ചൂടുകുരു വരുത്തിയ വിന

1331

കുരു പൊട്ടണം ഇല്ലെങ്കിൽ പൊട്ടിക്കണം।

ലോകത്തു വലിയ വേദന എന്ന് പറയുന്നത് മരണ വേദനയാണ് പോലും, അതിനേക്കാൾ വലിയ വേദനയാണ് പ്രസവ വേദന എന്ന് ചിലർ। പല്ലു വേദന , ചെവി വേദന, എല്ലു ഒടിയുന്ന വേദന അങ്ങിനെ പലതരം വേദനകളും സഹിക്കാൻ കഴിയാത്തതാണ്।

കേവലം ഒരു ചുടു കുരു കൊണ്ട് രണ്ടു ആഴ്ച യായി ഞാൻ അനുഭവിക്കുന്ന വേദന പറഞ്ഞാൽ മനസിലാകില്ല। ആരെയും കുറ്റം പറയാൻ പറ്റില്ല വേണ്ടാത്തിടത്തു ചുണ്ണാമ്പു ഇട്ടു തേക്കുക എന്ന് കേട്ടിട്ടല്ലേ ഉള്ളൂ ഞാൻ അനുഭവിച്ചു।
ഭാരത പുഴയിലെ വെള്ളം പോലും തിളച്ചു മറിയുന്ന പാലക്കാടൻ ചൂടിൽ ജീൻസും വലിച്ചു കയറ്റി ഉള്ള ഈ യാത്രകൾ ആകണം വേണ്ടാത്തിടത്തു ഒരു കുരു വരാനും അത് ഇത്രമേൽ അനുഭവങ്ങൾ കൊണ്ട് തരാനും ഇടയാക്കിയത് ।

എന്താ പതിവില്ലാതെ മുണ്ടു ഉടുത്തു ഇറങ്ങിയിരിക്കുന്നത് എന്നാ ചോദ്യങ്ങൾ സഹിക്കാൻ കഴിയാതെ ആണ് കാലിനിടയിൽ (വൃഷ്ണ സഞ്ചിക്കു മുകളിൽ ആണെന്ന സത്യം മറച്ചു വച്ചു) ഒരു ചൂട് കുരു എന്നു പറഞ്ഞു തുടങ്ങിയത് കേട്ടവർ കേട്ടവർ ഓരോ പൊടികൈകളും, മരുന്നുകളും പറഞ്ഞു തന്നു। സാധാരണ ചുടു കുരു വന്നാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് പൊട്ടി പോകാറുണ്ട് അത് കൊണ്ട് തന്നെ വേദന സഹിച്ചും ഒന്ന് രണ്ടു ദിവസം ക്ഷമിച്ചു। മൂന്നാമത്തെ ദിവസം രാത്രി വിറച്ചു തുള്ളുന്ന പനിയും, കഠിനമായ വേദനയും സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം।

രാവിലെ തന്നെ ഡോകടർ പോയി കണ്ടു പുള്ളി അതൊന്നു നോക്കുക പോലും ചെയ്യാതെ പനിക്കും, വേദനക്കും ഉള്ള ഗുളികകളും, പുരട്ടാൻ ഒരു ഓയിൽ മെൻറ്റും തന്നു। ഗുളിക കഴിച്ചു നല്ല ആശ്വാസം വേദനയും പനിയും കുറഞ്ഞു। പക്ഷെ കുരു അങ്ങിനെ തന്നെ നിന്നു। ഗുളികയുടെ ഡോസ് കഴിഞ്ഞാൽ പിന്നെയും വേദനയും പനിയും, വീണ്ടും ഗുളിക കഴിക്കുക താത്കാലിക ആശ്വാസം മാത്രം। സഹി കെട്ടാണ് പലരും പറഞ്ഞ ചില പൊടികൈകൾ പ്രയോഗിച്ചു നോക്കിയത് ആദ്യം വെണ്ണ പുരട്ടി നോക്കി നോ രക്ഷ , പിന്നെ ചെറിയ ഉള്ളി അരച്ചിട്ടാൽ കുരു പെട്ടന്ന് പൊട്ടും എന്ന് പറയുന്നത് കേട്ട് അതും നോക്കി കുരു പോയില്ലെങ്കിൽ എന്താ അവിടത്തെ തൊലി മുഴുവൻ പോയി വേദനക്ക് പുറമെ നല്ല നീറ്റലും പുകച്ചിലും ഉണ്ടായതു മാത്രം മിച്ചം । വൈകുന്നേരം നാലുമണിയോട് കൂടി നേരെ ഹോസ്പിറ്റലിലേക്ക് പോയി ഓപ്പിയിൽ കണ്ട ഡോക്റ്റർ ഇൻഫെക്ഷൻ ആയിട്ടുണ്ട് നേരെ സർജനെ പോയി കാണാൻ പറഞ്ഞു സ്കാൻ ചെയ്തു നോക്കിയാ സർജൻ പറഞ്ഞു ഉടനടി ഓപ്പറേഷൻ നടത്തണം പഴുപ്പ് എല്ലാ ഇടത്തേക്കും വ്യാപിച്ചിരിക്കുന്നു। മൂത്ര സഞ്ചി അടക്കമുള്ള മർമ്മ പ്രധാന കേന്ദ്രങ്ങളിൽ ഒന്നും ആയിട്ടില്ല അത് തന്നെ ഭാഗ്യം എന്താണ് വേണ്ടത് എന്ന് ചോദിച്ചു ।

