ഹരിദാസ് എന്ന പാവം മനുഷ്യന്റെ വാക്കിലറിയാം അദ്ദേഹം കടന്നുപോകുന്ന വിഷമഘട്ടം

349

Prijith P K

അച്ഛൻ 30 വർഷം പോലീസ് വകുപ്പിൽ സേവനം അനുഷ്ഠിച്ച് പിരിയുന്നതിനു മുന്നേ (കൃത്യമായും രണ്ടുവർഷം മുന്നേ) പറയുന്നത് ഞാൻ ലീവെടുക്കാൻ പോണു എന്നാണ്, ഞാനും വീട്ടുകാരും കളിയാക്കി, ദേഷ്യപ്പെട്ടു, അച്ഛന് എന്തിന്റെ കേടാ, മര്യാദയ്ക്ക് ജോലി ചെയ്തൂടെ, പ്രമോഷൻ ഉള്ളതല്ലേ എന്നൊക്കെ പറഞ്ഞു. അതിന് അച്ഛൻ തന്നെ മറുപടി -അന്ന് അതിന്റെ അർഥം മനസിലായില്ല- മടുത്തു എന്നാണ്. തീർച്ചയായും ജോലി മടുത്തിട്ടല്ല, മറിച്ച് സഹപ്രവർത്തകർ, മേലുദ്യോഗസ്ഥർ എന്നിവർ സ്ഥിരമായി നടത്തിയിരുന്ന ജാതിഅധിക്ഷേപം ആയിരുന്നു.

പോലീസ് എന്നാൽ ഇപ്പോഴും നമുക്ക് കുട്ടൻപിള്ളയാണ് ! അതിനപ്പുറം ഒരു പോലീസ് നാമവും- നാമത്തിനപ്പുറം ലഭ്യമായ ഐഡന്റിറ്റിയും- നമുക്കില്ല. ഒരു പുലയൻ പോലീസ് ആയിട്ട് എന്തിനാ, എന്ത് ഉണ്ടാക്കാനാ എന്നാണ് ചോദ്യം. അന്ന് അച്ഛനും ചോദിച്ചിട്ടുണ്ടായിരിക്കും ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന്!

പട്ടികജാതി ആയതിനാൽ സ്റ്റേഷനിലെ മറ്റുജോലികൾ കൂടി ചെയ്യണം പോൽ, മേലുദ്യോഗസ്ഥരുടെ കല്പന ഉണ്ടായിരുന്നു. കൈക്കൂലി വാങ്ങിയിട്ടില്ല അതിനാൽ തന്നെ കൂടെ ഉള്ളവർക്കു അതിന്റെ ദേഷ്യവും-നേരനുഭവം ഉണ്ട്, കൈയിൽ ഉള്ളത് അങ്ങോട്ട് കൊടുക്കുന്നത്, മിക്കപ്പോഴും കേസുകളിൽ പിടിക്കപെടുക sc/st ആളുകൾ ആയിരിക്കും- കൂടെ പോലീസ് കം പ്യൂൺ or തോട്ടി പരിഗണനയും( രണ്ട് തൊഴിലിനോടും ആദരം മാത്രം).

സഹപ്രവർത്തകരിൽ ഒരാളെ അടുത്തിടേയും കാണുന്നത് അച്ഛനോടൊപ്പം മദ്യം കഴിക്കാൻ വരുമ്പോഴാണ്, പുള്ളി വിഖ്യാത നായർ തറവാടി, വീട്ടിൽ മദ്യം കഴിക്കില്ല, പിന്നെ ഭാര്യക്ക് മീനും കപ്പയും വെക്കാനും അറിയില്ലത്രേ!

കല്ലേക്കാട് AR ക്യാമ്പിലെ കുമാർ എന്ന ആദിവാസി വിഭാഗത്തിലെ പോലീസുകാരൻ ആത്മഹത്യചെയ്തിട്ട് അധികം മാസങ്ങൾ ആയിട്ടില്ല, വംശ ഹത്യ നടത്തുന്നതിൽ ഇതര സവർണർക്ക് ഒരു പ്രത്യേക സുഖം കിട്ടുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അച്ഛൻ പോലീസിൽ കയറിയ സമയത്തുനിന്നും റിട്ടയർ ആകുന്നവരെ പൊലീസിലെ ജാതി-വംശ വെറിക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല-ചിലപ്പോൾ കൂടിക്കാണും. അതേപോലെ സേനയിൽ മാറ്റിനിർത്തപ്പെടുന്നവർ മുസ്ലീം വിഭാഗക്കാരാണ് എന്നും കേട്ടിട്ടുണ്ട്.
ഇന്ന് ഹരിദാസ് എന്ന അഗളി സ്റ്റേഷനിലെ ഒരു പോലീസുകാരൻ രണ്ടാഴ്ചയായി ലീവിലാണ്, കാരണം ആദിവാസി എന്ന് വിളിച്ചാക്ഷേപിക്കുന്നു. പിന്നെ ‘അവനെയൊക്കെ’-എന്റെ അച്ഛനെയടക്കം- ഞങ്ങൾ സാറെന്നു വിളിക്കണോ? വേണ്ട മാന്യന്മാരെ പേര് വിളിക്കാമല്ലോ. അമേരിക്കയിൽ പ്രസിഡന്റിനെ വരെ മിസ്റ്റർ എന്ന് വിളിക്കുമ്പോൾ ഇവിടെ അടിമ ഉടമ ബന്ധമാണല്ലോ പലതിനും.

