Entertainment
സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

തയ്യാറാക്കിയത് രാജേഷ് ശിവ
പ്രിയാ ഷൈൻ – ജെസി ഡാനിയേൽ അവാർഡ് ജേതാവ്, എ പി ജെ അബ്ദുൾ കലാം കലാശ്രീ സ്റ്റേറ്റ് അവാർഡ് ജേതാവ്, ഭാരതരത്നം അംബേദ്ക്കർ അവാർഡ് ജേതാവ്,സംസ്കൃതി അവാർഡ് തുടങ്ങി അൻപതോളം അവാർഡുകൾ കരസ്ഥമാക്കി. ” വഹ്നി ” എന്ന സിനിമ കഥ, തിരക്കഥ എഴുതി നായികയായി അഭിനയിച്ചു. എഴുത്തുകാരി, സംവിധായിക, (34 ഓളം കവിതകൾ, ഡോക്യുമെന്ററികൾ, ഗാനങ്ങൾ, ഷോർട്ട് മൂവികൾ ചെയ്തു ). തിരക്കഥാകൃത്ത്, ഗാനരചയിതാവ് (100ലധികം ഗാനങ്ങൾ ), സംഗീത സംവിധായിക (20 ഗാനങ്ങൾ ), കവയിത്രി (100 കവിതകൾ), പ്രാസംഗിക (45ഓളം വേദികൾ), അഭിനേത്രി ( “വഹ്നി ” എന്ന സിനിമയിൽ നായിക, “രണ്ടു പെൺകുട്ടികൾ ” എന്ന സിനിമയിൽ പ്രമുഖ ക്യാരക്ടർ ), മോഡലിംഗ്, മോട്ടിവേഷൻ ക്ലാസ് തുടങ്ങി കലയുടെ മുഖ്യധാരാവേദികളിൽ സജീവ പ്രവർത്തക. രണ്ടാമത്തെ സിനിമ കഥ, തിരക്കഥ എഴുതി പ്രധാന ക്യാരക്ടർ ചെയ്ത് സംവിധാനം ചെയ്യാൻ പോകുന്നു. “ഏഷ്യാനെറ്റി ” ൽ (ടേയ്സ്റ്റ് ടൈം പ്രോഗ്രാമിൽ) മുഖ്യാതിഥി ആയി എത്തിയിട്ടുണ്ട്. “ഫ്ളവേഴ്സിൽ “(24ൽ ) മുഖ്യാതിഥി ആയി എത്തിയിട്ടുണ്ട്. “കേരള വിഷൻ” ചാനലിലും, ക്ലബ് എഫ്.എം ലും മുഖ്യാതിഥി ആയി എത്തിയിട്ടുണ്ട്.
“ഉള്ളിൽ അഗ്നിയുള്ള പെണ്ണിനെ സൂക്ഷിയ്ക്കണം. പരിഹാസത്തിന്റെ , പുച്ഛത്തിന്റെ , അവഹേളനത്തിന്റെ ഒക്കെ ശരങ്ങൾ എറിഞ്ഞ് എന്റെ കലയേയും കലാ പ്രവർത്തനങ്ങളേയും തളർത്താൻ ശ്രമിച്ച ഒരുപാട് പേരുണ്ട്. അവർക്ക് മുന്നിൽ ദാ ഇങ്ങനെ ചിരിച്ചു കൊണ്ട് നില്ക്കുമ്പോ മനസ് മന്ത്രിച്ചു ” ഇവർ ചെയ്യുന്നതെന്താണ് എന്നിവർ അറിയുന്നില്ല ” എന്ന്.ഓരോ വ്യക്തികൾക്കുള്ളിലും വിവിധ വ്യത്യസ്തമായ കഴിവുകൾ അന്തർലീനമായിക്കിടപ്പുണ്ട്. അവരവർ തങ്ങളിലുള്ള കഴിവുകൾ കണ്ടറിഞ്ഞ് അത് തേച്ചുമിനുക്കി എടുത്ത് പരിപോഷിപ്പിയ്ക്കുക.മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്നുള്ളത് നിങ്ങളുടെ കാര്യമല്ല. അവർ ചെയ്യുന്ന വർക്കുകൾക്ക് മാർഗ്ഗം തടസം നില്ക്കുകയും പ്രത്യക്ഷമായും, പരോക്ഷമായും അവരെ തളർത്താൻ ശ്രമിയ്ക്കുകയും ചെയ്യുന്നത് ഭീരുത്വമാണ്.ഒരാൾ കലാകാരനോ, കലാകാരിയോ ആയി ജനിയ്ക്കുന്നത് ഈശ്വരനിശ്ചയമാണ്. ആ കലാകാരൻ അല്ലെങ്കിൽ കലാകാരി തനതു കലകളിൽ വിജയിയ്ക്കുന്നത് ഭാഗ്യവും തദ്വാരാ വിധിയുടെ നിയോഗവും കൊണ്ടാണ്.
“പരിശ്രമം ചെയ്യുകയെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം –
ദീർഘങ്ങളാം കരങ്ങളെ നല്കിയത്രേ മനുഷ്യരെ പാരിലയച്ചതീശൻ ” . – എന്ന കവി വചനങ്ങൾ ഓർക്കുക
പരിശ്രമം , കഠിനാദ്ധ്വാനം, അർപ്പണബോധം, സത്യസന്ധത, എന്നിവയാവണം ഓരോ കലാകാരുടേയും ജീവിത ദർശനങ്ങൾ ”
എന്ന് ചിന്തിക്കുന്ന പ്രിയ ഷൈൻ തന്റെ കലാജീവിതത്തെ കുറിച്ചും ആഗ്നേയ എന്ന ഷോർട്ട് മൂവിയെ കുറിച്ചും ബൂലോകം ടീവിയോട് സംസാരിക്കുന്നു
പ്രിയ ഷൈൻ വായനക്കാർക്കുവേണ്ടി ഒന്ന് സ്വയം പരിചയപ്പെടുത്തുമോ ?
പ്രിയ ഷൈൻ : ഞാൻ സ്ക്രിപ്റ്റ് റൈറ്റർ ആണ്, മ്യൂസിക് ഡയറക്റ്റർ ആണ്, ലിറിസിസ്റ്റ് ആണ്, പബ്ലിക് സ്പീക്കർ ആണ് , ഡയറക്ടർ ആണ്..അതിനേക്കാളൊക്കെ ഉപരി ഒരു ആക്ട്രസ് ആണ്. രണ്ടുപ്രാവശ്യം മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ആഗ്നേയയിൽ അഭിനയിച്ചതിന് ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ് ഉണ്ട്. അതിന്റെ ജൂറി മെമ്പേഴ്സ് സലിംകുമാർ സാറും രമേശ് പിഷാരടി സാറും ആയിരുന്നു. അവർ എന്നെ പേരെടുത്തു പരാമർശിച്ചു. അതെനിക്ക് നൽകിയത് ഭയങ്കര സന്തോഷമാണ്. എന്നെപ്പോലൊരു ‘അവശകലാകാരി’ക്ക് കിട്ടിയ ഈ അംഗീകാരം, അതും ആഗ്നേയക്കു തന്നെ കിട്ടിയതിൽ വളരെ സന്തോഷം. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള അവാർഡ് എന്നതുകൂടിയാകുമ്പോൾ വളരെ സന്തോഷം. ആഗ്നേയയ്ക്കു അനവധി അവാർഡുകൾ ഉണ്ട്. ബാക്കിയൊക്കെ മികച്ച സംവിധായകയ്ക്കുള്ള അവാർഡ് ആണ്.
