ലോകത്തിലെ അസമത്വത്തെ പരാജയപ്പെടുത്തിയ ‘നാലു കുതിരക്കാരിൽ’ ഒന്നാണ് മഹാമാരികൾ

41

Prins P V

ചരിത്രത്തിന്റെ നാൾവഴികളിൽ മനുഷ്യസമൂഹത്തെയും രാഷ്ട്രീയത്തെയും അവയുടെ പൂർവ്വരൂപങ്ങളിൽ നിന്നും മാറ്റപ്പെടുത്താൻ മഹാമാരികൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട ജസ്റ്റീനിയൻ പ്ലേഗ് മുതൽ കഴിഞ്ഞ നൂറ്റാണ്ടിലെ സ്പാനിഷ് ഫ്ലൂവിൽ എത്തി നിൽക്കുമ്പോൾ സാമ്രാജ്യത്വ തകർച്ചകൾക്കും മതാടിസ്ഥാനത്തിലുള്ള അതിവിശിഷ്ട സ്ഥാപനങ്ങളുടെ ദുർബലപ്പെടലുകൾക്കും പുതിയ സാമൂഹ്യ വിപ്ലവങ്ങൾക്കും, മാത്രമല്ല രാജ്യങ്ങളുടെ യുദ്ധക്കൊതികൾക്കും കനത്ത പ്രഹരമേൽപ്പിക്കാൻ ഈ മഹാമാരികൾ കാരണഭൂതമായിട്ടുണ്ട് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

Image may contain: 1 personചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മഹാമാരി എന്നറിയപ്പെടുന്നത് ആറാം നൂറ്റാണ്ടിൽ ഈജിപ്റ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് അന്നത്തെ കിഴക്കൻ റോമിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പടർന്നു പിടിക്കുകയും തുടർന്ന് കിഴക്കു പടിഞ്ഞാറൻ യൂറോപ്പിലാകമാനം വ്യാപിക്കുകയും കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിക്കുകയും ചെയ്ത ജസ്റ്റീനിയൻ പ്ലേഗാണ്. അന്നത്തെ കിഴക്കൻ റോമിലെ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയന്റെ പേര് ഈ മഹാമാരിക്ക് പിന്നീട് ലോകം നൽകുകയായിരുന്നു എന്നതിനാലാണ് ഇത് ജസ്റ്റീനിയൻ പ്ലേഗ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ മഹാമാരി കോൺസ്റ്റാന്റിനോപ്പിളിനെ തച്ചുതകർക്കുമ്പോൾ ഇറ്റലിയും റോമും ഉൾപ്പെടുന്ന റോമൻ മെഡിറ്ററേനിയൻ തീരവും വടക്കൻ ആഫ്രിക്കയും സ്വന്തം വരുതിയിലാക്കി ജസ്റ്റീനിയൻ ചക്രവർത്തി അധികാരത്തിന്റെ പരകോടിയിൽ നിൽക്കുകയായിരുന്നു. AD 750 ൽ ഈ മഹാമാരി പൂർണ്ണമായി തിരോഭവിക്കുന്നതുവരെ പല ഘട്ടങ്ങളിലായി പ്രത്യക്ഷപ്പെട്ട് ഏതാണ്ട് പൂർണ്ണമായി എന്നു പറയാവുന്ന തരത്തിൽ ഇത് റോമാ സാമ്രാജ്യത്തെ ദുർബലപ്പെടുത്തിയിരുന്നു. ഇതിന്റെ ഉദ്‌ഭവത്തോടെ സൈനിക നിരയിലേക്ക് പുതിയ പടയാളികളെ റിക്രൂട്ട് ചെയ്യുന്നതിലും യുദ്ധമുഖത്തേക്ക് യുദ്ധ സാമഗ്രികൾ എത്തിക്കുന്ന കാര്യങ്ങളിലും സംഭവിച്ച വലിയ പരാജയത്തിന്റെ ഫലമായി സാമ്രാജ്യത്തിന്റെ പല പ്രധാന പ്രവിശ്യകളും വിദേശ ആക്രമണങ്ങൾക്ക് വിധേയമാവുകയും ചെയ്തു. പ്ലേഗ് പൂർണ്ണമായി അപ്രത്യക്ഷമാകുമ്പോൾ തന്ത്രപ്രധാനമായ പല പ്രവിശ്യകളും ഈ സാമ്രാജ്യത്തിന് നഷ്ടപ്പെട്ടിരുന്നു.

