ഗർഭധാരണവും സ്ത്രീകളുടെ പ്രായവും!

0
135

Ashish Jose Ambat

ഗർഭധാരണവും സ്ത്രീകളുടെ പ്രായവും!

നമ്മുടെ സമൂഹത്തില്‍ ഇന്നും പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും സുസ്ഥിരമായ ഉദ്യോഗ മോഹങ്ങള്‍ക്കും വിലങ്ങു തടിയായി നേരത്തെയുള്ള വിവാഹം നിലനില്‍ക്കുന്നു എന്നത് വസ്തുതയാണ്. മാനവ വികസന സര്‍വ്വേയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ വൈവാഹിക ജീവിതത്തില്‍ പ്രവേശിക്കുന്നതിന്റെ ശരാശരി പ്രായം 17.4 വയസ്സ് മാത്രമാണ്, അറുപതു ശതമാനത്തോളം പെണ്‍കുട്ടികള്‍ നിയമപ്രകാരമുള്ള 18 വയസ്സിനു മുന്‍പ് തന്നെ വിവാഹത്തിനു നിര്‍ബന്ധിക്കപ്പെട്ടുന്നു. (IHDS) കേരളത്തിലെ അവസ്ഥ ദേശീയ ശരാശരിയിലും മെച്ചമെന്നു കരുതാമെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് വളരെയധികം നേരത്തെ തന്നെയാണ് സ്ത്രീകളുടെ വിവാഹം നടത്തപ്പെട്ടുന്നത്, അതിനു കാരണമായി പറയുന്ന ഒരു കാര്യം സ്ത്രീകളുടെ പ്രതിയൂല്പാദന കാലം പുരുഷന്മാരെ അപേക്ഷിച്ച് വളരെയധികം കുറവ് ആണെന്നും നേരത്തെ ശ്രമിച്ചാല്‍ മാത്രേ കുട്ടികള്‍ ഉണ്ടാക്കുക ഉള്ളൂവെന്നുമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മക്കളെ നിര്‍മ്മിക്കുകയാണോ തുടങ്ങിയ ധാര്‍മിക ചോദ്യങ്ങള്‍ക്കൊപ്പം ഈ അവകാശവാദത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന് പരിശോധിക്കുക അനിവാര്യമെന്ന് തോന്നുന്നു.

മക്കള്‍ക്ക്‌ വേണ്ടി ശ്രമിക്കുന്ന നാലില്‍ മൂന്നു ദമ്പതിമാരിലും ആദ്യത്തെ ആറുമാസത്തിനുള്ളില്‍ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്, തൊണ്ണൂറു ശതമാനം ദമ്പതിമാരിലും ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ ഗര്‍ഭധാരണം സംഭവിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (Taylor et.al 2003). തുടര്‍ച്ചയായി ഒരുവര്‍ഷം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ലൈംഗികബന്ധം നടത്തിയിട്ടും ഗര്‍ഭധാരണം സംഭവിക്കാത്ത അവസ്ഥയെയാണ് വന്ധ്യതയെന്നു നിര്‍വചിക്കുന്നത്, 10-15% വരെ ദമ്പതിമാര്‍ ഇത്തരത്തില്‍ വരാറുണ്ട്. പക്ഷെ ഇത്തരത്തില്‍ ഉള്ള ദമ്പതിമാരിലും ഗര്‍ഭധാരണം തുടര്‍ വര്‍ഷങ്ങള്‍ കൊണ്ട് സാധ്യം ആകാറുണ്ട്, തുടര്‍ച്ചയായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം നടത്തുന്ന 95% ഹെട്രോസേഷ്വല്‍ ദമ്പതിമാരിലും ഗര്‍ഭധാരണം അന്തിമമായി വരാറുണ്ട്. (Dahl& Brochmann 2017). ദമ്പതിമാരില്‍ വന്ധ്യതയ്ക്കുള്ള വലിയ ഒരു കാരണം പുരുഷന്മാരിലെ ശാരീരിക പ്രശ്നങ്ങളാണ്, ഇതില്‍ മദ്യപാനവും പുകവലിയും തുടങ്ങീയ ശീലങ്ങളുടെ സ്വാധീനവുമുണ്ട്, മൂന്നില്‍ രണ്ടു അവസരങ്ങളിലും വന്ധ്യതയ്ക്കുള്ള കാരണം നേരിട്ട് പുരുഷന്മാരില്‍ നിന്നാണ് വരുന്നത്, ബാക്കി അവസരങ്ങളില്‍ ദമ്പതിമാര്‍ ഇരുവരുടെയും സംഭോഗ രീതികളും സ്ത്രീകളുടെ ശാരീരിക അവസ്ഥയും കാരണം ആകാറുണ്ട്.