ഞാൻ ആദ്യം സിനിമയാണ് ചെയ്തത്. ദേശാടനം, കളിയാട്ടം ഒക്കെ ക്യാമറ ചെയ്ത എം.ജെ രാധാകൃഷ്ണൻ സാർ ആയിരുന്നു എന്റെ സിനിമയ്ക്ക് ക്യാമറ ചെയ്തത്. അടൂർ ഗോപാലകൃഷ്ണൻ സാർ ആണ് അതിന്റെ സ്വിച്ച് ഓൺ കർമ്മം അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് വച്ച് നിർവഹിച്ചത്. വഹ്നി എന്നാണ് സിനിമയുടെ പേര്. അഗ്നി എന്നാണു അതിന്റെ അർത്ഥം . അത് കഥ തിരക്കഥ ഒക്കെ എഴുതി നായികയായി അഭിനയിച്ച് തിയേറ്ററുകളിൽ റിലീസ് ആക്കിയതിനു ശേഷമാണ് ഞാൻ ഷോർട്ട് മൂവികളിലേക്കു തിരിഞ്ഞത്. എന്റെ മുപ്പത്തി രണ്ടാമത്തെ ഷോർട്ട് മൂവിയാണ് ആഗ്നേയ. സിനിമ, ആൽബം, കവിത, ഡോക്ക്യൂമെന്ററി, പിന്നെ ഷോർട്ട് മൂവി..അങ്ങനെ മുപ്പത്തി രണ്ടാമത്തെ വർക്ക് ആണ് ആഗ്നേയ. ഈ മുപ്പത്തിരണ്ട് എണ്ണവും ഞാൻ തന്നെയാണ് കഥ, തിരക്കഥ, സംവിധാനം , ആർട്ട്, മേക്കപ്പ്, കോസ്റ്റ്യൂം ഒക്കെ ചെയ്തത് . ഒത്തിരി സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലൂടെ കടന്നു പൊക്കോണ്ടിരിക്കുന്നത്.
അഭിമുഖത്തിന്റെ ശബ്ദരേഖ
“അസിസ്റ്റന്റോ അസോസിയേറ്റോ ഒന്നുമില്ല…ഒറ്റയ്ക്കാണ് പ്രയാണം”
കലാരംഗത്തു എന്നെ വിമർശിക്കുന്നവരും എന്നെ പരിഹസിക്കുന്നവരും എന്നെ പുച്ഛിക്കുന്നവരും വളരെയധികം ശരങ്ങൾ കൊണ്ടൊരു പഞ്ജരം തീർത്തിട്ട് അതിൽ നമ്മളെ തളച്ചിടുന്ന ഒരു അവസ്ഥ വന്നപ്പോൾ പ്രതികരിച്ചുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചില നഗ്നസത്യങ്ങൾ പറഞ്ഞുകൊണ്ട് , അത്തരം ആശയങ്ങൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ട് , പലതും എങ്ങനെ തിരുത്തിക്കുറിക്കാമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ മേഖലയിലൂടെയുള്ള എന്റെ കടന്നുപോക്ക്. അസിസ്റ്റന്റോ അസോസിയേറ്റോ ഒന്നുമില്ല…ഒറ്റയ്ക്കാണ് പ്രയാണം.എന്റെ വർക്കുകൾ എല്ലാം എന്റെ ആത്മാവ് കൊടുത്തു ചെയുന്നതാണ്. എത്രയും പെട്ടന്ന് അത് ഇറക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. ആഗ്നേയ കഴിഞ്ഞിട്ട് അഞ്ചു ഷോർട്ട് മൂവി കൂടി എടുത്തുകഴിഞ്ഞു. അതെല്ലാം ഡബ്ബിങ് വർക്കുകൾ പുരോഗമിക്കുകയാണ്.
വേശ്യ, പിന്നെ മൈര് എന്ന പാട്ട് നിങ്ങളൊക്കെ കേട്ടു കാണും. സമൂഹത്തിൽ കുറെ മാറ്റം ഉണ്ടാക്കിയ പാട്ടാണ് മൈര്. പോലീസുകാർ എന്നോട് പറഞ്ഞു അവർ ഇനി ആ വാക്ക് പറയുകയില്ല എന്ന്. അതിന്റെ ഷോർട്ട് മൂവിയുടെ ഡയറക്ഷൻ കഴിഞ്ഞു ഡബ്ബിങ് വർക്കുകൾ നടക്കുകയാണ്. ഞാൻ ഒരുമാസത്തിൽ ഒരു വർക്ക് വച്ച് ചെയ്യുന്നുണ്ട്. പ്രൊഡ്യൂസർ ഒന്നും ഇല്ല. എനിക്കൊരു ഡിറ്റർമിനേഷൻ ഉണ്ട്. അത് ലക്ഷ്യത്തിലെത്തിക്കാൻ ഒരു ഓട്ടത്തിലാണ് ഞാൻ. അത് വിജയിക്കാറുമുണ്ട്. ആഗ്നേയക്കാണ് എനിക്ക് ഏറ്റവുമധികം അവാർഡുകൾ കിട്ടിയത്.
പ്രിയ ഷൈൻ : യാദൃശ്ചികമായി കണ്ട ഒരു പത്ര കട്ടിംഗ് , എന്റെ കണ്ണുകൾ അതിൽ കുറേനേരം തറച്ചു നിന്നു. പത്തറുപത്തിയഞ്ചു വയസുള്ള വൃദ്ധയായ സ്ത്രീയെ രണ്ടു ലോറി ഡ്രൈവർമാർ ചേർന്ന് യോനിയിൽ ഇരുമ്പു കമ്പി കയറ്റി ക്രൂരമായി പീഡിപ്പിച്ചു. കാലുകൾ കൂട്ടിപ്പിടിച്ചുകൊണ്ടു ആ ‘അമ്മ സ്വന്തം മകന്റെ മുന്നിൽ വിറയാർന്ന മനസുമായി , എങ്ങനെ മകനോട് ഇതുപറയും എന്ന ആശങ്കയോടെ നിന്നുകൊണ്ട് … എനിക്കൊന്ന് ആശുപത്രിയിൽ പോണം മോനെ എന്നാണ് അവർ പറഞ്ഞത്. ആ ക്യാപ്ഷനോടെ വന്ന പത്രകട്ടിംഗ് ഞാൻ സൂക്ഷിച്ചുവച്ചിരുന്നു. ആ യഥാർത്ഥ സംഭവത്തെ പച്ചയായി ചിത്രീകരിച്ചു കൊണ്ട് ജനങ്ങളുടെ ഇടനെഞ്ചിലേക്കു ഇട്ടുകൊടുത്തു ഒരു അവെയർനെസ് കൊടുക്കുകയായിരുന്നു ഞാൻ ചെയ്തത്. അങ്ങനെ …നടന്നൊരു കഥയെ ഏതാനും നിമിഷങ്ങൾ കൊണ്ടാണ് ഞാൻ ചിത്രീകരിച്ചത്. ഒരു ഉച്ച സമയത്തു രണ്ടുമണിക്ക് തുടങ്ങി ആറേമുക്കാൽ ആയപ്പോഴേയ്ക്കും ഷൂട്ട് തീർത്തു. വൾഗർ അല്ലാത്ത രീതിയിൽ തന്നെ അത് കാണിച്ചുകൊണ്ടു …അതിന്റെ എക്സ്ട്രീം ലെവലിലെ ആ ക്രൂരത, സ്ത്രീകൾക്ക് മേലുള്ള പുരുഷന്റെ ആ ക്രൂരത ഞാൻ ജനങ്ങൾക്ക്
vote for agneya
കാണിച്ചുകൊടുക്കുകയായിരുന്നു. സ്ത്രീകൾക്കും പെൺ കുട്ടികൾക്കും നേർക്കുള്ള പുരുഷന്റെ ക്രൂരത , കണ്ണുംകെട്ടിയുള്ള നീതിദേവതയുടെ ആ നിൽപ്പ് .. ആ ദുരവസ്ഥയെ ജനങ്ങളിലേക്ക് ഇട്ടുകൊടുക്കുന്ന ചെയ്തത്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ ആ അമ്മ സ്വയം ശിക്ഷ വിധിക്കുകയാണ് ചെയ്തത്. നീതി നടപ്പാക്കാത്ത സമൂഹത്തിൽ ആ വൃദ്ധ തന്നെ പോലെ മറ്റൊരു വൃദ്ധയും പീഡിപ്പിക്കപ്പെടരുത് , മറ്റൊരു സ്ത്രീയ്ക്കും ഇനിയൊരു ദുരവസ്ഥ ഉണ്ടാകരുത് എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്നു ..എന്നതാണ് അതിന്റെ സ്ക്രിപ്റ്റ് റൈറ്റർ കൂടിയാന എന്റെ കാഴ്ചപ്പാട്…. ആ വ്യൂ പോയിന്റ്.
