ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 3)

378

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 3)

പ്രിയ അനിൽകുമാർ
തിരുവനന്തപുരം സ്വദേശി
അധ്യാപിക, കവയത്രി, കഥാകൃത്ത്

ആശുപത്രി ജംഗ്ഷനിൽ നിന്നും ചെറുവാരക്കോണത്തേക്ക്…
വന്നവഴി തിരികെ സഞ്ചരിക്കേണ്ടി വന്നിരിക്കുന്നു. ഒരു ഹോംവർക്കിന്റെ അടിസ്‌ഥാനത്തിലല്ല ഞാനെന്റെ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു നാട്ടിലെത്തി കേട്ടറിവുകൾക്ക് പിന്നാലെ അവിടുത്തെ സ്പന്ദനങ്ങളിലേക്കെത്തിചേരുന്നതിനൊരു പ്രത്യേക സുഖമുണ്ട്. ജംഗ്ഷനിൽ നിന്നും കുറച്ചു മുന്നോട്ട് സഞ്ചരിക്കുമ്പോൾതന്നെ ഇടതുവശത്തായി പാറശ്ശാല ശ്രീ മഹാദേവൻ ക്ഷേത്രം കാണാം. ഏകദേശം ആയിരത്തിഅഞ്ഞൂറിലധികം വർഷങ്ങളുടെചരിത്രം പറയാനുണ്ട് ഈ അമ്പലത്തിനു. അന്നൊക്കെ ഇവിടമാകെ നിറയെ ഈറയും, മുളയും ഇടതൂർന്ന കുറ്റിക്കാടായിരുന്നു. പറയസമുദായം തിങ്ങിപ്പാർത്തിരുന്ന ഇടമായിരുന്നതുകൊണ്ടു ‘പറയശാല’ എന്നും അത് ലോപിച്ചാണ് ‘പാറശാല’ ആയതെന്നും സ്ഥലനാമത്തിനു പിന്നിൽ ഒരു കഥ ചരിത്രകുതുകികൾ ചേർത്തു വയ്ക്കുന്നു. ഈറയും, പനയോലയും കൊണ്ടുള്ള കൊട്ടയും, വട്ടിയും മെടഞ്ഞാണ് അവർ ജീവിതസന്ധാരണം നടത്തിയിരുന്നത്. എന്തായാലും ഇവിടെ വട്ടവിളപ്പുരയിൽ നീലി എന്നൊരു ശിവഭക്ത ജീവിച്ചിരുന്നു. ഒരിക്കൽ ഈറ വെട്ടുന്നതിനിടയിൽ കൈയ്യിലെ കത്തി അരികിലൊരു ശിലയിൽ തട്ടി. അവിടെനിന്നും ചോര പൊടിയുന്നതുകണ്ടു ഭയന്നുപോയ നീലിക്ക് മുന്നിൽ ശിവചൈതന്യം പ്രത്യക്ഷപ്പെടുകയും ദിവ്യാനുഗ്രഹം നൽകുകയും ചെയ്തു. അമ്പലത്തിന്റെ ഉല്പത്തിക്കു പിന്നിലുള്ള പഴങ്കഥ ഇതാണ്.

