അമേരിക്കയിലെ അവസ്ഥ എന്താണെന്ന് അറിയുക

146

അമേരിക്കയിൽ താമസിക്കുന്ന പ്രീതി ശ്രീജിത്തിന്റെ കുറിപ്പ്

ഇക്കഴിഞ്ഞ മാർച്ച് 3 -നു, യു എസ്സിൽ ഏതാണ്ട് 309 കോവിഡ് -19 രോഗികൾ ഉണ്ടെന്നു റിപ്പോർട് ചെയ്യപ്പെട്ടു . ജനങ്ങൾ വളരെ ലാഘവ ബുദ്ധിയോടെയാണ് അന്ന് കാര്യങ്ങളെ കണ്ടിരുന്നത് . ചൈനയിൽ നിന്ന് വന്ന ഒരു വൈറസ് , ഇമ്മ്യൂണിറ്റി വളരെ കുറവുള്ള വൃദ്ധരെ ബാധിയ്ക്കുന്നു എന്നതായിരുന്നു പോപ്പുലർ നറേറ്റീവ് . വർഷത്തിൽ നാൽപ്പതിനായിരം- അമ്പതിനായിരം ഫ്ലൂ മരണങ്ങൾ രേഖപ്പെടുന്ന നമ്മൾക്കിതൊക്കെ പൂ പറിയ്ക്കുന്നതു പോലെ സിംപിൾ അല്ലെ, എന്നൊക്കെ ആയിരുന്നു അന്ന് പൊതുജന സംസാരം. ഏഷ്യൻ വംശജരായ ചുരുക്കം ചിലർ മാത്രം, ഇത് പ്രധാന വാർത്തയാണ് ,സൂക്ഷിക്കണം എന്ന് പരസ്പരം സംസാരിച്ചു തുടങ്ങി! .

മാർച്ച് 12 -ഓട് കൂടി രോഗികളുടെ എണ്ണം 4000 കടന്നു . വാഷിംഗ്ട്ടൺ സംസ്ഥാനത്തെ ലൈഫ് കെയർ നഴ്‌സിംഗ് ഹോമിലെ കോവിഡ് മരണങ്ങൾ അപ്പോഴേക്കും ഹെഡ്‍ലൈനുകൾ കയ്യടക്കിക്കഴിഞ്ഞിരുന്നു . പല സംസ്ഥാനങ്ങളും, ഹെൽത് എമെര്ജെന്സികള് പ്രഖ്യാപിക്കാൻ തുടങ്ങി . മാർച്ച 13 -ഓടെ ,പ്രസിഡണ്ട് ട്രംപ് നാഷണൽ എമെര്ജെന്സി പ്രഖ്യാപിയ്ക്കുകയും ,ജനങ്ങൾ പാനിക് പർച്ചേസിംഗ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്യാനും തുടങ്ങി . കടകളിൽ നിന്ന് ബ്രെഡും ,പാലും, ഇറച്ചിയും, ടോയ്‌ലെറ്റ് പേപ്പറും വളരെപ്പെട്ടെന്നു കാലിയായിക്കൊണ്ടിരുന്നു .കൊറോണ ടെസ്റ്റിംഗ് സൗകര്യങ്ങൾ അപ്പോഴും ഒരിടത്തും പൂർണ്ണ സജ്ജമായിട്ടില്ലായിരുന്നു .

മാർച്ച് 21 , ഇന്ന് , രോഗികളുടെ സംഖ്യ 26000 കടന്നിരിയ്ക്കുന്നു . മരണങ്ങൾ 324 !!.കരാർ അടിസ്ഥാനത്തിൽ അടുത്ത കാലം വരെ ഞാനും .ഭർത്താവും റീഹാബിലിറ്റേഷൻ സർവീസുകൾ നൽകിയിരുന്ന ,നഴ്‌സിംഗ് ഹോമിൽ ഇന്നുച്ചയോടെ നാല് കോവിഡ് -ടെസ്റ്റ് പോസിറ്റീവ് ആയിരിയ്ക്കുന്നു . അതിൽ എഴുപതിന് മേലെ പ്രായമുള്ളവരിൽ രണ്ടാള്ക്ക് സ്ഥിതി ഗുരുതരമായി തുടരുന്നു .

