ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ’ഗുരുവായൂരമ്പല നടയിൽ’ എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റായ ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിൻ ദാസ് ആണ് ഈ ചിത്രവും സംവിധാനം ചെയുന്നത്. കുഞ്ഞിരാമായണത്തിന്റെ രചന നിർവഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് നിർമ്മാതാക്കൾ. ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു എന്നും 2022ലാണ് ‘ഗുരുവായൂരമ്പല നടയിലി’ന്റെ കഥ കേൾക്കുന്നതെന്നും ഓർക്കുമ്പോഴെല്ലാം ചിരി ഉണർത്തുന്ന കഥയാണിതെന്നും പൃഥ്വിരാജ് പറയുന്നു. “നിങ്ങൾക്കെല്ലാവർക്കും 2023 നിറഞ്ഞ ചിരി ആശംസിക്കുന്നു! ഒരു വർഷം മുമ്പ് ഞാൻ ഇതിന്റെ കഥ കേട്ടു . ഓർക്കുമ്പോഴെല്ലാം എന്നെ ചിരിപ്പിക്കുന്ന ഒരു കഥയാണിത്! കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് എഴുതിയ, ജയ ജയ ജയ ജയ ഹേ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഈചിത്രത്തിൽ ബഹുമുഖ പ്രതിഭയായ ബേസിൽ ജോസഫുമായി കൈകോർക്കുന്നു, എന്റെ ദീർഘകാല അസോസിയേറ്റ്സ് ഇ4 എന്റർടെയ്ൻമെന്റുമായി കൈകോർക്കുന്നു” – പൃഥ്വിരാജ് കുറിച്ചു ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.