പ്രേമമുറിവ് (കവിത)

0
584

പ്രേമമുറിവ് (സോണി ഡിത്തിന്റെ കവിത) Sony Dith

പ്രേമത്തെക്കുറിച്ചാണ് നാം നിരന്തരം
ഓര്‍ത്തുകൊണ്ടിരിക്കുന്നത്
പ്രാണനെക്കുറിച്ച് എന്നപോലെ നാം അതില്‍
ആകുലരാകുന്നു .
അതോ ,
വിഷാദവും ആഹ്ലാദവും തരുന്ന ഒരു
ഇരട്ടപ്പാനപ്പാത്രം !

ഉള്ളിലിരുന്നൊരു തേങ്കുരുവി മൂളുമ്പോള്‍
അതിന്‍റെ വസന്തം പൂക്കളില്‍ തേന്‍ പകരും
ഉള്ളിലിരുന്നൊരു ചെങ്കനല്‍ എരിയുമ്പോള്‍
അതിന്‍റെ കാടുകള്‍ കറുത്ത് പോകുന്നു .

പ്രണയത്തിലായിരിക്കുന്നവരുടെ
മനസ്സുകളില്‍
ഒരേയൊരു ഋതുവിന്‍റെ പ്രതിഷ്ഠ
ഒരേയൊരു ഘടികാരം !

ചുംബനങ്ങളുടെ ദ്വീപിലേയ്ക്കാണ്
ഓരോ രാത്രികളും അതിന്‍റെ
പ്രണയം ഒളിച്ചു കടത്തുന്നത്
പകല്‍ അതിന്‍റെ ഒച്ചകളുടെ മറുകുകള്‍
തൊട്ടുനോക്കി അവര്‍ പരസ്പരം
നാണിക്കുന്നു ,
വിരഹദൂരങ്ങളിലും
അതിന്‍റെ ഓര്‍മ്മകള്‍ കൊണ്ട്
ചിറക് മിനുക്കുന്നു .

കാട്ടരുവികളില്‍
മീനുകള്‍ തുടിക്കുന്ന പോലെ
പ്രണയത്തിലെ തിമിര്‍പ്പുകള്‍ .
സൂര്യനെ വിഴുങ്ങുന്ന
കടലെത്തും വരെ അതിനെയവര്‍
അനുഗമിക്കുന്നു .

ചുറ്റും
പ്രണയം മാത്രം നിറയുമ്പോള്‍
മഴയ്ക്കോ വേനലിനോ അവര്‍
പ്രണയത്തിന്‍റെ മാത്രം
പേരിട്ടു വിളിക്കുന്നു ,
പ്രളയമോ പൊള്ളലോ
അതിനു മീതെയെത്തുമ്പോള്‍
എതിര്‍ ദിശകളില്‍ പരക്കം പായുന്നു .

പ്രണയകാലം
കണ്ണ്ചിമ്മിത്തുറക്കുമ്പോള്‍
ഒരു വാല്‍നക്ഷത്രം കുറുകെപ്പോകുന്നു ,
അവരുടെ പ്രണയത്തില്‍ നിന്നടര്‍ന്ന
വെളിച്ചത്തിന്‍റെ
ഇരുണ്ട മുറിവുമായ്‌ അതവരെ
കടന്നുപോകുകയും ചെയ്യുന്നു .
പുതുക്കുവാന്‍ ഒരു ഉടമ്പടി തേടി
ജീവിതം അതിന്‍റെ ഓരോ
പ്രണയത്തെയും കൊണ്ട്
പിന്നെയും
പലായനം തുടരുന്നു