ഇനിയും ഒരുപാട് ബദ്രുമാർ നമുക്ക് ചുറ്റും ഉണ്ടാകും, അവർക്ക് മനസ്സിലാക്കി കൊടുക്കാൻ ബദ്രുന്റെ അമ്മയെ പോലെ ഒരാളുണ്ടായിരുന്നെങ്കിൽ.

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
168 VIEWS

Priya Kiran

ഡാർലിംഗ്സ് .

സിനിമയുടെ കാതലായ തീമിനോട് യോജിപ്പാണ്.

കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ എന്ന പുസ്‌തകത്തിൽ, മരണാസന്നനായ ഫാദർ ഫാരിയോ, നായകൻ ഡാൻറിസിനോട് പറയുന്നുണ്ട്- “മനുഷ്യനെ ആത്യന്തികമായി രണ്ടായി തിരിക്കാം, നന്മയോടു ആഭിമുഖ്യമുള്ളവരെന്നും, തിന്മയോടു ആഭിമുഖ്യമുള്ളവരെന്നും, അതിൽ ആദ്യത്തെ ഗണത്തിൽ പെടുന്ന ഒരുത്തനാണ് നീ”എന്ന്.

ആദ്യത്തെ ഗണത്തിൽ പെടുന്നവർ, ലോകത്തെ പറ്റിയുള്ള അവരുടെ ശുഭാപ്തി വിശ്വാസവും, സ്നേഹവും, പ്രതികൂല അനുഭവങ്ങളോടെല്ലാം തട കെട്ടി മനസ്സിൽ സൂക്ഷിക്കുന്നവരാകയാൽ, രണ്ടാമത്തെ കൂട്ടുകാർക്കു സെക്കൻഡ് ചാൻസും തേർഡ് ചാൻസും ഇരുനൂറ്റി പതിനേഴാം ചാൻസും കൊടുക്കൽ പാർട്ട് ടൈം ജോലിയാക്കിയെടുത്തവരാണ്. ആയിരം തെറ്റുകൾ ആവർത്തിച്ചവർക്കും, നന്മയിലേക്ക് വരാൻ എന്തെങ്കിലും സാധ്യതയുണ്ടെന്നു തോന്നിയാൽ വീണ്ടും കയ്യും മനസ്സും കൊടുത്തു കൂടെ നിൽക്കുന്നവർ.

എന്നിട്ടു, അതിലെത്ര പേർ നന്മയിലേക്ക് വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്?

അവർ കരഞ്ഞു കാണിക്കാം, നമ്മളില്ലാത്ത ജീവിതം വിഷാദപൂര്ണമാണ്, തെറ്റുകൾ തിരുത്താം, തിരിച്ചു വരൂ എന്ന് കേണു പറയാം, പണ്ടത്തെ നല്ല നിമിഷങ്ങൾ, ഇനിയുണ്ടാവാൻ സാധ്യതയുള്ളൊരു ഭംഗിയുള്ള ഭാവിയൊക്കെ പറഞ്ഞു മനസ്സലിയിക്കാം- കാരണം, ഭക്ഷണമുണ്ടാക്കി കൊടുത്തോ, തുണിയടുക്കി വെച്ചോ ഒക്കെ നമ്മൾ അവരുടെ ജീവിതം അൽപ്പം എളുപ്പമാക്കി കൊടുക്കുന്നത്, അവർക്കിഷ്ടമാണ്, എത്ര അപമാനിച്ചാലും, വീണ്ടും, “എല്ലാം നമുക്ക് വേണ്ടിയല്ലേ? അടുത്ത കൊല്ലം നമുക്ക് ദുബായിക്ക് ടൂർ പോവാൻ നീയറിയാതെ ഞാൻ ടിക്കറ്റ് നോക്കുകയായിരുന്നു, ആ എന്നെയാണോ നീ സ്നേഹമില്ലാത്തവൻ എന്ന് തെറ്റിദ്ധരിച്ചത്” എന്ന് വികാരതീക്ഷ്ണതയോടെ പറയുമ്പോൾ, വീണ്ടും പ്രതീക്ഷയുടെ അമിതഭാരത്തോടെ അവരെ നോക്കുന്ന ഒരു നിഷ്കളങ്കയോട്, മെന്റൽ ഗെയിംസ് കളിച്ചു, ഒരേ സമയം അവളുടെ ക്ഷമയുടെയും പൊട്ടത്തരത്തിന്റെയും അതിരുകൾ അളക്കാൻ അവർക്കിഷ്ടമാണ്. അതിരു ഒരുപാട് ലംഘിച്ചു, അവൾ പൊട്ടിത്തെറിച്ചാൽ, ഒന്ന് കെട്ടിപ്പിടിച്ചാൽ മതി, അവൾ അലിഞ്ഞോളുമെന്നു മുന്നനുഭവങ്ങൾ അവരെ പഠിപ്പിച്ചിട്ടുണ്ട്, പക്ഷെ അടുത്ത തവണ അവർ സൈക്കോ ഗെയിംസ് തുടങ്ങുക, അപ്പോൾ നിർത്തിയിട്ട അതിരിൽ നിന്നായിരിക്കും എന്ന് മാത്രം.☹️

