ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 4)

252

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 4)

പ്രിയ അനിൽകുമാർ
തിരുവനന്തപുരം സ്വദേശി
അധ്യാപിക, കവയത്രി, കഥാകൃത്ത്

ഊരമ്പൂം പിന്നിട്ട്….

ചെറുവാരക്കോണത്തെ റെവ:ആബ്സ് മെമ്മോറിയൽ CSIചർച്ചിന് മുന്നിലൂടെ ഒഴുകി നീങ്ങുന്ന ഈ റോഡെത്തി നിൽക്കുന്നത് പൂവ്വാറിലാണ്. പോകുന്ന വഴിയിൽ തേടേണ്ട കാഴ്ചകളെപ്പറ്റി ചെറിയൊരു അന്വേക്ഷണം നടത്തിയതിനു ശേഷം ഞാൻ പുറപ്പെട്ടു.
എത്ര പെട്ടെന്നാണ് കാലാവസ്ഥയ്ക്ക് മാറ്റംവന്നിരിക്കുന്നത്. കുളിരിന്റെ വൽക്കലം അലാറമിന്റെ സ്നൂസ് പോയിന്റിൽ വീണ്ടും വീണ്ടും വിരലമർത്തതാൻ പ്രേരിപ്പിച്ചിരുന്ന നാളുകൾ കടന്നു പോയിരിക്കുന്നു. ചുട്ടുവേകുന്ന ദിനങ്ങളുടെ വരവറിയിക്കാൻ സൂര്യനെന്തേ ഇത്ര തീക്ഷണത കാണിക്കുന്നു. അപ്പോൾ വരുന്ന നാളുകൾ… തണൽമരങ്ങൾ വേരറ്റുപോയ നടപ്പാതയിൽ ഇത്തിരി നിഴൽ വീണുമയങ്ങുമിടത്ത് സോഡാനാരങ്ങയും,തണ്ണിമത്തൻ ജൂസും സർബത്തും, കുടംമോരും, കിട്ടുന്ന തണ്ണീർപ്പന്തൽ ഉയർന്നിരിക്കുന്നു.

അല്പം മാറിയൊരു കപ്പടാമീശക്കാരൻ… ബോർഡറിനപ്പുറമാ ഊരെന്നു നിശ്ചയം. അക്കാനിയും, നൊങ്കും, കരിപ്പൊട്ടിയുമടക്കമുള്ള പനവിഭവങ്ങളാണ് മൂപ്പർക്ക് വിൽക്കാനുള്ളത്. അതിർത്തി കടന്നുപോയ പൈതൃകകാഴ്ചകളിൽ ഒന്നുതന്നെയല്ലേ പനയും, അതിന്റെ ഉത്പന്നങ്ങളും. ഒരു കാലഘട്ടത്തിൽ ഈ പ്രേദേശമാകെ – തിരുവനന്തപുരത്തിന്റെ തെക്കൻ മേഖല കല്പകവൃക്ഷമായി കണ്ടിരുന്ന മരം. ഇവിടങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നുമായിരുന്നു അനുബന്ധ തൊഴിലുകൾ. കുഞ്ഞുങ്ങളിലെ കഫക്കെട്ടിനു അത്യുത്തമമായ പനംകർക്കണ്ടും, ആമാശയം മുതലുളള ദഹനേന്ദ്രിയങ്ങളിൽ വരാൻ സാധ്യതയുള്ള അർബുദത്തെ ചെറുക്കാൻ കെൽപ്പുള്ള പനംകിഴങ്ങും ആധുനിക മലയാളിക്ക് ഏറെക്കുറെ അപരിചിതമായിക്കഴിഞ്ഞു. പനയോലപ്പായേയും, വട്ടിയും, കടവവുമൊക്കെ ഗൃഹാതുരകാഴ്ചകൾ ഒരുക്കുന്ന ചിത്രങ്ങളിലേക്ക് കൂടുമാറി. പണ്ട് അച്ഛൻ ഞങ്ങളെ കന്യാകുമാറിയിലേക്കു കൂട്ടുമ്പോൾ ഇടക്കെവിടെയോ നിർത്തി വാങ്ങിത്തന്ന അക്കാനിയുടെ സ്വാദ് നാവിൽ തുമ്പിലിപ്പോഴുമുണ്ട്.

