മലയാള സിനിമ ആയ “ജാൻ എ മൻ ” കാണിക്കുന്നത് പോലെ വീട്ടിൽ പ്രസവിച്ചാൽ പോരെ. എന്തിനാണ് ആശുപത്രികളിൽ പോകുന്നത്? എന്തിനാണ് പ്രസവത്തിന് ഒരു ഡോക്‌ടറുടെ കാവൽ?എന്താണ് വാട്ടർബർത്ത് അഥവാ ജലപ്രസവം?⭐
📌 കടപ്പാട്: ആരോഗ്യ വകുപ്പ്
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
പ്രസവം ഒരു രോഗമൊന്നുമല്ല ചികിൽസിക്കാൻ എന്നൊക്കെ പഴയ ആളുകൾ പറയാറുണ്ട്.ശരിയാണ്;പ്രസവം പൂർണമായും ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഗർഭം തുടങ്ങും മുതൽ പ്രസവശേഷം മറുപിളള വേർപെടും വരെയും അതിനെ തുടർന്നുമുള്ള സംഭവങ്ങൾ ഒരു ശൃംഖല കണക്ക് മുന്നേറുന്നു. ഇതിലേതെങ്കിലും ഒരു കാര്യം പിഴച്ചാൽ മതി സർവ്വത്ര സങ്കീർണമാകാൻ. ആ സങ്കീർണത ഒഴിവാക്കാനുള്ള മേൽനോട്ടവും , മുൻകരുതലുകളുമാണ് പ്രസവപൂർവ്വ പരിചരണവും , പ്രസവസമയത്തും തുടർന്നുമുള്ള പരിചരണവുമായി ആധുനിക വൈദ്യശാസ്‌ത്രം ചെയ്‌തു വരുന്നത്. ഏത് ചെറിയ അപാകതയും അമ്മയുടേയോ , കുഞ്ഞിന്റേയോ , രണ്ടു പേരുടേയും തന്നെയോ ജീവൻ അപകടത്തിലാകാം. അത്തരം അത്യാവശ്യഘട്ടങ്ങളിലാണ് സിസേറിയൻ ശസ്‌ത്രക്രിയ പോലുള്ള രീതികളെ ആശ്രയിക്കുന്നത്. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ പ്രസവസമയത്തെ അപ്രതീക്ഷിതദുരന്തങ്ങൾ തടയുന്നതിൽ ആധുനികവൈദ്യശാസ്‌ത്രം വഹിച്ച പങ്ക് സുവ്യക്‌തമാണ്.
നമ്മുടെ നാട്ടിലെ മാതൃ മരണ നിരക്കും , ശിശുമരണനിരക്കും ഒന്നു പരിശോധിച്ചു നോക്കിയാൽ നമുക്ക് വ്യക്തമാകും. 2001-03 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് 110 ആയിരുന്നു. 2004-06 കേരളത്തിലെ മാതൃമരണനിരക്ക് 95 ആയിരുന്നു. അതായത്, ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 95 അമ്മമാർ മരണപ്പെടുന്നു. ഈ നിരക്ക് 2013 ആയപ്പോളേക്കും 61 ആയി കുറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇത് വളരെ ഉയർന്നതായിരുന്നു.1960 കളിൽ ഇന്ത്യയിലെ ശിശു മരണ നിരക്ക് 160 ആയിരുന്നു. അതായത് ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, 160 പേർ മരണപ്പെടുന്നു.
ഇന്ത്യയിൽ ഇന്നത് 40-ൽ താഴെ എത്തി നിൽക്കുന്നു. കേരളത്തിലെ ശിശുമരണനിരക്ക് പത്തിലും താഴെയാണ്. ഇതെല്ലാം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗം കൂടിയാണ്. വീട്ടിൽ നടന്നിരുന്ന പ്രസവങ്ങൾ കുറഞ്ഞതും, സൗകര്യമുള്ള ആശുപത്രികളിൽ പ്രസവങ്ങൾ കൂടുതൽ നടക്കുന്നതും, പ്രസവത്തിലെ സങ്കീർണ്ണതകൾ കുറയുന്നതും ഇതിന് പ്രധാന കാരണമാണ്.പ്രസവത്തെ കുറിച്ച് ഇപ്പോഴും അജ്ഞതയുള്ള ധാരാളം സ്ത്രീ പുരുഷന്മാര്‍ നമുക്കിടയിൽ ഉണ്ട്. ശാസ്ത്രീയമായി പറയുകയാണെങ്കിൽ പ്രവസമെന്നത് ഒരൊറ്റ പ്രക്രിയയൊന്നുമല്ല.