Image may contain: 1 personചരിത്രത്തിൽ അറിയപ്പെടുന്ന മറ്റൊന്ന് പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിനേയും ഏഷ്യയേയും തകർത്തെറിഞ്ഞ ബ്ലാക്ക് ഡെത്ത് അഥവാ പെസ്റ്റിലെൻസ് എന്നറിയപ്പെടുന്ന മഹാമാരിയാണ്. 1347 ൽ യൂറോപ്പിൽ പടർന്നു പിടിക്കുകയും യൂറോപ്പിലെ ഏകദേശം 50% ജനങ്ങളെയും കൊന്നൊടുക്കുകയും ചെയ്തു ഇത്. ചരിത്രകാരനായ വാൾട്ടർ ഷെയ്‌ദെൽ ഇതിനെ സംബന്ധിച്ച് ഇപ്രകാരം രേഖപ്പെടുത്തി “ലോകത്തിലെ അസമത്വത്തെ പരാജയപ്പെടുത്തിയ ‘നാലു കുതിരക്കാരിൽ’ ഒന്നാണ് മഹാമാരികൾ.” അദ്ദേഹം രേഖപ്പെടുത്തിയ ഈ നാലു കുതിരക്കാരിൽ മറ്റു മൂന്നും യഥാക്രമം യുദ്ധങ്ങൾ, വിപ്ലവങ്ങൾ, ഭരണകൂടപരാജയങ്ങൾ എന്നിവയാണ്. അദ്ദേഹത്തിന്റെ ‘The Great Leveller’ എന്ന പുസ്തകത്തിൽ അദ്ദേഹം അടിമകളുടെയും കാർഷികത്തൊഴിലാളികളുടെയും കൂലിയിൽ സംഭവിച്ച അഭിവൃത്തിക്ക് എപ്രകാരമാണ് ബ്ലാക്ക് ഡെത്ത് കാരണമായത് എന്നെടുത്തു പറയുന്നുണ്ട്. ലക്ഷക്കണക്കിന് തൊഴിലാളികൾ നിർഭാഗ്യവശാൽ ഈ മഹാമാരിയാൽ മരണപ്പെട്ടു എങ്കിലും കൃഷിഭൂമികൾ സമൃദ്ധമായി വിളവ് നൽകി. തൊഴിലാളികളുടെ അഭാവത്താൽ തങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്ന മികച്ച ഭാവിയെക്കുറിച്ച് ആകുലപ്പെട്ടുനിന്ന ജൻമികൾക്ക് മുന്നിലേക്ക് പുതുതായി കടന്നുവന്ന തൊഴിലാളികൾക്ക് തങ്ങൾ നൽകാനുദ്ദേശിക്കുന്ന അദ്ധ്വാനത്തിന്റെ പ്രതിഫലം മുൻകൂട്ടി നിശ്ചയിക്കാനും അതുറപ്പുവരുത്താനും ഈ സന്ദർഭത്തിൽ കഴിഞ്ഞു എന്നത് ഒരു വിപ്ലവകരമായ മാറ്റത്തിന് കാരണമാണെന്നായിരുന്നു വാൾട്ടർ ഷെയ്ദെലിന്റെ ഇതിനെ സംബന്ധിച്ച അഭിപ്രായം. ഇതിന്റെ ചുവടു പിടിച്ച് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്ക് മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിയാണ് കൂലിയിൽ വർദ്ധനവുണ്ടായത്.

Image may contain: 1 person, sitting and tableഅന്നത്തെ കത്തോലിക്കാ സഭയ്ക്ക് സംഭവിച്ച ക്ഷയമായിരുന്നു ബ്ലാക്ക് ഡെത്തുണ്ടാക്കിയ മറ്റൊരാഘാതം. കാട്ടുതീ പോലെ പടർന്നു പിടിച്ച ഈ മഹാമാരിക്കു മുൻപിൽ മറ്റേതൊരു സ്ഥാപനത്തിനും സമാനമായി കത്തോലിക്കാ സഭയും നിസ്സഹായമായിപ്പോയത് സഭയിലും പൗരോഹിത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇടിവ് സംഭവിക്കാനിടയാക്കി. മഹാമാരിക്ക് ശേഷം അത്രയും നാൾ സഭ പുലർത്തിപ്പോന്ന അധികാരവും സ്വാധീനവും വീണ്ടെടുക്കാൻ പിന്നീടതിനു കഴിഞ്ഞില്ല. പിന്നീട് പതിനാറാം നൂറ്റാണ്ടിൽ സംഭവിച്ച പ്രൊട്ടസ്റ്റന്റ് പുനർക്രമീകരണം കത്തോലിക്കാ സഭയെ തുടർന്നും ദുർബലപ്പെടുത്താനിടയായി.

