ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 1)

486

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 1)

പ്രിയ അനിൽകുമാർ
തിരുവനന്തപുരം സ്വദേശി
അധ്യാപിക, കവയത്രി, കഥാകൃത്ത്

ഇടവഴികളിലൂടെയുളള എന്റെ യാത്ര കളിയിക്കാവിളയിൽ നിന്നും തുടങ്ങുകയാണ്..
തീക്ഷണതയുടെ മുള്ളുവേലികൾക്കരികിലേക്കല്ല ഞാൻ നിങ്ങളെ കൂട്ടുന്നത്. ഒരു നാടിന്റെ സംസ്ക്കാരമുറങ്ങുന്ന ഇടവഴികളിലേക്കാണ്.

അല്പം അകലെയായി റോഡിനു കുറുകെ നിരത്തിയിരിക്കുന്ന ബാരിക്കേഡുകൾ … നീളൻ ലാത്തികളുമായി തമിഴ്നാട് കാവൽതുറൈ അധികാരികൾ.
ഏതൊരു നാടിനും ഒരു കഥ പറയാനുണ്ടാവും. അത് വെറും കഥയല്ല ചരിത്രം…. ലിഖിതരൂപങ്ങളിൽ യാഥാർഥ്യത്തിന്റെ നാഡീഞരമ്പുകൾ.ഓടിയിട്ടുണ്ടാകുമോ….?

പെട്ടികടയുടെ അരികുപറ്റി വാർദ്ധക്യം തള്ളിനീക്കാൻ കൊക്കിക്കുരച്ചിരിക്കുന്ന പഴമയുടെ ഓർമകളെ ഒന്നു പൊടിതട്ടി നോക്കൂ. ആ വാമൊഴികളിൽ തെളിയുന്ന ശരിയുടെ നേർക്കാഴ്ചകൾ കേട്ടാൽ അടച്ചിട്ട മുറിയിൽ സൃഷ്‌ടിക്കപ്പെട്ടതല്ലേ നാം പഠിക്കുന്നതെന്നു തോന്നിപ്പോകും.
ഒരു പൊളിച്ചെഴുത്തിനു മുതിരുന്നില്ല. കുഴിച്ചു മൂടപ്പെട്ടവയിൽ ചിലതെങ്കിലും നേരിന്റെ വേരെടുക്കാനോ വീണ്ടും മുളപൊട്ടുനോ പാടില്ലെന്നത് സത്യം.

‘അവതാരപുരുഷന്റെ ‘ ‘പരശു’ വീണിടത്തേക്ക് ഇനിയം ഏറെ ദൂരമുണ്ട്. സാഗര സംഗമഭൂമി നമ്മൾ വിട്ടുകൊടുത്തതല്ലേ .

എന്തിനു വേണ്ടി….?

എഴുത്തോലകളിലെ താളുകൾ ചിതലരിച്ചിട്ടില്ലെങ്കിൽ എടുത്തു നോക്കൂ, പുഴുക്കുത്തലുകളുടെ കറുത്ത വട്ടപ്പൊട്ടുകൾ കാണാം. മണ്ണിൽ മലയാളനാടിന്റെ നൈർമല്യം നനവായി പറ്റുന്നു. ശ്വാസതാളത്തിൽ പൊക്കിൾക്കൊടി വേരൂന്നിയ പോലെ…

മറുനാട്ടുകാരെന്നോ വിദേശികളെന്നോ വ്യത്യാസമില്ല ഈ അതിരുകടന്ന് സഞ്ചാരികൾ… കന്യാകുമാരിയിലേക്കുള്ള യാത്രകൾ. നഷ്ടപ്രതാപത്തിലേക്കുള്ള ചൂണ്ടുപലകയെന്നോണംനീങ്ങുന്നു……

വെറുമൊരു കന്യാകുമാരിയിലൊതുങ്ങുന്നതാണോ നമ്മുടെ നഷ്ടം.
കാളികേശം, തേങ്ങപട്ടണം, മാത്തൂർ തൊട്ടിൽപ്പാലം, മുത്തു, തൃപ്പരപ്പിലെ വെള്ളച്ചാട്ടം, ഭൂതപ്പാണ്ടി, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, പഴത്തോട്ടം…, സഞ്ചാരികളുടെ പറുദീസ . പിറവിയിലെ വിശുദ്ധിയിലാവാം ദൈവത്തിന്റെ സ്വന്തം ജില്ല എന്ന് അറിയപ്പെടുന്നതും.

