അവനും വിശാലമായിത്തിന്നു. അമ്മക്ക് മോനെ നോക്കാൻ പറ്റാത്ത കാലം വന്നാൽ ഇത് പോലെ വല്ലതുമൊക്കെ അടിച്ചു മാറ്റിത്തിന്നു നമുക്ക് ജീവിക്കാം ന്ന് ഞാൻ തമാശ പറഞ്ഞു. അവൻ നാണിച്ചു ചിരിച്ചു. ഇടക്കിടക്ക് അവനൊരു നാണിച്ച ചിരിയുണ്ട്. അവനെ കളിയാക്കുമ്പോളൊക്കെ, എന്തരോ എന്തോ …

യഥാർത്ഥത്തിൽ പറയാൻ വന്നതു മറ്റൊരു വിഷയമാണ്. ഓട്ടിസ്റ്റിക്കായ കുട്ടികളെ അത്ഭുത ശിശുക്കളായി അവതരിപ്പിച്ചിട്ടു ഒരു കാര്യവുമില്ല. നമ്മുടെ ദുരിതങ്ങൾ കുറയില്ല . കൂടുകയെയുള്ളു. ശാസ്ത്രത്തെയും സാമാന്യബുദ്ധിയേയും വെല്ലു വിളിച്ചാൽ നിർദയമായ പരിഹാസങ്ങളും ഏൽക്കേണ്ടി വരും.

അവർക്കു തലകീഴായിത്തോന്നുന്ന നമ്മുടെ ലോകം അവർക്കു വീണ്ടും ദുരിതമയമാകും. അവരെ നോർമലുകൾ എന്നു വിളിക്കപ്പെടുന്ന നമ്മുടെ ലോകത്തു അതി ജീവിക്കാൻ പഠിപ്പിക്കണം. എല്ലാവർക്കും എന്തെങ്കിലും , എല്ലാവർക്കും ബോധ്യപ്പെടുന്ന കഴിവുകൾ വേണം ന്ന് നിർബന്ധമില്ല.

ടോയിലറ്റിൽ പോയാൽ ക്ലീൻ ചെയ്യാനറിയാത്ത , അതിനു വേണ്ടിപ്പോലും വർഷങ്ങൾ വേണ്ടിവരുന്ന നമ്മുടെ ( ചില ) മക്കൾക്ക് , എന്തു സ്കില്ലുണ്ടായാലും , പൊതു സമൂഹം എത്ര കൈയടിച്ചാലും നമ്മുടെ ദുരിതങ്ങൾക്ക് പരിഹാരമാകില്ല.