നോര്‍വേ പോലെ മാനവവികസന, ലിംഗ സമത്വ സൂചികകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്ത്രീകള്‍ ആദ്യമായി ഗര്‍ഭധാരണം ചെയ്യുന്ന പ്രായം കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നു കാണാം, നോര്‍വേയില്‍ നിന്നുള്ള ഒരു സര്‍വ്വേയില്‍ സ്ത്രീകള്‍ ആദ്യമായി ഗര്‍ഭണിയാക്കുന്ന ശരാശരി പ്രായം 30.8 വയസ്സാണ്. (Folkehelseinstituttet 2014). അമേരിക്കയിലെ കണക്കുകള്‍ നോക്കുകയാണെങ്കില്‍, 2000-14 വരെ ഉള്ള കാലയളവില്‍ ആദ്യമായി അമ്മ ആകുന്ന സ്ത്രീകളുടെ ശരാശരി പ്രായം 24.9യില്‍ നിന്നും 26.3യിലോട് ഉയര്‍ന്നതായി കാണാം. ( NCHS) സ്ത്രീകള്‍ തങ്ങളുടെ വിദ്യാഭ്യാസ, ഉദ്യോഗ, ഇതര സ്വപ്നങ്ങള്‍ക്കു അമ്മയാക്കുക എന്നതിലും മുന്‍ഗണന ജീവിതത്തില്‍ ഈ ഇടങ്ങളില്‍ കൊടുത്തു തുടങ്ങിരിക്കുന്നുവെന്നു ഈ കണക്കുകളില്‍ നിന്ന് അപഗ്രഥിക്കാം. സ്ത്രീകളുടെ പ്രതിയൂല്പാദന കാലം ആര്‍ത്തവവിരാമത്തോടെ കൂടി സാധാരണ അവസാനിക്കുമെന്നതും, പ്രായം വര്‍ദ്ധിക്കുന്നത് വന്ധ്യതയ്ക്കും ഗര്‍ഭധാരണത്തിനുള്ള സങ്കീര്‍ണ്ണതകളും ശരാശരി കണക്കുകളില്‍ ഉയര്‍ത്തുമെങ്കിലും ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസം പോലെ അത്രമാത്രം ഭീകരമോ, സ്ത്രീകളെ മാത്രം ബാധിക്കുന്നതാണോവെന്നും നോക്കാം.

പുരുഷന്മാരുടെ കണക്ക് നോക്കുക ആണെങ്കില്‍ 40 വയസ്സില്‍ അധികം ഉള്ള പുരുഷന്മാര്‍ക്കു മക്കള്‍ ഉണ്ടാക്കാനുള്ള സാധ്യത 30 വയസ്സില്‍ താഴെയുള്ള പുരുഷന്മാരെ അപേക്ഷിച്ച് 30% കുറവാണ്. (Ford et.al 2000). മറ്റൊരു പഠനം പ്രകാരം 25 വയസ്സുള്ള പുരുഷന്മാരിലൂടെ ഗര്‍ഭധാരണം നടക്കാന്‍ എടുക്കുന്ന കാലയളവിന്‍റെ അഞ്ചു ഇരട്ടിയിലേറെ സമയം വേണം 45 വയസ്സില്‍ മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കു.( Hassan et.al 2003) ബീജാണുകളുടെ ചലത്തിന്റെ ക്ഷമതയിലും അളവിലും വരുന്ന കുറവാണ് പലപ്പോഴും ഇതിനു കാരണം, പ്രതിവര്‍ഷം ശുക്ലത്തിന്‍റെ അളവില്‍ പുരുഷന്മാരില്‍ 0.15-0.2% വരെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.( Fisch et.al 1996). ഇതെല്ലാതെ ഗര്‍ഭ കാലയളവില്‍ ഉള്ള മറ്റ്‌ സങ്കീര്‍ണ്ണതകളും ഗര്‍ഭമലസല്‍ സംഭവിക്കാനുള്ള സാധ്യതയും പുരുഷന്മാരുടെ പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് കൂടുന്നുണ്ട്. ( Rochebrochard 2002). ജനിക്കുന്ന കുട്ടികളില്‍ സ്കിസോഫ്രീനിയ പോലെയുള്ള മാനസിക രോഗങ്ങള്‍ക്കുള്ള സാധ്യതയും പുരുഷന്മാരുടെ പ്രായം വര്‍ദ്ധിക്കുന്നത് അനുസരിച്ച് കൂടുന്നുണ്ട്. (Malaspina et.al 2001).

