തീഹാർ ജയിലിൽ തൂക്കിലേറ്റിയ/ കൊലചെയ്യപ്പെട്ട പ്രതികളിൽ ഒരാൾ ബിബിസി ഡോക്യൂമെന്ററിയിൽ അഭിപ്രായപ്പെട്ടത് ‘അവൾ രാത്രി ആൺ സുഹൃത്തിനോടൊപ്പം കറങ്ങിനടന്നു’ എന്നതാണ്

114
Prijith P K
ഇന്ത്യയുടെ മകൾ (India’s Daughter) എന്ന ബി.ബി.സി ഡോക്യുമെന്ററിയിൽ ഇന്ന് തീഹാർ ജയിലിൽ തൂക്കിലേറ്റിയ/ കൊലചെയ്യപ്പെട്ട പ്രതികളിൽ ഒരാൾ അഭിപ്രായപ്പെട്ടത് ‘അവൾ രാത്രി ആൺ സുഹൃത്തിനോടൊപ്പം കറങ്ങിനടന്നു’ എന്നതാണ്, ആയതിനാൽ തന്നെ അവളെകൊന്നതിൽ എന്താണ് തെറ്റ് ? ഈ മനോഭാവം ഒറ്റപെട്ടതാണെന്ന് കരുതുന്നുണ്ടോ ? രാത്രി പുറത്തിറങ്ങുന്ന, ആൺ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്ന, വിവാഹം നിഷേധിക്കുന്ന, സ്വതന്ത്രയായ സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്യപ്പെടേണ്ടവളാണ് എന്നൊരു സാധൂകരണം തലയിൽയേറി ജീവിക്കുന്ന, ആൺ ബോധം ന്യായീകരിക്കപ്പെടുന്ന സ്ത്രീ ശരീരം ബലാൽക്കാരം സ്വീകരിക്കാൻ മാത്രമുള്ളവയാണെന്ന ചിന്ത മാത്രമുള്ള മനസുകൾ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ട് എന്നതാണ് യാഥാർഥ്യം.
രജിത്ത് ആർമി എന്നപേരിൽ വളരുന്ന സ്ത്രീ-മനുഷ്യ വിരോധികൾ മുന്നോട്ട് വയ്ക്കുന്ന നിലപാടുകളും ഇന്ന് വധശിക്ഷക്ക് വിധേയരായവരുടെ നിലപാടുകളും തമ്മിൽ എത്ര ദൂരമുണ്ട് !
നിർഭയ കേസിലെ ഓരോ സംഭവങ്ങളും ഏറ്റവും ഞെട്ടലോടെയും നീതികരിക്കാനാവാത്ത ക്രൂരതകളെ മനസാക്ഷി മാറ്റിവെച്ചുമൊക്കെയുമാണ് നാമെല്ലാം കേട്ടതും കണ്ടതും, അവർക്കത് എങ്ങനെ സാധിക്കുന്നു/ സാധിച്ചു- ഏറ്റവും ക്രൂരനായത് ആ പ്രായപൂർത്തി ആകാത്ത വ്യക്തി ആണെന്നതടക്കം നിരവധി വാദങ്ങൾ വന്നിരുന്നു- നിർഭയയിൽ മാത്രമാണോ ഈ നീതിബോധം വരേണ്ടത് ?കാശ്മീരിൽ ക്ഷേത്രത്തിൽ വച്ച് ദിവസങ്ങളോളം ക്രൂരമായി ബലാൽക്കാരം ചെയ്യപ്പെട്ട ആസിഫയും, ഉന്നാവയിലെ പെണ്കുട്ടിയുടമടക്കം ഇങ്ങ് അട്ടപ്പാടിയിലെ കുട്ടികൾ വരെ നീതി അർഹിക്കുന്നു. പക്ഷെ മരണമാണോ നീതി ?
ആൾക്കൂട്ട ആക്രോശങ്ങൾക്കപ്പുറം ഇപ്പോഴും പുറത്തിറങ്ങുന്ന സ്ത്രീ, ശരീരം മുഴുവൻ മറക്കാത്ത സ്ത്രീ, അനുസരണയില്ലാത്ത സ്ത്രീ, അഹങ്കാരിയായ സ്ത്രീ തുടങ്ങി അടിമുടി ആൺ ബോധം ഉണ്ടാക്കിയ സ്ത്രീ വിരുദ്ധതയുടെ അകെ തുകയാണ് ഇത്തരം അഭിപ്രായങ്ങളും ആക്രോശങ്ങളും പ്രവൃത്തികളും; കാരണം ഇത്തരക്കാർക്ക് ന്യായങ്ങളുണ്ട്, അവൾ അത് അർഹിക്കുന്നു എന്ന ഏറ്റവും നീചമായ-ആൺബോധ നിർമിതമായ വാദങ്ങൾ മുന്നോട്ട് വയ്ക്കുന്നു.
ഇന്ന് പ്രതികളുടെ ജീവൻ പോകുന്നതോടെ തീരുന്നതല്ല ഇത്തരം ക്രൂരതകൾ, അവ കൂടുതൽ ശക്തമായി പ്രബലമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്ന യാഥാർഥ്യം നാം അറിയുന്നവരുമാണ്; അവളുടെ മുഖത്ത് ആസിഡ് ഒഴിക്കണം തുടങ്ങി ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമങ്ങൾ വരെ നടത്തണം എന്ന രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും നിറയുന്ന ഇടങ്ങളിൽ ആണ് നാം കൊലപാതകം മാത്രമാണ് ശരിയെന്നു ആക്രോശിക്കുന്നത്. ചിന്തകൾ പുതുക്കേണ്ടിയിരിക്കുന്നു.