ഒരു ലെജന്ററി ആക്ടർ എന്നതിലുപരി ഒരു പെർഫെക്റ്റ് ഹോളിവുഡ് മെറ്റീരിയിൽ ആണ് ലിയോ

274

 Prithvi Raj Rajeev

ലിയനാർഡോ വില്ല്യം ഡികാപ്രിയോ

ഒരു പരിധിവരെ ഹോളിവുഡ് എന്ന സിനിമാശാഖയേയും, സിനിമകളെയും പരിചിതരല്ലാത്ത ആളുകൾക്ക് പോലും സുപരിചിതമായ നാമധേയമാണ് ഡികാപ്രിയോ എന്നത്.

ജോർജ് ഡികാപ്രിയോയുടെയും ഇർമെലിന്റെയും ഏക മകനായി അമേരിക്കയിൽ ജനിച്ച ലിയോ വളരെ ചെറുപ്പത്തിലേ തന്നെ ചെറിയ ടെലിവിഷൻ ഷോകളുടെ ഭാഗമായിരുന്നു. പേരിന്റ ആദ്യ ഭാഗമായ ലിയനാർഡോ എന്നത് ഡാവിഞ്ചിയുടെ ചിത്രം കണ്ടുകൊണ്ടിരിക്കെ തന്റെ മാതാവിന് ഉണ്ടായ വളരെ നേർത്ത അനുഭവത്തിന്റെ ഓർമപ്പെടുത്തലാണ് എന്ന് പിന്നീടൊരിക്കൽ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത് വളരെ രസകരമായാണ്. 1979-1990 വരെയുള്ള കാലഘട്ടത്തിൽ കൃത്യമായി പറഞ്ഞാൽ 1980-കളുടെ അവസാനത്തോടെയാണ് സാന്റ ബാർബറ പോലുള്ള മിനിസ്‌ക്രീൻ പരിപാടികളിലൂടെ അദ്ദേഹം പ്രശസ്തി ആർജിക്കുന്നത്. മിനിസ്ക്രീനിൽ നിന്നും ബിഗ്‌ സ്ക്രീനിലേക്കുള്ള ചുവടുമാറ്റത്തിന് അരങ്ങ് തെളിഞ്ഞത് 1991-ലെ ക്രിട്ടർ 3 എന്ന കോമിക്ക് സൈന്റിഫിക്ക് ത്രില്ലറിൽക്കൂടെ ആണെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് റോബർട്ട് ഡീ നീരോയെ കാണുന്നതും നീരോ തന്നെ പുതിയ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നതുമാണെന്ന് ലിയോ പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്.

1997 മുതൽ ഇങ്ങോട്ട് ഇന്നുവരെ തന്റെ സുവർണ കാലഘട്ടത്തിലൂടെ ആണ് അദ്ദേഹം സഞ്ചരിക്കുന്നത്. ജെയിംസ് കാമറൂൺ ടൈറ്റാനിക്ക് എന്ന പ്രണയ ദുരന്തകാവ്യത്തിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തപ്പോൾ ആദ്യം അത് നിരസിച്ചു; ലിയോ കാമറൂണിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അത് ചെയ്തത്. വിശ്വാസത്തിന് തരിമ്പുപോലും പോറൽ വരുത്താത്ത ആ പ്രകടനം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് കൃത്യമായ ഉത്തരവാദിത്തങ്ങളിലേക്കായിരുന്നു. “ലിയോ മാനിയ” എന്നൊരു പ്രയോഗം തന്നെ പിന്നീട് വ്യാപകമായി ആരാധകരുടെ പ്രവാഹത്തിൽ ഉദിച്ചുയരുന്ന താരമായി ലിയോ. ലിയോ അതിനെപ്പറ്റി പറഞ്ഞത് വളരെ രസകരമായാണ് “ടൈറ്റാനിക്കിലൂടെ എന്നെ എങ്ങനെ ലോകം കണ്ടു എന്ന് എനിക്ക് അറിയില്ല ഇനിയിത് എനിക്ക് അപ്രാപ്യമാണ് അല്ലെങ്കിൽ ഞാൻ അതിന് ആഗ്രഹിക്കുന്നില്ല..!!” വളരുകയാണ് നടനിൽ നിന്നും താരത്തിലേക്ക്, ബ്രാൻഡിലേക്ക്..

