ചോറിനുള്ള അരിയിങ്ങനെ കിടക്കുന്നത് കണ്ടപ്പോ വീട്ടിലെ പഴയ കാര്യമൊക്കെ ഞാനോർത്തുപോയി

0
390

Prem Kumar

ഞായറാഴ്ചത്തെ ലോക്ഡൗണിൽ വടകര അഞ്ചുവിളക്ക് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിറങ്ങിയതാണ് സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്. എവിടെ നിന്നാണെന്നറിയില്ല, പ്രായമായൊരു മനുഷ്യൻ ഒരു സഞ്ചിയിലിത്തിരി അരിയുമായ് വരുന്നു. പഴയ സഞ്ചി പൊട്ടി അതുമുഴുവൻ റോട്ടിൽ വീഴുന്നു.
മാറി നിൽക്കാതെ, കാഴ്ചക്കാരനാവാതെ, അയാൾക്കൊപ്പമിരുന്ന് അരിമണികൾ തുടച്ചെടുക്കാൻ കൂട്ടാവുകയാണ് പ്രദീപ്.

May be an image of one or more people and outdoorsപ്രദീപിനെ തേടിപ്പിടിച്ച് വിളിച്ചു സംസാരിച്ചു. പരിചയപ്പെട്ടിട്ടില്ലാത്ത നാട്ടുകാരാണ് ഞങ്ങൾ.തിരുവള്ളൂർ കന്നിനടയ്ക്കടുത്താണ് വീട്; വടകര ട്രാഫിക് സ്റ്റേഷനിലാണ് ജോലി.നരച്ച മുടി ഡൈ ചെയ്യുന്നില്ലെന്നതേയുള്ളൂ, എന്നെക്കാൾ ഒരു വയസ്സിനിളയതാണ് പ്രദീപ്. എന്തേ നിങ്ങൾക്ക് മാത്രമിങ്ങനെ തോന്നാൻ എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ പ്രദീപ് അറിയാതെ പറഞ്ഞു തുടങ്ങി. അഭിമാനത്തോടെ കേട്ടിരുന്നു ഞാൻ.

തിരുവള്ളൂർ ശാന്തിനികേതൻ സ്‌കൂളിലും പിന്നെ സി.കെ.ജി. കോളേജിലുമാണ് പഠിച്ചത്. ഡിഗ്രി കഴിഞ്ഞശേഷം തുടർന്ന് പഠിച്ചില്ല; ജോലിയൊന്നും കിട്ടിയില്ല. നാടൻ പണിക്ക് പോയ്ത്തുടങ്ങി;പിന്നെ കുറച്ചു കാലം ലോറിപ്പണിക്ക് പോയി. അത് കഴിഞ്ഞ് കുറേക്കാലം പൂഴിവാരലായിരുന്നു പണി.അതിനൊടുവിലാണ് പൊലീസിൽ ജോലികിട്ടിയത്.ഒന്നും മറന്നുപോവാത്ത പ്രദീപിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയത് ഏത് കൊല്ലമാണെന്ന് കൃത്യമായ് ഓർമയില്ല;
കോവിഡിനൊക്കെ മുൻപാണെന്നൊരോർമയുണ്ട്.

മെഡൽ നേടിയ പോലീസുകാരനായതുകൊണ്ടല്ല പ്രദീപിനിങ്ങനെ ചെയ്യാൻ തോന്നിയതെന്നെനിക്കറിയാം. ‘അതേ…മാഷേ…ചോറിനുള്ള അരിയിങ്ങനെ കിടക്കുന്നത് കണ്ടപ്പോ…വീട്ടിലെ പഴയ കാര്യമൊക്കെ ഞാനങ്ങോർത്തുപോയതു കൊണ്ടാവും.

‘വിശക്കുന്ന മനുഷ്യർക്ക് ഭക്ഷണം നൽകേണ്ടത് ദൈവത്തിന്റെ ബാധ്യതയല്ല.
പക്ഷേ, ജനനേതാവിന്റെ ബാധ്യതയാണത്.സങ്കല്പത്തിലെ ദൈവത്തിലല്ല, യാഥാർത്ഥ്യത്തിലെ പച്ചമനുഷ്യരിലാണ് നേതാവിന് സാധർമ്യം കണ്ടെത്തേണ്ടത്.’

പ്രിയപ്പെട്ട പ്രകാശൻ മാഷെഴുതിയത് എടുത്തെഴുതിയതാണ്. അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും വേദനകളുടെയും ഓർമകളുള്ളവർക്കേ അന്യന്റെ വേദനയറിയാനാവൂ; അന്നത്തിന്റെ വിലയറിയാനാവൂ.ദാരിദ്ര്യമോ ബുദ്ധിമുട്ടുകളോ ഒരിക്കലെങ്കിലുമനുഭവിച്ചറിയാൻ ഭാഗ്യമുള്ളവരാവട്ടെ നമ്മൾ. ഒരിക്കലെങ്കിലുമനുഭവിച്ചവരിൽ നിന്ന് കേട്ടറിയാനെങ്കിലും അവസരമുണ്ടാവട്ടെ നമ്മുടെ കുട്ടികൾക്ക്.പ്രിയപ്പെട്ട പ്രദീപ്, എത്ര മനോഹരമാണ് നിങ്ങളുടെ പേര്!നിങ്ങളെപ്പോലുള്ള കുറെ പച്ചമനുഷ്യരിപ്പോഴുമുള്ളതുകൊണ്ടാണ്, നിങ്ങൾപോലുമറിയാതെ ഞങ്ങളെ നയിക്കുന്നതുകൊണ്ടാണ്,
നമ്മളൊക്കെയിങ്ങനെയുള്ളത്. നമ്മളൊക്കെ.