ത്രിശൂർ ദയ ഹോസ്പ്പിറ്റലിലെ ഒരു യൂറോളജിസ്റ് അവിടെ വിസിറ്റിങ് പ്രൊഫസറായി അന്ന് വന്നിട്ടുണ്ട് അദ്ദേഹത്തെ കൂടി കാണിക്കാം എന്ന് പറഞ്ഞു। അദ്ദേഹവും കൂടുതൽ ഒന്നും ആലോചിക്കേണ്ട പെട്ടന്ന് സർജറി ചെയ്തു കൊള്ളാൻ പറഞ്ഞു। പിന്നെ ഒന്നും ആലോചിച്ചില്ല ഉടൻ തിയ്യേറ്ററിലേക്കു മാറ്റി । ഭക്ഷണം കഴിച്ചു സമയം കുറെ ആയതു കൊണ്ട് അനസ്തേഷ്യ ക്കു ബുദ്ധിമുട്ടു ഒന്നും ഉണ്ടായില്ല। ഒമ്പതു മണിയോട് സർജറി കഴിഞ്ഞു। പന്ത്രണ്ടു മണിക്ക് റൂമിലേക്ക് മാറ്റി ।

സുന്നത്തു കഴിഞ്ഞ കുട്ടികളെ പോലെ മുകളിൽ ഒരു തുണിയും വിരിച്ചു മുകളിൽ കറങ്ങുന്ന ഫാനും നോക്കി നാല് ദിവസം ഒരേ കിടപ്പു, ദിവസവും വൈകീട്ട് അവരുടെ ഒരു മുറിവ് ക്ളീനിങ് ഉണ്ട് പെറ്റ തള്ള സഹിക്കൂല । മാലാഖമാരുടെ കഴുത്തു ഞെക്കി കൊല്ലാന് തോന്നും । ഇത് ഇത്രയും ആകുന്നവരെ എന്തേ വെച്ചോണ്ട് ഇരുന്നു എന്ന് ചോദിച്ച ഒരു മാലാഖയോട് ഞാൻ കഥ മുഴുവൻ പറഞ്ഞപ്പോഴാ അവർ പറയുന്നത് ന്നാ പിന്നെ കുറച്ചു ചിക്കൻ മസാല കൂടി ഇടാമായിരുന്നില്ലേ എന്ന് കേൾക്കണം ഇതല്ല ഇതിലപ്പുറവും ഞാൻ കേൾക്കണം വേണ്ടാത്തിടത്തു ചുണ്ണാമ്പു ഇട്ടു തേച്ചിട്ടല്ലേ।।।

ഒരു കുരു കൊണ്ട് ഉണ്ടായ ഗുണങ്ങൾ

കഴിഞ്ഞ അഞ്ചു ആറു കൊല്ലങ്ങൾ ആയി തടി കുറക്കാൻ നടന്നിരുന്ന ഞാൻ പലവഴികളും മാർഗങ്ങളും നോക്കിയിട്ടും നടക്കാത്ത കാര്യം ഒറ്റ ആഴ്ച കൊണ്ട് നടന്നു 92 ഇൽ നിന്നു 80 ലേക്ക് ഒരു അഡാര് കൂപ്പു കുത്തൽ। പ്രത്യകിച്ചും ഒന്നും ഉണ്ടായിട്ടല്ല ഭക്ഷണം പകുതിയുടെ പകുതിയായി കുറഞ്ഞു। ഭക്ഷണത്തോടുള്ള ആർത്തി പോയിട്ടൊന്നും അല്ല ഇത് കഴിച്ചു കഴഞ്ഞാൽ കക്കൂസിൽ പോയിരിക്കാൻ ഉള്ള ബുദ്ധിമുട്ടു ഓർത്താണ് എന്തായാലും ഭക്ഷണം നിയന്ത്രിച്ചാൽ തടി താനേ കുറയും എന്ന് മനസിലായി।

