‘രാമസേതു’വും പൊക്കിപ്പിടിച്ചു നടക്കുന്നവർ വായിച്ചിരിക്കാൻ

1161

പ്രിൻസ്

ആദാമിന്റെ പാലം / രാമസേതു

അയോദ്ധ്യ വിധി വന്നതിനു ശേഷം വിശ്വാസികൾ ആ വിധിക്ക് കൂടുതൽ സ്വീകാര്യത കിട്ടാൻ വേണ്ടി പഴയ രാമസേതു വിഡിയോയും പൊക്കികൊണ്ടുവരുന്നത് സ്ഥിരം കാഴ്ചയായിക്കൊണ്ടിരിക്കുന്നു. എത്ര എത്ര ശാസ്ത്രീയമായ മറുപടി കിട്ടിയതാണെങ്കിലും ലക്ഷങ്ങൾ വ്യൂസ് ഉള്ള വീഡിയോ അടുത്ത ലക്ഷങ്ങളെ തേടി യാത്ര തുടങ്ങി കഴിഞ്ഞു. ഇന്നും അതൊരു ദിവ്യാത്ഭുതത്തിന്റെ ശ്രേണിയിലേക്ക് ഉയർത്തപ്പെടുന്നത് ഇവിടുത്തെ യാഥാസ്ഥിതിക വിശ്വാസികൾക്ക് മാത്രമാണ്, കാരണം തങ്ങൾ ഇന്നോളം വിശ്വസിച്ചു പോന്ന ഒരു കഥ അത് തെറ്റായിരുന്നു എന്ന് സമ്മതിക്കേണ്ടി വരുന്നതിന്റെ ജാള്യത കൊണ്ടാണ് ഈ പിടിവാശി ഉപേക്ഷിക്കാൻ കഴിയാത്തത്.

Image result for adam's bridgeദിവ്യാദ്ഭുതങ്ങൾ എന്നും മതങ്ങൾക്ക് ഒരു crowd puller ആണ്. എന്തെങ്കിലും ഒന്ന് കണ്ടാലോ കേട്ടാലോ ഉടനെ തന്നെ മൂക്കിടിച്ചു വീഴാൻ തയാറായി നിൽക്കുന്ന ഒരു ജനത ഉള്ളതാണ് എന്നും മതങ്ങൾക്ക് അവരുടെ അതിജീവനത്തെ തന്നെ പോഷിപ്പിക്കുന്നത്. ചെറുപ്പത്തിൽ പലർക്കും ഇത്തരം അത്ഭുതങ്ങളോട് ഒരു വല്ലാത്ത അഭിനിവേശം ആണ് ഉണ്ടാകാറുള്ളത്. എനിക്കും അതേപോലെ തന്നെയായിരുന്നു രാമസേതുവും മകരജ്യോതിയും ഒക്കെ കൈകൂപ്പി കണ്ണും തള്ളി ഭക്തി നിർഭരമായി കണ്ടിരുന്ന കാലത്ത് നിന്നും ഇന്നത്തെ ഈ കാലത്തേക്ക് നയിച്ചത് ശാസ്ത്രീയമായ ചിന്താ വ്യത്യാസമാണ്.
രാമായണം എന്ന കഥയിലെ ഒരു കഥാപാത്രം സ്വന്തം ഭാര്യയെ രക്ഷിക്കാൻ വേണ്ടി ലങ്കയിലേക്ക് പോകാൻ ഒരു പാലം തന്റെ സേനയെ കൊണ്ട് പണിഞ്ഞെന്നും അതാണ് ഇന്ന് കാണുന്ന രാമസേതു എന്ന് വിളിക്കപ്പെടുന്ന ആ ഭാഗം എന്നുമാണല്ലോ കഥ. ഇനി ഇതൊന്നു പൊളിച്ചു നോക്കാം.

ഇത് പാലമോ മതിലോ ഒന്നുമല്ല പ്രകൃതിദത്തമായി ഉണ്ടാകുന്ന പവിഴപ്പുറ്റുകൾ ആണ്. ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകളും പവിഴപുറ്റുകളും കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്‌ രാമസേതു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടയാണിത്.
2002 ൽ ആണ് NASA ഇതിന്റെ കൂടുതൽ വ്യക്തമായ ഒരു ചിത്രം എടുക്കുന്നത് അത് ഇത് രാമന്റെ പാലം എന്ന് കാണിക്കാൻ എടുത്തതൊന്നും അല്ല എന്നാൽ ഇതിനെ കൂട്ടുപിടിച്ചു വിശ്വാസി സമൂഹം കഥകൾ ഇറക്കാൻ തുടങ്ങിയപ്പോൾ NASA ക്ക് പറയേണ്ടി വന്നു ഞങ്ങൾ എടുത്ത ചിത്രത്തിന് മാത്രമേ ഞങ്ങൾക്ക് ഉത്തരവാദിത്തമുള്ളു അതിനെ ചൊല്ലി വരുന്ന വ്യഖ്യാനങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല എന്ന്.