പ്രധാനമായും 3 ഘട്ടങ്ങളാണ് ഒരു പ്രസവത്തിനുള്ളത്.
⚡ആദ്യത്തെ ഘട്ടത്തില്‍ സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം വികസിക്കുന്നത്
⚡രണ്ടാം ഘട്ടത്തിലാണ് കുഞ്ഞ് വജൈനയിലൂടെ പുറത്തു വരുന്നത്.
⚡മൂന്നാം ഘട്ടം പ്ലാസന്റ അഥവാ മറുപിള്ള, അതായത് കുഞ്ഞിന് അത്രയും കാലം ഭക്ഷണവും , ഓക്‌സിജനുമെല്ലാം ലഭ്യമാക്കിയിരുന്ന പ്ലാസന്റ പുറത്തു വരുന്നതാണ്.
💫ആദ്യഘട്ടം അഥവാ ഡയലേഷന്‍:
ആദ്യഘട്ടം അഥവാ ഡയലേഷന്‍ അഥവാ സെര്‍വിക്‌സ് വികസിയ്ക്കുന്ന ഘട്ടം പ്രധാനമാണ്. ഇത് വികസിച്ചില്ലെങ്കില്‍ സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാകും. ഗര്‍ഭാശയ മുഖം വികസിയ്ക്കാനായി മരുന്നുകള്‍ വയ്ക്കാറുമുണ്ട്. ഈ ആദ്യ ഘട്ടത്തില്‍ യൂട്രസിന്റെ മസിലുകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇത് സെര്‍വിക്‌സിലേയ്ക്കു കുഞ്ഞിനുള്ള ദൂരം കുറയ്ക്കാന്‍, സെര്‍വിക്‌സ് കൂടുതല്‍ മൃദുവായി കുഞ്ഞിനു കടന്നു വരാന്‍ വഴിയൊരുക്കും.
സാധാരണ ഗതിയില്‍, അതായത് കുഞ്ഞ് ഉള്ളിലുള്ള സന്ദര്‍ഭത്തില്‍ കുഞ്ഞിനെ ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെ പിടിച്ചു നിര്‍ത്തുവാന്‍ സെര്‍വിക്‌സ് നീളം കൂടിയതും ഉറപ്പുള്ളതുമാകും. ഈ ആദ്യ ഘട്ടത്തില്‍ ചിലര്‍ക്കു ചെറിയ വേദനയും , ചിലര്‍ക്കു കൂടുതല്‍ വേദനയും അനുഭവപ്പെടും. കോണ്‍ട്രാക്ഷനുകള്‍ ആദ്യം കുറവായിരിയ്ക്കും.പിന്നീട് എണ്ണത്തില്‍ കൂടുതലാകും. അഞ്ചു മിനിറ്റില്‍ ഒരു കോണ്‍ട്രാക്ഷന്‍ അഥവാ വികസിയ്ക്കലും ചുരുങ്ങലും ഉണ്ടാവും.
പിന്നീട് ഇത് ഒരു മിനിറ്റു കൂടുതല്‍ നീണ്ടു നില്‍ക്കുകയും ചെയ്താല്‍ പ്രസവത്തിന്റെ തുടക്കമായി എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതോടനുബന്ധിച്ച് ചിലപ്പോള്‍ രക്തത്തോടു കൂടിയ കട്ടിയുള്ള യോനീസ്രവവും കാണപ്പെടുന്നു.ഇത്രയും കാലം കുഞ്ഞിനു ചുറ്റും സംരക്ഷണ വലയം തീര്‍ത്ത ബ്രേക്കിംഗ് ഓഫ് വാട്ടര്‍ അതായത് അംമ്‌നിയോട്ടിക് സ്രവം ചോര്‍ന്നു പോകുന്ന പ്രക്രിയ .കുഞ്ഞു പുറത്തേയ്ക്കു പോരുന്നതിന്റെ മുന്നോടിയായി പുറത്തേയ്‌ക്കൊഴുകുന്നു.