സ്ത്രീകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പുരുഷന്മാരില്‍ നിന്നും ക്രമാതീതമായ രീതിയില്‍ വന്ധ്യതയ്ക്കുള്ള സാധ്യത ആര്‍ത്തവവിരാമം സംഭവിക്കാത്ത സ്ത്രീകളില്‍ ഇല്ലായെന്ന് കാണാവുന്നതാണ്. സ്ത്രീകളുടെ ഗര്‍ഭധാരണക്ഷമതയെപ്പറ്റി ഗവേഷണം നടത്തിയ ഒരു പഠനം പ്രകാരം 19-26 വയസ്സ് വരെയുള്ള സ്ത്രീകളില്‍ 92% പേരും ഗര്‍ഭണിയാക്കാന്‍ ശ്രമിച്ച ആദ്യത്തെ ഒരു വര്‍ഷം ഗര്‍ഭണിയാക്കുന്നു. ഇതില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന്‍റെ അളവില്‍ ചെറിയ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും ഇരുപതുകളുടെ അവസാനവും മുപ്പതുകളുടെ അവസാനത്തില്‍ ഉള്ളവരും തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ലായെന്നാണ് പഠനം കണ്ടെത്തിയത്. 27-34 വരെയുള്ള പ്രായത്തില്‍ ഉള്ളവരില്‍ 86% പേരും, 35-39 ഉള്ളവരില്‍ 82% പേരും ആദ്യത്തെ ഒരു വര്‍ഷത്തില്‍ ഗര്‍ഭണിയായി. ( Dunson et.al 2004). മൂവായിരം സ്ത്രീകളില്‍ നടത്തിയ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള പഠനം പ്രകാരം 30-34 വയസ്സുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശ്രമിച്ച 87% പേരും ആദ്യത്തെ ഒരു വര്‍ഷം തന്നെ ഗര്‍ഭണിയായിരുന്നു. ( Rothman 2013). ഇരുപതുകളുടെ ആരംഭത്തില്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവരും മുപ്പതുകളുടെ ആരംഭത്തില്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവരും ഗര്‍ഭണികള്‍ ആകാമെന്നും അതിനുള്ള സാധ്യതകള്‍ തമ്മില്‍ ഭീമമായ വ്യത്യാസങ്ങള്‍ ഒന്നുമില്ലായെന്നുമാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള പ്രധാന വെല്ലുവിളി പ്രായമല്ല ഔവ്യലേഷനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളില്‍ പല ശാരീരിക കാരണങ്ങള്‍ കൊണ്ട് വരുന്ന വ്യതിയാനങ്ങളാണ്. ഒപ്പം ഫാലോപ്പിയന്‍ ട്യൂബുകളില്‍ വരുന്ന തകരാറുകളും കാരണം ആകാം, എന്‍ഡോമെട്രോസിസ്, പിസിഓഡി, ഫിബ്രോയിട് പോലെയുള്ള കാരണങ്ങളും വരാവുന്നതാണ്. പ്രായം വര്‍ദ്ധിക്കുന്നത് സ്ത്രീകളില്‍ ആയാലും പുരുഷന്മാരില്‍ ആയാലും ഗര്‍ഭമലസലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ( Bardos et.al 2015)

പ്രായം തീര്‍ച്ചയായും ഗര്‍ഭധാരണത്തിനുള്ള ക്ഷമതയില്‍ കുറവ് വരുത്തുന്നുണ്ട് ഇത് പക്ഷെ സ്ത്രീകളെ മാത്രമായി ബാധിക്കുന്ന ഒന്നല്ല, മാത്രവുമല്ല മുപ്പതുകളുടെ ആദ്യത്തിൽ ഉള്ള സ്ത്രീകളുടെ ഗര്‍ഭധാരണ ക്ഷമതയും ഇരുപതുകളില്‍ ഉള്ളവരുടെയും തമ്മില്‍ അതി ഭീകരമായ വ്യത്യാസം ഒന്നുമില്ല താനും, വ്യത്യാസങ്ങള്‍ ശരാശരി കണക്കുകള്‍ നോക്കുമ്പോള്‍ മാത്രമാണ് കാണുന്നത്. ഇനി തീരെ ചെറിയ കൗമാരപ്രായത്തിൽ ഉള്ള പെണ്കുട്ടികളുടെ കാര്യത്തിൽ നേരത്തെയുള്ള ഗർഭധാരണം അപകടരവുമാണ്. പ്രായം അല്ലാതെയുള്ള ഗര്‍ഭധാരണത്തിനു വിലങ്ങുതടിയായ വേറെയും ഒരുപാട് ശാരീരിക കാരണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുണ്ട്, ഇന്ന് ഗര്‍ഭധാരണത്തിനു സഹായമായ ഒരുപാട് ചികിത്സ സംവിധാനങ്ങളും നിലവിലുണ്ട്, എന്തായാലും കേവലം അമ്മ ആകുക എന്നത് ഒരു സ്ത്രീയുടെയും മറ്റ്‌ സ്വപ്നങ്ങള്‍ ചവിട്ടി അരയ്ക്കുവാന്‍ ഉള്ള നിര്‍ബന്ധമായി മാറുന്നത് ധാര്‍മികമായി ശരിയല്ല!