കയ്യിൽ ഇരിക്കുന്ന ചുറ്റിക ആണെങ്കിൽ കണ്ണിൽ കാണുന്നതെല്ലാം ആണിയായി തോന്നും എന്ന് പറയുന്നത് പോലെയാണ് ഭക്തരുടെ കാര്യം. അവിടെ കാണുന്ന ചെറിയ വരമ്പ് അല്ലെങ്കിൽ ഭിത്തി പോലത്തെ ഭാഗം കണ്ടാൽ പോരെ ബാക്കി പറയേണ്ടതുണ്ടോ? പണ്ട് ഇത് കാണാൻ ചെന്നപ്പോഴും വേലിയേറ്റം വേലിയിറക്കം വരുമ്പോൾ ഇത് പൊങ്ങിയും താന്നും കാണപ്പെടുന്നത് കൊണ്ട് ശെരിക്ക് കാണാൻ കൂടി സാധിചിരുന്നില്ല.

Image result for adam's bridgeഅറേബ്യൻ കടലിൽ നിന്നും വരുന്ന കപ്പൽ ശ്രീലങ്കയെ ചുറ്റിയാണ് ബംഗാൾ ഉൾക്കടലിലേക്ക് പോകുന്നത് അതിനാൽ തന്നെ ആ അധിക ഓട്ടം ( 400 km ) ലാഭിക്കാനും ഇന്ത്യയിലെ നിരവധി തുറമുഖങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്നതുമായ ഒരു പ്രൊജക്റ്റ്‌ സർക്കാർ മുന്നോട്ടു വെക്കുകയുണ്ടായി ” സേതു സമുദ്രം പ്രൊജക്റ്റ്‌ “. എന്നാൽ വിശ്വാസം അപ്പോളും അവിടെ വിലങ്ങുതടിയായി നിന്നു തങ്ങളുടെ പുണ്യ പാലം പൊളിച്ചു മാറ്റി വികസനം വേണ്ടെന്ന പിടിവാശിപിടിച്ചു, പിന്നീട് പൊക്കികൊണ്ടുവന്ന പാരിസ്ഥിക പ്രശ്നങ്ങൾ ഒക്കെ തന്നെ ഇതിനു ചുവടുപിടിച്ചു വന്നവയും ആയിരുന്നു.

ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എല്ലാരും നടത്തിയ മാസങ്ങൾ നീണ്ടുനിന്ന പഠനങ്ങളും ടെസ്റ്റുകളും എല്ലാം ചെന്നെത്തിയത് ഇത് പ്രകൃതിദത്തമായ പവിഴപ്പുറ്റുകൾ മാത്രമാണ് എന്നതിൽ തന്നെ ആയിരുന്നു. അത് അവർ സുപ്രീം കോടതിയിൽ സത്യവാങ്മൂലമായി സമർപ്പിക്കുകയും ചെയ്തിട്ടുള്ളതുമാണ്. Radio carbon പരിശോധന, കടലിന്റെ അടിത്തട്ടിനെ കുറിച്ചുള്ള പഠനം, സാമ്പിൾ ശേഖരണം, മണ്ണ് മാന്തൽ, കടൽത്തീര സർവ്വേ, അടിത്തട്ടിന്റെ solar imaging, 4 km ഇടവിട്ടു ബോർ ഹോളുകൾ കുഴിച്ചു പാറകളും മണലുകളും എടുത്തുള്ള പരിശോധന ഇവയെല്ലാം അവിടെ നടത്തപ്പെട്ടു.

ഈ മണൽ തിട്ടകൾ, പവിഴപ്പുറ്റുകൾ ഇവിടെ മാത്രമല്ല ഉള്ളത് ലോകത്തെ പല കടൽ തീരങ്ങളിലും ഇതിലും വെക്തമായി കാണപെടുന്നവയും ഉണ്ട്. The great barrier reef, The Aleutian island, The Florida keys ഇവിടെയൊന്നും രാമസേതു വിശ്വാസികൾ ഇല്ലാത്തത്തിനാൽ ഈ കോറൽ റീഫ് സാധാ സ്ഥലമായി ഇന്നും നിലനിന്നുപോകുന്നു.
അപ്പോൾ പറഞ്ഞു വന്നത് ഇത്രഉള്ളു പഴകി ദ്രവിച്ച കഥകളിലെ കല്ലുകളുമായി കടലിലേക്ക് ഇറങ്ങുന്നവരെ നിങ്ങൾ തെളിവുകളുടെ മുന്നിൽ നിങ്ങളുടെ കഥകളിലെ ദൈവങ്ങളുടെ ശവമഞ്ചം ഒരുക്കുകയാണ്.