💫രണ്ടാം സ്റ്റേജില്‍ കുഞ്ഞു പുറത്തേയ്ക്കു വരികയാണ് ചെയ്യുന്നത്. സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം വികസിയ്ക്കുന്നു. കുഞ്ഞിന്റെ തല യൂട്രസില്‍ നിന്നും വജൈനയിലേയ്ക്ക് അഥവാ ബര്‍ത്ത് കനാലിലേയ്ക്കു വരുന്നു. ഈ അവസ്ഥയില്‍ കുഞ്ഞിനെ ശരീരത്തില്‍ നിന്നും പുറന്തള്ളുവാനായി അമ്മ മര്‍ദം പ്രയോഗിയ്ക്കണം. പുഷ് ചെയ്യണം. ഈ പ്രക്രിയ അര മണിക്കൂര്‍ മുതല്‍ 1 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കും ഇതാണ് പ്രസവവേദനയുടെ പ്രധാന ഘട്ടം.ചിലരില്‍ ഈ സമയത്ത് കുഞ്ഞു പുറത്തേയ്ക്കു വരാനായി എപ്പിഡ്യൂറല്‍ പോലുള്ള വഴികള്‍ സ്വീകരിയ്‌ക്കേണ്ടി വരും. ചിലര്‍ക്ക് വാക്വം വച്ചു കുഞ്ഞിനെ വലിച്ചെടുക്കുക, ഫോര്‍സെപ്‌സ് വച്ചു വലിച്ചെടുക്കുക തുടങ്ങിയ സഹായങ്ങള്‍ ആവശ്യമായി വരും.
പ്രസവത്തിന് അമ്മയ്ക്ക് ഊര്‍ജം തികയാത്ത ഘട്ടങ്ങളിലാണ് ഇതു സംഭവിയ്ക്കുക.
💫മൂന്നാം സ്റ്റേജില്‍ മറുപിള്ള അഥവാ പ്ലാസന്റ പുറന്തള്ളപ്പെടുന്നു. ഇതിന് രണ്ടു വഴികള്‍ സ്വീകരിയ്ക്കാറുണ്ട്. ഫിസിയോളജിക്കല്‍ മാനേജ്‌മെന്റ്, ആക്ടീവ് മാനേജ്‌മെന്റ് എന്നിവയാണ് ഇവ. ഫിസിയോളജിക്കല്‍ മാനേജ്‌മെന്റില്‍ അമ്മ തന്നെ സ്വഭാവികമായി മറുപിള്ളയെ പുറന്തള്ളുന്ന പ്രക്രിയയാണ്. ഇത് 1 മണിക്കൂര്‍ വരെ എടുക്കാം. രണ്ടാം വഴിയില്‍, അഥവാ ആക്ടീവ് മാനേജ്‌മെന്റില്‍ കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗം വജൈനയില്‍ നിന്നും പുറത്തു വന്നയുടന്‍ സ്ത്രീയിലേയ്ക്ക് തുടയിടുക്കിലൂടെ എക്‌ബോളിക്, അതായത് ഒരു മരുന്നു കുത്തി വയ്ക്കുന്നു. ഇത് കോണ്‍ട്രാക്ഷന്‍ നടക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പെട്ടെന്നു തന്നെ മറുപിള്ള പുറത്തേയ്ക്കു വരാന്‍ സഹായിക്കുന്നു. ഈ വഴിയില്‍ രക്തനഷ്ടവും കുറവാണ്.
പ്രസവം എല്ലാ സസ്തനികള്‍ക്കും ഉള്ളതാണ്. എന്നാല്‍ പ്രസവം എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൊക്കിള്‍ക്കൊടി മുറിക്കുന്നതില്‍ പോലും നല്ല ശ്രദ്ധ വേണം. എന്നാല്‍ വീടുകളില്‍ നടക്കുന്ന പ്രസവത്തില്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. കുഞ്ഞിന് ശ്വാസം എടുക്കാന്‍ പറ്റാത്തത് പോലുള്ള അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനുള്ള സജ്ജീകരണങ്ങളും ആവശ്യമാണ്. ഇത്തരം സ്ഥലങ്ങളില്‍ അതുണ്ടാകില്ല. അത് അപകടത്തിന് കാരണമാകുന്നുണ്ട്. പ്രസവത്തിന് ശേഷം അമിതമായ ബ്ലീഡിംഗ് ഉണ്ടാവുകയാണെങ്കില്‍ സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകില്ല .
