പദ്മതീർത്ഥത്തിൽ ഒരാളെ മുക്കിക്കൊല്ലുന്നു, കൈവിറയാതെ ക്യാമറയേന്തിയ സൂര്യാ റിപ്പോർട്ടറുടെ പേര് കേട്ടു: അനിൽ നമ്പ്യാർ

226

Prem Kumar

‘മാവിലായിത്തല്ല്’ എന്നൊരു കുഞ്ഞുകഥ വായിക്കാൻ തന്നിരുന്നു അനിൽ വി.ഒ. എന്നൊരു ചങ്ങാതി 1994ൽ. അന്ന് ഞാൻ കണ്ണൂർ എ.എസ്.പി. സോറി, കണ്ണൂർ പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ എം.എ. ഫൈനൽ. അനിൽ, പ്രീവിയസ്. സാഹിത്യം പി.ജി. കഴിഞ്ഞ് പത്രപ്രവർത്തകനാവാൻ അന്നേ വെള്ളക്കുപ്പായമിട്ട സൗമ്യൻ, മിടുക്കൻ, മിതഭാഷി.

അനന്തപുരിയിലെ പദ്മതീർത്ഥത്തിൽ ഒരാളെ മുക്കിക്കൊല്ലുന്നു. കുമിളകളിങ്ങനെ പൊങ്ങിവന്നുവന്ന് ഒരാളുടെ ഉയിരില്ലാതാവുന്നതുവരെയുള്ള വിഷ്വൽസ് അന്ന് വൈകീട്ട് സൂര്യാ ന്യൂസിൽ കണ്ട് രസിച്ചു മലയാളികൾ; ചിലരുടെ ഉള്ളൊന്ന് പിടഞ്ഞു. കൈവിറയാതെ ക്യാമറയേന്തിയ റിപ്പോർട്ടറുടെ പേര് കേട്ടു: അനിൽ നമ്പ്യാർ. എനിക്കറിയുന്ന അനിലിന് വാലുണ്ടായിരുന്നില്ല.  മാവിലായിത്തല്ലിനെപ്പറ്റി എഴുതിയ അവനിങ്ങനെ ചെയ്യാനാവില്ല.

അന്നുമിന്നും കൗമുദിയിൽ കാർട്ടൂൺ വരയ്ക്കുന്ന കൂട്ടുകാരൻ സുജിത്തിന്റെ കൂടെ അസംബ്ലി മന്ദിരത്തിൽ കറങ്ങുന്നൊരു നാളിൽ അനിൽ മുന്നിൽ വന്നു പെട്ടു. ഇഷ്ടത്തോടെ വർത്താനം പറഞ്ഞുകൊണ്ടിരിക്കെ ആര്യാടനും പി.സി. ജോർജുമിടയിൽ വന്നു പെട്ടു.
അസംബ്ലി മന്ദിരത്തിൽ നിന്ന് 555 ആഞ്ഞുവലിക്കുന്ന ആര്യാടനെ നോക്കിനിന്നു പോയി ഞാൻ.ശോഭന ജോർജിന്റെ വ്യാജരേഖാ കേസിൽപ്പെട്ട് പോലീസ് ജീപ്പിന്റെ പിൻ സീറ്റിലിരുന്ന് പിന്നോട്ട് നോക്കി ചിരിക്കുന്ന അനിലിനെ പിന്നെ കണ്ടപ്പോൾ സ്ഫടികം സിനിമ ഓർമ്മ വന്നു. അപ്പോഴേക്കും അനിൽ ശരിക്കും നമ്പ്യാർ ആയിക്കഴിഞ്ഞിരുന്നു.

ഒരിടവേളയിൽ വിദേശത്തെവിടെയോ ഇവന്റസ്‌ കമ്പനി നടത്താൻ നടന്ന് കിതയ്ക്കുന്ന അനിലിനെ കണ്ടു. എനിക്ക് വളരെ പ്രിയപ്പെട്ടൊരു വിദേശ മലയാളി വ്യവസായിയുടെ നല്ല സുഹൃത്തായിരുന്നു അയാളപ്പോൾ. ജനത്തിന്റെ സീറ്റിലിരുന്ന് പിന്നെ ചോദിക്കുന്ന ചോദ്യങ്ങൾ കേൾക്കെ,FB പോസ്റ്റുകളിലെ വിദ്വേഷ ചിന്തകൾ വായിക്കെ അനിൽ വല്ലാതെ വിസ്മയമായി;
ആളുകളെങ്ങനെയൊക്കെ മാറുമെന്ന് മൂക്കത്ത് വിരൽ വെച്ചു ഞാനും.

വാർത്തകൊടുക്കാൻ വേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്ന് അനിൽ വിശദീകരിച്ചനാൾ, അത് സത്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് ഞാൻ FB യിലെഴുതി.അത് വെറും വാർത്തയല്ലായിരുന്നെന്ന് ഇന്ന് വാർത്തകൾ വരുന്നു. ഇന്നലെ വായിച്ചൊരു വാർത്ത, പക്ഷേ,
എന്നെ വല്ലാതെ ചിരിപ്പിച്ചു കളഞ്ഞു.

അനിൽ – സി.പി.എം ബന്ധത്തെപ്പറ്റിയുള്ള അന്വേഷണാല്മക ലേഖനമാണത്.
ചിരിക്കാൻ സമയമുള്ളവർക്ക് തുടർന്ന് വായിക്കാം.
01
ബ്രണ്ണന്‍ കോളേജില്‍ ബി.എ.പഠിക്കുമ്പോൾ അനിൽ SFI ആയിരുന്നു.
അതേ കോളേജിൽ SFI ആയിരുന്നു പിണറായി വിജയൻ.
02
തലശ്ശേരി സെന്‍റ് ജോസഫ് സ്കൂളിലാണ് അനിൽ പഠിച്ചത്.
പിണറായിയുടെ ഭാര്യ കമല ടീച്ചർ അവിടെയാണ് പഠിപ്പിച്ചിരുന്നത്.
കോടിയേരിയുടെ മക്കൾ അവിടെയാണ് പഠിച്ചിരുന്നത്.
03
ബി.എ. കാലത്ത് അനിൽ വെള്ള ഷർട്ടാണ് ധരിച്ചിരുന്നത്.
SFI നേതാക്കൾ അധികവും വെള്ള ഷർട്ടാണ് ധരിക്കാറുള്ളത്.
‘പിണറായിയുടെ നോമിനിയോ അനിൽ നമ്പ്യാർ?’
സൂപ്പർ പ്രൈം ടൈമിൽ വേണുവിന്റെ വെർബൽ ഡയേറിയ കേൾക്കാൻ കാത്തിരിക്കുന്ന ഞാൻ.