ഫിലിം മേക്കറായ പ്രിയ ഷൈൻ എഴുതിയത്
“ഉറക്കം മരണം പോലെയാണ്, ഉണരുന്നത് ജനനവും ” – എന്ന തിരുക്കുറൾ വാക്യത്തിൽ മിഴികളൂന്നി ആ വാക്യത്തിന്റെ അന്തർധാരയെന്താണ് എന്ന് റിസപ്ഷനിസ്റ്റിനോട് അന്വേഷിയ്ക്കുന്ന ജെയിംസ് താൻ താമസിയ്ക്കുന്ന ആ ലോഡ്ജിൽ നിന്നും ഭാര്യ സാലിയേയും, മകനേയും കൂട്ടി ” ഒരിടത്ത് ” എന്നെഴുതിയ നാടക വണ്ടിയിൽ വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടക്കയാത്ര തുടങ്ങുന്നിടത്തു നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമ ആരംഭിയ്ക്കുന്നു.
ഗ്രീൻ പ്ലെ പ്ലൈവുഡിന്റെ ഒരു പരസ്യ ചിത്രത്തിൽ നിന്നാണ് ഈ ചിത്രത്തിലേയ്ക്കുള്ള വഴി തുറന്നതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഐ എഫ് എഫ് കെ വേദിയിൽ പറയുകയുണ്ടായത് ഓർക്കുന്നു. ബസിൽ തന്റെ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത ഒരു സിഖ് ആൺകുട്ടി യാത്രാ മദ്ധ്യേ ഒരു തമിഴ് ഭവനം കാണുകയും ബസിൽ നിന്നിറങ്ങി ആ ഭവനത്തിൽ കയറി വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ അവിടത്തെ ഒരു തമിഴ് ബാഹ്‌മണനായി വാക്കിലും, പ്രവർത്തിയിലും പെരുമാറുകയും ചെയ്യുന്നതായിരുന്നു ഈ പരസ്യത്തിന്റെ ഉള്ളടക്കം. അതിൽ നിന്നും ഉൾക്കൊണ്ട ഊർജ്ജത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരി തന്റെ ചിത്രത്തിലെ നായകനായ ജെയിംസ് എന്ന കഥാപാത്രവും യാത്രാ മദ്ധ്യേ സഹയാത്രികരോടൊപ്പം ഉച്ചമയക്കത്തിലാവുകയും തുടർന്ന് ബസ് നിർത്താൻ പറയുകയും ചോളവയലുകൾ പൂത്ത വഴികളിലൂടെ ചിരപരിചിതനെപ്പോലെ നടക്കുകയും മലയാളികളുടെ മുണ്ടിൽ നിന്നും രണ്ടറ്റവു കൂട്ടിയടിച്ച തമിഴ് കള്ളിമുണ്ടിലേയ്ക്കും, കള്ളി ഷർട്ടിലേയ്ക്കും മാറി സുന്ദരം എന്ന തമിഴനായി പരകായപ്രവേശം നടത്തുന്നതിലേയ്ക്ക് സിനിമ കൊണ്ടെത്തിയ്ക്കുകയും ചെയ്തു.
അനന്തരം ജെയിംസിനെ കാത്ത് നിന്ന് മടുത്ത സഹയാത്രികരും ജെയിംസിന്റെ ഭാര്യയും , മകനും ജെയിംസിനെ തേടി നടക്കുകയും മാർഗമദ്ധ്യേ വീടിന്റെ ചുവരിൽ ചാണകം പരത്തി ഒട്ടിയ്ക്കുന്ന സ്ത്രീയോട് “ഇതുവഴി പൊക്കമുള്ള വെളുത്ത ഒരാൾ നടന്നു പോകുന്നത് കണ്ടുവോ ” എന്ന ചോദ്യത്തിന്
” ഇത് വഴി പലരും കടന്നുപോയിട്ടുണ്ട്. അതിൽ പലരും മരിച്ച് പോയിട്ടുമുണ്ട് നിങ്ങൾ ആരെക്കുറിച്ചാണ് ചോദിയ്ക്കുന്നത് ” എന്ന ആ സ്ത്രീ ചോദിച്ച ചോദ്യത്തിന് വളരെ വലിയ അർത്ഥവും, അർത്ഥാന്തരങ്ങളുമുണ്ട്.
എനിയ്ക്കീ സിനിമയിലേറ്റവും ഇഷ്ടമായ ഫ്രെയിം സുന്ദരത്തിന്റെ വീട്ടിനുള്ളിൽ നിന്നും പൂങ്കുഴലിയും, മകളും ഒരു ജന്നലിലൂടെ പുറത്തേയ്ക്ക് നോക്കുന്ന ദൃശ്യത്തിത്തെ ഫ്രയിമും ഒപ്പം തന്നെ ജെയിംസിന്റെ (സുന്ദരം)ഭാര്യയായ സാലിയും, മകനും പുറത്തിരിയ്ക്കുന്ന ദൃശ്യത്തിന്റെ ഫ്രെയിമും തമ്മിലുള്ള ഏകോപനവും ആണ്.അടൂർ സാറിന്റെ അവാർഡ് സിനിമകൾ കണ്ട് വളർന്ന ഒരു പ്രേക്ഷക എന്ന നിലയിൽ സിനിമയിലെ ലാഗ് ഒരു വലിയ സംഭവമായി എനിയ്ക്ക് തോന്നില്ല എങ്കിലും ഈ സിനിമയിലെ ലാഗ് വളരെ അരോചകമായി തോന്നി ഒപ്പം മുഴുനീള ടിവിയുടെ ഉയർന്ന ശബ്ദത്തിന്റെ ആവർത്തനവിരസതയും .
കാക്കയെ സിംബോളിക്കലായി കാണിച്ച് കഥാപാത്രത്തിന്റെ തീവ്രത പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയ ലിജോ ജോസ് പെല്ലിശേരിയുടെ ബൗദ്ധികത ഏറെ ശ്ലാഖനീയമാണ്.മമ്മൂട്ടി എന്ന നടന്റെ നടന വൈഭവത്തിനൊരു നാഴികക്കല്ല് കൂടിയാണീ ചിത്രം .