പ്രസവം അത്ര ലളിതമായ ഒന്നല്ല. ഏത് നിമിഷവും അപകടത്തിലേക്ക് പോയേക്കാം. വീട്ടിലെ പ്രസവം അറിവില്ലായ്മയുടെ ധൈര്യം കൊണ്ട് നടക്കുന്നതാണ്. കുഞ്ഞിന്റെ തല പുറത്തേക്ക് വന്ന് കുടുങ്ങിപ്പോയേക്കാം. കുട്ടി പുറത്ത് വന്ന് പ്ലാസന്റ വേർപെട്ടില്ലെങ്കിൽ നേരെ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്കാണ് മാറ്റുക. ഇതൊന്നും പ്രവചിക്കാനാവാത്തതാണ്. പരീക്ഷണത്തിന് നില്‍ക്കുമ്പോള്‍ ഇത്തരം അപകടം കൂടിയുണ്ടെന്ന് മനസിലാക്കണം .
ആശുപത്രിയില്‍ നിന്നുള്ളതല്ലാത്ത എല്ലാ പ്രസവവും ഹോം ഡെലിവറി എന്ന കണക്കിലാണ് ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തുന്നത്. ഹോസ്പിറ്റലില്‍ എത്തുന്നതിന് മുമ്പ് തന്നെ ചിലപ്പോള്‍ പ്രസവം നടക്കും. അത് ബോധപൂര്‍വ്വം ചെയ്യുന്നതല്ല. അപ്പോള്‍ അടുത്തുള്ള ഡോക്ടറോ , നേഴ്സോ പ്രസവമെടുക്കും. ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട മറ്റെല്ലാം കെയറും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാകും .
ആദിവാസികളുടെ ഇടയിൽ ആശുപത്രിയിൽ പോകാതെ പ്രസവിക്കാനായി ഊരുകളിൽ ഈറ്റുമുറികൾ എന്ന പ്രത്യേക സ്ഥലം തന്നെ ഉണ്ട്. ആദിവാസികള്‍ക്ക് മോഡേണ്‍ മെഡിസിന്‍ എന്നത് തന്നെ ഭയമാണ്. പരമ്പരാഗതമായ ആ രീതി വിട്ട് വരാന്‍ അവര്‍ക്ക് മാനസികമായ പ്രയാസമുണ്ട്. യാഥാസ്ഥിതികരായ ചില മതവിശ്വാസികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങള്‍ മറ്റാരും കാണരുത് എന്ന് ചിന്തിക്കുന്നത് കൊണ്ട് വീട്ടിനകത്തെ ഇരുട്ട് മുറിയിലാണ് പ്രസവം നടത്തുന്നത് കൂടുതൽ സൗകര്യം എന്ന് പറയും. പ്രസവം എടുക്കുന്നതിനായി പ്രത്യേകം സ്ത്രീകളുണ്ട്.
പ്രസവത്തില്‍ മരിച്ചാല്‍ ആ പെണ്ണ് രക്തസാക്ഷിത്വം വഹിച്ചു എന്നാണ് ഇവരുടെ വിശ്വാസം.നിയമപ്രകാരം ഗർഭസ്ഥ ശിശുവിനും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് അതിന്റേതായ ജീവിതവും , അവകാശങ്ങളുമുണ്ട് . അത് നിയമം അംഗീകരിക്കുന്നതുമാണ്.ഇളംചൂടുവെള്ളം നിറച്ച ടബ്ബിൽ പ്രസവിക്കുന്നതാണ് വാട്ടർ ബർത്ത്. ഗർഭപാത്രത്തിൽ ആംനിയോട്ടിക് ദ്രവത്തിൽ ജനിക്കുന്ന കുഞ്ഞിന് ഈ വെള്ളത്തിലേക്ക് വന്നു വീഴുന്നത് നല്ലതാണെന്നും , പ്രസവിക്കുന്ന ഗർഭിണിക്ക് ഈ ജലാന്തരീക്ഷം ആശ്വാസം നൽകുമെന്നും അവർക്ക് അനസ്‌തേഷ്യ, കുഞ്ഞിന്റെ ആഗമനം സുഗമമാക്കാൻ അമ്മയുടെ യോനിയുടെ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കുന്ന എപ്പിസിയോട്ടമി എന്നിവ ഒഴിവാക്കാൻ സാധിക്കും എന്നുമെല്ലാമാണ് അവകാശപ്പെടുന്ന ഗുണങ്ങൾ.
അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്‌റ്റെട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്‌റ്റ്‌സ് ഈ രീതിയെ വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്- പ്രസവത്തിന്റെ ആദ്യ ഘട്ടത്തിൽ (പ്രസവവേദന തുടങ്ങുന്നത് മുതൽ ഗർഭാശയം പൂർണമായി വികസിക്കുന്നത് വരെ) ഇളംചൂട് വെള്ളം അമ്മക്ക് ആശ്വാസം പകർന്നേക്കാം. എന്നാൽ, ഇത് കൊണ്ട് മാത്രമായി പ്രത്യേകിച്ചൊരു ഗുണം പ്രസവത്തിൽ നിരീക്ഷിക്കാനായിട്ടില്ല. രണ്ടാം ഘട്ടം (ഗർഭാശയം പൂർണ്ണമായി വികസിക്കുന്നത് മുതൽ കുഞ്ഞ് പുറത്ത് വരുന്നത് വരെ) ഇത്തരത്തിൽ ശ്രമിക്കുന്നത് പൂർണമായും പരീക്ഷണാടിസ്‌ഥാനത്തിൽ ആയിരിക്കണം, എന്ത് സങ്കീർണതക്കുള്ള സാധ്യത കണ്ടാലും അടിയന്തരചികിത്സ ലഭ്യമാക്കാനുള്ള മാർഗം തയ്യാറായിരിക്കണം .
ലേബർ റൂമിൽ പ്രസവവേദന തുടങ്ങിയ ശേഷം തുടർച്ചയായി കുഞ്ഞിന്റെ ഹൃദയമിടിപ്പും , അമ്മയുടെ ഹൃദയമിടിപ്പും , രക്‌തസമ്മർദ്ദവും , ഗർഭാശയസങ്കോചവുമെല്ലാം തുടർച്ചയായി അളക്കുന്നുണ്ട്. ഏത് സന്ദേഹവും തീർക്കാൻ വർഷങ്ങളോളം വിഷയം മാത്രം പഠിച്ച വിദഗ്‌ധരുണ്ട്. ഏത് കാര്യത്തിനും അമേരിക്കയേയും , യൂറോപ്പിനേയും പുച്‌ഛിക്കുന്ന പ്രകൃതിചികിത്സകർ വാട്ടർബർത്തിന്റെ കാര്യം വരുമ്പോൾ മാത്രം ഈ രീതിയെ വിദേശരാജ്യങ്ങളിലെ അദ്‌ഭുതപ്രവർത്തിയായി വാനോളമുയർത്തി ജനപ്രീതി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നത് തന്നെ വിരോധാഭാസമാണ്.
വിദേശരാജ്യങ്ങളിലും , അംഗീകൃത സെന്ററുകളിലും ഗർഭിണി പരിപൂർണ്ണ ആരോഗ്യവതിയാണ് എന്നുറപ്പ് വരുത്തിയാണ് വാട്ടർ ബർത്തിന് മുതിരുന്നത്. കൂടെ അണുബാധ തടയാനുള്ള കണിശമായ മുൻകരുതലുകളും , രക്തസ്രാവമടക്കമുള്ള സങ്കീർണതകളോ , ബുദ്ധിമുട്ടുകളോ വന്നാൽ നേരിടാനുള്ള സന്നാഹവും , വൈദ്യസഹായവും ഉള്ളയിടത്ത് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിൽ ജലപ്രസവം നടക്കുന്നത്.
