പ്രേം നസീറിന്റെ ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ !
Rejeesh Palavila
സ്വന്തം മകന്റെ കല്യാണത്തിന് പങ്കെടുക്കാൻ പത്തുമിനിറ്റ് മാത്രം സമയംകിട്ടിയ പ്രേം നസീറിന്റെ തിരക്കുപിടിച്ച സിനിമാ ജീവിതത്തെക്കുറിച്ചുള്ള കൗതുകകരമായ അനവധി വാർത്തകൾ മലയാളികൾക്ക് സുപരിചിതമാണ്.ക്യാരവാനും ആധുനിക സംവിധാനങ്ങളുമൊന്നുമില്ലാതിരുന്ന പഴയകാലത്ത് സിനിമാ ചിത്രീകരണത്തിന്റെ ഇടവേളകളിൽ മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുന്ന പ്രേം നസീറിന്റെ ചിത്രവും നമ്മൾ കണ്ടിട്ടുണ്ട്.ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് എത്തിച്ചേരാനും അഭിനയത്തിനും ഡബ്ബിംഗിനും എല്ലാത്തിനും കൂടി ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂർ തികയാതെപോയ ഒരു നടൻ, അതായിരുന്നു നസീർ.
പ്രേം നസീറിനെ അടുത്തറിയാവുന്നവരെല്ലാം അദ്ദേഹത്തെക്കുറിച്ച് വളരെയേറെ വിശേഷങ്ങൾ പറയാനുള്ളവരായിരിക്കുമല്ലോ.അങ്ങനെ പ്രേം നസീർ എന്ന സിനിമാ നടനിലെ വിശാല ഹൃദയനായ മനുഷ്യനെക്കുറിച്ച് ധാരാളം ആളുകൾ സംസാരിക്കുന്നതും തങ്ങളുടെ അനുഭവങ്ങൾ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും തന്റെ സിനിമാ നിർമ്മാതാക്കൾക്ക്വേണ്ടി ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ എന്നൊരു പദ്ധതിതന്നെ നടപ്പാക്കിയ പ്രേം നസീറിനെ കുറിച്ച് ആദ്യമായി കേട്ടത് ജോൺ പോൾ പറഞ്ഞപ്പോഴാണ്.
ജോൺ പോൾ മാഷിന്റെ ഓർമ്മകളുടെ സുഭാഷിതങ്ങളിൽ എവിടെയോ കേട്ട അക്കാര്യം മനസ്സിൽ കല്യാണ സൗഗന്ധികംപോലെ പരിമളം ഉണർത്തുന്നു.
സിനിമ നിർമ്മാണത്തിലിറങ്ങി കൈപൊള്ളി പരാജയപ്പെട്ടുപോയ, സാമ്പത്തികമായി തകർന്നുപോയ ധാരാളം ആളുകളുണ്ട് സിനിമാലോകത്ത് .അവരുടെ പരാജയം പങ്കിടാൻ പലപ്പോഴും ആരുമുണ്ടാവാറില്ല എന്നതാണ് സത്യം.അവരുടെ തകർച്ച അവരുടെ മാത്രം തകർച്ചയായി മാറുന്ന അവസ്ഥകൾ.ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും പരാജപ്പെടുന്ന സിനിമാ നിർമ്മാതാവ് പിന്നീടങ്ങോട്ട് ആരെയും ആകർഷിക്കുന്ന ആളായിരിക്കില്ല.താരങ്ങൾതന്നെ നിർമ്മാതാക്കളായിരിക്കുന്ന പുതിയ സിനിമാ വ്യവസായ ലോകത്ത് മുൻ സിനിമകൾ സാമ്പത്തികമായി പൊളിഞ്ഞ നിർമ്മാതാവിന് അവരുടെയൊക്കെ ഒരു കോൾ ഷീറ്റ് കിട്ടുന്നകാര്യം ചിന്തിക്കാൻ പോലും കഴിയില്ല.സംവിധായകരുടെ കാര്യവും അങ്ങനെയാവാം. അവിടെയാണ് സത്യനെയും മധുവിനെയും സർവ്വോപരി പ്രേം നസീറിന്റെയുമൊക്കെ വ്യക്തിപ്രഭാവത്തെ കുറിച്ച് ജോൺ പോൾ പറയുന്നത്.തങ്ങളുടെ സിനിമകൾ നിർമ്മിച്ചവർക്ക് ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടായാൽ അടുത്തൊരു സിനിമ വിജയത്തിന്റെ ചേരുവചേർത്ത് നിർമ്മിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ തങ്ങളുടെ സ്വാധീനവും പ്രശസ്തിയുമൊക്കെ ഉദാരമനോഭാവത്തോടെ ഉപയോഗിക്കുന്നതിൽ അവർ ഒരുമടിയും കാണിച്ചിരുന്നില്ലത്രേ അവർ.വിശേഷിച്ച് പ്രേം നസീർ!
നസീർ അതിനുവേണ്ടി ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ എന്നൊരു പദ്ധതി തന്നെ നടപ്പാക്കിയിരുന്നുവത്രേ.ഇരുപത്തിനാലുമണിക്കൂറും സിനിമയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ തന്റെ സിനിമയ്ക്ക് വേണ്ടി പണംമുടക്കിയതിന്റെ പേരിൽ ആരെങ്കിലും ബുദ്ധിമുട്ടിയതായി അറിഞ്ഞാൽ വലിയ മനോവിഷമത്തിൽ വീണുപോകുകയും അവരെ സഹായിക്കാൻ തന്നാൽ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ എല്ലാ തിരക്കുകൾക്കുമിടയിൽ സജ്ജമാകുകയും ചെയ്യുമായിരുന്നു.സാമ്പത്തിക തകർച്ച വന്നുഭവിക്കാൻ ഇടയായ നിർമ്മാതാവിനെ ബന്ധപ്പെടുകയും അടുത്ത സിനിമ ചെയ്യാനാവശ്യമായ എല്ലാ ഊർജ്ജവും നൽകുകയും ചെയ്യുമായിരുന്നു.അതുവേണ്ടിയായിരുന്നു ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’ എന്നൊരു പരിപാടി അദ്ദേഹം നടപ്പാക്കിയത് ലോക സിനിമാ ചരിത്രത്തിൽതന്നെ ആദ്യമായിട്ടായിരിക്കും.
