യു.എ.പി.എ. എന്ന കരിനിയമം തങ്ങളുടെ നയമല്ലെന്ന് പ്രഖ്യാപിച്ച ഇടത് പക്ഷ ജനാധിപത്യ മുന്നണിയാണ് ഭരിക്കുന്നതെന്നോർക്കണം

173

Prem Chand

അലൻ, പ്രിയ കൂട്ടുകാർ സബിതയുടെയും ഷുഹൈബിന്റെയും ഇളയമകൻ . പി. കൃഷ്ണപിള്ള വേരുപിടിപ്പിച്ച കോഴിക്കോട് തിരുവണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാടത്ത് വളർന്ന സാവിത്രി ടീച്ചറുടെ പേരക്കുട്ടി .

കൺമുന്നിൽ വളർന്ന പാപ്പാത്തിയുടെയും ഇളയ തലമുറയിൽ പെട്ട കുട്ടികളിൽ പ്രായത്തെ വെല്ലുന്ന തരത്തിൽ പുതിയ സിനിമകളെയും പുതിയ അറിവുകളെയും തേടി ആവേശത്തോടെ പറന്ന് വളർന്നവനാണ് അലൺ . ചിന്താക്കുറ്റത്തിന് ശിക്ഷയായി അവൻ പിന്നിട്ട രാത്രി മുതൽ യു.എ.പി.എ. ചുമത്തപ്പെട്ട് പോലീസ് കസ്റ്റഡിയിലാണ് . മാവോയിസ്റ്റ് ലഘുരേഖ അവരിൽ നിന്നും കണ്ടെടുക്കപ്പെട്ടു എന്നാണ് കുറ്റാരോപണം. ഗോർക്കിയുടെ അമ്മ നോവലിന് ബ്രെഹ്ത് എഴുതിയ നാടകാഖ്യാനത്തിന് മധുമാസ്റ്റർ 1978- 79 കാലത്ത് എഴുതി അവതരിപ്പിച്ച അമ്മ നാടകത്തിലെ ഒരു രംഗം പോലെയുണ്ട് അലണിന്റെയും കൂട്ടുകാരന്റെയും അറസ്റ്റ്. ഗോർക്കിയുടെ അമ്മ എന്ന പോലെ അലന്റെ അമ്മ സബിത ചാനലുകളോട് ചോദിച്ച ചോദ്യം ഈ നൂറ്റാണ്ടിന്റെ ചോദ്യമാണ്. പളളിയിലും അമ്പലത്തിലും മാത്രം പോകുന്ന അടക്കവും ഒതുക്കവുമുള്ള കുട്ടികളെ ( നാമജപധാരികൾ! ) മാത്രമായിരുന്നോ പിന്നെ ഈ സമൂഹത്തിന്റെ നവോത്ഥാനത്തിന് വേണ്ടിയിരുന്നത് എന്ന സന്ദേശമല്ലേ ഈ അറസ്റ്റ് നൽകുന്നത്?

യു.എ.പി.എ. എന്ന കരിനിയമം തങ്ങളുടെ നയമല്ലെന്ന് പ്രഖ്യാപിച്ച ഇടത് പക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കാലത്ത് നമ്മുടെ നീതിന്യായ സംവിധാനം സ്വന്തം നയത്തിന് വിരുദ്ധമായി നടപ്പിലാക്കിയ ഈ അറസ്റ്റ് കേരളത്തിന്റെ പുതിയ കൗമാരത്തിന് മുന്നിലാണ് ഇരുട്ടിന്റെ വാൾ വീശിയിരിക്കുന്നത്. ചിന്ത അത്രമേൽ വലിയ കുറ്റമായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. ഭയാനകം എന്നല്ലാതെ ഇതിനൊരു ചുരുക്കപ്പേരില്ല .

വാളയാറിൽ പിഞ്ചു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കാപാലികന്മാർക്ക് നേരെ ഉയരാതിരുന്ന നിയമമാണ് ഈ ചിന്തിക്കുന്ന കുട്ടികൾക്ക് നേരെ ഉയർന്നത്. വധശിക്ഷയെ എതിർക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ വിചാരണ കൂടാതെ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന തണ്ടർബോൾട്ടിന്റെ കാട്ടുനീതി [കസബിനെപ്പോലും വിചാരണ ചെയ്ത് തൂക്കിലേറ്റിയ രാജ്യത്ത് ] നടപ്പാക്കുമ്പോൾ അത് വ്യാജ ഏറ്റുമുട്ടലാണെന്നും ഭരണകൂട ഭീകരതയാണെന്നും ഭരണപക്ഷത്തുള്ള സി.പി.ഐ. ജനറൽ സിക്രട്ടറി പോലും വിളിച്ചു പറയുന്ന കാലത്ത് ഈ ചിന്തിക്കുന്ന കുട്ടികളുടെ ചിന്തക്ക് യു.എ.പി.എ ചുമത്തുന്നത് എന്ത് ഇരട്ടനീതിയാണ്. എങ്കിൽ കാനത്തിനെതിരെയല്ലേ ആദ്യം യു.എ.പി.എ. ചുമക്കേണ്ടത്? ഈ കുട്ടികൾ “മാവോയിസ്റ്റു”കളാണെങ്കിൽ അതിൽ അന്യായവും അനീതിയും തകര പോലെ തഴച്ചുവളർത്തുന്ന ഈ സമൂഹത്തെപ്പോലെ വലിയ കുറ്റവാളികളില്ല.

വാളയാർ ബലാത്സംഗ കൊലയടക്കം നമ്മുടെ നീതിക്ക് മേൽ പുരണ്ടിട്ടുള്ള കറകൾ കഴുകിക്കളയാൻ ഈ വ്യാജഏറ്റുമുട്ടൽ ഭീകരതകൾ കൊണ്ട് കഴിയും എന്ന് ആരെങ്കിലും ചിന്തിച്ചാൽ അത് അസ്ഥാനത്താണ് .

ഏതായാലും കേരളവും കേരളം ഭരിക്കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണിയും ഇരുട്ടിനാൽ അടഞ്ഞു പോയിട്ടില്ലെന്നതിന്റെ പ്രതീക്ഷയാണ് അലണിനും കൂട്ടുകാരനുമെതിരെ യു.എ.പി.എ.ചുമത്തിയ വിഷയത്തിൽ ഇടപെടാൻ ധീരത കാണിച്ച സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി , സി.പി.ഐ. എം.പി. ബിനോയ് വിശ്വം , കേളുവേട്ടൻ പഠനകേന്ദ്രം സാരഥി കെ.ടി. കുഞ്ഞിക്കണ്ണൻ , സിപി.ഐ. നേതാവ് പി. പ്രസാദ് , ഫിപ്രസി അഖിലേന്ത്യാ പ്രസിഡണ്ട് വി.കെ.ജോസഫ് എന്നിവരുടെ തുറന്ന നിലപാടുകൾ . അതുകൂടി ഇല്ലായിരുന്നുവെങ്കിൽ ഈ ദിവസം അത്രമേൽ ദു:ഖ പൂരിതവും ഇരുളടഞ്ഞതുമാകുമായിരുന്നു.

യു. എ.പി.എ. പുന:പരിശോധിക്കപ്പെടട്ടെ , അലണും കൂട്ടുകാരനും നിരുപാധികം മോചിപ്പിക്കപ്പെടട്ടെ. ചിന്ത കുറ്റമാകുന്നത് റദ്ദാക്കപ്പെടട്ടെ.