താരങ്ങളുടെ ഉയർന്ന പ്രതിഫലം സിനിമാമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു എന്ന് നിർമ്മാതാക്കളുടെ സംഘടന തുറന്നുപറഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജിന് പറയാനുള്ളത് മറ്റൊന്നാണ്. അങ്ങനെ ഉയർന്ന പ്രതിഫലം മേടിക്കുന്ന താരങ്ങളെ വച്ച് സിനിമ ചെയ്യാതിരിക്കാൻ നിർമ്മാതാക്കൾക്ക് അവകാശമുണ്ട് എന്നാണു പൃഥ്വിരാജ് പറയുന്നത്. എന്നാൽ താരങ്ങളെ സിനിമയുടെ നിർമാണത്തിൽ പങ്കാളിയാക്കുന്നത് നല്ല കാര്യമായാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
“പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ മതി. അതേ സമയം നിര്‍മാണത്തില്‍ പങ്കാളിയാക്കിയാല്‍ നല്ലതാണ്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്‍കുക. ഞാന്‍ പരമാവധി സിനിമകള്‍ അങ്ങനെയാണ് ചെയ്യാറ് ”
അതുപോലെ, നടീനടന്മാർക്കുള്ള വ്യത്യസ്തമായ പ്രതിഫലത്തെ കുറിച്ചും താരത്തിന് പറയാനുണ്ട്. – “സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്. നടീനടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക” പൃഥ്വിരാജ് പറഞ്ഞു