പാറശ്ശാല ശ്രീ മഹാദേവൻ ക്ഷേത്രം ഇന്നു കാണുന്ന നിലയിൽ പുനരുദ്ധരിക്കപ്പെട്ടത് 1773-ൽ തിരുവിതാംകൂർ ദളവയായിരുന്ന പാറശ്ശാല കരുമാനൂർ വാഴപ്പള്ളി തറവാട്ടിലെ ശ്രീ മല്ലൻ ചെമ്പകരാമൻ പിള്ളയുടെ കാലത്തായിരുന്നു. നിത്യപൂജകൾക്കായി മംഗലാപുരത്തുനിന്നും തുളുബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി അഗ്രഹാരം പണിയിച്ചു കൊടുത്തതും ഇക്കാലത്തു തന്നെ. പ്രാചീന ക്ഷേത്രങ്ങൾക്കൊക്കെയും ഇത്തരം ഐതീഹ്യങ്ങളും അതിന്റെ ഇന്നത്തെ നിലയിലേക്കുള്ള നാൾവഴികളും ഉണ്ടാകും. അതിനാൽ ഇതിലെന്തു പ്രത്യേകത എന്നാകും. പൗരോഹിത്യത്തിന്റെയും, സവർണ്ണാധിപത്യത്തിന്റെയും കൊമ്പുവിളികൾ മുഴങ്ങിയ നാളുകളിൽ ആരാധനാലയങ്ങൾ കവർന്നെടുക്കുകയും, അവകാശികളായോരെ അടിച്ചോടിക്കുകയും, ഏഴയലുകൾക്കുമപ്പുറം വേലികെട്ടിതടയുകയും, അധഃകൃതരെന്നു അധിക്ഷേപിക്കുകയും ചെയ്തൊരു ജനതയുണ്ടായിരുന്നു. ഐതീഹ്യങ്ങൾ നാവിൻതുമ്പിൽ നിന്നും ചിരണ്ടിക്കളഞ്ഞ് പൂണൂലിന്റെ സ്പർശനമോ, സാമീപ്യമോ ഉള്ള പുതിയവ വയമ്പിൽ കുഴച്ചു പുരട്ടി…. പ്രതിഷ്ഠകൾക്ക് ഇളക്കം തട്ടി…., ആരാധനക്രമങ്ങൾക്കു പത്തായപുരയിലെ സമൃദ്ധിയുടെ സൗരഭ്യമെ വിളയാവൂന്നായി, ചേറിൽപുതഞ്ഞ നേരവകാശികളുടെ തൊഴുകൈകൾ തമ്പ്രാക്കന്മാർക്കു മുന്നിൽ മാത്രേ ഉയരാവൂന്നായി, അടിമത്വത്തിന്റെ നുകം പേറിയ നാളുകൾ, മുടന്തിയും, മുട്ടിലിഴഞ്ഞും, മൂടപ്പെട്ടും നെടുവീർപ്പുകളിൽപ്പോലും ചോര പൊടിഞ്ഞൊരു തലമുറ. കാലം മാറി. വ്യവസ്തിതികളും… എങ്കിലും തച്ചുടക്കപ്പെട്ട സംസ്കാരത്തിന്റെ ജഡക്കാഴ്ചകളിലേക്കിനിയെത്ര ചോരയും, നീരു മൊഴുക്കിയാലും, ശ്വാസമൂതിക്കേറ്റിയാലും ജീവൻ വയ്ക്കില്ലെന്നറിയാം. ഇവിടെ
പക്ഷേ അന്നുമിന്നും എല്ലാം അതേപടിതന്നെ . തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും ശക്തമായി നിലനിന്നപ്പോഴും, പൂജാരികളായി പൂണൂൽധാരികൾ അധികാരപ്പെട്ടപ്പോഴും നീലിയുടെ പിന്മുറക്കാർക്കു മുന്നിൽ ഇവിടാരും അതിരു വരച്ചില്ല. ഇന്നും ഭഗവാന്റെ തിരുവാതിര കൊടിയേറ്റത്തിനുള്ള കൊടിയും, കയറും നീലിയമ്മയുടെ വട്ടവിളകുടുംബക്കാർ തന്നെയാണ് നൽകി വരുന്നത്. തിരിച്ചറിവുകളുടെ ഉള്ളറകളിൽ പൊടിപിടിപ്പിച്ചു കിടത്തേണ്ടതല്ല മറിച്ചു ഉത്തുംഗയുടെ മുടികളിൽ തിളക്കത്തോടെ വിളങ്ങേണ്ടതാണ് ഇത്തരം കാഴ്ചകളെന്നു വിശ്വസിക്കുന്നു. തിരുനടയിൽ ഒരു നിമിഷം മനസ്സ് കുമ്പിട്ടു ഞാനിറങ്ങി….

