സംവിധായക സുഹൃത്ത് സജിൻബാബുവിനും സുഹൃത്ത് ജയശ്രീയുടെയും മൈത്രേയന്റെയും മകൾ കനിയ്ക്കും അഭിവാദ്യങ്ങൾ. സംവിധായകൻ സജിൻബാബുവിന് ബിരിയാനി പോലെ അതീവ ദുഷ്കരമായ ഒരു സിനിമ സാധ്യമാക്കിയതിന് . കനിക്ക് ആ സിനിമയിലെ നായികാവേഷം ഒത്തുതീർപ്പില്ലാതെ ഏറ്റെടുത്ത് ചെയ്യാൻ മനസ്സുണ്ടായതിന്. ആ തീരുമാനം വലുതാണ്.
പരീക്ഷിച്ചാൽ അറിയാം മലയാളത്തിലെ അറിയപ്പെടുന്ന ഒരു നായികയും ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത പാത്ര സങ്കല്പമാണ് ബിരിയാനിലെ നായികയുടെത് . 90 വയസ്സ് പിന്നിട്ട സിനിമയുടെ മുഖ്യധാരക്ക് ചിന്തിക്കാൻ പോലും കഴിയാത്തത് . നമ്മുടെ ഭാവനാ ദാരിദ്ര്യം അത്രയും ഭയാനകമാണ്. താരഭാവനയുടെ ചതുരങ്ങളിൽ ചലച്ചിത്ര ഭാവന തളച്ചിടപ്പെടത്തിന്റെ കെട്ടുകാഴ്ചകളാണ് ചലച്ചിത്ര ചരിത്രത്തിലെ മഹാമാരി . ആ ഹൃസ്വദൃഷ്ടി തിന്നു തീർത്ത കോലങ്ങളാണ് നമ്മുടെ സിനിമകളിൽ ഏറിയ പങ്കും. ബിരിയാനി ആ ഹൃസ്വദൃഷ്ടി മറികടക്കുന്ന അത്യപൂർവ്വ രചനയാണ്.
പുരസ്കാരങ്ങൾ ഒരന്ധസാധ്യതയാണ് . കീസ്ലോവ്സ്കിയുടെ ബ്ലൈന്റ് ചാൻസ് പോലെ . അത് കൊണ്ട് അത് കിട്ടാം, കിട്ടാതിരിക്കാം. അതൊക്കെ തിരഞ്ഞെടുത്ത ജൂറികൾക്ക് മുന്നിലെ തിരഞ്ഞെടുപ്പ് മാത്രം. എന്നാൽ ചില പുരസ്കാരങ്ങൾ ചിലർക്ക് കൈവരുന്നതിൽ സ്പോടനാത്മകമായ ഒരട്ടിമറിയുണ്ട്. കനിക്ക് പുരസ്കാരം ലഭിക്കുന്നതിലൂടെ സജിൻ ബാബുവിന്റെ ബിരിയാനി ഒരട്ടിമറി ജയം നേടുന്നു. ആ തീരുമാനം ഭാവനയുടെ ചരിത്രത്തിലെ പ്രതീകാത്മകമായ ഒരു അട്ടിമറി ആയത് കൊണ്ട് തന്നെ ആഹ്ലാദകമാണ്. കേരള ജൂറിക്ക് മുമ്പാകെ സ്പെയിനിലെയും മോസ്കോയിലെയും വിഖ്യാത ചലച്ചിത്രോത്സവങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനിയുടെ പ്രകടനം തഴയുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് .അതിനവർ തുനിഞ്ഞില്ല എന്നത് അത് ആ നേട്ടത്തിൻ്റെ സാർവ്വദേശീയ മാനം തിരിച്ചറിയാൻ ജൂറി തയ്യാറായി എന്ന അർത്ഥം കൂടിയുണ്ട്.
ബിരിയാനി പല നിലക്കും 2020 ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന രണ്ടു മഹാമാരികളിൽ ഒന്നിൻ്റെ ആവിഷ്ക്കാരമാണ്. കോവിഡും ബലാത്സംഗ വുമാണ് അത്. അതിൽ ബലാത്സംഗം എന്ന മനുഷ്യത്വഹീനമായ ഭീകരതയിലേക്ക് ക്യാമറ തിരിയ്ക്കുന്നു ബിരിയാനി.
ഹാത്രസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഭരണകൂടം ഒന്നടങ്കം തന്നെ മുൻകൈ എടുത്ത് തെളിവ് നശിപ്പിക്കാൻ ചുട്ടെരിക്കുന്നിടം വരെ കാര്യങ്ങളെ എത്തി . അതാണ് സങ്കിഇന്ത്യ . അവിടെ ഒരു മുസ്ലീം പേര് പോലും രാജ്യദോഹമാകുന്ന കാലമാണ് . അപ്പോഴാണ് തൻ്റെ ജീവിതത്തെ തന്നെ ബലാത്സംഗം ചെയ്ത ആണത്തങ്ങൾക്കായി ഒരു മുസ്ലീം സ്ത്രീ ഒരുക്കുന്ന ബിരിയാനി ചരിത്രകുന്നത് . അത് വെറുമൊരു ചിക്കൻ/ മട്ടൺ/ബീഫ് ബിരിയാനിയല്ല . അധികാരം ചവിട്ടി അലസിപ്പിച്ച ബലാത്സംഗത്തിൻ്റെ ബാക്കിപത്രത്തെ കൊന്നവരെക്കൊണ്ട് തീറ്റിക്കുന്ന ഭാവനയാണ്. 90 വർഷത്തെ ചലച്ചിത്ര ചരിത്രത്തിൻ്റെ നിശ്ചലതക്ക് മേൽ സമർപ്പിക്കപ്പെടുന്ന ഏറ്റവും തീവ്രമായ ഒരു മാനുഷിക പ്രതികരണമാണ്. ബലാത്സംഗിയുടെ ലിംഗം തന്നെ അറുത്തെടുത്ത് അത് പാചകം ചെയ്ത് അവരെക്കൊണ്ട് തന്നെ തീറ്റിക്കുന്ന ഒരു ചലച്ചിത്ര ഭാവന മുമ്പ് കണ്ട ഒരു ഈസ്റ്റ് യൂറോപ്യൻ സിനിമ ഇന്നും മനസ്സ് ഓർമ്മപ്പെടുത്തിക്കുന്നുണ്ട് . അത് പോലെ സജിൻ ബാബു വച്ചുവിളമ്പിയ ബിരിയാനി ചരിത്രപരമാണ്. അത് കണ്ട് തന്നെ മലയാളി പ്രേക്ഷകർ അനുഭവിക്കേണ്ടതുണ്ട്. തീ തിന്നുന്നത് പോലെ.
ബിരിയാനി തിയറ്ററിൽ / ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസായി കൂടുതൽ പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ട്. അത് കണ്ട് വേണം മലയാള സിനിമ കണ്ട് മനസ്സിൽ അടിഞ്ഞുകൂടിയ അഴുക്കുകളുടെ അട്ടിപ്പേറ് കഴുകിക്കളയാൻ .2020 യെ ചലച്ചിത്ര ഭൂപടത്തിൽ രേഖപ്പെടുത്തുമ്പോൾ അവിടെ നടന്ന ഏറ്റവും സാർത്ഥകമായ കലാ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ എൻ്റെ ഓർമ്മയിൽ ബിരിയാനി എന്ന സിനിമയാണ്. ഒരിക്കൽക്കൂടി സജിൻ ബാബുവിനും കനിക്കും അഭിവാദ്യങ്ങൾ.