ലൈംഗികവിദ്യാഭ്യാസം എന്ന് പറയുമ്പോൾ വികലമായ കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്ന സമൂഹമാണ് നമ്മുടേത്. അതായത് ക്ലാസ് മുറികളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രാക്ടീസ് നല്കുന്നതാണോ ലൈംഗികവിദ്യാഭ്യാസം എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ അനവധി കണ്ടിട്ടുണ്ട്. അങ്ങനെയുള്ള മനുഷ്യർ ജീവിക്കുന്ന ഒരു ലോകത്തിൽ ലൈംഗികവിദ്യാഭ്യാസം എന്നത് അനിവാര്യം എന്ന് എടുത്തുപറയേണ്ടി ഇരിക്കുന്നു . ഈ ഷോർട്ട് മൂവി ആ കാര്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് . പ്രിയയുടെ അഭിപ്രായം ?
പ്രിയ ഷൈൻ : ഒരു ഡയറക്റ്റർ, ഒരു സ്ക്രിപ്റ്റ് റൈറ്റർ, ഒരു സ്ത്രീ … എന്നിലെ ഈ മൂന്നുകാര്യങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടു പറയുകയാണെങ്കിൽ .. സ്കൂളുകളിൽ കുട്ടികൾക്ക് യഥാർത്ഥ ലൈംഗികവിദ്യാഭ്യാസം കൊടുക്കാത്തതാണ് ഏറെക്കുറെയൊക്കെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.ആൾ ഇന്ത്യൻസ് ആ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്ന് സ്കൂൾ അസംബ്ലിക്കൊക്കെ പറയുന്നുണ്ട്. ബയോളജിക്കലി നമ്മൾ റീ പ്രോഡക്റ്റിവ് ഓർഗൻസിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്, പക്ഷെ വേണ്ടത് ഇതൊന്നും അല്ല. സ്ത്രീകൾക്ക് ബോധവത്കരണം, ലൈംഗികവിദ്യാഭ്യാസം എല്ലാം നൽകണം. അതോടൊപ്പം തന്നെ പുരുഷന്മാർക്കും അത് നൽകണം. പുരുഷന്മാരെയും അതൊക്കെ പറഞ്ഞു മനസിലാക്കി യഥാർത്ഥ മൂല്യത്തിൽ അധിഷ്ഠിതമായ ലൈംഗികവിദ്യാഭ്യാസം … ആ അറിവുകൾ പകർന്നു കൊടുക്കാത്തതുകൊണ്ടാണ് കുറെയൊക്കെ ഉണ്ടാകുന്നത്.
“ലിംഗഛേദനം തന്നെ ശിക്ഷയായി കൊടുക്കണം”
മറ്റൊരുകാര്യം ഡ്രഗ്സ് ഇന്ന് ഒരുപാട് ഉപയോഗിക്കപ്പെടുന്നുണ്ട്. അതൊക്കെയാണ് ഇതിന്റെ അടിസ്ഥാനപരമായ കാരണങ്ങളിൽ വരുന്നത്. ബോധമില്ലാതെ ചെയുന്ന ഒട്ടനവധി കുറ്റകൃത്യങ്ങൾ ഉണ്ട്. ബോധത്തോടെ ചെയുന്ന കുറ്റകൃത്യങ്ങളിൽ പോലും കുറ്റവാളികൾ ജയിലിൽ ആയാൽ തന്നെ ശരിയായ ഒരു ശിക്ഷ ഒന്നും കിട്ടുന്നില്ല. പണിഷ്മെന്റുകൾ പാശ്ചാത്യരാജ്യങ്ങളിൽ ഉള്ളതുപോലെ തന്നെ ലിംഗഛേദനം തന്നെ ശിക്ഷയായി കൊടുക്കണം എന്ന് പലതവണ ശക്തമായി വാദിച്ചിട്ടുള്ള ഒരു സ്ത്രീയാണ് ഞാൻ. എന്റെ ഫേസ്ബുക് റൈറ്റപ്പ് ഒക്കെ നോക്കിയാലറിയാം . പെണ്ണെഴുത്ത്, സ്ത്രീശാക്തീകരണം എന്നൊക്കെ പറയുന്നതൊക്കെ വെറും വാക്കുകളിൽ മാത്രം ഒതുങ്ങാതെ എന്താണ് ശാക്തീകരണം ..ഓരോ സ്ത്രീയും അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞുകൊണ്ട് ധർമ്മത്തിനും അക്രമത്തിനും എതിരെ പോരാടണം . അണയാനുള്ളതല്ല സ്ത്രീ, ആളിക്കത്താനുള്ളതാണ്. ആ ഒരു ആശയമാണ് ആഗ്നേയ. അതിന്റെ ലാസ്റ്റിൽ ഞാനൊരു റൈറ്റപ്പ്, വോയിസ് ഓവർ കൊടുത്തിട്ടുണ്ട്. ലിംഗഛേദനം നടത്തിക്കഴിഞ്ഞു ആ ‘അമ്മ പ്രതികാരാഗ്നിയോടെ തിരിച്ചുനടക്കുമ്പോൾ ഒരു വോയിസ് കൊടുത്തിട്ടുണ്ട്. അത് ഡയറക്ടറുടെ വാക്കാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള വാക്കുകൾ.
ലൈംഗികപീഡനങ്ങൾ നടന്നാൽ അത് സമ്മതിക്കാനുമുള്ള വിമുഖത സ്ത്രീകളിൽ പൊതുവെ പ്രകടമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാൽ ഇന്ന് ‘മീടൂ’ പോലെയുള്ള പരിപാടികൾ ഇത്തരം ലൈംഗികാതിക്രമങ്ങൾ തുറന്നു പറയാൻ ലോകമെങ്ങും സ്ത്രീകൾക്ക് പ്രചോദനം നൽകുന്നുണ്ട്. അതെ… കാമഭ്രാന്തന്മാരെ തുറന്നുകാട്ടുക തന്നെ വേണം. പ്രിയയുടെ അഭിപ്രയം വായിക്കാം
പ്രിയ ഷൈൻ : എന്ത് മീടു എവിടെയൊക്കെ വന്നുവെന്നു പറഞ്ഞാലും അതിൽ പകുതി ശതമാനം സംഭവങ്ങൾ നോക്കിയാൽ ചില സ്ത്രീകൾ അതിനായി തന്നെ നടക്കുന്നവർ ഉണ്ട്. അതായതു പുരുഷനെ കൊണ്ട് പ്രകോപനം മനഃപൂർവ്വം ഉണ്ടാക്കാൻ അല്പം എക്സ്പോസ്ഡ് ആയൊക്കെ നടക്കുന്നവർ ..ആ ശതമാനത്തെ മാറ്റി നിർത്തിയാൽ ബാക്കിയുള്ള അമ്പത് ശതമാനം മാത്രമേ ഞാൻ ഈ പറഞ്ഞതുപോലെ സ്ത്രീകളെ, അതിപ്പോൾ കൊച്ചുകുട്ടികളെ ആയാലും വൃദ്ധരെ ആയാലും യുവതികളെ ആയാലും മൃഗീയമായി പീഡിപ്പിക്കുന്ന അവസ്ഥയുണ്ട്, ഡൽഹിയിൽ തന്നെ നമ്മൾ കണ്ടതാണ് , നിർഭയയെ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുക മാത്രമല്ല ഇരുമ്പുകമ്പി യോനിയിൽ കുത്തിക്കയറ്റുക എന്ന് പറഞ്ഞാൽ അറിയാല്ലോ.. എത്രമാത്രം വേദനാജനകം ആണ് അത്. എന്റെ മനസിൽ അതും ഒരു മുറിപ്പാടായിട്ടു കിടക്കുന്നുണ്ടായിരുന്നു. അതും എന്റെ മനസ്സിൽ മൂവിയാക്കണം എന്ന് കരുതി കിടപ്പുണ്ടായിരുന്നു. എന്നാൽ പ്രൊഡ്യൂസർ ഒന്നും ഇല്ലാത്തതുകൊണ്ട് ബസൊക്കെ ബുദ്ധിമുട്ടായതുകൊണ്ടാണ് ഞാൻ പിന്നെ ആഗ്നേയയിൽ പറയുന്ന … ആ നടന്ന സംഭവം കണ്ടപ്പോൾ മൂവിയാക്കി ചിത്രീകരിച്ചത്.
