തമിഴ് സിനിമാലോകത്ത് മുൻനിര നടനായ സൂര്യ അഭിനയിക്കുന്ന 42 മത് ചിത്രമാണ് ഇപ്പോൾ ഒരുങ്ങുന്നത്. വൻ തുക മുടക്കി സ്റ്റുഡിയോ ഗ്രീൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്.ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബോളിവുഡ് താരം ദിഷ പടാനിയാണ് സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഫാന്റസി കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഇതിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസലിൽ സൂര്യ അഭിനയിക്കാൻ പോവുകയാണ്. കലൈപുലി താണു നിർമ്മിക്കുന്ന ഈ ചിത്രം ജെല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിനായി രണ്ട് ജെല്ലിക്കെട്ട് കാളകളെ വാങ്ങിയാണ് സൂര്യ പരിശീലനം നടത്തുന്നത്. ‘സൂര്യ 42’ ന്റെ ചിത്രീകരണത്തിന് ശേഷം വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുകയാണ്.
ഇതുകൂടാതെ, സുധ കൊങ്ങരയ്‌ക്കൊപ്പം ഒരു സിനിമയും ജയ് ഭീമിന്റെ സംവിധായകൻ ജ്ഞാനവേലിനൊപ്പം ഒരു ചിത്രവും കൂടി കമ്മിറ്റ് ചെയ്തതായി പറയപ്പെടുന്നു. മാത്രമല്ല സൂര്യ നായകനാകുന്ന ഒരു ചിത്രം മലയാളത്തിലെ പ്രശസ്ത നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.അടുത്തിടെ കേരളത്തിലെത്തിയ സൂര്യ പൃഥ്വിരാജിനെ കണ്ട് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനാണ് അദ്ദേഹം അവിടെ പോയതെന്നാണ് സൂചന.
സൂര്യ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബയോപിക് ചിത്രമാണ് ഇതെന്നും പ്രമുഖ ബിസ്‌കറ്റ് കമ്പനിയായ ബ്രിട്ടാനിയയുടെ സ്ഥാപകൻ രാജൻ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പൃഥ്വിരാജ് ചിത്രം ഒരുക്കാൻ പോകുന്നതെന്നും പറയപ്പെടുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. നടൻ പൃഥ്വിരാജ് മലയാളത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ലൂസിഫറും മികശ പേക്ഷക ശ്രദ്ധ നേടിയ ബ്രോ ഡാഡിയും സംവിധാനം ചെയ്തിട്ടുണ്ട് .