പട്ടികജാതി-വർഗ വിഭാഗക്കാർക്ക് കഴിവില്ല, ബുദ്ധിയില്ല, ശേഷിയില്ല പിന്നെ നാട്ടുകാരുടെ സൗജന്യത്തിൽ ജീവിക്കുന്നു എന്ന പുരോഗമന ചിന്ത ഏറിയും കുറഞ്ഞും ഒരു തീട്ടകൂനപോലെ തലച്ചോറിൽ ഏറി ‘ഉയർന്നവർ’ പെരുമാറുന്നു- ജീവിക്കുന്നു. അടുത്ത തലമുറക്ക് കൈമാറുന്നു, നിങ്ങൾ ആ പിള്ളേരോടൊന്നും കൂട്ടുകൂടല്ലേ, അവരൊക്കെ ജന്മനാ അങ്ങനാ- തീട്ടം നാറുമെന്നെങ്കിലും അടുത്ത തലമുറ മണത്ത് അറിയട്ടെ.

ഹരിദാസ് എന്ന പാവം മനുഷ്യന്റെ വാക്കിലറിയാം അദ്ദേഹം കടന്നുപോകുന്ന വിഷമഘട്ടം. എടാ ഡാഷ്‌ മക്കളെ അദ്ദേഹത്തെ തോൽപ്പിക്കുന്നത് ജാതി പറഞ്ഞും അവഹേളിച്ചും അല്ല കേസുകൾ തെളിയിച്ചാണ്.
അല്പം ഉയരം കൂടിയാൽ-നിറം വെളുത്തതായാൽ-മെലാനിൻ കൂടുന്നതും കുറയുന്നതും – അവരൊക്കെ യോഗ്യർ! നിന്റെയൊക്കെ കണ്ണുകടിയും അസൂയയും ചൊറിഞ്ഞു തീർന്നിട്ട് ആ കൈ മണത്തുനോക്കു നേരത്തെ പറഞ്ഞ മലമണം ഉണ്ടാകും-ജാതി തിന്നു തൂറി ജീവിക്കുന്ന യോഗ്യന്മാർ.
ഹരിദാസ് നിങ്ങളുടെ മെറിറ്റ് ആരുടെയും കൈകളിൽ അല്ല, സധൈര്യം മുന്നേറുക ദളിത്‌ അവകാശം മുന്നേറ്റമായി മാറിയ കാലത്ത് പ്രതിരോധിക്കാൻ ഞങ്ങളുണ്ട് കൂടെ !

പിന്നെ കേസ് ഒത്തു തീർത്താലും ഇവന്റെയൊക്കെ മനസ് എങ്ങനെ മാറും, നമ്മുടെ വിദ്യാഭ്യാസം ജോലി നേടാൻ വേണ്ടി മാത്രമാകുന്നത് ഇങ്ങനെയാണ്. ഇനിയും ഹരിദാസുമാർ ഉണ്ടാകും അവർ അഭിമാനത്തോടെ ബാഡ്ജുകൾ വാങ്ങിക്കൂട്ടും, ബാബയുടെ സ്വപ്നം നമ്മൾ നടത്തിയെടുക്കും.
പ്രിയപ്പെട്ട രേഖ ചേച്ചി കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിതയായി എന്നറിഞ്ഞു, സന്തോഷം നൽകുന്ന വാർത്ത 💙 ഇടങ്ങൾ ഇങ്ങനെ നാം നേടിയെടുക്കും.
പോലീസ് സേന നവീകരിക്കുന്നത് ജാതി-വംശ വെറി ഇല്ലാതാക്കികൊണ്ട് കൂടി ആകട്ടെ.
ഉണ്ട എന്ന ചലച്ചിത്രം കൂടി മനസ്സിൽ വരട്ടെ !