ഒന്നാംലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂ ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ മറ്റൊരു മാരകമായ മഹാമാരി. ഇതേകദേശം അഞ്ചുകോടി ജീവനുകൾ അപഹരിച്ചു എന്നാണ് കണക്ക്. ഒന്നാംലോകയുദ്ധത്തിന്റെ ലാഭക്കൊതിക്കേറ്റ പ്രഹരമായിരുന്നു ഇതുമൂലമുണ്ടായ വലിയൊരാഘാതം. ജർമ്മനിയുടേയും ആസ്ട്രിയയുടേയും ആക്രമണോത്സുകതയെ ഈ മാരകരോഗം തകിടം മറിച്ചു. ജർമ്മൻ ജനറലായിരുന്ന എറിക്ക് ലൂഡെൻഡ്രോഫ് ജർമ്മനിയുടെ പരാജയത്തിന് ഒരു കാരണമായത് സ്പാനിഷ് ഫ്ലൂ ആണെന്ന് പിന്നീട് തന്റെ ‘My War Memories’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുകയുണ്ടായി. 1918 മാർച്ച് മാസത്തിൽ ജർമ്മനി ശത്രുരാജ്യങ്ങൾക്കെതിരെ തുടങ്ങിവച്ച ആക്രമണങ്ങളിൽ അവർക്ക് വളരെ ഫലപ്രദമായ മുന്നേറ്റമുണ്ടായെങ്കിലും ജൂൺ മാസത്തിലും ജൂലൈ മാസത്തിലുമായി പടർന്നു പിടിച്ച മഹാമാരി ജർമ്മൻ ക്യാംപുകളെ ദുർബലമാക്കുകയും തുടർന്ന് 1918 നവംബർ 11ന് യുദ്ധവിരാമക്കരാറിൽ ഒപ്പുവയ്ക്കാൻ ജർമ്മനി നിർബന്ധിതരാവുക വഴി ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു. എന്നിരുന്നാലും തുടർന്ന് മാസങ്ങളോളം ഈ രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു.

ഇപ്പോഴിതാ Covd-19 ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളേയും കീഴടക്കിയിരിക്കുന്നു. ജനാധിപത്യ രാജ്യങ്ങളെന്നോ സ്വേച്ഛാധിപത്യ രാജ്യങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ രാജ്യങ്ങൾ ജനങ്ങൾക്ക് മേൽ കർക്കമായ നിയന്ത്രണങ്ങളും നിരോധനങ്ങളും അടിച്ചേൽപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ ഈ രോഗത്തിന്റെ ആക്രമണങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്നു. ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന് വിവക്ഷിക്കപ്പെടുന്ന അമേരിക്കപോലും പ്രതിരോധ മരുന്നിനായി മറ്റു രാജ്യങ്ങളോട് കെഞ്ചുന്നു. അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. അമേരിക്കയുൾപ്പെടുന്ന സാമ്പത്തിക രാജ്യങ്ങൾ പോലും തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബലപ്പെടുത്താൻ ദൃഷ്ടാന്തമില്ലാത്ത വഴികൾ അവലംബിക്കുന്നതിനെ സൂചിപ്പിക്കുന്നത് ലോകം നേരിടാൻ പോകുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയേയും ജനങ്ങളുടെ മാനസികമായ ക്ലേശങ്ങളെയുമാണ്. സമൂലമായ മാറ്റങ്ങൾ, അത് നല്ലതായാലും ചീത്തയായാലും, ലോകത്ത് സംഭവിക്കാൻ പോകുന്നു അല്ലെങ്കിൽ ഇതിനകം തന്നെ അവ സംഭവിച്ചു തുടങ്ങിയിരിക്കുന്നു.