ഒരു സമൂഹം എത്രമേൽ സദാചാരം പറയുന്നുവോ അവിടെ അത്രമേൽ ലൈംഗികകുറ്റകൃത്യങ്ങളും കൂടിയിരിക്കും എന്നതാണ് സത്യം. ലൈംഗികദാരിദ്യ്രം ബാധിച്ച പുരുഷന്മാർ എവിടെയും കാമവൈകൃതങ്ങൾക്കു പരക്കംപായുകയാണ്. ബസിലോ പൊതുയിടങ്ങളിലോ വീടുകളിലോ അവർക്കെവിടെയും അവരുടെ തൃഷ്ണകളെ ശമിപ്പിക്കാനുള്ള ഇടങ്ങളാണ്. അവർക്കു സ്ത്രീ എന്നത് ഒരു മനുഷ്യൻ എന്നതിലുപരി ഒരു ഉപഭോഗവസ്തു മാത്രമാണ്. അവിടെയാണ് ബാലികമാരും യുവതികളും വൃദ്ധകളും ഒരുപോലെ ഇവിടെ പീഡിപ്പിക്കപ്പെടുന്നത്. പ്രിയയ്ക്ക് പറയാനുള്ളത് ?
പ്രിയ ഷൈൻ : സ്ത്രീകൾ ഒരിക്കലും സത്യം വിളിച്ചു പറയരുത്, പറഞ്ഞാൽ അവൾ മോശക്കാരിയായി . എന്നാൽ അങ്ങനെയല്ല.. സമൂഹത്തിന്റെ മുഖ്യധാരവേദികളിൽ അവൾ വിളിച്ചുപറയുക തന്നെ വേണം.. എനിക്ക് ഇങ്ങനെയൊരു സംഭവം , ഇന്ന ആളിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് ആർജ്ജവത്തോടെ, മുഖംമറയ്ക്കാതെ അയാളെ ചൂണ്ടിക്കാട്ടി വിളിച്ചുപറയുകതന്നെ വേണം. അതുപോലെ തന്നെ എന്റെ അമ്മയ്ക്കോ സഹോദരിക്കോ കൂട്ടുകാരിക്കോ മകൾക്കോ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായെങ്കിൽ വിളിച്ചുപറയുക തന്നെ വേണം. ഇതൊന്നും ഉണ്ടാകാതിരിക്കാൻ വേണ്ടി സമൂഹത്തിൽ ശക്തമായി പ്രതികരിക്കുക തന്നെയാണ് എന്റെ ഓരോ ഷോർട്ട് ഫിലിമുകളിലൂടെയും ഞാൻ ചെയ്തിട്ടുള്ളത്, പച്ചയ്ക്ക് ചിത്രീകരിച്ചു കാണിച്ചുകൊടുക്കുന്നത്.
ഒരാളുടെ ശരീരം , അതിപ്പോൾ സ്ത്രീയോ പുരുഷനോ ആകട്ടെ… അവരുടെ സ്വകാര്യതയാണ്. ഇവിടെ സ്ത്രീയുടെ സ്വകാര്യതകളിൽ പലരീതിയിൽ അതിക്രമിച്ചു കയറുന്നത് ശീലമാക്കിയവർ സുലഭമാണ്. അതിപ്പോൾ ബന്ധുക്കൾ മുതൽ നരാധമന്മാർ ആരും മോശമൊന്നും അല്ല. ഇന്ത്യാ ടുഡേ ഇന്റർനാഷണൽ എന്ന മാസികയുടെ അഭിപ്രായത്തിൽ, “ഇന്ത്യയിലെങ്ങുമുള്ള സ്ത്രീകളുടെ സന്തതസഹചാരിയാണ് ഭയം. മുക്കിലും മൂലയിലും പാതയോരത്തും പൊതുസ്ഥലങ്ങളിലും, രാവും പകലും എന്നില്ലാതെ ബലാത്സംഗഭീതി അവരെ വേട്ടയാടുന്നു.” എന്നാണ്. ഇവിടത്തെ നിയമങ്ങൾ ഈവിധ കുറ്റങ്ങൾ അമർച്ചചെയ്യാൻ മാത്രം പര്യാപതമല്ല എന്ന ദുഖകരമായ സത്യം അവശേഷിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. പീഡനങ്ങളും ബലാത്സംഗങ്ങളും നടക്കാത്ത ഒരു ദിവസം പോലും ഇവിടെ ഇല്ല . നിയമത്തെ ഭയമില്ലാത്തവരുടെ നാടാണിത്. ശിക്ഷ കിട്ടിയാൽ തന്നെ ജയിലിലെ സുഖവാസം അവർക്കു അടുത്ത കുറ്റകൃത്യം ചെയ്യുന്നതിനുള്ള ഒരു ഇടവേള മാത്രമാണ്. നമുക്കെന്തു ചെയ്യാൻ സാധിക്കും ? കല കൊണ്ട് സാധ്യമാകുമോ ?