രാത്രി വൈകുവോളം നീണ്ടുനിൽക്കുന്ന അഭിനയവും ഡബ്ബിംഗ് ജോലികളുമൊക്കെ കഴിഞ്ഞ് കുറച്ച് നേരം ഒന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റ് ഏഴു മുതൽ ഒൻപതുവരെയുള്ള സമയം സാമ്പത്തിക നഷ്ടമുണ്ടായ നിർമ്മാതാക്കളുടെ ചലച്ചിത്ര സംരംഭങ്ങൾക്ക്വേണ്ടി മാറ്റിവച്ച ഒരു നടൻ ലോക സിനിമയിൽ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.ആ രണ്ടുമണിക്കൂർ എന്നത് നസീറിനെ സംബന്ധിച്ച് എന്തുമാത്രം വിലപ്പെട്ടതാണ് എന്നോർക്കണം.അത്രമാത്രം തിരക്കുപിടിച്ച സിനിമാനടനാണ് അദ്ദേഹം.ആ രണ്ടു മണിക്കൂർ കഴിഞ്ഞ് വേറെ എത്രയോ സിനിമകളുടെ സെറ്റുകളിലേക്ക് കോൾഷീറ്റ് അനുസരിച്ച് ഓടിയെത്തേണ്ടതുണ്ട്.അതിനെ അദ്ദേഹം വിളിച്ച പേരാണ് ‘സെവൻ -ടു-നയൺ കോൾ ഷീറ്റ്’.ഒരുപാട് ചലച്ചിത്ര നിർമ്മാതാക്കൾ അങ്ങനെയൊരു പദ്ധതികൊണ്ടുമാത്രം മുൻപത്തെ സിനിമയിൽ നഷ്ടപ്പെട്ട പണം തിരിച്ച് പിടിച്ച അനുഭവങ്ങളുണ്ട്.തുടർന്നും സിനിമാ മേഖലയിൽ നിൽക്കാനും പണം മുടക്കാനും അവർക്ക് അങ്ങനെകിട്ടിയ കരുത്തും പിന്തുണയും ചെറുതല്ല.
ഒരു സിനിമ ചെയ്ത് പരാജിതനായ നിർമ്മാതാവിന് മറ്റൊരു സിനിമയ്ക്ക് വേണ്ട സാമ്പത്തികസഹായം,ഇതര സാങ്കേതിക സഹായം,വിതരണ സഹായം എന്നുവേണ്ട ഒരു സിനിമയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു എന്നത് എത്രയോ വലിയ കാര്യമാണ്.തന്റെ ചോറിനോടുള്ള ഒരു സിനിമാ നടന്റെ കൂറുമാത്രമല്ല അത്,സിനിമയുടെ രഥം എവിടെയും താണുപോകാതെ ഉരുണ്ടുകൊണ്ടേയിരിക്കണം എന്നാഗ്രഹിച്ച ഒരു കലാകാരന്റെ സിനിമാപ്രവർത്തകന്റെ ആത്മാർത്ഥതയും മനുഷ്യത്വവുമാണത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമായിരിക്കാം അത്തരം മനുഷ്യരുണ്ടാവുന്നത്!
നാടോടിക്കാറ്റ് എന്ന സിനിമയിൽ ഒരു രംഗം ഇവിടെ ഓർക്കുകയാണ്.ബാങ്കിൽ നിന്ന് ലോണെടുത്ത് പശുവിനെ വാങ്ങിയ വിജയനും ദാസനും പ്രതീക്ഷിച്ച കറവ പശുവിൽ നിന്ന് കിട്ടാതെ പിണ്ണാക്ക് വാങ്ങാൻ പോലും കാശില്ലാതെ നട്ടം തിരിഞ്ഞു നിൽക്കുമ്പോൾ ബാങ്കിലെ മുടങ്ങിയ അടവ് ചോദിയ്ക്കാൻ വരുന്ന ഉദ്യോഗസ്ഥനോട് ദാസൻ പറയുന്ന ഒരു കാര്യമുണ്ട്.ഇതൊരു കൂട്ടു വ്യവസായമാണ്.ഒരു നഷ്ടം ഉണ്ടാകുമ്പോൾ രണ്ടു പാർട്ടികളും അതിന്റെ പങ്കുസഹിക്കണം എന്നത്. തന്റെ സിനിമയിൽ നിർമ്മാതാവിന് ഉണ്ടാകുന്ന നഷ്ടം തന്റെ ബാദ്ധ്യതകൂടിയാണ് എന്ന് ചിന്തിച്ച അത് നികത്താൻ തന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് പ്രവർത്തിച്ച മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേം നസീർ എല്ലാ കാലഘട്ടത്തിലെയും സിനിമാ പ്രവർത്തകർക്ക് മാതൃകയായ വാടാത്ത സുഗന്ധപുഷ്പമാണ്. ആദരവോടെയല്ലാതെ അദ്ദേഹത്തെ ഓർമ്മിക്കാനാവില്ല!