ടി വി ചാലഞ്ച് എന്നത് അടിയന്തിരമായി ടാബ്ലറ്റ് ചാലഞ്ച് അഥവാ ലാപ്ടോപ് ചാലഞ്ച് എന്ന് നാം മാറ്റേണ്ടതുണ്ട്

22

യഥാർത്ഥത്തിൽ നാം നാളിതുവരെ എടുക്കാനും തോടുക്കാനും മടിച്ചിരുന്ന പലതിനെയും കോവിഡ് അനിവാര്യമാക്കി എന്നതാണ് നേര്. Prema Chandran P എഴുതുന്നു.

സെന്റ്‌ ഓഫ് ദിവസം ഒരു സെൽഫി എടുത്തത്, സ്കൂളിലും നാട്ടിലും വലിയ പുകിലായി തീരുകയും അതിന്റെ പേരിൽ അധ്യാപകരുടെയും ചില സാമൂഹിക വിരുദ്ധരുടെയും ഭീകരമായ അപമാനിക്കലിന് ഇരയാവുകയും ചെയ്ത, ആ മനോവിഷമത്താല്‍ ആത്മഹത്യ ചെയ്ത സനാഥ് എന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയെക്കുറിച്ച് ഓര്‍ക്കുകയാണ്. സ്മാർട്ട് ഫോൺ അടക്കമുള്ള ഡിജിറ്റിൽ ഉപകരണങ്ങളെ നമ്മുടെ വിദ്യാലയങ്ങൾ സമീപകാലം വരെ എങ്ങിനെയാണ് കണ്ടിരുന്നത് എന്നതിന്റെ തെളിവും ഇരയും ആയിരുന്നു ആ കുട്ടി. കേരളത്തിലെ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ മേശ വലിപ്പുകള്‍ കുട്ടികളില്‍ നിന്നും പിടിച്ചെടുത്ത സ്മാർട്ട് ഫോണുകളുടെ മ്യൂസിയം കൂടിയാണ്. സ്കൂളിൽ കൊണ്ടുവരപ്പെടുന്ന മൊബൈൽ ഫോണുകള്‍ കണ്ടുകെട്ടണമെന്നും ആവശ്യമെങ്കില്‍ ലേലം വിളിച്ച് പി ടി എ ഫണ്ടിന് മുതല്‍കൂട്ടണമെന്നും നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറുകള്‍ ഇറങ്ങിയിട്ടും അധികം കാലമായില്ല. ടെലിവിഷനും സമാനമായ കഥ സ്കൂളിനെക്കുറിച്ച് പറയാനുണ്ട്. പത്താം ക്ലാസിലേക്ക് / ഹയർസെക്കൻഡറിയിലേക്ക് കുട്ടികൾ പ്രവേശിപ്പിച്ചു കഴിഞ്ഞു ആദ്യം വിളിക്കുന്ന രക്ഷാകര്‍ത്തൃയോഗങ്ങളിൽ അധ്യാപകർ കർശനമായി നൽകുന്ന താക്കീതാണ് കുട്ടികള്‍ ടെലിവിഷൻ കാണരുത് അല്ലെങ്കിൽ ഉടന്‍ കേബിൾ കണക്ഷന്‍ കട്ട് ചെയ്യണം എന്നത്. പൊതുപരീക്ഷ അടുക്കാറാവുമ്പോഴേക്കും ഇത് താക്കീതായും ഭീഷണിയായും മാറും. സ്കൂളില്‍ കാലത്താല്‍ നടത്തിവരാറുള്ള ഒരു ചടങ്ങിനെക്കുറിച്ച് കൂടി പറയാം. സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എന്നതാണ് അത്. പോലീസ് വകുപ്പാണ് നല്‍കുക. അതിൽ കാണിക്കുന്ന വീഡിയോകൾക്കും ഉദാഹരിക്കുന്ന കഥകൾക്കും കേരളത്തില്‍ എല്ലായിടത്തും ഒരേ സ്വഭാവം തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പലവിധബന്ധങ്ങളിൽ പെട്ട് വഴിതെറ്റുകയും ലഹരിക്കടിമപ്പെടുകയും പഠനത്തില്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്ത വിദ്യാർഥികളുടെ കഥനകഥകള്‍ ആണ് ഇതിലെ സ്ഥിരം വിഭവം. ഈ മഹാപാതകങ്ങള്‍ക്കെല്ലാം ഉള്ള ശിക്ഷ ഒറ്റയടിക്ക് സ്കൂളിനും അധ്യാപകർക്കും നൽകി എന്നതാണ് കൊറോണക്കാലത്തിന്റെ അപൂര്‍വ്വം ഗുണങ്ങളില്‍ ഒന്ന്. ഇപ്പോൾ വീട്ടില്‍ ടി വി ഉണ്ടോ, ഉണ്ടെങ്കില്‍ കേബിള്‍ ആണോ ഡിഷ്‌ ആണോ, സ്മാർട്ട് ഫോൺ ഇല്ലേ, സോഷ്യൽ മീഡിയയിൽ സജീവമല്ലേ എന്നിങ്ങനെ മാഷന്മാരും ടീച്ചര്‍മാരും കുഞ്ഞുങ്ങളെ വിളിയാണ്. വിളിയോട് വിളി. ഇത്രയും കാലം വിദ്യാഭ്യാസത്തിന്റെ എതിര്‍ കള്ളിയില്‍ നിര്‍ത്തി, തങ്ങളെ ആട്ടിയകറ്റാന്‍ കുരിശുചൂണ്ടി മന്ത്രം ചൊല്ലിയവര്‍ക്ക് ഇപ്പോള്‍ നമ്മളെയൊക്കെ വേണ്ടിവന്നു എന്ന് ടെലിവിഷനും സ്മാര്‍ട്ട് ഫോണും ഉള്ളില്‍ ചിരിയടക്കുന്നു.