പ്രിയ ഷൈൻ : കല ആസ്വാദനം ചിലരിലേക്കു മാത്രം ഒതുങ്ങി പോകുന്നുണ്ട് എന്നത് ശരിയാണ്…അപ്പോൾ പിന്നെ ശക്തമായ എഴുത്തുകളിലൂടെ ബോധവത്കരണം കൊടുക്കുകയാണ് വേണ്ടത്. ശക്തമായ പെണ്ണെഴുതുകൾ ഇവിടെ ഉണ്ടാകേണ്ടതുണ്ട്. അതിനു അത്തരം അവബോധം പകർന്നു നൽകാൻ സാധിക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണല്ലോ ‘മൈര് ‘ എന്ന പാട്ട് അത്രത്തോളം വൈറൽ ആയത് . ഒരു മില്യൺ വ്യൂവേഴ്സ് ആണ് വന്നത്. ആ പാട്ടിന്റെ പേരിൽ ഒരുപാട് പേര് എന്നെ കൊല്ലുമെന്നുവരെ വിളിച്ചു പറഞ്ഞു. ലേഡീസ് ആണ് കൂടുതലും പ്രതികരിച്ചത്, യുവജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന്. മൈര് എന്ന വാക്ക് മലയാളികൾ എവിടെ ചെന്നാലും ഉപയോഗിക്കുന്ന വാക്കാണ്. അതിപ്പോൾ ഏതു നാട്ടിൽ ഏതു ദേശത്തും ഉപയോഗിക്കുന്ന ഒരു കോമൺ ആയ മോശമായ വാക്കാണ് . അപ്പോൾ എന്തുകൊണ്ട് എനിക്ക് അതിനെതിരെ ഒരു ബോധവത്കരണം നടത്തിക്കൂടാ എന്ന് ഞാനാ സ്ത്രീയോട് ചോദിച്ചപ്പോൾ , നിങ്ങളെ കോടതി കയറ്റുമെന്നു അവർ പറഞ്ഞു. ഞാന്പറഞ്ഞു, എനിക്കൊരു കുഴപ്പവുമില്ല..ഞാൻ ശക്തമായി പ്രതികരിക്കാൻ ആ ബോധവത്കരണം നൽകാൻ തന്നെയാണ് ആ പാട്ട് ഇറക്കിയത്. അത് ഇറക്കാൻ വേണ്ടി എനിക്ക് ആഗ്നേയ ഇറക്കിയതിന്റെ നൂറിരട്ടി സ്ട്രെയിൻ ഉണ്ടായിരുന്നു. മൈര് എന്ന ഷോർട്ട് മൂവി എടുക്കാമെന്ന് വച്ചപ്പോൾ ചിലർ ഭീഷണിയായി പറഞ്ഞു ഈ പാട്ടുകൊണ്ട് നിർത്തിക്കൊള്ളാൻ , പക്ഷെ ഞാൻ ആ ഷോർട്ട് മൂവി എടുത്തു ഡബ്ബിങ്ങിന് കയറ്റിയിട്ടുണ്ട്. അതൊരു ഒറ്റയാൾ പോരാട്ടമാണ്. പണ്ടുള്ള ആൾക്കാർ ജീവൻ പണംവച്ചാണ് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയുന്നപോലെ , ഇത് സ്വാതന്ത്ര്യത്തേക്കാൾ സ്ത്രീയുടെ ആ ഒരു സ്വത്വം സമൂഹത്തിൽ അംഗീകരിക്കപ്പെടണം. അവൾക്കെതിരെയുള്ള അക്രമങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ ഒരു പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കാതെ എല്ലാവരിലേക്കും ഒരു അവയർനെസ് കൊടുക്കാൻ ശക്തമായ പെണ്ണെഴുത്തുകൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പ്രിയ പറയുന്നത് ശരിയാണ്, ഇതാണോ കൊട്ടിഘോഷിക്കുന്ന ഭാരതീയ സംസ്കാരം ? ഈ സംസ്കാരത്തിൽ ഭാരതസ്ത്രീ ഭാവശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയാണ് ? ക്രിമിനൽ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂർണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികബന്ധത്തെ ബലാത്സംഗം (Rape) എന്ന് പറയുന്നു . എന്നാൽ മറ്റൊരു ദുരന്തം, വിവാഹബന്ധത്തിന് ഉള്ളിലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്നതാണ്. നമ്മുടെ ചില സിനിമകൾ പോലും അത്തരം സംഭവങ്ങളെ ‘കെട്ട്യോളാണ് എന്റെ മാലാഖ ‘ എന്ന തരത്തിൽ ഗ്ലോറിഫൈ ചെയ്യുന്നുണ്ട് എന്ന കാര്യം ഇവിടെ വളരെ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. പ്രിയയുടെ വാക്കുകൾ തുടർന്നു വായിക്കൂ …
പ്രിയ ഷൈൻ : ഒരു റൈറ്റർ എന്ന നിലയിൽ പൊതുവെ എന്നെ റെസ്പക്റ്റ് ചെയുന്ന സമീപനം ആണ് കണ്ടിട്ടുള്ളത്. പക്ഷെ ഡയറക്ടർ എന്ന രീതീയിൽ ഞാൻ ആഗ്നേയ തന്നെ എടുത്തപ്പോൾ ഒരുപാട് വിമര്ശനങ്ങളുണ്ടായി. യോനിയിൽ അങ്ങനെ ഇരുമ്പുകമ്പി കയറ്റുന്നത് ചിത്രീകരിച്ചത് വളരെ വൾഗർ ആയിപ്പോയിപ്പോയില്ലേ എന്ന് പലരും ചോദിച്ചപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു , നിങ്ങളുടെയൊക്കെ ഇതേ ചോദ്യം നിങ്ങൾ എന്തുകൊണ്ട് പത്രപ്രവർത്തകരോട് ചോദിച്ചില്ല . പച്ചയ്ക്കു ഒരു അമ്മയുടെ യോനിയിൽ ഇരുമ്പുകമ്പി കുത്തിക്കയറ്റി പീഡിപ്പിച്ചതിന്റെ ആ ഒരു റൈറ്റപ്പ് വന്നപ്പോൾ നിങ്ങളിലുള്ള ഈ സദാചാരം ഞാൻ കണ്ടില്ല. നിങ്ങൾ ആ വാർത്തയെ ഒരു പത്രവാർത്ത ആയി മാത്രം കണ്ടു അതിനെ മാറ്റിവച്ചു. എന്നാൽ യഥാർത്ഥത്തിൽ ഉള്ള സാമൂഹിക പ്രതിബദ്ധതയാണ് ഞാൻ കാണിച്ചത്. എനിക്ക് അല്ലാതെ പ്രതികരിക്കാൻ ആകുന്നില്ല, എന്നെപ്പോലൊരു സ്ത്രീ എങ്ങനെ ഒറ്റയ്ക്ക് പ്രതികരിക്കും ? അതുകൊണ്ടു ഞാൻ ആഗ്നേയ എന്നൊരു ഷോർട്ട് മൂവി പച്ചയായി ചിത്രീകരിച്ചു. അതിൽ എന്താണ് തെറ്റ് ? എന്ത് വൾഗാരിറ്റി ആണുള്ളത്. ഒരാൾക്ക് പച്ചയ്ക്ക് അത് ചെയ്യാമെങ്കിൽ , പ്രതികരിക്കുന്നതാണോ തെറ്റ് ? അതനുഭവിച്ച ആ അമ്മയുടെ ആ ദുരവസ്ഥ കണ്ടിട്ട് നിങ്ങൾ പ്രതികരിച്ചില്ല. ശക്തമായ ഒരു പെണ്ണെഴുത്തിൽ നിന്നുള്ള സൃഷ്ടി ആണിത്.
സെക്സിനെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകൾ, ബലപ്രയോഗത്തിലൂടെയുള്ള സെക്സിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ, ലിംഗ അസമത്വം, ജാതി-മത വർഗീയത, കലാപങ്ങൾ-യുദ്ധങ്ങൾ, താഴ്ന്ന ജീവിത നിലവാര സാഹചര്യങ്ങൾ, റേപ്പിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ തുടങ്ങിയവ സാമൂഹിക കാരണങ്ങളിൽ ഉൾപ്പെടുമ്പോൾ, മാനസിക കാരണങ്ങളിൽ പ്രധാനമായും വരുന്നത് , ലൈംഗികമായി സ്ത്രീകളെ പീഡിപ്പിക്കുന്നതിലുള്ള ആനന്ദവും സംതൃപ്തിയും കാരണമുണ്ടാകുന്ന സാഡിസം എന്ന പ്രത്യേകതരം മാനസിക പ്രശ്നം തന്നെയാണ് . അവരിൽ സെക്സ് ആസ്വാദനം എന്നതിലുപരി കീഴടക്കാനുള്ള മനോഭാവമാണ് സാധാരണയായി മുന്നിട്ടുനിൽക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ വികാസത്തോടെ ലൈംഗികതയെ കുറിച്ചുള്ള അറിവുകൾ ശരിയായ രീതിയിൽ എന്നതിന്നെക്കാൾ മോശമായ രീതിയിൽ അല്ലെങ്കിൽ മോശമായ കാഴ്ചപ്പാടുകളിൽ ആണ് കുട്ടികൾ മാനസിലാക്കുന്നത്. മനസിലാക്കിയ കാര്യങ്ങൾ പ്രാക്റ്റിക്കലായി ആസ്വദിക്കാനുള്ള ത്വര കൂടുമ്പോൾ ചിലപ്പോഴൊക്കെ അത് പീഡനങ്ങൾക്കു വഴിവയ്ക്കുന്നു എന്നതാണ് . നമുക്ക് ഭാവി പ്രൊജക്റ്റുകളെ കുറിച്ച് പ്രിയ പറഞ്ഞത് വായിക്കാം…
