Media
സൗന്ദര്യമോ സവർണതയോ അവകാശപ്പെടാനില്ലാത്ത പെൺകുട്ടികളെ ഇങ്ങനെ മുഖചിത്രമാക്കി കരയിപ്പിക്കില്ല മാധ്യമങ്ങൾ
നിഷാ പുരുഷോത്തമാ, ഷാനി പ്രഭാകരാ, അയ്യപ്പദാസേ, നീയൊക്കെ ഉണ്ണുന്ന ചോറ് അത്ര മാന്യമായ പണിക്കു കിട്ടുന്ന പ്രതിഭലമല്ല.
179 total views, 1 views today

നിഷാ പുരുഷോത്തമാ, ഷാനി പ്രഭാകരാ, അയ്യപ്പദാസേ, നീയൊക്കെ ഉണ്ണുന്ന ചോറ് അത്ര മാന്യമായ പണിക്കു കിട്ടുന്ന പ്രതിഭലമല്ല. നീയൊക്കെ ഓരോ ദിവസവും ചോദ്യം ചെയ്യപ്പെടുകയാണ്.
Priya Kiran എഴുതുന്നു…
“ഇത്ര നല്ലോരു കുട്ടിക്ക് ഇങ്ങനൊരു ഗതി വന്നല്ലോ “ എന്ന് അപലപിപ്പിച്ചു, വീണ്ടും വീണ്ടും മുഖചിത്രത്തിലേക്കു നോക്കിച്ചു മാഗസിൻ വിറ്റഴിക്കാനുള്ള മനോരമയുടെ വ്യഗ്രത! അതിലെ വായിക്കാതെ വായിക്കപ്പെടുന്ന, സ്ഥാപിക്കപ്പെടുന്ന ആഖ്യ, ഇത്രയൊന്നും സൗന്ദര്യമോ സവർണതയോ അവകാശപ്പെടാനില്ലാത്ത പെൺകുട്ടികളുടെ ദുർവിധികൾ, ഇത്രയും ചർച്ച ചെയ്യപ്പെടേണ്ടതല്ലെന്നത് കൂടിയാണ്. അതങ്ങനെയാണോ? സൗന്ദര്യത്തിനോ, വിദ്യാഭ്യാസ യോഗ്യതക്കോ, സാമ്പത്തിക ഭദ്രതക്കോ, വിവാഹിതയോ അവിവാഹിതയോ എന്നതിനൊക്കെ അപ്പുറം, ഓരോ സ്ത്രീക്കും തുല്യനീതി ഉറപ്പു വരുത്തണം, കാരണം ഓരോ സ്ത്രീയുടെയും ദുരിതങ്ങളും അപമാനവും ഒരുപോലെ ആണ് എന്നതല്ലേ നമ്മളുദ്ദേശിക്കുന്ന കിനാശ്ശേരി? “No one is safe until everyone is safe “എന്നത് കൊറോണക്കാലത്തെ വൈറസിനു മാത്രമാണോ ബാധകം?
“തകരുന്ന സാമ്പത്തിക അന്തരീക്ഷത്തിൽ പിടിച്ചു നില്ക്കാൻ കുറച്ചു ഗിമ്മിക്സ് വേണമെന്ന്” അഥവാ ഒരു moral ചോദ്യചിഹ്നം വന്നാൽ, ഇതിനു പുറകിൽ പ്രവർത്തിച്ചവർ പറയുമായിരിക്കും. അല്ലെങ്കിൽ, ലാഭത്തിൽ ഒരു വിഹിതം പാവപ്പെട്ട പെൺകുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നെന്നോ മറ്റോ ഉള്ള, പാപഭാരം കുറക്കാൻ customise ചെയ്യപ്പെട്ട എന്തെങ്കിലും അതിവിചിത്ര ലോജിക് കൊണ്ട് വരുമായിരിക്കും.. അതൊന്നും, “സ്ത്രീകൾക്കെതിരെയുള്ള അതിക്രമം” എന്നത് മാറ്റി, ഈ സംഭവത്തെ “സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ദൗർഭാഗ്യം” എന്ന് ചെറുതാക്കി, മരിച്ചു പോയവരുടെയും അംഗീകരിക്കപ്പെട്ട ആകര്‍ഷണീയതകൾ ഫോക്കസിലാക്കി ലാഭമുണ്ടാക്കുന്ന പ്രവണതയെ സാധൂകരിക്കുന്നില്ല.