തുടർന്ന് 2002-2010 വരെ ഒട്ടനവധി മികച്ച സിനിമകൾ. ഇതിൽ ഏറ്റവും ശ്രദ്ധേയം മാർട്ടിൻ സ്കോർസെസെയുമായുള്ള പിരിയാത്ത ആത്മബന്ധമാണ്. ഈ കാലയളവിൽ ഗാങ്സ് ഓഫ് ന്യൂയോർക്ക്, ഡിപാർട്ടഡ്, എവിയേറ്റർ, ബ്ലെഡ് ഡയമണ്ട്, ക്യാച്ച് മീ ഇഫ് യു കാൻ പോലുള്ള ഒട്ടനവധി മികച്ച ചിത്രങ്ങൾ ചെയ്ത ലിയോ തുടർന്നും മികച്ച സിനിമകളുടെ പെരുമഴ തന്നെ തീർത്തു. ഷട്ടർ ഐലന്റും ഇൻസെപ്ഷനും അടക്കം കലാപരമായും വാണിജ്യപരമായും മികച്ചുനിൽക്കുന്ന സിനിമകൾ ആണ് ഭൂരിയ പങ്കും എന്നതും ശ്രദ്ധേയമാണ്. 2015-ൽ ചെയ്ത റെവനന്റ് എന്ന ചിത്രം ലിയോ എന്ന നടനെ എടുത്തുയർത്തിയത് മഹാരഥൻമാരുടെ ശ്രേണിയിലേക്കാണ്; ഓസ്കാർ ഉൾപ്പെടെ മികച്ച നടനുള്ള അഞ്ച് പുരസ്കാരങ്ങൾ അദ്ദേഹത്തെ “ബിഗ് ഫൈവ്” അച്ചീവ് ചെയ്യുന്ന ചുരുക്കം ചില നടൻമാരിൽ രൊൾ ആക്കിതീർത്തു.

വിവാദങ്ങളുമായി താതാത്മ്യം പ്രാപിച്ചു നടനായിരുന്നു ലിയോ. ഒരു പാട് കാമുകിമാർ, അത് ആഘോഷിച്ച മാധ്യമങ്ങൾ, 2005-ൽ കാതെറ വിൽസൺ പൊട്ടിയ ബോട്ടിൽ കൊണ്ട് ലിയോയുടെ മുഖത്ത് അടിക്കുകയും അത് ഗുരുതരമായ പരിക്കിന് വരെ ഇടയാക്കുകയും ചെയ്തു. വലിയ സൗഹൃദ വലയങ്ങൾ കാത്തുസൂക്ഷിക്കുന്ന ആൾ കൂടെയാണ് ഡികാപ്രിയോ. കേറ്റ് വിൻസ്ലെറ്റ് മുതൽ ഇങ്ങറ്റത്ത് എഡ്വാർഡ് നോട്ടൻ വരെ.. പൊതുവേ ലിയോയെ കുറിച്ച് സുഹൃത്തുക്കൾ പറയാറ് വളരെ അലസമായി ഒരു പാട് തമാശകൾ പറഞ്ഞ് ജീവിതത്തെ വളരെ ലാഘവത്തോടെ കാണുന്ന വ്യക്തി എന്ന നിലയ്ക്കാണ്. ജീവിതത്തെ ലാഘവത്തോടെ കാണുന്ന ഈ നടൻ പക്ഷേ തന്റെ ജോലികളെ സ്വന്തം നിലപാടുകളെ ഒക്കെ വളരെ ഉത്തരവാദിത്തോടെ സമീപിക്കുന്ന വ്യക്തി കൂടെ ആണ്. ചെറുപ്പത്തിൽ താൻ ആവേശത്തോടെ ഒട്ടുമിക്ക ക്ലാസിക്കൽ സിനിമകളും കണ്ടുതീർത്തെന്നും എവിയേറ്റർ എന്ന സിനിമയുടെ സമയത്ത് അഭിനയത്തിന്റെ മൂർച്ച കൂട്ടാൻ ട്രെയിനിയെ വച്ചെന്നും പറഞ്ഞാൽ ആലോചിക്കാം അഭിനിവേശം എത്രത്തോളം ആണെന്ന്!. എല്ലാതരം വേഷങ്ങളും പക്വമായി അഭിനയിക്കുന്ന ഈ അതുല്ലപ്രതിഭ ഒരു പരിധിവരെ മാർലൺ ബ്രാൻഡോ, അൽ പാച്ചിനോ, ജേക്ക് നികോൾസൺ, ടോം ഹാൻക്സ്, ഡാനിയൽ ഡേ ലൂയിസ് ശ്രേണിയിലെ ഇളമുറക്കാരാനാണെന്ന് പറയേണ്ടിവരും.

ലിയോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളെപ്പറ്റി ചർച്ച ചെയ്യുമ്പോൾ പലരും മറന്നുപോവുന്ന സിനിമകളിൽ ഒന്നാണ് ബാസ്ക്കറ്റ്ബോൾ ഡയറീസ്, ജിം കരോളിനെ തിരശ്ശീലയ്ക്ക് മുന്നിൽ പകർന്നാടുമ്പോൾ ലിയോയുടെ പ്രായം വെറും 21 മാത്രമായിരുന്നു..! ഗിൽബേർട്ട് ഗ്രേപ് ആണെങ്കിലും റെവല്യൂഷണറി റോഡിലെ ഫ്രാങ്ക് വീലർ ആണെങ്കിലും സംസാരിക്കാൻ അനലൈസ് ചെയ്യാൻ ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന കഥാപാത്രങ്ങളാണ് എന്നാണ് വ്യക്തിപരമായ നിരീക്ഷണം. ഒരു ലെജന്ററി ആക്ടർ എന്നതിലുപരി ഒരു പെർഫെക്റ്റ് ഹോളിവുഡ് മെറ്റീരിയിൽ ആണ് ലിയോ എന്നുപറയുന്നതാവും ഉചിതം. ടറന്റീനോയുമായുള്ള തന്റെ രണ്ടാമത്തെ ഒത്തു ചേരലിന്റെ ഔട്ട്കം ആയ റിക്ക് ഡാൾട്ടനിലൂടെ ഈ വർഷവും തന്റെ കരിയർ ഗ്രാഫ് ഉയർത്തുകയാണ് ലിയോ എന്ന് മാത്രമല്ല തനിക്ക് സിനിമയോടുള്ള അഭിനിവേശം തെല്ലും കുറഞ്ഞിട്ടില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തൽ കൂടെയാവുന്നു ‘Once upon a time in Hollywood’.

ആർജവമുള്ള പരിസ്ഥിതിവാദിയും, പരിസ്ഥിതി സംരക്ഷകനും കൂടെയായ ലിയോ മനുഷ്യാവകാശ പ്രവർത്തനങ്ങളിലം മുൻപന്തിയിലാണ്..

അതുല്ല്യനായ നടന് അതിലുപരി നിലപാടുകൾ പ്രകടപ്പിക്കാൻ ആർജവം കാണിക്കുന്ന വ്യക്തിക്ക് ജൻമദിനാശംസകൾ..

ലിയോയുടെ വാക്കുകളിലൂടെ തന്നെ അവസാനിപ്പിക്കാം:

“Raising awareness on the most pressing environmental issues of our time is more important than ever..!!”