പ്രിയ ഷൈൻ : സാമൂഹിക പ്രതിബദ്ധത ഉള്ള പ്രോജക്റ്റുകൾ തന്നെയാണ് എന്റേതായി ഇനി വരാനുള്ളതും. ലിവിങ് ടുഗെദർ എന്നൊരെണ്ണം ഉണ്ട്. ലിവിങ് ടുഗെദർ എന്ന് പറയുമ്പോൾ ഒരുപുരുഷനും ഒരു സ്ത്രീയും ഒന്നിച്ചു ജീവിച്ച് കുറച്ചുനാൾ കഴിയുമ്പോൾ ഗുഡ്ബൈ പറഞ്ഞു പോകുന്ന ലിവിങ് ടുഗെദർ മാത്രമേ ജനങ്ങൾ കണ്ടിട്ടുള്ളൂ. സമൂഹം അതിനെ മോശമായ കാഴ്ചപ്പാടോടു കൂടിയാണ് കണ്ടിട്ടുള്ളത്. എന്നാൽ എന്റെ കൈയിൽ ശക്തമായ ഒരു പ്രമേയം ഉണ്ട് . അത് ചെറുപ്പക്കാരെ ഉദ്ദേശിച്ചല്ല. പിന്നെ മറ്റൊരു പ്രോജക്റ്റ് സ്ത്രീധനം. ഇന്നത്തെ സ്ത്രീധന സമ്പ്രദായം , അതിനെതിരെ ശക്തമായൊരു പെണ്ണെഴുത്ത്. പിന്നെ ശവഭോഗം . 1950 കാലത്തു നടന്ന ഒരു സംഭവമാണത്. പിന്നെ ഒന്നും മിണ്ടാത്ത ഭാര്യ, നാറാണത്തു ഭ്രാന്തൻ , കണ്ടൽക്കാടും കരിമീനും തമ്മിലുള്ള പ്രണയം… കണ്ടൽക്കാടുകൾ ഇന്ന് നാമാവശേഷമായി , ഇപ്പോൾ കരിങ്കൽ തടയണകളാണ്. കണ്ടൽച്ചെടികളുടെ അടിയിലാണ് കരിമീനുകൾ ബ്രീഡിങ് നടത്തുന്നത് . അപ്പോൾ കണ്ടൽക്കാടുകൾ നാമവിശേഷമാകുന്നതിനെ കുറിച്ച് ഒരു കവിതാ രൂപത്തിൽ ഒരു സംഭവം. അതാണ് കണ്ടൽക്കാടും കരിമീനും തമ്മിലുള്ള പ്രണയം. പിന്നെ , പ്രകൃതിയുടെ കാവലാൾ എന്ന ഡോക്ക്യൂമെന്ററി . ഇതെല്ലാം ഷൂട്ട് കഴിഞ്ഞിരിക്കുന്നതാണ്. ഫണ്ടിന്റെ അവൈലബിലിറ്റി പോലെ എല്ലാം ഇറക്കണം. രണ്ടുപാട്ടും കവിതയുമുള്ള മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള വേശ്യ എന്ന ഷോർട്ട് മൂവി ഉടനെ റിലീസ് ആകും.
വൃദ്ധയായ ഒരു സ്ത്രീയുടെ യോനിയിൽ ഇരുമ്പുകമ്പി കമ്പി കടത്തി മനസികവൈകൃതം പ്രകടിപ്പിക്കുക എന്നത് അത്രമാത്രം ഹീനജന്മങ്ങൾക്കു മാത്രമേ സാധ്യമാകൂ. ആ സ്ത്രീയുടെ ആർത്തനാദങ്ങളെ സംഗീതമായി ആസ്വദിക്കാൻ അത്രമാത്രം വെറിപിടിച്ച മനസുകൾക്ക് മാത്രമേ സാധ്യമാകൂ. അവിടെ നിയമവും നിയമപാലനവും കാര്യക്ഷമം അല്ലെങ്കിൽ പ്രതികാരം സ്ത്രീകൾ തന്നെ നിർവഹിക്കുന്നതിൽ തെറ്റില്ല. തീയുടെ ജ്വാലകൾ അണിഞ്ഞുകൊണ്ടു ആഗ്നേയകളായി അത്തരം പിശാചുകൾക്കെതിരെ പ്രവർത്തിക്കുക തന്നെ വേണം. അവരുടെ വികാരോത്സവങ്ങൾക്ക് കൊടിയേറുന്ന ലിംഗധ്വജസ്തംഭങ്ങൾ ഛേദിക്കുക തന്നെ വേണം. സ്വയംകൃതാനർത്ഥ ഷണ്ഡത്വങ്ങൾ പേറി പൂർവ്വകാല പാപങ്ങൾ ഓർത്ത് അവന്മാർ നരകിക്കുക തന്നെ വേണം. അനീതികൾ നടക്കുമ്പോൾ കലാപമാണ് ഉണ്ടാകേണ്ടത് അല്ലാതെ ഭൂമിയോളം സഹനമല്ല എന്ന് ആഗ്നേയ ഊന്നിയൂന്നി പറയുമ്പോൾ നമുക്ക് നൽകാം നല്ലൊരു കയ്യടി…. പ്രിയ തനിക്കു കിട്ടിയ പ്രോത്സാഹനങ്ങളെ കുറിച്ച് തുറന്നുപറയുന്നു
പ്രിയ ഷൈൻ : ഏറ്റവുമധികം ഞാൻ എന്റെ ആത്മാവിനോട് ചേർത്തുപിടിക്കുന്ന പ്രോത്സാഹനം …. ഞാൻ എന്റെ ഗുരുനാഥനായി കാണുന്ന അടൂർ ഗോപാലകൃഷ്ണൻ സാറിൽ നിന്നാണ് . എന്റെ സിനിമയുടെ പൂജ സാറിന്റെ വീട്ടുമുറ്റത്തു (Darsanam) വച്ച് നടത്താമോ എന്ന് ചോദിച്ചു അദ്ദേഹത്തിന്റെ പെർമിഷൻ മേടിച്ചപ്പോൾ അദ്ദേഹം എന്നെ കുറെനേരം നോക്കിയിരുന്നിട്ട് പറഞ്ഞു, വളരെ ശക്തിയും ധൈര്യവുമുള്ള ഒരു സ്ത്രീയാണ് നീ. നിന്റെ ഉള്ളിലൊരു അഗ്നിയുണ്ട്. ആ അഗ്നി ഒരിക്കലും കെട്ടടങ്ങരുത്, അതിനെ ആളിക്കത്തിക്കണം , അതായതു എന്തിനു വേണ്ടിയാണെങ്കിലും വച്ച കാൽ പിറകോട്ടു വയ്ക്കാനൊരു അവസ്ഥ ഉണ്ടാകരുത് എന്ന് പറഞ്ഞത്..
പിന്നെ എംജെ രാധാകൃഷ്ണൻ സാർ അദ്ദേഹം ലെജൻഡ് ഓഫ് ദി സിനിമാട്ടോഗ്രാഫർ ആണ്. അദ്ദേഹം ആണല്ലോ എന്റെ സിനിമയ്ക്കും കാമറ ചെയ്തത്. അദ്ദേഹം പറഞ്ഞത് നിന്നെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു. നിന്റെ ആ എഫർട്ട് സമ്മതിച്ചു തന്നിരിക്കുന്നു എന്നാണ് . കാരണം ഞാൻ സിനിമയുടെ ലൊക്കേഷനു വേണ്ടി ഒറ്റപ്പാലത്തൊക്കെ തനിയെ ആണല്ലോ പോയി കണ്ടത് . ഫണ്ടിന്റെ അപര്യാപ്തത കൊണ്ട് ലൊക്കേഷൻ ഒക്കെ ഞാൻ തന്നെ പോയി കണ്ടു ഫോട്ടോസ് സാറിനു അയക്കുകയായിരുന്നു. ‘നന്നായി വരും ‘ എന്നുള്ള അദ്ദേഹത്തിന്റെ ഒരു അനുഗ്രഹം . പിന്നെ വർഷങ്ങൾക്കു മുമ്പ് ദൈവദൂതൻ എന്നൊരു ഡോക്യൂമെന്ററി Fr Abraham Kaippanplackal നെ കുറിച്ചും അദ്ദേഹം നടത്തുന്ന ഓർഫനേജുകളെ കുറിച്ചും എടുത്തിരുന്നു. ദാസേട്ടന്റെ കൈകൾകൊണ്ട് ആ സീഡി അദ്ദേഹത്തിന് കൊടുത്തു. അതിൽ ഒരു ഹിന്ദുവായ ഞാൻ ഒരു ക്രിസ്ത്യൻ ഡിവോഷണൽ ഗാനവും പിന്നെ Kaippanplackal അച്ചനെ കുറിച്ചൊരു ഗാനവും എഴുതി. ആ ഗാനത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ “ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത്” എന്ന നാലുവരി ശ്രീനാരായണ ഗുരുദേവന്റെ ശ്ലോകം പാടിയാണ് ഞാൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത്.