പത്മനാഭപുരം കൊട്ടാരമിപ്പോഴും നമ്മുടെ നിയന്ത്രണത്തിൽ തന്നെയാണ്.തിരുവിതാംകൂറിന്റെ ആ പഴയ ആസ്ഥാനമന്ദിരം തനത് വസ്തുവിദ്യയുടെയും, പ്രൗഢപാരമ്പര്യത്തിന്റെയും മഹിമ വിളിച്ചോതി വിളങ്ങുന്നു. കൊട്ടാരം സംരക്ഷിക്കപ്പെടുമ്പോഴും അനുബന്ധ കെട്ടിടങ്ങൾ നിലംപൊത്തുന്നതിന്റെയും, സാമൂഹികവിരുദ്ധർ കൈയ്യേറുന്നതിന്റെയും വേദന പങ്കുവയ്ക്കാതെയിരിക്കുന്നതിൽ അർത്ഥമില്ല. ഇക്കാര്യങ്ങളിൽ നമ്മുടെ സർക്കാരുകളുടെ കാഴ്ചപ്പാടുകൾ മാറേണ്ടിയിരിക്കുന്നു. അവരെ നോക്കൂ…, തിരുവള്ളുവർ പ്രതിമ കൂടി തീർത്തു കന്യാകുമാരിയെ കൂടുതൽ സുന്ദരിയാക്കിയില്ലേ….

“വാ… വാ… വാ… ഇരുമ്പിച്ചി നാരങ്ങ… ഇരുമ്പിച്ചി നാരങ്ങ “… വഴിയോരക്കച്ചവടക്കാരൻ കൊഴുപ്പിക്കുന്നു. നമ്മുടെ നാരങ്ങായാണ്… തമിഴിൽ യെലുപിച്ച പളം … പക്ഷെ ഇവിടെയിങ്ങനാണ്. തമിഴിന്റെയും മലയാളത്തിന്റെയും ലാളന ഒരുപോലെ ഏറ്റൊരു ഭാഷ. പക്ഷെ നമ്മൾ മലയാളികൾക്ക് മുന്നിൽ അവരും മലയാളികളാണ്. തിരോന്തരത്തുകാരേക്കാൾ നല്ല തെളിച്ചത്തിൽ സംസാരിക്കും. അതെ അവരും സഹ്യന്റെ മക്കൾ…, നമ്മുടെ ഭാഷയും, സംസ്കാരവും ഇന്നുമതുപോലെ കാത്തുസൂക്ഷിക്കുന്നവർ… കേട്ടറിവുകളിലെ ബാല്യത്തിൽ നമുക്കൊപ്പമുണ്ടായിരുന്നവർ… ഒരു വിള്ളലുകൊണ്ടു വേർപെട്ടുപോയവർ… നമ്മുടെ സഹോദരർ….

അതിർത്തിയിലെ പ്രധാന കവാടം എന്നതിനോടൊപ്പംതന്നെ മൊത്തവിപണനത്തിന്റെ ഒരു ഹബ് കൂടിയാണ് കളിയിക്കാവിള. അരി, പലവ്യന്ഞ്ജനം, പച്ചക്കറി എന്നുവേണ്ട നിത്യോപയോഗസാധനങ്ങൾ എന്തും നമുക്കിവിടെകിട്ടും. ഇരു സംസ്ഥാനങ്ങളിലെയും ചില്ലറ കച്ചവടക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഇവിടമാണ്. നടപ്പാതയിലെ യാത്ര തടസ്സമാക്കിക്കൊണ്ടൊരു കാളക്കുട്ടൻ. അലസതയും മന്ദതയും ജന്മസിദ്ധമാണോ…? ‘കളിയിക്കാവിളക്കാരന്റെ മാട് ‘ എന്നൊരു പ്രയോഗം തന്നെയുണ്ട്… !