ഈ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് പഠനത്തിനായി ഇവ എത്തിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ അതിനായി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ടി വി ചാലഞ്ച് ഒരു ഉത്തരവാദിത്വമായി കേരള സമൂഹം ഏറ്റെടുത്തു. എന്നാല്‍ നാളെ കൊറോണയുടെ ഭീതിയകന്നു കുട്ടികൾ ക്ലാസ് മുറിയിലേക്ക് വരുമ്പോൾ വീണ്ടും പഴയ ഉപദേശങ്ങൾ അധ്യാപകര്‍ പൊടിതട്ടി എടുക്കുമോ? സോഷ്യൽമീഡിയയില്‍ തൊടുന്നത് വണ്ടിക്ക് തലവെക്കുന്നതിനേക്കാള്‍ ഭീകരമാണെന്ന് ഭീഷണി മുഴക്കുമോ? കേബിൾ നെറ്റ് വർക്കും ഡി ടി എസ്സും കട്ട് ചെയ്യാൻ ആവശ്യപ്പെടുമോ? എങ്കില്‍ ഈ ശ്രമങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആവില്ലേ? ടെലിവിഷനില്‍ സീരിയലുകളും സ്മാര്‍ട്ട് ഫോണുകളില്‍ ചാറ്റിംഗും ആയി ‘വന്ന വെള്ളം ഉള്ള വെള്ളത്തെയും കൊണ്ടുപോയി’ എന്ന് പരിതപിക്കാന്‍ ഇവ കാരണമാവുമോ? കണ്ടറിയണം അതൊക്കെ!