ഒരു ബാലൻസിങ് എന്ന നിലയിലല്ല മറിച്ചു പ്രദേശത്തെ സാമൂഹിക നവോഥാന മേഖലയിൽ ഈ സ്ഥാപനം നടത്തിയ ഇടപെടലുകൾക്ക് മുന്നിലൂടെ മൂടിക്കെട്ടിയ കണ്ണുകളുമായി കടന്നുപോകാനാകില്ല എന്നതുകൊണ്ടു തന്നെയാണ് ചെറുവാരക്കോണം റെവ:ആബ്സ് മെമ്മോറിയൽ CSI ചർച്ചിന്റെ തിരുമുറ്റത്ത് ഞാനിപ്പോൾ എത്തിനിൽക്കുന്നത്. കത്തോലിക്ക മിഷനറിമാരേക്കാൾ ഒരുപക്ഷെ തെക്കൻ തിരുവിതാംകൂറിന്റെ സാമൂഹിക പുരോഗതിക്കു കൂടുതൽ സംഭാവനകൾ നൽകിയത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരാണെന്നു തോന്നുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ച ലണ്ടൻ മിഷൻ സൊസൈറ്റിയുടെ (LMS) നാഗർകോവിൽ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന റെവ:ചാൾസ് മീഡിന്റെ ശ്രമഫലമായാണ് 1833-ൽ ചെറുവാരക്കോണത്ത് ഈ പള്ളി സ്ഥാപിതമായത്. തുടർന്നൊരു വിദ്യാലയവും പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന റെവ:ആബ്‌സും അദ്ദേഹത്തിന്റെ സഹധർമിണിയും പ്രവർത്തന മേഖല പാറശ്ശാല ആക്കിയതിലൂടെയാണ് ചർച്ചിന്റെ പ്രവർത്തങ്ങൾക്ക് താളം കൈവന്നത്. മതപരിവർത്തനവും അതുവഴി കൈവന്ന സാമൂഹിക മാറ്റങ്ങളും കേരളത്തിലെ മറ്റിടങ്ങൾക്കു ഏകദേശം സമാനമാണെന്നതിനാൽ അതിനൂന്നൽ നൽകാൻ തല്ക്കാലം ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തു നടത്തിയ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ പരിഷ്‌കൃത സമൂഹമെന്നു നാം വിളിക്കുന്ന ഇന്നിന്റെ കാലത്തും മുറവിളിയായി ഉയരുന്ന മുദ്രാവാക്യമെന്ന നിലയിലും, ഒരു സ്ത്രീയെന്ന നിലയിലും ശ്ലാഖിക്കാതെ പോകുന്നത് തരമല്ലല്ലോ. പള്ളിക്കനുബന്ധമായുണ്ടായിരുന്ന പള്ളിക്കൂടത്തിൽ ആബ്‌സും ഭാര്യയും ചേർന്നു പ്രദേശത്തെ നാനാജാതി മതസ്ഥരായ പെൺകുട്ടികൾക്ക് സൗജന്യമായ വിദ്യാഭ്യാസമുറപ്പിച്ചു. ‘പെണ്ണിനെ അക്ഷരമുറ്റത്തിന്റെ തീണ്ടാപ്പാടകലത്തിൽ നിർത്തണമെന്ന’ സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ പൊളിച്ചെഴുതാനായി വിവിധങ്ങളായ ബോധവൽക്കരണ പരിപാടികളാണ് അവർ സംഘടിപ്പിച്ചത്. എതിർപ്പുകൾക്കും, ഭീഷണികൾക്കും ക്രമേണ വായറ്റുതുടങ്ങി. അടുക്കളയുടെ കരിപ്പുക കറുപ്പിൽ നിന്നും അറിവിന്റെ, ആത്മാഭിമാനത്തിന്റെ അരങ്ങിലേക്കവർ അടിവച്ചു തുടങ്ങി. അതുപക്ഷേ എത്തിനിന്നത് മറ്റൊരു സാമൂഹികവിപ്ലവത്തിലേക്കായിരുന്നു. തങ്ങളുടെ മാറ് മറക്കേണ്ടതാണെന്ന തിരിച്ചറിവ് ആവശ്യമായി…,അവകാശമായി…, നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളായി.., ചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന തീപ്പന്തങ്ങളായി പ്രദേശത്തെ സ്ത്രീരത്നങ്ങൾ… ഈ സമരങ്ങളിൽ ഇവിടങ്ങളിലെ പ്രധാനചാലക ശക്തിയായി നിലകൊണ്ടത് ഈ സ്ഥാപനം തന്നെയായിരുന്നു. അക്ഷരങ്ങൾ ജ്വാലയായപ്പോൾ മാമൂലുകൾ തീർത്ത കഴുകുമരങ്ങൾ ദഹിച്ചു വെണ്ണീറായി. സ്തുത്യർഹ സേവനങ്ങൾക്കു അദ്ദേഹത്തിനും ഭാര്യക്കും നന്ദി പറയുന്നു. സ്നേഹവും, ത്യാഗവുമാണ് ദൈവീക ഭാവമെന്നു ലോകത്തെ പഠിപ്പിച്ച യേശുദേവനെ മനസ്സാൽ സ്മരിച്ചു ഞാൻ ഇറങ്ങട്ടെ….