ഞാൻ റോഡിനോരത്തിറങ്ങി നടന്നു. “നെയ്യാറ്റിൻകര… നെയ്യാറ്റിൻകര…നെയ്യാറ്റിൻകര”…. സമാന്തരസർവീസ് നടത്തുന്ന ടെമ്പോ വാനിന്റെ ഡ്രൈവർ ഉച്ചത്തിൽ വിളിച്ചു കൂകുന്നു. പിന്നിലായി കാഞ്ഞിരംകുളത്തേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ട്രക്കർ. ഈ റൂട്ടിലെ പ്രധാന വാഹനമാണിത്. യാത്രക്കാരേക്കാൾ കൂടുതൽ ഇതിനെ ആശ്രയിക്കുന്നത് കടക്കാരാണ്. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റും കാശും കൊടുത്തയച്ചാൽ വണ്ടിക്കാർ തന്നെ വാങ്ങി എത്തിക്കും. ഒക്കെ കുത്തിനിറച്ചു യുവത്വത്തിൽ വാർദ്ധക്യം പേറേണ്ടി വന്ന അവസ്ഥയിലാണാ വണ്ടിയെന്നു തോന്നിപ്പോകും. ഗ്യാരേജിൽ നിന്നും കൊല്ലംങ്കോട്ടേക്കുള്ള തമിഴ്നാടു സർക്കാരിന്റെ ബസ് പ്രധാന റോഡിലേക്ക് കയറാൻ അവസരം കാത്തു നിൽക്കുന്നു. കന്യാകുമാരി ജില്ലയിലുമൊരു കൊല്ലംങ്കോടുണ്ട്. അവിടുത്തെ ദേവിക്ഷേത്രവും തൂക്കമഹോത്സവും പ്രസിദ്ധമാണ്. അത്യാവശ്യം പഴമയെ മുറുക്കിപ്പിടിച്ചൊരു ഗ്യാരേജ്. വൃത്തി…, അതേപ്പറ്റിയൊന്നും ചോദിക്കരുത് ങാ… ഇരു സംസ്ഥാനങ്ങളിലെയും ബസ്സുകൾ, യാത്രക്കാർ, കപ്പലണ്ടിക്കച്ചവടക്കാരൻ, വായിനോക്കികൾ, ഭിക്ഷക്കാർ… പതിവ് കാഴ്ചകൾ തന്നെ. കാറ്റുവീശുമ്പോൾ കടന്നു വരുന്ന രൂക്ഷഗന്ധം… മതിലിനപ്പുറം ചന്തയാണ്… അവിടം ലക്ഷ്യം വച്ചു ഞാൻ നടന്നു.

പുരാതന കാലം മുതൽ സമീപ പ്രദേശങ്ങളിൽ മാത്രമല്ല ദൂരെ നാടുകളിൽ ഉളളവർക്കുപോലും കാർഷിക-വ്യാവസായിക ഉത്പന്നങ്ങളുടെ ഒരു പ്രധാന വിപണിയാണ് ഈ ചന്ത. വിഭജനത്തിനു ശേഷവും ആ ശീലത്തിന് മാറ്റം വന്നിട്ടില്ല. സൂപ്പർ മാർക്കറ്റുകളുടെ ശീതതണൽ കൊതിക്കുന്ന മലയാളിക്ക് ഇതൊക്കെയും ഗൃഹാതുരകാഴ്ചകളായിമാറുന്ന കാലം അതിവിദൂരമല്ല.ഉല്പാദന മേഖലയിൽ നിന്നുള്ള നമ്മുടെ ഒളിച്ചോട്ടം കൂടി ചേർത്തു വായിക്കണം . തമിഴൻ ഒന്ന് പിണങ്ങിയാൽ അന്നം മുട്ടുന്ന അവസ്ഥ. ഒരു ചെറിയ കയറ്റം മാത്രമാണെങ്കിലും ചിലപ്പോഴെങ്കിലും കീഴടക്കുക അത്ര എളുപ്പമല്ലെന്നു തോന്നുന്നു. തിരക്ക് തന്നെ കാരണം. കടകളിലേക്കും ചന്തയിലേക്കുമുള്ള ജനസഞ്ചയം തന്നെയാണ് ഇടുങ്ങിയ ആ റോഡിനെ വീർപ്പുമുട്ടിക്കുന്നത്. ചെന്നെത്തുന്നത് ഇരുദിശകളിലേക്കും നീളുന്ന മറ്റൊരു റോഡിലേക്ക്. അതും വീതികുറഞ്ഞത്. ഒന്നിടത്തേക്കു തിരിഞ്ഞാൽ ചന്തയുടെ പ്രധാന കവാടം.