യഥാർത്ഥത്തിൽ നാം നാളിതുവരെ എടുക്കാനും തോടുക്കാനും മടിച്ചിരുന്ന പലതിനെയും കോവിഡ് അനിവാര്യമാക്കി എന്നതാണ് നേര്. ഡിജിറ്റല്‍ ഉപകരണങ്ങളെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഉപയോഗിക്കാന്‍ ലോകമാസകാലം ശ്രമം തുടങ്ങിയിട്ട് കാലം ഏറെയായി. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുകളും അടക്കം ക്ലാസ് മുറിയില്‍ ഉപയോഗിക്കുന്ന പ്രോജക്റ്ററും ഡിജിറ്റല്‍ ബോര്‍ഡുകളും നമ്മുടെ പരമ്പരാഗതമായ പഠനരീതികളെ പൊളിച്ചെഴുതി. അധ്യാപകര്‍ അവ ഉപയോഗിച്ച് ബോധനം നടത്തുന്നു എന്നതിലുപരി കുട്ടികള്‍ അവ ഉപയോഗിച്ച് അന്വേഷണങ്ങളും കണ്ടെത്തലുകളും അവതരണങ്ങളും നടത്തുന്ന രീതിയാണ് സ്വീകരിക്കപ്പെടുന്നത്. സ്കൂള്‍ അതിനുള്ള കേന്ദ്രമാവുകയാണ് വേണ്ടത്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ക്ലാസ് മുറിയുടെ കുടുസ്സില്‍ കുട്ടികളെ കെട്ടിയിടുന്ന രീതിക്ക് പുറത്താണ് ഇതിന്റെ സാധ്യതയുടെ അന്വേഷണം നടക്കേണ്ടത്.

സ്കൂളുകളില്‍ അതിനുള്ള സൗകര്യം വ്യാപകമാവുകയാണ് വേണ്ടത്. ലാപ്പ് ടോപ്പുകള്‍ സ്കൂളില്‍ കൊണ്ടുവരാന്‍ കുട്ടികളെ അനുവദിക്കണം. സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് അത് താത്കാലികമായി നല്‍കാന്‍ കഴിയണം. ഒരു ക്ലാസില്‍ ഒരു ലാപ്പാണ് ഇപ്പോള്‍ ഉള്ളത്. അത് അധ്യാപകരുടെ കസ്റ്റഡിയില്‍ ആയിരിക്കും. അതുപയോഗിച്ച് ചിലപ്പോള്‍ ചില പ്രസന്റെഷനുകള്‍/ വീഡിയോ കാട്ടുന്നതാണ് നമ്മുടെ ഹൈടെക്ക് ക്ലാസ് മുറികള്‍. അതിനു പകരം ക്ലാസിലെ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന പത്തോ ഇരുപതോ ലാപ്പുകള്‍ ഉണ്ടാവണം. അവ സ്വതന്ത്രമായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. സെക്കന്ററി തലം മുതലെങ്കിലും പഠനത്തെ ഇങ്ങനെ മാറ്റിതീര്‍ക്കാന്‍ ആലോചനകള്‍ നടക്കണം. ഇനിയും രണ്ടോ മൂന്നോ മാസം മുഴുവന്‍ കുട്ടികളും ക്ലാസില്‍ വരേണ്ടതില്ല. ജൂലായ്‌ മാസത്തില്‍ തുടങ്ങുമ്പോഴും മുപ്പത് ശതമാനം കുട്ടികള്‍ / പരമാവധി ഇരുപത് കുട്ടികള്‍ മാത്രമേ ക്ലാസില്‍ വരേണ്ടതുള്ളൂ എന്ന് തീരുമാനിക്കാന്‍ കഴിയണം. വളരെ കൃത്യമായി ആസൂത്രണം നടത്തി പഠിക്കാനുള്ള കാര്യങ്ങള്‍ അധ്യാപകര്‍ ഡിജിറ്റല്‍ കണ്ടന്റുകളായി നല്‍കുകയും അതുപയോഗിച്ച് അവര്‍ വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് പോവുകയും ചെയ്യണം. രണ്ടു ദിവസം കഴിഞ്ഞ് എത്തുമ്പോള്‍ അവയുടെ അവതരണങ്ങളും ചര്‍ച്ചകളും നടക്കണം. പുതിയ ഉള്ളടക്കങ്ങളും ആലോചനകളും ആയി വീണ്ടും വീട്ടില്‍ പ്രവര്‍ത്തനങ്ങള്‍.

