ഗർഭനിരോധന ഗുളിക കഴിച്ച യുവാവിന് കാമുകിയുടെ ഗർഭം പുലിവാലായി

963

Prince John

കഴിഞ്ഞ മാസം ഒരു കോളേജ് പയ്യൻ ഇൻബോക്സിൽ വന്നു ഫോൺ നമ്പർ ഒക്കെ വാങ്ങി. എന്തോ അത്യാവശ്യം ആണത്രേ.കാര്യം അവനും കൂടെ പഠിക്കുന്ന പെൺകുട്ടിയും ലൈംഗികമായി ബന്ധപ്പെട്ടു. പെട്ടന്നുള്ള ആവേശത്തിൽ സംഭവിച്ചു പോയതാണ്. ഇപ്പോൾ പെൺകുട്ടി ഗർഭിണി ആകുമോ എന്ന സംശയം ആണ്.

72 മണിക്കൂർ ആയോ എന്ന് ചോദിച്ചപ്പോൾ ആയില്ല എന്നു പറഞ്ഞു. Unwanted 72 / i pill വാങ്ങി കഴിക്കാനും വിഷമിക്കേണ്ട എന്നും സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ചും അല്പം സദാചാര ലൈനിൽ ഉപദേശം കൊടുത്തു.

“ചേട്ടാ… ഗുളികയ്ക്കു ഭയങ്കര ചെലവാകുമോ “എനിക്ക് ഇതുവരെ ആ സാധനം വാങ്ങേണ്ടി വന്നിട്ടില്ലാത്തതു കൊണ്ട് വില ഓൺലൈനിൽ നോക്കി മനസിലാക്കി.

“ഒരു നൂറു രൂപയെ ആവുകയുള്ളൂ… വിഷമിക്കണ്ട” .

“ചേട്ടാ എന്റെ കയ്യിൽ നൂറു രൂപ ഇല്ല… ഞങ്ങൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുവാ… ”

ഞാൻ കുറെ ആലോചിച്ചു. പൊതുവെ പരോപകാര വള്ളിക്കെട്ടുകൾ പിടിക്കാറുണ്ട് എങ്കിലും ഗർഭക്കേസുകൾ എടുക്കാറില്ല. തൊണ്ണൂറു ശതമാനം ഗർഭക്കേസുകളും അബോർഷനിൽ അവസാനിക്കുന്നതിനാലും അതിനെ മാനസികമായി എതിർക്കുന്നതിനാലും ആണത്.

” ശരി… ഗൂഗിൾ പേ നമ്പർ താ, ഞാൻ നൂറു രൂപ ഇടാം” എന്നു പറഞ്ഞു.

പയ്യൻ വേറെ ഏതോ ബാങ്ക് അക്കൌണ്ട് ഉള്ള പരിചയക്കാരന്റെ നമ്പർ തന്നു. ഞാൻ പണവും കൊടുത്തു. ആ സംഭവം അങ്ങനെ കഴിഞ്ഞു എന്നു വിചാരിച്ചതാണ്. ഇപ്പോൾ ഇതാ ആ കേസ് വീണ്ടും വന്നിരിക്കുന്നു. പെൺകുട്ടി ഗർഭിണിയാണ് ! ഇതെങ്ങനെ സംഭവിച്ചു ! പൂർണ്ണമായും ഉറപ്പ് ഒരു ഗുളിക നിർമ്മാണ കമ്പനിയും നൽകുന്നില്ല. പെൺകുട്ടിയോട് അനുപമയെ ഒന്നു വിളിക്കൂ ഗുളിക കഴിച്ച സമയം, അതിനു ശേഷമുണ്ടായ മാറ്റങ്ങൾ, ഇപ്പോൾ ഗർഭിണി ആണെന്ന് എങ്ങനെ ഉറപ്പിച്ചു എന്നീ കാര്യങ്ങൾ സംസാരിക്കാൻ പറഞ്ഞു. രണ്ടാം കക്ഷി അപരിചിത ആയതിനാൽ സംസാരം സ്ത്രീകൾ തമ്മിൽ ആവട്ടെ എന്നു വിചാരിച്ചു.

” ചേട്ടാ… ചതിക്കല്ലേ, ഗുളിക കഴിച്ചത് പെണ്ണല്ല, ഞാനാണ് !”

തലയ്ക്ക് അടിയേറ്റതു പോലെ ഞാൻ ഇരുന്നു. ആര് ആരെയാണ് ചതിച്ചത്. ഐ പിൽ കമ്പനിക്കാർ എന്നോട് ക്ഷമിക്കണം. ഐ പിൽ കഴിച്ച പുരുഷന് സംഭവിക്കുന്ന ശാരീരിക മാനസിക വൈക്ലബ്യങ്ങൾ ഒരു ഗവേഷണ സാധ്യതയുള്ള വിഷയം ആയിരുന്നിട്ടും ഞാൻ ആ സാഹചര്യത്തിൽ ഒന്നും ചോദിച്ചില്ല.

ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ സ്വന്തം ചെലവിൽ ഗർഭഛിദ്രം, തുടർന്ന് രണ്ടാഴ്ചത്തേയ്ക്കുള്ള സമീകൃതാഹാരം (പെണ്ണിന് ) മാനസികോല്ലാസത്തിനു ടോംസ് കോമിക്സ്, സാനിറ്ററി പാഡുകൾ (മേൽ പറഞ്ഞവയെല്ലാം പെണ്ണിന് മാത്രം, comics and pads for external use only ഇനി അതെങ്ങാനും തിന്നു കഴിഞ്ഞാൽ എനിക്ക് ഉത്തരവാദിത്തം ഏൽക്കാൻ വയ്യ ) എന്നിവ നൽകിക്കൊള്ളാം എന്ന് ഉറപ്പും കൊടുത്തു. പണി പാലും വെള്ളത്തിലും ഐ പില്ലിലും വരും. എന്നാലും എന്റെ അഭ്യസ്ത വിദ്യനായ കാമുക യുവാവേ…