“തങ്കച്ചിക്കെന്താ വേണ്ടത്…അപ്പനുമമ്മയുമൊഴിച്ചു ഇവിടെല്ലാം കിട്ടും”… ഒന്ന് സംശയിച്ചു നിന്ന എന്റെ ചുമലിൽ തട്ടിക്കൊണ്ടു ഒരു ചേച്ചി പറഞ്ഞു. തിക്കും തിരക്കും കീറിതെളിച്ചു കാലുവച്ചിടം ചേറായിരുന്നു. അഴുകിയതും, ചീഞ്ഞതും കെട്ടഴിച്ചുവിട്ട ദുർഗന്ധവും, മലിനജലം കുഴഞ്ഞ മണ്ണും… മനംപുരട്ടുന്ന ആ അവസ്ഥയിലും ജീവിതസാന്ധാരണം നടത്തുന്ന കച്ചവടക്കാർ…..

നല്ല നാടൻ കരിപ്പൊട്ടി… വിൽക്കാനിരുന്ന വാർദ്ധക്യത്തിന്റെ അവശതയോട് ഞാൻ വില പറഞ്ഞില്ല. പൊരിയണിയിലയിൽ വൈക്കോലിൽ മൂടി അവരതു പൊതിഞ്ഞു തന്നു. നാടൻ വിഭവങ്ങൾ തന്നെയാണ് ഏവർക്കും പഥ്യം. അധികം കിട്ടാനില്ലല്ലോ…, അതുകൊണ്ട് കിഴക്കന് (തമിഴന്റെ ഉല്പന്നങ്ങൾക്കു ഇവിടെ ഇതാണ് വിളിപ്പേര്) കീഴടങ്ങുവാ. “തമ്പീ ‘വലുവട്ടത്തിന് ഒതുങ്ങുമോ “…? “നിന്നാണണ്ണ താഴാം വട്ടത്തീന്ന് ഒരു പൈസ കുറഞ്ഞാ നടക്കൂലാ”… ശരിവില നമ്മൾ മനസ്സിലാക്കാതിരിക്കാൻ കച്ചവടക്കാർ തമ്മിലുള്ള ഭാഷയാണ്.

നാൽക്കാലികളുടെ കച്ചവടവും ഇവിടുണ്ട്. വെളുപ്പിനതു കഴിഞ്ഞാൽപിന്നെ മത്സ്യത്തിന്റെ ലോഡെത്തും. ഒപ്പം പച്ചക്കറി, പഴവർഗം അങ്ങനങ്ങനെ… മറ്റൊന്നും വാങ്ങാൻ ഞാൻ തുനിഞ്ഞില്ല. എല്ലാ കാഴ്ചകളും മനസ്സിൽക്കോർത്തു പുറത്തേക്കിറങ്ങി. ചെന്നിറങ്ങുന്ന ജംഗ്ഷനിൽ നിന്നും വലത്തേക്കൊരു റോഡ് തിരിയുന്നു. കടകമ്പോളങ്ങൾ, തിയേറ്റർ, സ്ഥാപനങ്ങൾ… പുതിയവയും മുഖം മിനുക്കുന്നവയും…..

അതിരുകളിൽ നിന്നും അകത്തേക്ക് എന്റെ യാത്ര ആരംഭിക്കുകയാണ്… ചെറുവാരക്കോണം വഴി പാറശാല… ദേശീയ പാത ഒഴിവാക്കുകയാണ്. ഇടവഴികളിലൂടെ…, നാട്ടുവഴികളിലൂടെ…, ഇടറോഡുകളിലൂടെ… വിരൽത്തുമ്പുകൊണ്ട് മൊബൈലിൽ തെളിയിക്കാനാവുന്ന ലോകത്തേക്കല്ല… നാം പിന്നിട്ട കാലടികളിൽ പറ്റിപ്പിടിച്ചതെപ്പോഴെങ്കിലും കുടഞ്ഞുപോയിട്ടുണ്ടെങ്കിൽ അതിൽ വൈഡൂര്യത്തിന്റെ കനൽ വെളിച്ചം മിന്നുന്നുണ്ടെങ്കിൽ പൊടിതട്ടി ഭസ്മമിടാൻ… മാറ്റം കൊതിക്കുന്ന മനസ്സിൽ മാറാല കെട്ടിപോയെങ്കിൽ അവിടേക്ക് വിരൽ ചൂണ്ടാൻ… തീരത്തിനപ്പുറത്തെ ജീവിതം തിരയാൻ…..
(തുടരും)

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 2)