ഇത്തരം കരുതലോ , സന്നാഹമോ , വൈദ്യസഹായമോ ഇല്ലാതെ പ്രകൃതിയെന്നും , സുരക്ഷിതമെന്നും പരസ്യപ്പെടുത്തി അമ്മയേയും , കുഞ്ഞിനേയും മരണത്തിന് വിട്ട് കൊടുക്കുന്ന പ്രാകൃതമായ രീതി ഇന്ത്യയിൽ മാത്രമേ കാണാൻ വഴിയുള്ളൂ . ഇത്തരം സെന്ററുകളുടെ മുഖമുദ്ര തന്നെ ആധുനിക വൈദ്യശാസ്‌ത്രത്തിനെതിരെ അകാരണമായ ഭീതി ജനിപ്പിക്കുക എന്നതാണ്. അവരുടെ നിലനിൽപ് അതിലായിരിക്കാം, പണയത്തിലാവുന്നത് സാധാരണക്കാരന്റെ ജീവനാണ്.
വാട്ടർബർത്തിനൊരുങ്ങുന്നവരോട്
ആധുനിക വൈദ്യശാസ്ത്രത്തിന് ഒന്നെ പറയാനുള്ളു പൂർണ്ണമായും സുരക്ഷിതമല്ല ഈ വഴി. അറിവുള്ളവർ മേൽനോട്ടം വഹിക്കാതെ പരീക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമരുത്. വെള്ളത്തിൽ പ്രസവം സംഭവിക്കുമ്പോൾ രക്‌തനഷ്‌ടം എത്രയെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അണുബാധക്കുള്ള സാധ്യത, വെള്ളത്തിന്റെ താപനില അനുചിതമെങ്കിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ തുടങ്ങി പലതും പരിഗണിക്കേണ്ടതുണ്ട്.
അതേ സമയം, ഒരു തരത്തിലും പ്രസവം സാധ്യമല്ലാത്ത ഇടുപ്പ് വികാസമില്ലാത്ത അവസ്‌ഥ (cephalo pelvic disproportion) പോലുള്ളവയിൽ പോലും ‘വരൂ നമുക്ക് വെള്ളത്തിൽ പ്രസവിക്കാം’ എന്ന് പറഞ്ഞതിന്റെ ഫലമായി നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ആരോഗ്യ വകുപ്പിന്റെ കൈയ്യിൽ ഉണ്ട്. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നത് സുഗമമാക്കാൻ വേണ്ടി ഉണ്ടാക്കുന്ന ചെറിയ മുറിവിനെ ഭീതിപ്പെടുത്തി ‘കീറുകയാണ്’ എന്നൊക്കെ വിവരിക്കുന്നതിലൂടെ അരക്ഷിതത്വം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്.
ഇതേ എപ്പിസിയോടമി ചെയ്യാതിരുന്നാൽ ചിലവർക്കെങ്കിലും അമ്മയുടെ യോനിക്കും , മലദ്വാരത്തിനും ഇടയിൽ സാരമായ കീറലുകളും , പോറലുകളും വന്ന് ബുദ്ധിമുട്ടുകൾ നേരിടാം. വലിയ കഷ്‌ടപ്പാടുകൾ ഒഴിവാക്കാനുള്ള ഒരു ചെറിയ സൂത്രപ്പണി മാത്രമാണിത്. ചെയ്യുന്നതാകട്ടെ, വിദഗ്‌ധരും. അത്യാവശ്യ ഘട്ടങ്ങളിൽ സിസേറിയനിലേക്ക് വഴി മാറാനും അവിടെ സാധ്യതയുണ്ട്. എങ്ങനെ നോക്കിയാലും ഗർഭിണിയും , കുഞ്ഞും സുരക്ഷിതരാണെന്ന് ചുരുക്കം.
നൽകാവുന്നതിന്റെ പരമാവധി സുരക്ഷയും , സംരക്ഷണവും അമ്മയ്ക്കും കുഞ്ഞിനും ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം.അവരുടെ ജീവൻ പരീക്ഷണ വസ്തുവാക്കരുത് . നിയമപരമായ ലൈസൻസിങ്ങും , വ്യവസ്ഥകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ആർക്കും എവിടെയും ഏത് രീതിയിലും പ്രസവരക്ഷയും , ചികിത്സാ കേന്ദ്രങ്ങളും നടത്താൻ നിയമം അനുവദിക്കുന്നില്ല. ദൗർഭാഗ്യവശാൽ സാക്ഷരതയിലും , സാമൂഹിക പുരോഗതിയിലും മുന്നേറിയ കേരളത്തിൽ ഈ കാലത്ത് ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാവാറുണ്ട് എന്നത് ആപത്കരമാണ്.