പക്ഷെ, ഇവരാരും യഥാർത്ഥത്തിൽ മാറുന്നില്ല. സ്വന്തം സന്തോഷങ്ങൾക്കും, ലക്ഷ്യങ്ങൾക്കും വേണ്ടി നുണ പറയാനോ, മറ്റുള്ളവരെ മാനസികമായോ ശാരീരികമായോ വേദനിപ്പിക്കാനോ, ആ വേദന കണ്ടു നിൽക്കാനോ കഴിയുന്നവരൊന്നും അത്രയെളുപ്പത്തിൽ മാറില്ല. കാരണം, ഒരാൾക്കോ, ഒരു മൂല്യത്തിനോ, ആദർശത്തിനോ വേണ്ടി മാറാൻ മാത്രം, ഒന്നിനും/ ആർക്കും അവരുടെ ജീവിതത്തിൽ പ്രാധാന്യമില്ല. സേതുവിന്‌ എന്നും സ്നേഹം സേതുവിനോടെ ഉള്ളൂ, നിങ്ങളെയും അതിലേക്കെത്തിക്കലാണ് സത്യത്തിൽ സേതുവിന്റെ കിനാശ്ശേരി- നിങ്ങൾക്കും, സേതുവിനെ മാതൃകയാക്കിക്കൂടെ? ചെറിയ ബുദ്ധിമുട്ടുകളും, നിങ്ങളെത്തന്നെയും മറന്നു, സേതുവിനെ മാത്രം സ്നേഹിച്ചു, സേതുവിൻറെ ജീവിതം കൂടുതൽ കൂടുതൽ സുഖപ്രദമാക്കുന്നതിൽ, എല്ലാ കാര്യങ്ങളും ഫലേച്ഛയില്ലാതെ ചെയ്തു കൊടുക്കുന്നതിൽ ശ്രദ്ധിച്ചു കൂടെ? അപ്പോൾ ഈ കാണുന്ന പ്രശ്നങ്ങൾ വല്ലതുമുണ്ടോ? 🤷‍♀️

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ആദ്യത്തെ കൂട്ടർക്ക് ചെയ്യാൻ ഒന്നെയുള്ളൂ- സ്നേഹത്തിനും സഹാനുഭൂതിക്കുമൊക്കെ, കഷ്ടപ്പെട്ടെങ്കിലും ഒരു താങ്ങുവിലയിടുക. ആ വിലയിലധികം കൊടുക്കേണ്ടി വരുന്നത്, ആർക്കു വേണ്ടിയാണെങ്കിലും, അത് അനാവശ്യമാണെന്ന് തിരിച്ചറിയാൻ ഒരു ജീവിതം മുഴുവനും എടുക്കാതിരിക്കുക. ഒരിക്കൽ മൂടിയഴിഞ്ഞു വീണ ഒരു മുഖത്തിന്റെ ദയവില്ലായ്മയും ചതിയും ക്രൂരതയും നിങ്ങളെ പേടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് അങ്ങനെ തന്നെയാണ്; സ്റ്റേജിനു പിറകിൽ പോയി മൂടിയുറപ്പിച്ചു, മറ്റെന്തോ കാര്യസാധ്യത്തിനോ, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനോ അയാൾ തിരികെ വന്നു ഭാവാഭിനയം വീണ്ടും തുടങ്ങുമ്പോൾ, കണ്ടത് unseen ചെയ്തു വീണ്ടും ആ അഭിനയത്തോട് സഹകരിക്കാതിരിക്കാൻ മാത്രം നമ്മൾ നമ്മളെ ബഹുമാനിക്കേണ്ടതുണ്ട്.❤️

മറ്റൊന്ന് – സിനിമയിലെപ്പോലെ, എല്ലാ ചതിയന്മാരായ ഞണ്ടുകളും, ജീവിതത്തിൽ, ട്രെയിനിന് അടിയിൽ പെട്ട്, ലോകത്തിൽ നന്മ പുനഃസ്ഥാപിക്കപ്പെട്ടു, ഇൻസ്റ്റന്റ് നീതി നടപ്പാവാറില്ല.