ഇങ്ങനെ ഒരു രീതി മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ പരീക്ഷകളും മറ്റും പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കാന്‍ കഴിയും. ഒരു പ്രസന്റേഷന്‍, ഒരു നോട്ട്, പൂരിപ്പിക്കുന്ന ഒരു ഡാറ്റാ ഷീറ്റ് ഇവയാകും വിലയിരുത്തപ്പെടേണ്ടി വരിക. ഓണ്‍ ലൈന്‍ പഠനം അതിന്റെ സാധ്യതകളെ അനുനിമിഷം വിപുലീകരിക്കും. കാലഹരണപ്പെട്ട, പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ടെലിവിഷന്‍ എന്ന മാധ്യമത്തിലേക്ക് ഓണ്‍ലൈന്‍ പഠനത്തെ ചുരുക്കിക്കെട്ടുന്നത് ഒരിഞ്ചു പോലും നാം ഇന്ന് സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനത്തെ മുന്നോട്ടുകൊണ്ട്പോകില്ല. മാത്രമല്ല അത് ആര്‍ക്കും ഏതുനിമിഷവും അനുകരിക്കാവുന്ന മാതൃകകളെ സൃഷ്ടിക്കുകയും അത് കച്ചവടക്കാരുടെ കൈപ്പിടിയില്‍ ആവുകയും ചെയ്യും. ടി വി ചാലഞ്ച് കേരളത്തില്‍ പത്തിരുപത് വര്‍ഷങ്ങളായി നടക്കുന്ന പാഠ്യപദ്ധതി സമീപനങ്ങളെ കടപുഴക്കുകയാണ് ചെയ്യുക എന്ന് അതിനായി എല്ലാ ഊര്‍ജ്ജവും സംഭരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മനസ്സിലാവുന്നില്ല. സ്വന്തമായി ടെലിവിഷന്‍ ഇല്ലാത്ത ആളുകള്‍ക്ക് അത് ഉണ്ടാവുന്നത് മോശമൊന്നുമല്ല. അത് പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരില്‍ ആവുമ്പോള്‍ അതിനു ഒരു പാവനത കൈവരുന്നു. അത് അനാവശ്യമാണ്. നമ്മള്‍ അനുവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംഭാവനയും നല്‍കാന്‍ ആ മാധ്യമത്തിന് കഴിയില്ല. അതാണ്‌ ഓണ്‍ലൈന്‍ പഠനം എന്നുകൂടി വിളിക്കുമ്പോള്‍ ഇരുപത് വര്‍ഷം മുന്നോട്ട് വരാന്‍ ആത്മവിശ്വാസമില്ലാതിരുന്ന, എങ്കിലും നമ്മുടെ ക്ലാസ് മുറികളില്‍ നിന്നും പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാതിരുന്ന കാലഹരണപ്പെട്ട വ്യവഹാര മനശ്ശാസ്ത്രത്തിന് പുത്തന്‍ കോട്ടും സ്യൂട്ടും ഇട്ട് അവതാരകവേഷത്തില്‍ തന്നെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അവസരം നല്‍കുകയാണ് നാം ചെയ്യുന്നത്.

ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്ക് അത് നല്‍കുന്നതിന് പകരം അവര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സ്കൂളുകളില്‍ നിറയെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, അത് ലാപ്ടോപ് ആയാലും നല്ലതരം ടാബുകള്‍ ആയാലും ഉണ്ടാവുകയാണ് വേണ്ടത്. ഒരു ബാച്ച്കഴിഞ്ഞാല്‍ അത് അടുത്ത വര്‍ഷവും കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. അത് സ്കൂളുകളില്‍ നിറയെ ഉണ്ടാവുമ്പോള്‍ പഠനം കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുന്നതിന് സാമൂഹികമായിത്തന്നെ നമുക്ക് ബാധ്യതയുണ്ടാവും. ആയതുകൊണ്ട് ടി വി ചാലഞ്ച് എന്നത് അടിയന്തിരമായി ടാബ്ലറ്റ് ചാലഞ്ച് അഥവാ ലാപ്ടോപ് ചാലഞ്ച് എന്ന് നാം മാറ്റേണ്ടതുണ്ട്.

Advertisements