പാടരുത് എന്ന് എന്നോട് പറഞ്ഞിരുന്നു. ഞാനതു ദാസേട്ടനോട് പറഞ്ഞു എന്റെ സ്വരം കൊള്ളത്തില്ല , പാടരുതെന്നാണ് പറഞ്ഞത് എന്ന്. അപ്പോൾ ദാസേട്ടൻ പറഞ്ഞു… “പാടുകയും എഴുതുകയും ട്യൂൺ ചെയുകയും ചെയ്യുന്നൊരു ലേഡി ആണ് നിങ്ങൾ ,രണ്ടുവരി എഴുതാൻ പറഞ്ഞാൽ എനിക്ക് അറിയില്ല. സംഗീതം ചെയ്യാൻ പറഞ്ഞാൽ അറിയില്ല. എനിക്ക് പാടാൻ മാത്രമേ അറിയത്തുള്ളൂ. എന്നാൽ ഇതെല്ലാം ദൈവം നിങ്ങള്ക്ക് അനുഗ്രഹിച്ചു തന്നിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ വലിയൊരു നിലയിൽ അറിയപ്പെടും”
മേല്പറഞ്ഞ മൂന്നുകാര്യങ്ങൾ ഞാൻ ആത്മാവിനോട് ചേർത്ത് പിടിക്കുന്നതാണ്. പിന്നെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മാഷ് , മൈരെന്ന ഗാനം എഴുതിയത് ഞാനാണ് ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റു നിന്ന് രണ്ടുകയ്യുംകൂപ്പി തൊഴുതു. അതെന്റെ കണ്ണുകൾ നിറച്ചു. കാരണം ഒരുപാട് പേര് ആ പാട്ടിനെ വിമര്ശിച്ചപ്പോഴും അതുപോലെ വലിയൊരു വ്യക്തി എന്നെ കൈകൂപ്പി തൊഴുതപ്പോൾ….. അതൊക്കെ എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നതുപോലെയുള്ള അനുഭവമായിരുന്നു. അതൊക്കെ ഞാൻ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയാണ്.
ദുർബലരായ വ്യക്തികളാണ് കൂടുതലായി ബലാത്സംഗം, ലൈംഗികപീഡനം എന്നിവയ്ക്ക് ഇരയാകുന്നത്.. ‘ഇരയെ’ എളുപ്പം കീഴ്പ്പെടുത്താം എന്ന ചിന്തയാണ് കാരണം. അതുകൊണ്ടു തന്നെയാണ് സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബലാത്സംഗത്തിന് ഇരയാകുന്നത്. എപ്പോഴും ഒരാളുടെ മേൽ മറ്റൊരാൾക്ക് അധീശത്വം സ്ഥാപിക്കണമെങ്കിൽ ഒരാൾ പ്രബലനും മറ്റെയാൾ ദുർബലനും ആയിരിക്കണം. ബലാത്സംഗത്തിന് സാമൂഹികവും സാംസ്കാരികവും വ്യക്തിത്വപരവും ലിംഗപരവും മാനസികവും സാങ്കേതികവിദ്യാപരവും ആയ വിവിധ കാരണങ്ങളുണ്ട്. എന്ന് ചൂണ്ടിക്കാട്ടാൻ ബൂലോകം ടീവി ആഗ്രഹിക്കുന്നു ,അതോടൊപ്പം കവിതപരമായ ഇടപെടലുകളെ കുറിച്ച് പ്രിയ പറയുന്നു
പ്രിയ ഷൈൻ : ഞാൻ നൂറ്റിയമ്പതോളം കവിതകൾ എഴുതിയിട്ടുണ്ട്, അതുകൂടാതെ അമ്പതോളം കവിതകൾ ഞാൻ വിഷ്വലൈസ് ചെയ്തു. അടൂർ സാർ തന്നെ പ്രകാശനം നിർവഹിച്ച ഭ്രാന്തി എന്ന കവിത, അതും ഒരു ബോധവത്കരണം ആണ്. പൊതുനിരത്തിലൂടെ നിറവയറോടെ പോകുന്നൊരു ഭ്രാന്തി , അവൾക്കു സ്വന്തം പേരുപോലും അറിയത്തില്ല. . ഓരോവർഷവും ആരെങ്കിലും അവൾക്കൊരു ബീജം കൊടുക്കുന്നു അവൾ ഓരോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു . ആ കുട്ടികളെല്ലാം തെരുവിന്റെ സന്തതികളായി വളരുന്ന ഒരു അവസ്ഥ. ആ ഒരു ദുരവസ്ഥയെ ചിത്രീകരിച്ചു ഭ്രാന്തി ഒന്നാംഭാഗവും ഭ്രാന്തി രണ്ടാംഭാഗവും എടുത്തു . ഇപ്പോൾ മൂന്നാംഭാഗവും എടുക്കുന്നുണ്ട്. അതുപോലെ മറ്റൊരു കവിത ‘എപ്പിലെപ്സി’. ചുഴലി ബാധിച്ചവരെ കുറിച്ചൊരു കവിത. പിന്നെ ഓട്ടിസം ബാധിച്ച കുഞ്ഞിനെ കുറിച്ചുള്ള കവിത , അതിനു ബെസ്റ്റ് പൊയട്രി അവാർഡ് ഉണ്ടായിരുന്നു .
ഷോർട്ട് മൂവി മേഖല പാർശ്വവത്കരിക്കപ്പെടുന്നുണ്ട് , പ്രിയയ്ക്ക് പറയാനുള്ളത് ?
പ്രിയ ഷൈൻ : പലരും പറയും..ഓ ഷോർട്ട്മൂവിയാണോ ..ഇങ്ങനെയൊരു പരിഹാസത്തിന്റെ മുനകൾ പലപ്പോഴും എടുത്തിടാറുണ്ട്. ഞാൻ പറഞ്ഞിരുന്നല്ലോ..ഞാൻ സിനിമ ചെയ്തതിനു ശേഷമാണ് ഈ ഷോർട്ട് മൂവി മേഖലയിലേക്ക് കടന്നുവന്നത്. ഞാൻ പൊതുവെ മൗനമായി നിൽക്കും..എന്നാൽ ഓരോ വർക്ക് കഴിയുമ്പോഴും ഞാനൊരു അടിക്കുറിപ്പിടും ‘സിനിമയല്ല കലയുടെ അവസാനവാക്ക് ‘ . എല്ലാരും ഷോർട്ട് മൂവികൾ ചെയ്തു തന്നെയാണ് സിനിമയിലേക്ക് വന്നത്. സിനിമ ഡ്രീം ആയി കൊണ്ട് നടക്കുന്ന ആളുകൾക്ക് ഒരു ഹ്യൂജ് പ്രോജക്റ്റ് ചെയ്യാനുള്ള സാമ്പത്തികം ഇല്ലാത്തവർ ആണ്. അവരുടെ ആ ആശകൾ അടക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഷോർട്ട് മൂവി. ഞാനൊക്കെ ആർട്ട് തൊട്ടു മേക്കപ്പ് വരെ ഞാൻ ഒറ്റയ്ക്ക് ചെയ്തുകൊണ്ടാണ് കാശിന്റെ ആ ലഭ്യതക്കുറവ് പരിഹരിക്കാൻ ശ്രമിച്ചിട്ടുളളത്. അത്രമാത്രം സഫർ ചെയ്തിട്ടുണ്ട്.