“അമ്മാ നല്ലായിരിക്കല്ലേ” എന്ന അദ്ദേഹത്തിന്റെ അനുകൂല മറുപടി ലയിച്ച ചോദ്യത്തിന് ഒന്നിരുത്തി മൂളി . അന്യം നിന്നുപോയ നന്മകളിൽ നമ്മുടെ തനത് രുചികളെയും കൂടി ചേർക്കണമെന്ന് തോന്നി. ‘പനയും പട്ട് പാട്ടോം ഒഴിഞ്ഞു ‘ എന്ന ഇന്നാട്ടിലെ ചൊല്ല് അക്ഷരാർഥത്തിൽ അന്വർത്ഥമായതുപോലെ. മുന്നോട്ടുള്ള യാത്രക്ക് സ്വാഗതം പറഞ്ഞത് പൊടിക്കാറ്റായിരുന്നു. കഴക്കൂട്ടം – കാരോട് ബൈപ്പാസിന്റെ പണി നടക്കുകയാണ്. ശ്രീമതി ഇന്ദിരഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന കാലത്ത് മുളപൊട്ടിയൊരു പദ്ധതി. സ്ട്രോങ്ങ്‌റൂമിലെ അവഗണനയുടെ അടച്ചുറപ്പിൽ രാവും പകലും ഉറങ്ങിത്തുരുമ്പിച്ച ഫയലുകൾ വെളിച്ചം കാണാനും ജീവവായു ശ്വസിക്കാനും രണ്ടാം UPA യുടെ കാലം വരെ കാത്തിരിക്കേണ്ടി വന്നു. എന്നും ലോകത്തിന് മുന്നേ സഞ്ചരിക്കുന്നവരെന്നു നാം വീമ്പു മുഴക്കുമ്പോഴും അടിസ്ഥാനസൗകര്യ വികസനങ്ങളുടെ കാര്യങ്ങളിലുള്ള ഈ മെല്ലെപ്പോക്ക് ത്വരിത വളർച്ചയിലേക്കുള്ള കുതിച്ചുചാട്ടത്തിനു തന്നെയല്ലേ തടസ്സമാകുന്നത്.

