Prem Mohan
ഡെനിസ് വില്ലന്യുവിന്‍റെ ത്രില്ലര്‍ ഡ്രാമകളെ ഓര്‍മ്മിപ്പിക്കും വിധം ഇരുണ്ട, പച്ചയായ, കഥാപരിസരമാണ് ഇരട്ടയുടേത്. സംവിധായകന്‍ രോഹിത്തിന്‍റെ ആദ്യസിനിമ എന്ന നിലയില്‍ നല്‍കിയ പ്രതീക്ഷ നിറവേറ്റുക എന്നതായിരിക്കും അദ്ദേഹത്തിന്‍റെ അടുത്ത വലിയ കടമ്പ. സിനിമാറ്റിക്കലി ബ്രില്ല്യന്‍റ് ആയിരിക്കെത്തന്നെ, മനുഷ്യമനസ്സിനേക്കുറിച്ച് ഗൗരവമേറിയ ചിന്തകള്‍ പങ്കുവെക്കുന്നുണ്ട് ഇരട്ട. ജോസഫിലും നായാട്ടിലും ഒക്കെയായി യുദ്ധം തോറ്റ പടത്തലവന്‍റെയോ, ഉള്ളില്‍ കനല്‍ പേറി അക്ഷോഭ്യനായി നില്‍ക്കുന്ന മനുഷ്യന്‍റെയോ ഒക്ക ജീവിതങ്ങള്‍ അവതരിപ്പിച്ച ജോജു ഇത്തവണ നമുക്ക് മുന്നില്‍ വരുന്നത് മനസ്സ് നിറയെ ചോദ്യങ്ങളുമായാണ്.
കണ്ട് പരിചയിച്ച ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമകള്‍ അന്വേഷകന്‍റെ വ്യക്തിജീവിതത്തില്‍ ഊന്നുന്നവകളാണ്. എന്നാലിവിടെ രണ്ട് മനുഷ്യര്‍ക്കിടയിലെ സംഘര്‍ഷവും അവരുടെ വ്യക്തിജീവിതവും ആണ് സിനിമ പ്രതിപാദിക്കുന്നത്. കഥ പറയുന്ന ഭൂമികക്ക് ഏറെ പ്രസക്തിയുള്ള സിനിമയുടെ പ്രധാന സാങ്കേതിക മികവുകളിലൊന്ന് മികച്ച് നില്‍ക്കുന്ന ഛായാഗ്രഹണമാണ്. മനോഹരമായ ഒരു ഭൂമികയില്‍ സെറ്റ് ചെയ്തിട്ടും, അതിന്‍റെ ഭംഗി ഗിമ്മിക്കുകളിലൂടെ കാണിക്കുന്നതിലുപരി വ്യക്തിജീവിതങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് സിനിമ എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കുന്നത്.
മുഴച്ചുനില്‍ക്കുന്ന സീനുകളോ മറ്റ് ഗിമ്മിക്കുകളോ ഇല്ലാത്ത, വളരെ ക്ലീനായ സിനിമയാണ് ഇരട്ട. രണ്ട് മനുഷ്യരുടെ ട്രോമയുടെയും പില്‍ക്കാല ജീവിതത്തിന്‍റെയും കഥ പറയുന്ന സിനിമ പ്രേക്ഷകനില്‍ ബാക്കിയാക്കുന്നത് നിറയെ ചോദ്യങ്ങളും അതിന്‍റെ ഭാരവുമാണ്.