“നൂറു പവനും , കാറും കൊടുത്തിട്ടും അവൾക്കു ഇതനുഭവിക്കേണ്ടി വന്നല്ലോ” എന്നതാണ് ഈ സംഭവത്തിൽ കേട്ട മറ്റൊരു വിലയിരുത്തൽ! എത്ര ബാലിശമാണത്! നൂറു പവനോ, ഭൂമിയോ കൊടുക്കുന്നത്, ഒരു പെൺകുട്ടിയെ മർദ്ദിക്കാതിരിക്കാനുള്ള പ്രോത്സാഹനസമ്മാനമാണോ! അതിന്റെയൊന്നും അകമ്പടിയില്ലാതെ വരുന്ന പെൺകുട്ടികളെ കുറച്ചു ഉപദ്രവിച്ചാലും അവർ സഹിച്ചോളണം എന്നാണോ! എത്ര അപകടം നിറഞ്ഞ സന്ദേശമാണ് ഇതൊക്കെ പ്രക്ഷേപണം ചെയ്യുന്നത് വഴി മാധ്യമങ്ങൾ ചെയ്യുന്നത്.
പണ്ട് കെവിൻ മരിച്ച വികാരവിക്ഷോഭത്തിൽ ഇരിക്കുന്ന ഭാര്യ നീനു പറഞ്ഞത്, വിവിധ മാധ്യമങ്ങൾ മത്സരിച്ചു തലക്കെട്ടായി കൊടുത്തത് ഓര്മ വന്നു . “ ഇനി ഒരു വിവാഹമില്ല, നീനുവിന്റെ ശിഷ്ടകാലം കെവിന്റെ മാതാപിതാക്കൾക്കൊപ്പം”എന്ന അർത്ഥത്തിലുള്ള ശീര്‍ഷകങ്ങൾ.!!
ഭർത്താവു മരിച്ച ആഘാതത്തിൽ ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിക്കു അപ്പോൾ പറയാനാകുമോ, “എനിക്ക് ഇനിയൊരു ജീവിതം ഉണ്ടായിക്കൂടെന്നില്ലെന്ന് ”? അത് പറഞ്ഞാൽ, “ഇനിയൊരു വിവാഹം ഇല്ലെന്നു” പറഞ്ഞ ത്യാഗത്തിനു കിട്ടിയ അതേ സ്വീകരണവും ഉത്സാഹവും തന്നെയായിരിക്കുമോ, പ്രസാധകരും വായനക്കാരും അതിനു നല്‍കുന്നത് ?
ഇങ്ങനെ വിഗ്രഹങ്ങളെ സൃഷ്ടിച്ചു, സ്ത്രീയുടെ ഉപഭോകൃത്വം നില നിർത്തി, ചൂഷണം ചെയ്തു, അല്ലെങ്കിലേ അഴുക്കു പിടിച്ചൊരു സമൂഹത്തിൽ, ശുദ്ധീകരണം എന്ന ഭാവേന, ഉള്ള ഡ്രയിനേജുകളും കൂടി അടച്ചു മൂടി കളയുന്നത് നിർത്തിക്കൂടെ? ബുദ്ധിമുട്ടാണല്ലേ???
“എല്ലാവരും കോളേജിൽ പഠിച്ചത് കൊണ്ട് ഇപ്പൊ പാടം പണിക്കൊന്നും പണ്ടത്തെപ്പോലെ ആളെ കിട്ടാനില്ലെന്ന” നിഷ്കളങ്കവിലാപങ്ങൾ ഓര്മ വരുന്നു…. യാതൊരു ചിലവുമില്ലാത്ത സഹതാപമൊഴുക്കി, രക്ഷപ്പെടുത്തുന്നെന്ന് നടിക്കാനല്ലാതെ, ശരിക്കും ഞങ്ങളൊക്കെ രക്ഷപ്പെട്ടാൽ ഉണ്ടാവുന്ന നഷ്ടത്തിന്റെ പൊള്ളുന്ന മനക്കണക്കൊക്കെ കൂട്ടിയും കുറച്ചും തന്നെയാണ് ഈ പണിക്കൊക്കെ ഇറങ്ങുന്നതല്ലേ ? വൊക്കെ, തേങ്സ്..🙏🏻🙏🏻
180 total views, 2 views today