തൊലിപ്പുറത്തെ കാഴ്ചകളും ഉൾക്കാമ്പിന്റെ ആഴം തിരഞ്ഞുമുള്ള എന്റെ യാത്ര ആരംഭദേശത്തുനിന്നും വിടപറയുകയാണ്. പ്രശസ്ത കർണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ, ഇന്ത്യൻ വനിതാ ഹോക്കിയുടെ നായികയായി ഉയർന്ന ഹെലൻ മേരി തുടങ്ങിയവർ പാറശ്ശാലയുടെ സംഭാവനയാണ്. പേരെടുത്തു പറയാൻ ഇനിയും വ്യക്തിത്വങ്ങൾ ഏറെയുണ്ട്. അവർണനു ദാഹജലം ചിരട്ടയിൽപ്പോലും നിക്ഷേധിച്ചിരുന്ന കാലത്ത് സ്വസമുദായത്തിന്റെയും, സവർണ്ണകുലത്തിന്റെ അപ്പാടെ വിദ്വേഷവും, വെറുപ്പും സമ്പാദിച്ചു എല്ലാവർക്കും ഒരുപോലെ ഭക്ഷണം വിളമ്പാൻ ചായക്കട തുടങ്ങിയ ഗാന്ധിയനും കോൺഗ്രസ്‌ പ്രവർത്തകനുമായിരുന്ന രാമകൃഷ്‌ണൻ തമ്പി, പന്തിഭോജനത്തിനൊപ്പം നിന്ന നാണു അയ്യർ… കൊഴിഞ്ഞ ഇതളുകളായി മാറ്റിവയ്ക്കേണ്ടവരല്ല ഇരുവരുമെന്നു എനിക്കുറപ്പുണ്ട്. ഓർമകളുടെ തെളിഞ്ഞ മേടുകൾക്കുമപ്പുറം ജ്വലിച്ചു നിൽക്കുന്ന കനകതാരങ്ങൻ ഇനിയുമുണ്ടാകും. സ്വാതന്ത്ര്യ സമരത്തിൽ, അടിച്ചമർത്തലുകൾക്കെതിരെ, അവകാശങ്ങൾക്ക് വേണ്ടി വിയർപ്പൊഴുക്കിയവർ…. ചോരചിന്തിയവർ…, പൊടിയിലമർന്നു, ചളിയിലമർന്നു, ചാരത്തിനു ഉപ്പുരസമായി തീർന്നവർ… ചരിത്രം അവരുടേത് കൂടിയാണ്. അല്ലാതെ ‘എല്ലാം ഉണ്ടാകട്ടെ’ എന്ന് ഏതെങ്കിലും ഭരണാധികാരിയോ, മഹാനോ ആജ്ഞാപിച്ചപ്പോൾ ഉണ്ടായതല്ലല്ലോ ഇന്നിന്റെ നേട്ടങ്ങൾ. നാളെ അസ്ഥിവാരത്തിന്റ അകബലം ചികയുന്ന കൊക്കുകളിലേതിലെങ്കിലും അവരും ഉടക്കിയെങ്കിൽ…
ഇതിലും പ്രാധാന്യമർഹിക്കുന്നതെന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അതോർത്തു ക്ഷമ ചോദിക്കുന്നു…. ചെറുവാരക്കോണത്തുനിന്നും നേർദിശയിലേക്കു ഞാനെന്റെ നോട്ടമെറിയട്ടേ…….

പ്രിയ അനിൽകുമാർ

link >  ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 4)