എനിക്ക് ഓർമ്മ വെച്ച ശേഷം ഈ മുപ്പത്തി അഞ്ചു വയസിനിടക്ക് ഒരു ഹോസ്പ്പിറ്റലിലും ഞാൻ കിടന്നിട്ടില്ല। ഒരു ഗ്ലൂക്കോസ് കയറ്റിയിട്ടില്ല, വീൽ ചെയറിൽ ഇരുന്നിട്ടില്ല, ഓപ്പറേഷൻ തിയ്യേറ്റർ കണ്ടിട്ടില്ല। ആർക്കെങ്കിലും ബ്ലേഡ് കൊടുക്കാൻ അല്ലാതെ ഹോസ്പിറ്റൽ ബെഡിൽ കിടന്നിട്ടില്ല। ഇതെല്ലാം ഒറ്റയടിക്ക് സാധിച്ചു।

ഹോസ്‌പിറ്റലിൽ ആണെന്നുള്ളത് അധികമാരോടും പറയാത്തത് കൊണ്ട് വിസിറ്റേഴ്സ് കുറവായിരുന്നു। വന്നവരുടെ മുഖത്തോ ഒരു കുരു വന്നതിനാ ഈ കിടപ്പു എന്നൊരു പുച്ഛ ഭാവവും, ഗൾഫിൽ ഉള്ള ചിലവന്മാർക്കു എന്താ അവസ്ഥ എന്ന് ഇടക്ക് ഇടയ്ക്കു വിളിച്ചു ചോദിക്കൽ ആയിരുന്നു പണി അവസാനം ഞാൻ പറഞ്ഞു ഒരു ഫോട്ടോ എടുത്തു വാട്സാപ്പിൽ അയച്ചു തരാം നിങ്ങൾ അങ്ങ് നോക്കി പഠിക്കൂ എന്ന്।।। ഒരു കൈ ഇല്ലാത്തവൻ ദുഖിച്ചിരിക്കുമ്പോൾ രണ്ടു കൈയും ഇല്ലാത്തവൻ സന്തോഷത്തോടെ മുക്കാലാ മുക്കാപ്പിലാ പാട്ടും പാടി ഡാൻസും കളിച്ചു വരുന്നത് കണ്ടപ്പോ ഒരു കൈഇല്ലാത്തവൻ രണ്ടു കൈ ഇല്ലാത്തവനോട് എങ്ങിനെ ഇങ്ങിനെ സന്തോഷിക്കാൻ കഴിയുന്നു എന്ന് ചോദിച്ചപ്പോൾ ഹും സന്തോഷം കാലിനിടയിൽ ഒരു ഉറുമ്പു കയറിയിട്ട് അതിനെ ഇറക്കാൻ ഞാൻ പെടുന്ന പാടാ ഇത് എന്ന് പറഞ്ഞ അവസ്ഥയിൽ ആണ് ഞാൻ എന്നു പറഞ്ഞാൽ ഇവന്മാർക്ക് മനസിലാവണ്ടേ । തിരിയാനും മറിയാനും വയ്യ ഇതാർക്കും കാണിച്ചു കൊടുക്കാനും വയ്യ।

ഒരാൾ പറഞ്ഞൊരു കഥയുണ്ട് ചുണ്ടിൽ കുരു വന്നപ്പോൾ എലാവരും കളിയാക്കി അപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു ആരും കാണാത്തിടത്തു കുരു തന്നാൽ പോരായിരുന്നോ എന്ന് അടുത്ത തവണ അങ്ങിനെ ഒരു സ്ഥലത്താണ് കുരു വന്നത് അപ്പോഴാണ് കുരു വിന്റെ യഥാർത്ഥ വേദന മനസിലായത് എന്ന്।

പറഞ്ഞു വന്നത് കുരുവിനെ ചെറുതായി കാണരുത് ।।।

ഒരു കുരു മതി ജീവിതം മാറ്റി മറിക്കാൻ।।।

സോഷ്യൽ മീഡിയയിൽ സ്ഥിരം കേൾക്കുന്ന വാചകമാ “കുരു പൊട്ടരുത്” എന്ന് എന്ത് കണ്ടിട്ടാ ഇവന്മാർ ഇതെഴുന്നള്ളിക്കുന്നത് “കുരു പൊട്ടണം” നന്നായി പൊട്ടി ഒലിക്കണം

കുരു വന്നവന് അല്ലേ അതിന്റെ വേദന അറിയൂ പുണ്യാളാ।।।

–Sp– ഷബീർ പട്ടാമ്പി

Previous articleഇന്ത്യൻ രാഷ്ട്രീയം അപകടത്തിൽ
Next articleദീപാനിശാന്തിന്റെ പ്രണയക്കുറിപ്പ്
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.