“ഫെസ്റ്റിവലുകളുടെ നടത്തിപ്പുകാർ കാശുണ്ടാക്കാൻ മാത്രമാണ് ഇതൊക്കെ സംഘടിപ്പിക്കുന്നത്”
അതുപോലെ തന്നെ ഓരോ ഫെസ്റ്റിവലുകളിൽ അയക്കുമ്പോഴും ആയിരം രൂപയൊക്കെ എൻട്രി ഫീസ് പറയുമ്പോൾ നമ്മളത് ആരോട് വാങ്ങും . പലപ്പോഴും നമ്മുടെ കൈയിൽ നിന്നും ഇട്ടൊക്കെയാണ് മൂവി സെന്റ് ചെയ്യാറുള്ളത്. എപ്പോഴും അങ്ങനെ ചെയ്യാൻ പറ്റിയെന്നുവരില്ല. മാത്രമല്ല പല അവാർഡുകളും വെറും കളിപ്പീര് ആണ് . ചിലതാണെങ്കിൽ അവാർഡ് ആർക്കൊക്കെ കൊടുക്കണം എന്ന് തീരുമാനിച്ചു വച്ചിട്ടാണ് ഫെസ്റ്റിവൽ തുടങ്ങുന്നതുപോലും. അപ്പോൾ ഞങ്ങളെ പോലുള്ളവരുടെ പൈസയും പോയി… ആത്മാവ് വൃണപ്പെടുകയും ചെയ്യും. കഴിവുള്ളവരെ അംഗീകരിക്കുന്നില്ല. അതുകൊണ്ടു വളരെ ജെനുവിൻ ആയിട്ടുള്ള ഫെസ്ടിവൽസിനു മാത്രമേ അയക്കുന്നുള്ളൂ.
ബൂലോകം ഫെസ്റ്റിവൽ ഒക്കെ വളരെ നല്ല രീതിയിൽ, ചൂഷണരഹിതമായും സത്യസന്ധമായും ആണ് സംഘടിപ്പിക്കുന്നതെന്ന് പ്രിയ പറയുന്നു
“ബൂലോകം ഫെസ്റ്റിവൽ ഒക്കെ വളരെ നല്ല രീതിയിൽ ആണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. അങ്ങനെയാണ് ഞാൻ ഇതിനു അയച്ചത്. പക്ഷെ ചിലയിടത്തൊക്കെ അന്യായമായ ഫീസ് ഈടാക്കിയിട്ടാണ് ഇതൊക്കെ സംഘടിപ്പിക്കുന്നത്. ഞാൻ കാട്ടിൽ പോയി ഒരു ഷൂട്ട് ചെയ്തു ട്രൈബൽസിനെ ഒക്കെ വച്ചിട്ട്. ‘കാടോരിയം’എന്നാണ് അതിന്റെ പേര്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മാഷ് അതിന്റെ വരികൾ എഴുതിത്തന്നു. കാട്ടിൽ പോയി തിരിച്ചുവരുമ്പോൾ ദേഹം മുഴുവൻ മുറിപ്പെട്ട് , ക്ളൈമറ്റ് ഉൾപ്പെടെയുള്ള ഒരുപാട് പീഡകൾ അനുഭവിച്ചു തിരിച്ചുവന്നു… നമ്മൾ എഡിറ്റിങ്ങിനു ഇരിക്കുമ്പോൾ …അത് കണ്ടുകഴിയുമ്പോൾ …നമ്മളിത് ചിത്രീകരിച്ചല്ലോ എന്നുള്ള ഒരു മെന്റൽ സാറ്റിസ്ഫാക്ഷൻ . ഇതിന്റെയൊക്കെ പിന്നിലെ ആ ഒരു എഫേർട്ട് വളരെ ഭയങ്കരമാണ് . അതിനൊരു അവാർഡ് കിട്ടുമ്പോൾ നമ്മളെ അംഗീകരിക്കുന്നു..നമ്മൾ അംഗീകരിക്കപ്പെടുന്നു..അതാണ് നമുക്ക് വേണ്ടത്. എന്നെപ്പോലൊരു കലാകാരിയെ സംബന്ധിച്ച് സാമ്പത്തികം അല്ല വേണ്ടത്, എനിക്ക് കല ഒരു ഉപജീവനം അല്ല. എന്നാൽ പരിഗണന , കലാകാരിയാണ് എന്ന പരിഗണന… നമുക്ക് കിട്ടുമ്പോൾ അതാണ് എല്ലാത്തിനും മീതെയായി ഞാൻ കരുതുന്നത്.”
vote for agneya
“എന്നെ ഇന്റർവ്യൂ ചെയ്തതിൽ വളരെ നന്ദിയുണ്ട്. എനിക്ക് കിട്ടിയ പോസിറ്റിവ് എനർജി വളരെ വലുതാണ്”
പ്രിയ ഷൈൻ : ബൂലോകം ടീവിയ്ക്ക് വേണ്ടി എന്നെ ഇന്റർവ്യൂ ചെയ്തതിൽ വളരെ നന്ദിയുണ്ട്. എനിക്ക് കിട്ടിയ പോസിറ്റിവ് എനർജി വളരെ വലുതാണ്. അങ്ങയിൽ നിന്നുകിട്ടിയ ചില നല്ല കാര്യങ്ങളുണ്ട്… പലതും പഠിക്കാനും ഗ്രഹിക്കാനും പറ്റി . നിരാശ എന്നൊരു വാക്ക് ജീവിതത്തിൽ ഇല്ല..പ്രത്യാശ എന്നൊരു വാക്കാണ് ഇഷ്ടം. ഞാൻ ഓരോ ഷോർട്ട് മൂവി ഫെസ്റ്റിലേക്ക് പ്രതീക്ഷയോടെ അയച്ചാലും , അയച്ചിട്ട് കാത്തിരുന്നാലും ചിലപ്പോൾ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ അടുത്ത ഫെസ്റിവലിലേക്കു അയക്കാനുള്ള പ്രത്യാശ ഉണ്ട്. വീണു എങ്കിൽ മാത്രമല്ലെ എഴുന്നേൽക്കാൻ പറ്റൂ. കടോരിയത്തിനു അവാർഡ് ഉണ്ടെന്നു ഇന്നാണ് വിളിച്ചു പറഞ്ഞത്. എറണാകുളം പ്രസ് ക്ലബിൽ നിന്നും അത് ഏറ്റുവാങ്ങണം. നിറഞ്ഞ മനസോടെ പോയാണ് കാട്ടിൽ വച്ച് ഷൂട്ട് ചെയ്തത് എങ്കിലും… ഒരുപാട് കഷ്ടപ്പെട്ടതെങ്കിലും….. നിറഞ്ഞ മനസോടെ പോയാണ് ഒരു കലാകാരുടെ ആ സ്വാഭിമാനം സ്വീകരിക്കുന്നത്. മറ്റുള്ളവരെ വച്ച് ആക്ഷനും കട്ടും പറഞ്ഞല്ല .. അഭിനയം ഉൾപ്പെടെ ഇതെല്ലാം ഒറ്റയ്ക്ക് ചെയുമ്പോൾ അത് അംഗീകരിക്കപ്പെടുമ്പോൾ ചെറുതായാലും വലുതായാലും ആ അവാർഡ് നമ്മുടെ നെഞ്ചോട് ചേർത്തുവയ്ക്കാൻ സാധിക്കുന്നു. അതോടുകൂടി ഒരു ഗുഡ് ന്യൂസ് പറയാനുള്ളത് ഡിസംബർ പത്തിന് ഞാൻ ഡൽഹിയിൽ പോയി മിനിസ്റ്ററുടെ കൈയിൽ നിന്നും നാഷണൽ അവാർഡ് വാങ്ങുന്നുണ്ട്, ബഹുമുഖപ്രതിഭാപുരസ്കാരം. അനുഗ്രഹം വേണം. ഒത്തിരി നന്ദി… മനസ് നിറഞ്ഞു എന്നെ അനുഗ്രഹിക്കണം…
***
11,688 total views, 18 views today