കടന്നു വന്ന ജംക്ഷൻ ചെങ്കാവിളയാണ്. ഇരു കരകളിലായി കച്ചവടസ്ഥാപനങ്ങളുടെ നീണ്ടനിര കാണാമെന്നതിനപ്പുറം ആകർഷിക്കുന്നതൊന്നും കാണാനായില്ല. ദേശീയപാതയിലേക്കെത്താവുന്നൊരു റോഡ് വലത്തോട്ട് പിരിയുന്നുണ്ട്. ഇനി വരുന്ന ജംഗ്ഷൻ ഊരമ്പാണ്. റോഡിനു ഇടതുവശം തമിഴ്‌നാടും വലതുവശം കേരളവും… ഒരേ ജനത… ഒരേ സംസ്കാരം… ഒരതിരിന്റെ കറുത്ത വരകൊണ്ട് അപ്പുറോമിപ്പുറോം ആക്കപ്പെട്ടിരിക്കുന്നു. നരച്ച കാഴ്ചകളുടെ അങ്കലാപ്പിൽ ഓർമകളുടെ തോണിയേറുക തന്നെയാണ് ആശ്വാസം. ഒന്നറച്ചും പിന്നെ ഉരുളാൻ മടിച്ചും അലസതയുടെ അതിഭാവുകത്വങ്ങൾ വിളമ്പുന്ന ശകടങ്ങൾ… “ഊരമ്പെത്തി…” ആരുടെയോ ആത്മഗദം നാവു വലിച്ചു പുറത്തേക്കിട്ടു. ഗതാഗതക്കുരുക്കിന്റെ ലക്ഷണം കൊണ്ട് ആഗതർക്കു പ്രവേശകവാടം തീർക്കുന്നൊരു ജംഗ്ഷൻ. ‘Y’ ആകൃതിയാണാ കവലക്ക്. വലത്തേക്കാണ് എനിക്ക് പോകേണ്ടത്. ഇടത്തേക്കുള്ളത് കന്യാകുമാരി ജില്ലയിലെ നിദ്രവിള എന്നാ സ്ഥലത്തേക്കുള്ളതാണ്. രണ്ടു റോഡുകളുടെയും ഇടയിലുള്ള ചെറിയ സ്ഥലത്താണ് അതിരാവിലെ മുതൽ രാത്രി ഏറെവൈകിയും സജീവമായിരിക്കുന്ന ഊരമ്പു ചന്ത. ആധുനികതയെ അടുത്തൊന്നും കൈയ്യെത്തിപിടിക്കാൻ ആഗ്രഹമില്ലെന്നു തോന്നും അവിടുത്തെ സാഹചര്യങ്ങൾ കണ്ടാൽ. കളിയിക്കാവിള പോലെ മൊത്തവിപണന കേന്ദ്രങ്ങളുടെ മേഖല കൂടിയാണ് ഊരമ്പ്. GST ക്കു ശേഷവും ആ ശീലങ്ങൾക്ക് മാറ്റുകുറയാണ്ട് തുടരുക തന്നെയാണ്. ചില്ലുടയാത്ത സാധ്യതകൾ ഉള്ളംകൈയ്യിൽ മുറുക്കിപിടിച്ചു മേലോട്ട് നിലകളായുയരുന്ന പഴയതും പുതിയതുമായ സ്ഥാപനങ്ങൾ. ജനിച്ചിട്ടിന്നേവരെ വളർച്ചയുടെ ലക്ഷണങ്ങൾ പോലും കാണിച്ചിട്ടില്ലാത്ത റോഡും അശാസ്ത്രീയമായ ഗതാഗത സംവിധനങ്ങളും ഊരമ്പിനെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുകയാണ്. ചന്തക്കുള്ളിലൊന്നു നടന്നും, ആലിൻചോട്ടിലെ ശുദ്ധവായു കൂടാരത്തിൽ നിന്നു പുറം കാഴ്ചകളിൽ കൗതുകകണ്ണെറിഞ്ഞും അൽപനേരം. വരാൻപോകുന്ന വേനലിൽ കുളിർമഞ്ഞു തലോടലാകാൻ നറുനണ്ടി ജ്യൂസിന്റെ ഇരുവർണ്ണങ്ങളിൽ പടർന്ന കുപ്പികളും സ്വന്തമാക്കി ഞാൻ യാത്ര തുടർന്നു…

ഇരുകരകളിലായികാണുന്നവീടുകളും, ഇടക്കിടക്ക് വരുന്ന കടകളും, ആരാധനാലയങ്ങളുമല്ലാതെ പറയത്തക്ക കാഴ്ചകൾ ഒന്നുംതന്നെയില്ല. പഴയഉച്ചക്കട ജംഗ്ഷന് തൊട്ടുമുൻപായി ഇടത്തേക്കൊരു റോഡ് പോകുന്നുണ്ട്. പ്രദേശത്തെ ജനങ്ങളുടെ വിശ്വാസത്തിനപ്പുറം സംസ്കാരത്തിന്റെ ഭാഗമായി മാറിയ രണ്ടു ആരാധനാലയങ്ങൾ… നമ്മിൽ നിന്നുമടർന്നുപോയ ഭൂമികയിലാണ് ഇവ രണ്ടും നിലകൊള്ളുന്നതെങ്കിലും തീർഥാടകാരിൽ നല്ലൊരു പങ്കും നമ്മൾ മലയാളികൾ തന്നെ. അതിപ്രശസ്‌തവും അതിപുരാതനവുമായ കൊല്ലങ്കോട്ടമ്മയുടെ മുടിപ്പുരയാണ് ആദ്യത്തേത്. വട്ടവിളയിൽ മൂലക്ഷേത്രവും, വെങ്കഞ്ഞിയിൽ ഉത്സവക്ഷേത്രവും എന്നനിലയിൽ രണ്ടു ക്ഷേത്രങ്ങളാണ് ഇവിടുള്ളത്.

