എന്തെങ്കിലുമൊരു കുറ്റം കണ്ടെത്താൻ പരതി നടക്കുന്ന താങ്കളുടെ നിരാശ മനസ്സിലാവാഞ്ഞിട്ടല്ല

67
Mullappally upset over delay in KPCC rejig | Kerala News ...

Prem Kumar

എത്രയും ബഹുമാനപ്പെട്ട ശ്രീ. മുല്ലപ്പള്ളീ, എന്തെങ്കിലുമൊരു കുറ്റം കണ്ടെത്താൻ പരതി നടക്കുന്ന താങ്കളുടെ നിരാശ മനസ്സിലാവാഞ്ഞിട്ടല്ല. എല്ലായിടത്തുമെന്നപോലെ കേരളത്തിലും ഉത്തരവാദിത്ത ബോധത്തിന്റെ, സഹജീവി സ്നേഹത്തിന്റെ
കാഴ്ചകൾ കാണുകയാണ് നമ്മൾ.ആ കൂട്ടത്തിലൊന്ന് തന്നെയാണ് ഇപ്പോൾ നടന്നു വരുന്ന സൗജന്യ റേഷൻ വിതരണം.
മിസ്റ്റർ മുല്ലപ്പള്ളീ… നിങ്ങൾക്കറിയുമോ? വീട്ടിൽ അരിയില്ലാത്തതുകൊണ്ടല്ല, മറിച്ച്, രോഗത്തിനോട് പൊരുതുന്ന ലോകത്തിനോടുള്ള പ്രത്യഭിവാദ്യമെന്ന നിലയിൽ കടയിൽ ചെന്ന് ഒരു മീറ്റർ അകലത്തിൽ വരി നിന്ന്, അഭിമാനത്തോടെ സൗജന്യ റേഷൻ വാങ്ങി വെച്ചുവിളമ്പുന്നുണ്ട് പലരും.നമ്മുടെയൊക്കെ ഓർമകളിലുള്ള റേഷനരിയുടെ വേവും മണവും പരിചയമില്ലാത്ത കുട്ടികൾക്ക് സ്നേഹത്തോടെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട് പലരും.

ഈ ഞായറാഴ്ചയായിരുന്നു എന്റെ കുടുംബത്തിന്റെ ഊഴം. ഇന്നലെയുമിന്നും ഞങ്ങളുടെ വീട്ടിൽ റേഷനരിയാണ്. രണ്ട് മക്കളും ഇഷ്ടത്തോടെ അതുണ്ണുന്നത് അവരുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെയനുഭവിച്ചിരുന്ന,അവർക്ക് കേട്ട് കേൾവിപോലുമില്ലാതിരുന്ന വറുതിയുടെ കഥകളിന്ന് കേട്ടുകൊണ്ടാണ്. ഇനിയേതൊരു നാളിലും മടങ്ങി വരാവുന്ന വറുതിയുടെ സാധ്യതകളോർത്തുകൊണ്ടാണ്.ഒന്നുമില്ലെങ്കിലും കുറച്ചു കാലം മന്ത്രിയായിരുന്നില്ലേ നിങ്ങൾ? ഈയടുത്ത കാലത്തെപ്പോഴെങ്കിലും ഇത്ര കൃത്യമായ്, ഇത്ര ചിട്ടയോടെ റേഷൻ വിതരണം നടന്നിരുന്നോ കേരളത്തിൽ? ഇത്ര ചിട്ടയോടെ റേഷൻ വാങ്ങിയിരുന്നുവോ പൊങ്ങച്ചക്കാരായ മലയാളികൾ? ഇതൊക്കെ നടക്കുന്നത് സർക്കാർ മാത്രം വിചാരിച്ചിട്ടാണെന്ന് കരുതി നിങ്ങളിങ്ങനെ കൊഞ്ഞനം കുത്തി കോമാളിയാവണ്ട. കോൺഗ്രസുകാരെന്ന് അഭിമാനത്തോടെ പറയുന്ന നൂറ് കണക്കിനാളുകളുടെ കൂടി ഉത്സാഹവും പ്രയത്നവുമുണ്ടിതിനൊക്കെ പിന്നിൽ. ഇത്രയൊന്നും നിങ്ങളോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന്നെറിയാം.

പറഞ്ഞുപോവുന്നതിന് ഒരൊറ്റ കാരണമേയുള്ളു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്നൊരു മനുഷ്യനിരുന്ന കസേരയിലാണ് നിങ്ങളിപ്പോളിരിക്കുന്നത്. ദുരന്തങ്ങൾ, നന്മയെ വെളിപ്പെടുത്താനുള്ള പരീക്ഷണങ്ങളാണ് മനുഷ്യന്. എന്ത് വേണമെങ്കിലുമായ്ക്കൊള്ളു; ഉണ്ണാനുള്ളരിയിൽ കാർക്കിച്ച് തുപ്പരുത്.