ജോളി ജോസഫ് (നിർമാതാവ്)
മംഗലാപുരത്തിനടുത്തുള്ള കൂളായ് എന്ന കടൽത്തീര ഗ്രാമത്തിലെ ചെമ്മീൻ കമ്പനിയിൽ ദിവസ കൂലിവേല എടുത്തിരുന്ന ഏകദേശം അറുനൂറോളം സ്ത്രീ തൊഴിലാളികളുടെ കൂടെ പണിയെടുത്തിരുന്ന ഇരുപതോളം ആൺകുട്ടികളിൽ ഞാനുമുണ്ടായിരുന്നു അഞ്ചുരൂപ ദിവസവേതനത്തിൽ …! നാനാജാതിമതക്കാരായ അവരിൽ ഭൂരിപക്ഷം സ്ത്രീകളും കൊച്ചിയിൽ നിന്നുമുള്ളവരായിരുന്നു . എന്നെ പോലെതന്നെ സ്വന്തം വീടുകളിലെ ദയനീയതയായിരുന്നു അവരെയും അവിടെ

എത്തിച്ചത് . പച്ചപാവങ്ങളായ എന്നാൽ ദുരിതാവസ്ഥയിലുള്ള സ്ത്രീകളുടെ ലോകത്ത് പിടിച്ചു നിൽക്കുക അത്ര എളുപ്പമല്ലായിരുന്നു . ഒട്ടും പരിചതമില്ലാത്ത ‘ ചുരുളി ‘ ഭാഷ കേട്ടും അതിന്റെ പ്രവർത്തികൾ നേരിട്ട് കണ്ടും ചൂളിയ ദിനങ്ങളായിരുന്നു ഏറെയും …!
വളരെ ചെറുപ്പമായിരുന്ന എന്നെ സ്വന്തം അനിയനെപോലെ കാണുകയും കരുതലാവുകയും സ്നേഹിക്കുകയും ചെയ്ത ഏകദേശം മുപ്പതു വയസുമുള്ള തോപ്പുംപടികാരി ഷീല ചേച്ചിയുടെ കല്യാണം നല്ല പ്രായത്തിൽ എറണാകുളത്തുള്ള ഒരാളുമായി ഉറപ്പിച്ചതായിരുന്നു , പക്ഷെ കല്യാണത്തലേന്ന് സ്ത്രീധനത്തെ കുറിച്ചുള്ള തർക്കങ്ങളിൽ പെട്ടുപോവുകയും അടിപിടിയാവുകയും കല്യാണം മുടങ്ങുകയും ചെയ്തപ്പോൾ ചേച്ചിയുടെ അമ്മ സങ്കടം സഹിക്കാനാവാതെ മട്ടാഞ്ചേരി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു . കൂളായിൽ ഞങ്ങൾ താമസിച്ചിരുന്ന ഓല ഷെഡ്‌ഡിനടുത്തുള്ള കടൽത്തീരത്തെ മീൻ വള്ളങ്ങളിൽ ചാരിനിന്ന് അതിനെകുറിച്ച് ചേച്ചി പലപ്പോഴും എന്നോട് വിവരിക്കുമ്പോൾ അവരുടെ കവിളിലൂടെ ഒഴുകിയ ചുടുചോരക്ക് നക്ഷത്രങ്ങളും നിലാവെളിച്ചവും നിശബ്ദമായി കരഞ്ഞിരുന്ന ഞാനും സാക്ഷി .. !
കുറച്ച് കാലത്തിനുശേഷം ഞങ്ങളുടെ കമ്പനിയിലെ മീൻ വണ്ടി ഡ്രൈവറും മട്ടാഞ്ചേരിക്കാരനുമായ ചുള്ളൻ ഹുസ്സൈനുമായി ചേച്ചി പ്രണയത്തിലായപ്പോൾ എന്താണെന്നറിയില്ല ഏറ്റവും അധികം സന്തോഷിച്ചത് പലപ്പോഴും ഹംസമായിരുന്ന ഞാനായിരുന്നു . ഇരുനിറത്തിലെ സുന്ദരിയായ ചേച്ചിയുടെ മനോഹരമായ നുണകുഴി ചിരികൾ കാണാൻ തുടങ്ങിയപ്പോൾ, ഞാൻ ഹുസൈനെ അളിയനെന്നു വിളിച്ചു, ഞങ്ങൾ ആര്മാദിച്ചാഘോഷിച്ചു .എനിക്ക് വളരെ ഇഷ്ടമായ യക്ഷഗാനം കാണാൻ അളിയൻ പലപ്പോഴും കൂട്ടുവന്നു.
ചേച്ചിയേക്കാൾ വയസ്സിനിളപ്പമുള്ള അന്യജാതിക്കാരൻ ഹുസൈൻ, അതും സ്ത്രീധനം വാങ്ങാതെ കൊടുക്കാതെ കല്യാണം കഴിച്ചാൽ ചേച്ചിയുടെ താഴെയുള്ള രണ്ടു അനുജത്തിമാരുടെ ജീവിതം കോഞ്ഞാട്ടയാകും എന്ന അപ്പന്റെയും കൊച്ചാപ്പന്മാരുടെയും അമ്മായിമാരുടെയും നിര്ബന്ധബുദ്ധിക്ക് വഴങ്ങി പാവം ചേച്ചി പ്രണയം വിട്ടു മൂകയായി,വിവരമറിഞ്ഞ അളിയൻ അവിടം വിട്ടു പോയി .
വർഷങ്ങൾക്ക് മുൻപുള്ള ഒരു നവംബർ പതിനാറാം തിയതി രാത്രി ഞങ്ങൾ താമസിച്ചിരുന്ന ഓല ഷെഡ്‌ഡിനടുത്തുള്ള കടൽത്തീരത്ത്, പലപ്പോഴും കരഞ്ഞിരിക്കുന്ന ചേച്ചിയെ കണ്ടിരുന്ന മീൻ വള്ളങ്ങളുടെ അടുത്ത്, കടൽത്തീരത്ത് വന്നടിഞ്ഞത്തിൽ അണിഞ്ഞൊരുങ്ങിയ മണവാട്ടിപോലെ ഉടുത്ത സാരി അഴിയാതിരിക്കാനാവും അരക്ക് ചുറ്റും പ്ലാസ്റ്റിക് ചരടുകൊണ്ടു കെട്ടിയ ചേച്ചിയുടെ മൃതദേഹവുമുണ്ടായിരുന്നു.നക്ഷത്രങ്ങളും നിലാവെളിച്ചവും വാവിട്ട് കരഞ്ഞ ഞാനും സാക്ഷി ! അന്നെടുത്ത പ്രതിജ്ഞയാണ് , ഞാൻ സ്ത്രീധനം വാങ്ങില്ലെന്നും എനിക്ക് മക്കളുണ്ടാകുമ്പോൾ സ്ത്രീധനം കൊടുക്കില്ലെന്നും . സ്നേഹിക്കാൻ മാത്രം അറിയാവുന്ന, സങ്കടകടലിൽ മുങ്ങിമരിച്ച എന്റെ പാവം ഷീല ചേച്ചിയുടെ ഓർമ ദിനമാണിന്ന് ….!