പക്ഷെ, അത് സാരമില്ല- ഒരാളെയും അയാൾ തന്ന ദുരനുഭവങ്ങളെയും മറി കടക്കാൻ, അയാൾ ഈ ലോകത്തു നിന്ന് ഇല്ലാതാവണം എന്നില്ല, നമ്മുടെ മനസ്സിൽ നിന്ന് ഇല്ലാതായാൽ മതി. അഥവാ, ഒരാൾ ഈ ലോകത്തു നിന്ന് തന്നെ പോയാലും, അയാൾ നമ്മുടെ മനസ്സിലുള്ളിടത്തോളം- അത് പ്രതീക്ഷയുടെ പേരിൽ ആയാലും പ്രതികാരത്തിന്റെ പേരിലായാലും- നമ്മൾ ഒന്നിനെയും മറി കടക്കുന്നുമില്ല.❤️

**

Megha Pradeep

ഒരു ഡാർക്ക് കോമഡി ലെൻസിലൂടെ ഗാർഹിക പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ജസ്മീതിന്റെ അരങ്ങേറ്റ ചിത്രം “ഡാർലിംഗ്‌സ്” .ഗാർഹിക പീഡനം എന്താണെന്ന ആശയക്കുഴപ്പം ഇന്നും സ്ത്രീകൾ നേരിടുന്നു എന്നതിന്റെ തെളിവാണ് ഈ ചിത്രം..അത് എന്തുകൊണ്ട്? സ്നേഹമുള്ളിടത്ത് മാത്രമേ വഴക്കുണ്ടാകൂ.ഈ ആശയത്തിന് അപകടകരമായ ഒരു അർത്ഥവും കൂടി ഉണ്ട്. തന്ത്രശാലിയായ ഭർത്താവ് നിസ്സാരകാരണങ്ങൾക്ക് പോലും ഭാര്യയായ ബദ്രുവിനെ അടിക്കുകയും അടുത്ത ദിവസം രാവിലെ അവളുടെ അടുത്ത് ചെന്ന് തന്റെ മധുരമായ സംസാരത്തിലൂടെ പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു.അതിൽ ബദ്രു അലിഞ്ഞു പോകുകയും ചെയ്യുന്നു.ഒരുപാട് ബദ്രുമാർ ഇന്നും നമുക്ക് ചുറ്റും ഉണ്ടാകും..അവർക്ക് മനസ്സിലാക്കി കൊടുക്കാൻ ബദ്രുന്റെ അമ്മ ഷംഷുനെ പോലെ ഒരാളുണ്ടായിരുന്നെങ്കിൽ.

ഒരമ്മയും മകളും തമ്മിലുള്ള ബന്ധം വളരെ രസകരമായി കാണിക്കുന്ന ചിത്രം കൂടി ആണ് ഡാർലിംഗ്‌സ്.. അമ്മക്ക് ഒരുപാട് ജീവിതാനുഭവം ഉണ്ട്, ഓരോ തവണയും ഒരു കടങ്കഥ പോലെ മകൾക്ക് പറഞ്ഞു കൊടുക്കും.. അതിനൊരു കാരണം ഉണ്ട്.ഗാർഹിക പീഡനം സ്ഥിരമായി നടക്കുമ്പോഴും ‘ഏക് ദിൻ വോ ബദൽ ജായേംഗേ’ എന്ന് വിശ്വസിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാര്യയാണ് തന്റെ മകൾ എന്നവർക്കറിയാം.ഇവിടെ ആ അമ്മയിൽ എനിക്കിഷ്ടപ്പെട്ട കാര്യം എന്തെന്നാൽ നാം കണ്ടു വരുന്ന അമ്മമ്മാരുടെ ഡയലോഗ് പോലെ സാരില്യ, നീ സഹിക്കണം.. കടിച്ചു പിടിച്ചിരിക്കണം, ഭർത്താവിന്റെ ഇഷ്ടത്തിന് നിക്കണം എന്നൊന്നും വിളമ്പുന്ന ഒരു വ്യക്തിയല്ല പകരം അയാളുടെ സ്വഭാവത്തിനെ ശക്തമായി എതിർക്കുന്ന സ്ത്രീയാണ്..എല്ലാറ്റിനും മകൾക്ക് പിന്തുണ നൽകുന്ന സ്ത്രീയാണ്.ബദ്രുവിന്റെ അമ്മ എന്ന നിലയിൽ, ഷെഫാലി ഷായുടെ അഭിനയം എടുത്തു പറയേണ്ടതാണ്..പടത്തിൽ ആലിയയുടെയും ഷെഫലിയുടെയും കെമിസ്ട്രി വളരെ മനോഹരമായി അനുഭവപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.