ഇതാണ് ആ അപകടം പിടിച്ച പ്രോഗ്രെഷൻ!!!. 300 ഇൽ നിന്ന് 26000 രോഗികളിൽ എത്താൻ വേണ്ടി വന്നത് വെറും 18 ദിവസം !! അമേരിക്കയുടെ പോപ്പുലേഷൻ ഡെന്സിറ്റി 35 ഉം ,ഇന്ത്യയുടേത് 455 ആയതുകൊണ്ട് , ഈ പ്രോഗ്രെഷനിലും പല മടങ്ങായിരിയ്ക്കും, കോവിഡ് ഇന്ത്യയിൽ പിടി മുറുക്കിയാൽ ഉള്ള രോഗത്തിന്റെ വ്യാപനത്തിന്റെ തോത് .മരണത്തിന്റെയും !

തന്റെ ഹോസ്റ്റിനു പുറത്തു വന്നതിന് ശേഷവും സ്റ്റീൽ ,പ്ലാസ്റ്റിക് പ്രതലങ്ങളിൽ 72 മണിക്കൂർ വരെ കോവിഡ് വൈറസിന് നില നിൽക്കാൻ കഴിയും എന്ന ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ പഠനം ഇന്നലെയാണ് പുറത്തു വന്നത് . അനുകൂലമായ സാഹചര്യങ്ങളിൽ വായുവിൽ ഈ അണുക്കൾ മൂന്നു മണിക്കൂർ വരെ നില നിൽക്കുമെന്നും, കാർഡ് ബോർഡ്, കോപ്പർ പ്രതലങ്ങളിൽ 24 മണിക്കൂർ വരെ ഇവ ജീവനോടെ ഇരിയ്ക്കുന്നുവെന്നും പഠനം വിശദീകരിയ്ക്കുന്നു. . സ്റ്റെയിൻലസ്സ് സ്റ്റീലിന്റെ ലോകത്ത ഏറ്റവും വലിയ ഉപഭോക്താവ് ഇറ്റലി ആണെന്നത്, അധികം പഴക്കമില്ലാത്ത ഒരു പത്ര ഹെഡ്ലൈൻ ആയിരുന്നത് പെട്ടെന്നോർമ്മ വന്നു .

പതിനാലോ പതിനഞ്ചോ മണിക്കൂർ മാത്രം നീണ്ടു നിൽക്കുന്ന ജനതാ കർഫ്യുവിനേക്കാളും കർശനമായ നടപടികളിലേക്ക് ഇന്ത്യ നീങ്ങും എന്നാണ് പ്രതീക്ഷ ! ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും തെരുവുകൾ ജനശൂന്യമാകുന്ന എന്തെങ്കിലും ഒന്ന് ! ഇന്നിതെഴുതുമ്പോൾ അമേരിക്കയിലെ പല നഗരങ്ങളിലും തോക്കു വിൽപ്പന പല മടങ്ങു വര്ധിച്ചിരിയ്ക്കുന്നു . കത്രീന കൊടുങ്കാറ്റിനെത്തുടർന്നു ലൂസിയാനയിൽ നടന്ന കൊള്ളയും കൊള്ളിവയ്പ്പും ആരും മറന്നിരിയ്ക്കാൻ ഇടയില്ല . ഇനി വരുന്ന രണ്ടാഴ്ചകൾ എല്ലാവര്ക്കും നിർണ്ണനായകമാണ് . പ്രതീക്ഷയുണർത്തുന്ന എന്തെങ്കിലും ഒന്ന് കാര്യങ്ങളെ നല്ല വഴിയ്ക്കു നയിച്ചേക്കും!. ഈ കാലവും കടന്നു പോകും !