Entertainment
സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരുടെ നാട്ടിൽ മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന ഒരു ഹോമിയോ ഡോക്ടർ

Firaz Abdul Samad
ഫീൽ ഗുഡ് സിനിമകളുടെ കുത്തൊഴുക്കിൽ മുങ്ങി പോയിരുന്ന മലയാള സിനിമയിൽ, കഴിഞ്ഞ കുറച്ചു കാലങ്ങളായി റിയലിസ്റ്റിക് സിനിമകളുടെയും, ത്രില്ലറുകളുടെയും എണ്ണമാണ് കൂടി നിൽക്കുന്നത്. അത് കൊണ്ട് തന്നെ കൊറേ കൂടി ലൈറ്റ് ഹാർട്ടഡ് ആയ ഫീൽ ഗുഡ് സിനിമകൾ ഇപ്പോൾ കാണുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. അങ്ങനെയൊരു ഫീൽ ഗുഡ് ചിത്രമായി തീയേറ്ററിൽ എത്തിയ മലയാള സിനിമയാണ് ആന്റണി സോണി സംവിധാനം ചെയ്ത്, ശറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രം.
സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന ഒരു ഹോമിയോ ഡോക്ടർ ആയ, സിനിമ സ്വപ്നം കാണുന്ന ഒരു വ്യക്തിയുടെ കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.സംവിധായകന്റെ തന്നെ മുൻകാല ചിത്രമായ C/o സൈറാഭാനു എന്ന ചിത്രത്തിന് ഒരു പടി മുകളിൽ നിൽക്കുന്ന ചിത്രമായാണ് പ്രിയനെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അഭയകുമാറിന്റെയും, അനിൽ കുര്യന്റെയും കോണ്ഫ്ലിക്റ്റുകളും, തമാശയും നിറഞ്ഞ തിരക്കഥയെ നല്ല വൃത്തിക്ക് അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ഉണ്ണികൃഷ്ണൻ കൈകാര്യം ചെയ്ത ക്യാമറയും, ജോയൽ കൈകാര്യം ചെയ്ത എഡിറ്റിംഗും, ലിജിൻ ബാമ്പിനോ കൈകാര്യം ചെയ്ത സംഗീതവുമെല്ലാം ചിത്രത്തിന് അനുയോജ്യമായി തന്നെ തോന്നി.
സ്വന്തം കാര്യം പോലും മറന്ന്, മറ്റുള്ളവർക്ക് വേണ്ടി ഓടുന്ന പ്രധാന കഥാപാത്രത്തെ നന്മയുടെ അതിപ്രസരം എന്ന് തോന്നാമെങ്കിലും, അങ്ങനെയുമുള്ള ആളുകൾ ഇവിടെ വേണം എന്നത് ഒരു ലാർജർ ദാൻ ലൈഫ് ആശയമാണെങ്കിൽ കൂടി, നല്ലൊരു കാര്യമായാണ് അനുഭവപ്പെട്ടത്. ചിത്രത്തിൽ അത്യാവശ്യം ചിരിക്കാൻ ഉള്ള വകയും വളരെ ജനുവിൻ ആയി തന്നെ ഒരുക്കിയിട്ടുണ്ട്.
ആകെ നെഗറ്റീവ് ആയി തോന്നിയത് കേന്ദ്ര കഥാപാത്രം നേരിടുന്ന കോണ്ഫ്ലിക്റ്റിൽ ചിലത് അൽപ്പം ഫോഴ്സ്ഡ് ആയി തോന്നി എന്നതും, അവസാനത്തോടടുക്കുമ്പോളുള്ള ചെറിയ ലാഗും മാത്രമാണ്. പ്രകടനങ്ങളിലേക്ക് വരുമ്പോൾ, പ്രിയദർശനായി വളരെ മികച്ച പെർഫോർമൻസ് ആണ് ശറഫുദ്ധീൻ കാഴ്ച വെച്ചിരിക്കുന്നത്. തന്നിലെ നടൻ ഇനിയും എക്സ്പ്ലോർ ചെയ്യാപെടാനുണ്ട് എന്ന് അദ്ദേഹം ഒന്ന് കൂടി ഉറപ്പിക്കുന്നുണ്ട് ചിത്രത്തിലൂടെ. സഹ താരങ്ങളായി വന്ന നൈല, അപർണ, ബൈജു, ഹക്കീം, അനാർക്കലി, RJ മൈക്ക് തുടങ്ങിയവരുടെയെല്ലാം പ്രകടനങ്ങൾ നന്നായിരുന്നു.ആകെമൊത്തം, കുടുംബവുമൊത്ത് ഒരു തവണ തീയേറ്ററിൽ നിന്ന് കാണാവുന്ന ഒരു നല്ല ഫീൽ ഗൂഡ് ഡ്രാമ ആയാണ് പ്രിയൻ ഓട്ടത്തിലാണ് അനുഭവപ്പെട്ടത്.പ്രിയന് മൂവി മാക് നൽകുന്ന റേറ്റിംഗ്- 8/10. സ്നേഹത്തോടെ, മാക്.
844 total views, 4 views today