ഒരു ദേവിക്ക് ഒരു സ്ഥലത്തു രണ്ടു ക്ഷേത്രങ്ങളെന്ന അപൂർവത മറ്റൊരിടത്തും കാണാനാകില്ലെന്നു പറയപ്പെടുന്നു. കലിംഗ യുദ്ധാനന്തിരം കുറച്ചു പടയാളികൾ ഇവിടെത്തി സ്ഥിരതാമസ്സമാക്കിയെന്നും അവരുടെ ആരാധനമൂർത്തിയായിരുന്നു കൊല്ലങ്കോട്ടമ്മയെന്നു ഒരുഐതീഹ്യവുമുണ്ട്. പണ്ടൊരിക്കൽ കൊടുങ്ങല്ലൂർ സ്വദേശിയായൊരു ബ്രാഹ്മണൻ കന്യാകുമാരിയിലേക്കുള്ള യാത്രാമദ്ധ്യേ കൊല്ലങ്കോട്ടുള്ള പുറക്കാൽ വീട്ടിൽ വിശ്രമിച്ചു. അദ്ദേഹം മടങ്ങുമ്പോൾ താൻ പൂജിച്ചിരുന്ന ‘സാളഗ്രാമം’ ആ വീട്ടിലെ കിണറ്റിൽ നിക്ഷേപിച്ചു. വർഷങ്ങൾക്ക് ശേഷം കിണറ്റിൽ നിന്നും വെള്ളം കോരിയ കൊല്ലത്തിക്കു പാളയിൽ നിന്നും അടയ്ക്ക കിട്ടി. മുറിച്ചപ്പോൾ രക്തമൊഴുകാൻ തുടങ്ങി. ദേവപ്രശ്നത്തിൽ ഭദ്രകാളി സാന്നിധ്യം വെളിപ്പെട്ടു. അങ്ങിനെ ഉണ്ടായതാണ് വട്ടവിളയിലെ ആദ്യത്തെ മുടിപ്പുര. കൊല്ലത്തിയുടെ വംശപാരമ്പര്യത്തിൽപെട്ടവരാണ് ഇന്നും നിത്യപൂജ നടത്തുന്നത്. പിള്ളത്തൂക്കം ആദ്യമായി നടന്നത് ഈ അമ്പലത്തിലാണ്. മീന മാസത്തിലെ ഭരണി നാളിലാണ് ഇവിടുത്തെ തൂക്ക മഹോത്‌സവം .

അവിടെനിന്നും കുറെ സഞ്ചരിക്കുമ്പോഴാണ് നിദ്രവിള അത്ഭുതമാതാ ദേവാലയത്തിലേക്ക് എത്തിചേരാനാകുന്നത്. കന്യകാമറിയം പ്രത്യക്ഷപ്പെട്ടു ദർശനം നൽകിയെന്ന വിശ്വാസം പേറുന്ന ഈ ആരാധനാലയത്തിൽ ചൊവ്വാഴ്ച്ചകളിൽ നടക്കുന്ന വിശേഷ പൂജയിലും, ജപമാല ചടങ്ങിലും നൂറുകണക്കിന് മലയാളികളാണ് സംബന്ധിക്കുന്നത്.

ആ റോഡിലേക്കുള്ള നോട്ടം മടക്കി മുന്നോട്ടുള്ള യാത്ര തുടരുകയാണ്. കാലെടുത്തു വയ്ക്കുന്നത് പഴയഉച്ചക്കട ജംഗ്ഷനിൽ ആണ്. വലത്തോട്ടുള്ള റോഡ് പോയാൽ ഉദിയൻകുളങ്ങരയിലെത്തി ദേശീയപാതയിൽ തൊടാം. ഈ റോഡ് കടന്നു പോകുന്നിടത്താണ് കാന്തള്ളൂർ.സ്ഥലനാമചരിത്രം കൊണ്ട് ആയ്സാമ്രാജ്യത്തോളം പഴക്കം…..

(തുടരും)

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 3)